സംഭാഷണം
ജീത് തയ്യിൽ/ ആർ.കെ.ബിജുരാജ്
ചിത്രങ്ങൾ: പി. അഭിജിത്ത്

രാജ്യാന്തരതലത്തിൽ പ്രശസ്തനായ ഇംഗ്ലീഷ് നോവലിസ്റ്റും, കവിയും, സംഗീതകാരനുമായ ജീത് തയ്യിൽ തെൻറ ജീവിതവും എഴുത്തും പറയുന്നു. പല അടരുകളിലൂടെ നീങ്ങുന്ന അഭിമുഖത്തിൽ ഹോങ്കോങ് നാളുകൾ, അരാജകത്വം, വിപ്ലവം, കലഹം, പത്രപ്രവർത്തനം, എഴുത്ത് തുടങ്ങിയ വിവിധ വിഷയങ്ങൾ കടന്നുവരുന്നു.
ഞാൻ ഭാഗ്യവാനാണ്; രണ്ടാം ജീവിതം സാധ്യമായതിൽ
‘മടങ്ങിവ(രു)ന്ന ഉണ്ണി’ ഒരു ബോറൻ ക്ലീഷേയാണ് മലയാളത്തിൽ. ഒരുപക്ഷേ, മൊത്തം സാഹിത്യത്തിലും. ധൂർത്തപുത്രന്മാർ/ മുടിയനായ പുത്രന്മാർക്ക് ഒട്ടും പഞ്ഞമില്ല നമ്മുടെ നാടിന്. പക്ഷേ, ജീത് തയ്യിൽ ആ ഗണത്തിലല്ല വരുക. പകരം ‘ഹിപ്പി ടേൺഡ് റൈറ്റർ’ എന്ന ഇംഗ്ലീഷ് വിശേഷണമാകും കൂടുതൽ ഉചിതം. അത് ജീത് തയ്യിൽ അംഗീകരിക്കുമോ എന്ന് അറിയില്ല.
മലയാളിയായ ഇന്ത്യൻ– ഇംഗ്ലീഷ് എഴുത്തുകാരനാണ് ജീത് തയ്യിൽ എന്ന് ഒറ്റ വാചകത്തിൽ പറയാം. പക്ഷേ, ഇതിലെ എല്ലാ വാക്കുകളും പ്രശ്നഭരിതമാണ്. മലയാളി, ഇന്ത്യൻ, ഇംഗ്ലീഷ്, എഴുത്തുകാരൻ തുടങ്ങിയ എല്ലാ വാക്കുകളും നമ്മെ കുഴപ്പത്തിലാക്കും.
‘നാർക്കോപോളിസ്’ എന്ന ആദ്യ നോവലിലും അടുത്തിടെ ഇറങ്ങിയ ‘ദ ബുക് ഓഫ് ചോക്ലറ്റ് സെയിൻറ്സ്’ എന്ന രണ്ടാമത്തെ നോവലിലും ജീത് തയ്യിലിെൻറ ജീവചരിത്രക്കുറിപ്പ് ഇങ്ങനെയാണ്: ‘‘ജീത് തയ്യിൽ 1959ൽ കേരളത്തിൽ ജനിച്ചു. ഹോങ്കോങ്, ന്യൂയോർക്, ബോംബെ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇപ്പോൾ ന്യൂഡൽഹിയിൽ താമസിക്കുന്നു. അദ്ദേഹം ഒരു പെർഫോമസൻസ് പോയറ്റും ഗാനരചയിതാവും ഗിറ്റാറിസ്റ്റുമാണ്. നാല് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ദ ബ്ലഡ്ആക്സ് ബുക് ഓഫ് കൺടംപററി ഇന്ത്യൻ പോയറ്റ്സ്’ (2008)െൻറ എഡിറ്ററായിരുന്നു. ‘നാർക്കോപോളിസ്’ എന്ന നോവൽ മാൻബുക്കർ ൈപ്രസ്, മാൻ ഏഷ്യൻ ലിറ്റററി ൈപ്രസ്, ദ ഹിന്ദു ലിറ്റററി ൈപ്രസ് എന്നിവക്ക് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടു. സൗത് ആഫ്രിക്കൻ സാഹിത്യത്തിനുള്ള ഡി.എസ്.സി പുരസ്കാരം നേടി.’’ ഈ ജീവചരിത്രക്കുറിപ്പും അപൂർണമാണ്. കാരണം രാജ്യാന്തര പത്രപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജിെൻറയും അമ്മു ജോർജിെൻറയും മകനാണ് എന്ന് ഈ കുറിപ്പിൽ ഇല്ല. ജീത് തയ്യിൽ എന്ന ബഹുമുഖ വ്യക്തിത്വത്തെയും അതിൽ പൂർണമായി അടയാളപ്പെടുത്തുന്നില്ല.
ബംഗളൂരുവിലാണ് ഇപ്പോൾ ജീത് തയ്യിൽ ഉള്ളത്. അവിടെ എം.ജി റോഡിലെ പ്രശസ്തമായ കോശീസ് റസ്റ്റാറൻറിൽ െവച്ചായിരുന്നു കൂടിക്കാഴ്ച. പ്രായം അറുപതോട് അടുക്കുന്ന ഒരാളെയല്ല, തീർത്തും സുമുഖനായ, ഉൗർജസ്വലനായ യുവാവിനെയാണ് ഞങ്ങൾ കണ്ടത്. സംസാരം പലവഴിക്കുനീണ്ടു. ഇടക്ക് എം.ജി റോഡിലൂടെ ഒരുമിച്ചു നടന്നു. ഒരുപക്ഷേ, ആദ്യമായിട്ടാവും ജീത് തയ്യിൽ ഒരു മലയാള പ്രസിദ്ധീകരണത്തോട് ഇത്രയും ദീർഘമായ സംഭാഷണം നടത്തുന്നത്. ആമുഖം ഒട്ടുമില്ലാതിരുന്ന സംസാരത്തിെൻറ പ്രസക്തഭാഗങ്ങൾ ചുവടെ:
കേരളം, ഗൃഹാതുരത, എഴുത്ത്
നമുക്ക് ഈ സംഭാഷണം മലയാളത്തിൽ നടത്തിയാലോ? താങ്കൾ എന്തുപറയുന്നു?
ക്ഷമിക്കണം. അത് സാധ്യമാകുമെന്ന് തോന്നുന്നില്ല. എനിക്ക് മലയാളം നന്നായി മനസ്സിലാകും. പറയാനോ എഴുതാനോ വായിക്കാനോ കഴിയില്ല. ഞാൻ ജനിച്ചത് കേരളത്തിലാണെന്ന് മാത്രമേയുള്ളൂ. ഒരു ഘട്ടത്തിലും അവിടെ നീണ്ട നാൾ തങ്ങിയിട്ടില്ല. ചിലപ്പോൾ ആഴ്ചകൾ. ഞാൻ ചിന്തിക്കുന്നതുപോലും ഇംഗ്ലീഷിലാണ്. പക്ഷേ, വീട്ടിൽ അമ്മ എപ്പോഴും എന്നോട് മലയാളത്തിലേ സംസാരിക്കൂ. അതാണ് മലയാളവുമായുള്ള ഇപ്പോഴത്തെ ബന്ധം. അമ്മയുടെ സംസാരംമൂലം മലയാളം എനിക്ക് നന്നായി മനസ്സിലാകും. എന്നാൽ, അച്ഛൻ മലയാളത്തിൽ എഴുതുന്നതുപോലും എനിക്ക് വായിക്കാനാവില്ല. അതിനാൽ സംഭാഷണം ഇംഗ്ലീഷിൽ തുടരുന്നതാവും നല്ലത്.
പക്ഷേ, എങ്ങനെയാണ് കേരളത്തെ ഓർക്കുന്നത്?
കേരളത്തെ ഗൃഹാതുരതയോടെയാണ് ഞാൻ ഓർക്കുന്നത്. കേരളത്തിലെ കുട്ടിക്കാലത്തിന് ഇന്നത്തെ എെൻറ കാഴ്ചപ്പാടുകളുമായി ബന്ധമില്ല. കുട്ടിക്കാലവുമായി നോക്കുമ്പോൾ കാഴ്ചപ്പാടുകൾ വളരെയേറെ മാറിയിരിക്കുന്നു. ആനകളാണ് ഒരു കുട്ടിക്കാല ഓർമ. കേരളത്തിൽ എല്ലാം രാഷ്ട്രീയമാണ് എന്നതാണ് മനസ്സിലെ മറ്റൊരു തോന്നൽ. കേരളം അതിവേഗം മാറി. ഒരു സമൂഹം എന്ന ബോധം കേരളത്തിൽ എെൻറ കുട്ടിക്കാലത്ത് പൊതുവിൽ നിലനിന്നിരുന്നു. പക്ഷേ, അത് ഇന്നില്ല. സമൂഹം പലതായി ഛേദിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിൽ കാണുന്ന പ്രശ്നങ്ങൾ കേരളത്തിലും കാണാൻ തുടങ്ങിയതായി അറിയുന്നു. ഒരു തരത്തിലുണ്ടായിരുന്ന യോജിപ്പ് സമൂഹത്തിൽ ഇല്ലാതായി.
ജനിച്ചത് കേരളത്തിലെ തുമ്പമണിൽ, വളർന്നത് ഹോങ്കോങ്ങിൽ, പഠിച്ചത് ന്യൂയോർക്കിൽ, ജീവിച്ചത് ഡൽഹിയിലും ബോംബെയിലും ഗോവയിലും. കൂടാതെ നോവലിസ്റ്റ്, കവി, ഗിറ്റാറിസ്റ്റ് എന്നിങ്ങനെ പല രീതികളിൽ താങ്കൾ സജീവമാണ്. സ്വയം എങ്ങനെയാണ് വിശേഷിപ്പിക്കുക?
ഞാൻ ജനിച്ചത് കേരളത്തിലാണ്. ഒരിടത്തും ഇല്ലാതായിരിക്കുകയും എന്നാൽ, എല്ലായിടത്തായിരിക്കുകയും ചെയ്യുന്ന ഒരവസ്ഥയാണ്
എേൻറത്. ഒരേസമയം പല സ്വത്വങ്ങൾ വേണമെങ്കിൽ അവകാശപ്പെടാം. ഞാൻ സ്വയം വിശേഷിപ്പിക്കുക ഇന്ത്യൻ കവിയെന്നാണ്.
താങ്കൾ ആദ്യമായി സാഹിത്യരചനകൾ നടത്തുന്നത് എപ്പോഴാണ്?
13ാം വയസ്സിൽ. കവിതയും ഗാനങ്ങളുമാണ് അന്ന് എഴുതിയത്. ഗാനങ്ങൾ എെൻറയൊപ്പമുണ്ട്. കവിതകൾ ഭാഗ്യംകൊണ്ട് നശിപ്പിക്കപ്പെട്ടു. അക്കാലത്തെ കവിതകൾ നശിപ്പിക്കപ്പെട്ടുപോയതിൽ ഞാൻ സന്തോഷവാനാണ്. (ചിരി) അതൊന്നും ആരും ഒരിക്കലും കണ്ടെത്തിക്കൊണ്ടുവരില്ല എന്ന് വിശ്വസിക്കുന്നു.
അച്ഛൻ പ്രശസ്തനായ പത്രപ്രവർത്തകൻ, എഴുത്തുകാരൻ. കുട്ടിക്കാലം എങ്ങനെയായിരുന്നു?
ഞാൻ വളർന്നത് ടൈപ് റൈറ്ററിെ ൻറ ശബ്ദം കേട്ടാണ്. ഒരുപക്ഷേ, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശബ്ദങ്ങളിൽ ഒന്നും അതായിരിക്കും. അതിെൻറ താളത്തിൽ അനായാസമായി എനിക്ക് ഉറങ്ങാനാവും. വീട്ടിൽ നിറയെ പുസ്തകങ്ങളുണ്ടായിരുന്നു. ഞാൻ വായിച്ച ആദ്യ നോവലുകൾ ക്ലാസിക് കൃതികളുടെ സംഗ്രഹങ്ങളാണ്. പഴയകാല സംഗ്രഹ കൃതികൾ യഥാർഥ കൃതിയോട് എല്ലാതരത്തിലും ഒത്തുപോകും. അച്ഛൻ എനിക്ക് നോവലുകൾ വാങ്ങിത്തന്നു. ‘ദ മാൻ ഇൻ ദ ഐയേൺ മാസ്ക്’, ‘റോബിൻസൺ ക്രൂസോ’, ‘ട്രഷർ ഐലൻറ്’, ‘ദ സ്വിസ് ഫാമിലി റോബിൻസൺ’ തുടങ്ങിയ പുസ്തകങ്ങൾ. വീട്ടിലെ വലിയ ഒരു പുസ്തക കലക്ഷനിൽ നല്ല പങ്കും 12 വയസ്സാകുമ്പോഴേക്ക് ഞാൻ വേഗത്തിൽ വായിച്ചുതീർത്തു. അച്ഛൻ അനുവദിച്ചുതരാതിരുന്ന പുസ്തകങ്ങൾ കൂടി ഞാൻ വായിച്ചു.
അതെന്ത്?
ഉദാഹരണത്തിന് ‘കാച്ച് 22’ എന്ന പുസ്തകം. അത് ഞാൻ പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ളപ്പോഴാണ് വായിച്ചത്. ‘കാച്ച് 22’ വായിക്കേണ്ട പ്രായം അതാണെന്ന് തോന്നുന്നു. ആ വർഷം തന്നെ ഞാൻ ‘Catcher in the Rye’ എന്ന പുസ്തകം വായിച്ചു. അച്ഛൻ ഞാൻ ‘കാച്ച് 22’ വായിക്കുന്നത് കണ്ട് ദേഷ്യപ്പെട്ടു. അത് പിടിച്ചെടുത്തു. പക്ഷേ, ഞാൻ അത് വീണ്ടും സംഘടിപ്പിച്ചു. അതും വലിച്ചുകീറപ്പെട്ടു. ഞാൻ മൂന്നാമതും അതിെൻറ കോപ്പി സംഘടിപ്പിച്ചു. അച്ഛെൻറ പ്രതികരണം എന്നെ പഠിപ്പിച്ചത് ചില പുസ്തകങ്ങൾ വായിക്കുന്നത് മോശമാണെന്നും അത് മറ്റ് ചിലരെ വിഷമിപ്പിക്കും എന്നുമുള്ള അറിവാണ്. അത് വായനയിലേക്ക്, കൂടുതൽ വായനയിലേക്ക് എന്നെ നയിച്ചു. ആ അറിവ് ജീവിതം മുഴുവൻ നീളുന്ന വായനയിലേക്ക് എന്നെ നയിച്ചതായി കരുതുന്നു.ൃ

ഹോങ്കോങ് ജീവിതം
കുട്ടിക്കാലം ഹോങ്കോങ്ങിലായിരുന്നു. ആ ദിനങ്ങളെക്കുറിച്ച് പറയാമോ?
ഹോങ്കോങ്ങിൽ ഞാൻ മൂന്ന് വ്യത്യസ്ത സ്കൂളിലാണ് പഠിച്ചത്. മൂന്നും ജസ്യൂട്ട് വിഭാഗത്തിേൻറതായിരുന്നു. അതിനാൽതന്നെ ഞാൻ ലോകത്തെ കണ്ടത് ജെസ്യൂട്ട് ലെൻസിലൂടെയായിരുന്നു. ചൈനീസ് നഗരങ്ങളെപ്പോലും ഞാൻ ജെസ്യൂട്ട് കണ്ണിലൂടെ കണ്ടു.
അക്കാലം അനായാസമായിരുന്നോ?
അല്ല. ഒരു ഇന്ത്യൻ കുട്ടിക്ക് ഹോങ്കോങ് ബുദ്ധിമുട്ടായിരുന്നു. ചൈനക്കാർ ഒരു പ്രത്യേകതരം വംശീയവെറിയന്മാരാണ്. റേസിസ്റ്റുകൾ എന്നാൽ നിറത്തിെൻറ അടിസ്ഥാനത്തിലുള്ള വെറിയാണ്. എന്നാൽ, ചൈനക്കാർ ചൈനക്കാരല്ലാത്ത എല്ലാവരോടും വംശീയവെറി പുലർത്തും. വേണമെങ്കിൽ അതൊരു ജനാധിപത്യമുള്ള വെറിയാണെന്നു പറയാം. കാരണം ആരും അത് വ്യക്തിപരമായി എടുക്കില്ല. ചൈനക്കാരല്ലാത്ത എല്ലാവരെയും അവർ ‘വിദേശ ചെകുത്താൻ’ (ഫോറിൻ ഡെവിൾ) എന്നാണ് വിളിക്കുക. ഓരോ രാജ്യത്തെ ആളുകൾക്കും വ്യത്യസ്ത വർണത്തിനും അവർക്ക് ഓരോരോ അധിക്ഷേപ വാക്കുകളുണ്ട്. പക്ഷേ, ഇപ്പോൾ അവിടെ കാര്യങ്ങൾ വ്യത്യസ്തപ്പെട്ടിരിക്കുന്നു. അടുത്തിടെ ഹോങ്കോങ്ങിൽ പോയിരുന്നു. അവിടെ ആളുകളുെട മനോഭാവത്തിൽ വ്യത്യാസം വന്നതായി എനിക്ക് തോന്നുന്നു.
അവിടെതന്നെയായിരുന്നു കൗമാരകാലവും?
അതെ. അറുപതുകളുടെ ഒടുവിൽ ലോകത്ത് പലതും നടക്കുന്നുണ്ടായിരുന്നു. ഒരു തരത്തിലുള്ള സാമൂഹിക വിപ്ലവം ലോകത്ത് നടക്കുന്നുണ്ടായിരുന്നു. ആ സാമൂഹിക വിപ്ലവം ഹോങ്കോങ്ങിലെത്തിയത് സംഗീതത്തിലൂടെ, കലയിലൂടെ, ലഹരിയിലൂടെ ഒക്കെയായിരുന്നു.14 വയസ്സുള്ളപ്പോൾ ഞാനതിലേക്ക് എത്തപ്പെട്ടു. ലോകം മാറുകയാണ് എന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. ആ സമയത്ത് അത് പ്രതീക്ഷാഭരിതമായ വിപ്ലവമായിരുന്നു. അത് പിന്നീട് മറ്റൊന്നായി മാറിയെങ്കിലും. ഒന്നും മാറിയില്ല. അതൊരു വിപ്ലവവുമായിരുന്നില്ല. ആ സമയത്ത് ഞങ്ങൾ അത് വിപ്ലവമാണെന്ന് കരുതി. ഹോങ്കോങ്ങിൽ ഞാനാ വിപ്ലവവുമായി ചേർന്നുനിന്നിരുന്നു.
അറുപതുകളിൽ സാംസ്കാരിക വിപ്ലവം, ഫ്രാൻസിലെ വിദ്യാർഥികലാപം, ഇന്ത്യയിൽ നക്സൽബാരി എന്നിങ്ങനെ പലതരം സാമൂഹിക വിപ്ലവങ്ങൾ അരങ്ങേറുന്ന കാലമാണ്. താങ്കൾ ഏത് വിപ്ലവത്തെയാണ് പരാമർശിക്കുന്നത്?
അല്ല. ആ വിപ്ലവങ്ങളെയല്ല. ഞാൻ പാശ്ചാത്യലോകത്ത് ആരംഭിച്ച സാമൂഹിക വിപ്ലവത്തെപ്പറ്റിയാണ് പറഞ്ഞത്. അത് അറുപതുകളുടെ ഒടുവിൽ ശക്തമായി. അത് ഹോങ്കോങ്ങിലേക്കും വന്നു. കുറച്ചുവർഷങ്ങൾക്കു ശേഷം ഇന്ത്യയിലേക്കും. അത് പലതരത്തിൽ കരുത്തുറ്റതായിരുന്നു. ബൗദ്ധികമായ, കലാപരമായ വിപ്ലവമായിരുന്നു, അത് ലൈംഗിക വിപ്ലവമായിരുന്നു, സാംസ്കാരിക വിപ്ലവമായിരുന്നു. അങ്ങനെ പല ഘടകങ്ങൾ ആ വിപ്ലവത്തിൽ ഒരുമിച്ചുവന്നു. അതിെൻറ ഗുരുത്വകേന്ദ്രം അമേരിക്കയും ബ്രിട്ടനുമായിരുന്നു. അത് ഏഷ്യയിലേക്ക് വരുന്നത് അഞ്ചുവർഷത്തിനുശേഷമാണ് എന്നു മാത്രം. അത് ബോംബെയിലേക്കും ബംഗളൂരുവിലേക്കുമെല്ലാം വന്നു. അത് വന്നപ്പോൾ ശക്തമായ മാറ്റങ്ങളും സാധ്യമാക്കി. ഞാൻ കൗമാരക്കാരനായതിനാൽതന്നെ വളരെ വലിയ രീതിയിൽ അതിലേക്ക് ആകർഷിക്കപ്പെട്ടു. ആ വിപ്ലവം ഒരു ദശാബ്ദമെങ്കിലും നീണ്ടുനിന്നു. അത് കേൾക്കുന്ന സംഗീതത്തിൽ, കാണുന്ന കലയിൽ, വായിക്കുന്ന പുസ്തകത്തിൽ, ധരിക്കുന്ന വസ്ത്രത്തിൽ എല്ലാം പ്രകടമായിരുന്നു, അത് നിലവിലെ പല സങ്കൽപങ്ങളെയും മാറ്റിമറിച്ചു. അതേ സമയത്താണ് നിങ്ങൾ പറഞ്ഞ സാംസ്കാരിക വിപ്ലവവും നക്സൽബാരിയും നടക്കുന്നത്.
ഹിപ്പി വിപ്ലവത്തെയാണോ ഉദ്ദേശിക്കുന്നത്?
അതെ. തീർച്ചയായും. ഹിപ്പി വിപ്ലവം എന്നെ വല്ലാതെ ചലിപ്പിച്ചു. ഞാനതിൽ യാത്രചെയ്തു. അതെന്നെ രൂപപ്പെടുത്തി.
ഹിപ്പി വിപ്ലവത്തിൽ മയക്കുമരുന്ന് ലഹരി വരുന്നത് ഒരു രാഷ്ട്രീയ പ്രവർത്തനമായാണ്. നിർബന്ധിത സൈനിക സേവനത്തെ മറികടക്കാനാണ് പലരും ലഹരി ഉപയോഗിച്ച് ശരീരത്തെ ദുർബലമാക്കിയത്..?
അതെ. ഹിപ്പി വേറിട്ട വിപ്ലവമായിരുന്നു. അതിനെ പലരും മനസ്സിലാക്കിയിട്ടില്ല. ഹോങ്കോങ്ങിൽ നിർബന്ധിത സൈനിക സേവനമൊന്നുമില്ലായിരുന്നു. എന്നാൽ, ഹിപ്പി നിലവിലെ പല അവസ്ഥകളോടുമുള്ള കലാപമായിരുന്നു. അത് എന്നെ ചലിപ്പിച്ചു.
പത്രപ്രവർത്തനവും സാഹിത്യരചനയും
വർഷങ്ങളോളം താങ്കൾ പത്രപ്രവർത്തകനായിരുന്നു. എവിടെയൊക്കെയാണ് പത്രപ്രവർത്തനം നടത്തിയത്?
ഹോേങ്കാങ്, ബംഗളൂരു, ബോം ബെ, ഡൽഹി, ന്യൂയോർക് എന്നിങ്ങനെ വലുതും ചെറുതുമായ പല നഗരങ്ങളിൽ.
അച്ഛെൻറ ഉടമസ്ഥതയിലുള്ള ‘ഏഷ്യാ വീക്കി’ൽ പ്രവർത്തിച്ചിരുന്നോ?
ഉണ്ട്. ഞാനതിൽ കുറച്ചുമാസങ്ങൾ സബ്എഡിറ്ററായിരുന്നു. പിന്നീട് മുംെബെയിൽ ‘ഏഷ്യാ വീക്കി’ന് വേണ്ടി സാമ്പത്തിക റിപ്പോർട്ടറായും പ്രവർത്തിച്ചു. സത്യം പറഞ്ഞാൽ, ഇന്ത്യയിലെ ഏറ്റവും മോശം പത്രങ്ങളിൽ പ്രവർത്തിക്കാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. (പിന്നീട് എം.ജി റോഡിലൂടെ നടക്കുമ്പോൾ ഒരു പത്രസ്ഥാപനം ചൂണ്ടിക്കാട്ടി ഞാൻ പ്രവർത്തിച്ച ഏറ്റവും മോശം പത്രമെന്ന് ജീത് തയ്യിൽ തമാശയായി പറഞ്ഞു.)
ഏറ്റവും പ്രചാരമുള്ള പത്രത്തിലോ?
സംശയമെന്ത്? (ചിരി)
ഹിന്ദുവിൽ?
ഇല്ല. ആ ഭാഗ്യം എനിക്കോ അവർക്കോ ഉണ്ടായില്ല.
ന്യൂയോർക്കിലും താങ്കൾ പത്രപ്രവർത്തനം നടത്തിയിരുന്നു..?
അതെ. ഭീകരമായിരുന്നു അത്. ഞാൻ പ്രവർത്തിച്ചത് ഇന്ത്യൻ
എേബ്രാഡ് എന്ന പത്രത്തിലാണ്. നാലരവർഷം. ഭൂമിയിലെ ഏറ്റവും മോശമായ പത്രങ്ങളിൽ ഒന്നാണത്. ഒരു അനുഭവം പറയാം: ഞാൻ ചേർന്ന ഉടനെ പുസ്തക റിവ്യൂവാണ് എഴുതിയിരുന്നത്. എഡിറ്റർ കുറച്ച് പുസ്തകങ്ങൾ നൽകിയിട്ട് പറഞ്ഞു, ഇതാണ് പുസ്തകങ്ങൾ, പുസ്തകത്തിെൻറ പിൻകവറും എഴുത്തുകാരനെക്കുറിച്ച് എഴുതിയതും വായിക്കൂ. എനിക്ക് വേണ്ടത് 900 വാക്കുകളാണ്. പുസ്തകം വായിക്കേണ്ട. പുസ്തകം വായിച്ചാൽ ഞാൻ സമയം നഷ്ടപ്പെടുത്തും. ആ സമയത്ത് എനിക്ക് അവർക്ക് വേണ്ടി മറ്റ് പണിയെടുക്കാം. എഡിറ്റർ തെൻറ പത്രത്തിലെ പുസ്തക എഡിറ്ററോട് പുസ്തകം വായിക്കേണ്ട എന്ന് പറയുന്നത് ചിന്തിച്ചുനോക്കൂ. അപ്പോൾ നിങ്ങൾക്ക് മനസ്സിലാവും അത് എന്തു തരം പത്രമാണെന്ന്. എന്തുതരം പത്രപ്രവർത്തനമാണെന്ന്.
ഇനി പത്രപ്രവർത്തനത്തിലേക്ക് മടക്കം ഉണ്ടാകുമോ?
ഇല്ല. മതിയായി. 23 വർഷം. ഞാൻ ഡെസ്കിൽ പ്രവർത്തിച്ചു. കോളങ്ങൾ എഴുതി. ഫീച്ചറുകൾ തയാറാക്കി. മടുത്തു. ഞാനിപ്പോൾ സ്വാതന്ത്ര്യം അനുഭവിക്കുന്നു. കുറഞ്ഞപക്ഷം, ഞാനാരോടെങ്കിലും റിപ്പോർട്ട് ചെയ്യേണ്ടതില്ല. ഒരു ബോസ് എെൻറ കഴുത്തിൽ തൂങ്ങുന്നതായ തോന്നൽ ഇല്ല. ഞാൻ എഴുതിയത് നല്ലതാണോ ചീത്തയാണോ എന്ന് നിശ്ചയിക്കാൻ ആളില്ല. മുമ്പ് ഞാൻ പത്രപ്രവർത്തനം നടത്തിയത് ഡ്രഗ്സിന് (മയക്കുമരുന്ന്) പണം കണ്ടെത്താനായിരുന്നു. ഡ്രഗ്സ് ഞാൻ വിട്ടപ്പോൾ എനിക്ക് പത്രപ്രവർത്തനം നടത്തേണ്ട ആവശ്യമില്ലാതായി.
താങ്കൾ പറഞ്ഞിരുന്നു, പത്രപ്രവർത്തനം വിട്ട് നോവൽ എഴുത്തിൽ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതിന് പിന്നിൽ അച്ഛെൻറ ഉപദേശമായിരുന്നുവെന്ന്..?
അതെ. 2004ൽ അച്ഛൻ എന്നോട് പത്രത്തിലെ ജോലി വിടാൻ പറഞ്ഞു. എന്നിട്ട് നോവൽ രചന ഗൗരവപൂർവം തുടങ്ങാൻ പറഞ്ഞു. ഞാനാ ഉപദേശം ഗൗരവത്തിൽ എടുത്തു. കാരണം, തെൻറ ജീവിതം മുഴുവൻ പത്രപ്രവർത്തകനായി കഴിയുന്ന, നീണ്ട കാലത്തെ അനുഭവസമ്പത്തുള്ള ഒരാളാണ് പറയുന്നത്. അത് ഞാൻ അനുസരിച്ചു. ഞാൻ പൂർണമായി പത്രപ്രവർത്തനം നിർത്തി. ചിലയാളുകൾക്ക് ജേണലിസത്തിൽ തുടർന്നുകൊണ്ടുതന്നെ പുസ്തകങ്ങൾ എഴുതാനാകും. എനിക്കത് ചെയ്യാനാവില്ല.
പക്ഷേ, മാർകേസ് അടക്കം പലരും പത്രപ്രവർത്തകരായിരുന്നു..?
എന്നാൽ, നോവലുകൾ എഴുതാൻ തുടങ്ങിയപ്പോൾ മാർകേസ് പത്രപ്രവർത്തനം ഉപേക്ഷിച്ചുവെന്നാണ് ഞാൻ കരുതുന്നത്.
താങ്കൾക്ക് എന്താണ് എഴുത്ത്?
എഴുത്ത് എെൻറ സ്വത്വമാണ്. അതാണ് എന്നെ നിർവചിക്കുന്നത്. ആരെങ്കിലും എന്നോട് ഞാനാരാണ് എന്ന് ചോദിച്ചാൽ പറയുക, ഞാനൊരു എഴുത്തുകാരനാണ് എന്നാണ്. ഞാൻ കവിത, നോവൽ എന്നിങ്ങനെ വേർതിരിച്ചല്ല പറയുന്നത്. എഴുത്ത് എന്തുമാവാം.
എഴുത്തിനെ രാഷ്ട്രീയ പ്രവർത്തനമായി കാണുന്നുണ്ടോ?
എല്ലാ കലയും രാഷ്ട്രീയമാണ്. കല കലക്കുവേണ്ടിയെന്നു പറയുന്നതും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്.
എന്താണ് എഴുതാൻ നിർബന്ധിക്കുന്നത്?
എഴുതുന്നില്ലെങ്കിൽ ഞാൻ ഡിപ്രഷനിലാകും. നിലനിൽക്കാനുള്ള ത്വരയിലാണ് ഞാൻ എഴുതുന്നത്. എഴുതുന്നില്ലെങ്കിൽ എനിക്ക് സ്വന്തമായി തോന്നുന്ന അഭിമാനം ഇല്ലാതാകും.
കവിത എഴുതുന്നതാണോ എളുപ്പം?
കവിത എഴുതുന്നതാണ് കൂടുതൽ രസകരം. നോവൽ എന്നത് കഠിനാധ്വാനമാണ്. അതൊരു തൊഴിൽ പോലെയാണ്. കവിത ഒരു ജോലി പോലെ തോന്നില്ല.
താങ്കളുടെ കവിതകൾ പലതും സ്വയംവെളിപ്പെടുത്തൽപോലെയാണ് തോന്നുക..?
സത്യത്തിൽ അല്ല. കുറെയേറെ ഭാവന അതിൽ കൂടിക്കലരുന്നുണ്ട്. കുറെ ആത്മകഥാംശങ്ങൾ കണ്ടേക്കുമെങ്കിലും അതിനൊപ്പംതന്നെ ഭാവനയും ചേരുന്നുണ്ട്.

ഡോം മോറിസിെൻറ ബോംബെയിൽ
ഒരു കാര്യം ശ്രദ്ധിച്ചു. നാർക്കോപോളീസ് എന്ന പുസ്തകത്തിൽ മുംബൈ എന്നതിനു പകരം ബോംെബ എന്നാണ് ആദ്യാവസാനം ഉപയോഗിച്ചിരിക്കുന്നത്. ഈ സംഭാഷണത്തിലുമതെ. എന്തുകൊണ്ടാണ് മുംബൈ എന്ന് ഉപയോഗിക്കാതെ ബോംബെ എന്നു പ്രയോഗിക്കുന്നത്?
അതെ. അത് ബോധപൂർവമാണ്. സൽമാൻ റുഷ്ദി ഉൾെപ്പടെ കുറച്ചുപേർ ബോംബെയുടെ എഴുത്തുകാരായുണ്ട്. അവർ മുംബൈ എന്നുപയോഗിക്കില്ല. അത് ബോധപൂർവമായ രാഷ്ട്രീയ നിലപാടാണ്. കാരണം, ബോംബെയും മുംബൈയും രണ്ട് വ്യത്യസ്ത നഗരങ്ങളാണ്. ഒരിക്കലും ഒന്നിക്കാത്ത നഗരങ്ങൾ. ബോംബെ മനോഹരമായ, സഹിഷ്ണുതയും നിഷ്കളങ്കതയും ഉള്ള നഗരമാണ്. ബോംബെ പുതിയതായി എത്തുന്ന ഏതൊരാളെയും ഏതൊരു കുടിയേറ്റക്കാരനെയും സ്വാഗതം ചെയ്തു. അതിന് അതിേൻറതായ ഗുണങ്ങളുമുണ്ടായിരുന്നു. ബോംബെക്ക് കഠിനാധ്വാനവും കഴിവും അഭിലാഷങ്ങളുമുണ്ടായിരുന്നു. മുംബൈ പൂർണമായും വ്യത്യസ്തമാണ്. മുംബൈ ഭരിക്കുന്നത് ഹിന്ദു വലതുപക്ഷക്കാരാണ്. അവർ ആളുകളെ മതത്തിെൻറയും ജാതിയുടെയും ഭാഷയുടെയും സമ്പത്തിെൻറയും അടിസ്ഥാനത്തിൽ വിഭജിക്കുന്നു. ’50കളിലെയും ’60കളിലെയും ’70കളിലെയും ബോംബെ അറിയുന്നവർ ഇന്നത്തെ മുംബൈ തിരിച്ചറിയാൻപോലും കഴിയാത്തവിധം മാറിയിരിക്കുന്നുവെന്ന് പറയും. അത് വളരെ മനോവിഷമം ഉണ്ടാക്കുന്ന പരിവർത്തനമായിരുന്നു.
ബോംബെയിലേക്ക് എത്തുന്നതെങ്ങനെയാണ്?
ബിരുദ പഠനത്തിനായാണ് ഞാൻ ഹോങ്കോങ്ങിൽനിന്ന് ബോംബെയിൽ എത്തിയത്.
ബോംബെയിൽ ഏറ്റവും അടുപ്പമുള്ളവരിൽ ഒരാൾ കവി ഡോം മോറെസായിരുന്നുവെന്ന് തോന്നുന്നു..?
ഡോം മോറെസ് എെൻറ സുഹൃത്തായിരുന്നു. ഞാൻ ബോംബെ വൈ.എം.സി.എയിലാണ് താമസിച്ചിരുന്നത്. രണ്ട് റോഡിനപ്പുറമാണ് ഡോം താമസിച്ചിരുന്നത്. ഞാൻ അദ്ദേഹത്തെ ആദ്യം കാണുന്നത് 14 വയസ്സുള്ളപ്പോഴാണ്. ബോംബെയിൽ വൈ.എം.സി.എയിൽ താമസിക്കുമ്പോൾ, 26 വയസ്സുള്ളപ്പോൾ ഞാൻ കൂടുതൽ അടുക്കുന്നത്. അന്ന് ഞാൻ പരസ്യങ്ങൾ എഴുതുകയും കവിത രചിച്ചും കഴിയുന്ന കാലമാണ്. ഒരു കഫേയിൽ ഡോം കവിത വായിക്കുന്നതറിഞ്ഞ് ഞാൻ പോയി. അന്ന് അദ്ദേഹം ലഹരിയിലായിരുന്നു. കൈയിലിരുന്ന കവിതാ കടലാസ് പലവട്ടം താഴെ വീണുപോയി. അദ്ദേഹം ലഹരി ഒഴിവാക്കാനുള്ള ഘട്ടത്തിലായിരുന്നു. കവിത വായിക്കാൻ പറ്റാത്ത അവസ്ഥയിൽ വിഷമം തോന്നി. ഞാൻ അന്ന് ബോംബെ തെരുവിലൂടെ നടന്നു. പിന്നെ ഞാൻ അദ്ദേഹത്തെ പോയി കണ്ടു. പിന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.
പക്ഷേ, ഡോം താങ്കളുടെ അച്ഛെൻറ കൂട്ടുകാരനായിരുന്നു..?
അതെ. അദ്ദേഹം അച്ഛെൻറ കൂട്ടുകാരനായിരുന്നു. അച്ഛെൻറ സുഹൃത്തായതിനാലാണ് ഞാൻ അദ്ദേഹത്തെ ആദ്യം പരിചയപ്പെടുന്നത്. പിന്നെ എെൻറ സുഹൃത്തും. അച്ഛെൻറ പല കൂട്ടുകാരും പിന്നീട് എെൻറ നല്ല സുഹൃത്തുക്കളായി മാറിയിട്ടുണ്ട്. ഹോങ്കോങ്ങിലും ഇന്ത്യയിലും അച്ഛന് വിപുലമായ സൗഹൃദങ്ങളുണ്ടായിരുന്നു. അച്ഛൻ ഹോങ്കോങ്ങിലായിരിക്കുമ്പോൾ കൂടുതൽ ആളുകളോട് ഇടപഴകുകയും പുറത്തുപോകാനുമൊക്കെ ഇഷ്ടപ്പെട്ടിരുന്നു. ഇന്ത്യയിൽ എത്തിയശേഷം അതിൽനിന്നെല്ലാം അദ്ദേഹം ഒരുതരത്തിൽ ഒഴിഞ്ഞുമാറി.
ഡോം മൊറെയിസ് താങ്കളെ അദ്ദേഹം എഴുത്തിൽ സ്വാധീനിച്ചിരുന്നോ? അല്ലെങ്കിൽ പ്രചോദനമായിരുന്നുവെന്ന് പറയുമോ?
അദ്ദേഹം പ്രചോദനം ആയിരുന്നോ എന്ന് ചോദിച്ചാൽ അല്ല എന്നു പറയേണ്ടിവരും. കാരണം ഡോം ആ വാക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹം എഴുത്തിൽ സ്വാധീനമുണ്ടാക്കി എന്നും പറയാനാവില്ല. അദ്ദേഹം എെൻറ സുഹൃത്തായിരുന്നു. കുറച്ചു കൂടി നന്നായി പറഞ്ഞാൽ മാർഗദർശി (മെൻറർ) എന്നു പറയാം. ഒരു കവി എങ്ങനെ ഈ ലോകത്തിൽ ജീവിക്കണം എന്ന് ഡോം പഠിപ്പിച്ചു. എങ്ങനെ കവിത എഴുതണം എന്ന് പഠിപ്പിച്ചു. എന്നെ മാത്രമല്ല, അക്കാലത്തെ മറ്റ് പല യുവ കവികളെയും. അദ്ദേഹത്തിെൻറ അടുത്ത് എത്തിയ കവികളെയെല്ലാം പല തരത്തിൽ അദ്ദേഹം അത് പഠിപ്പിച്ചു. അത്തരം കഥ വിജയ് നമ്പീശന് പറയാനുണ്ടാവുമായിരുന്നു. സി.പി. സുരേന്ദ്രന് മറ്റൊരു കഥ പറയാനുണ്ടാകും. എനിക്ക് മറ്റൊരു കഥ. ഡോം അസാമാന്യ പ്രതിഭാശാലിയായിരുന്നു. കവിതയായിരുന്നു അദ്ദേഹത്തിന് ജീവിതം.
ബോംബെയിലെ കവികൾ ക്രൂരന്മാരാണ് എന്ന മട്ടിൽ താങ്കൾ ഒരു പരാമർശം നടത്തിയിരുന്നു..?
ഡോം മോറിസിെൻറ കാലം അനുഭവിച്ചയാളാണ് ഞാൻ. യുവകവികളെയും എഴുത്തിലേക്കു വരുന്നവരെയും സ്നേഹിച്ച വ്യക്തിയാണ് ഡോം. പക്ഷേ, ഇപ്പോഴത്തെ ബോംബെ അങ്ങനെയല്ല. ഇവിടെ കവിയായി അതിജീവിക്കുക പാടാണ്. ഒരു ഭയാനക നഗരമാണ് അത്. നിങ്ങൾ മറ്റുള്ളവരുടെ വികാരങ്ങൾ അറിയരുത്, ഒന്നും കാണരുത്, ഒന്നിലും ഇടപെടരുത്. എന്നിട്ട് എഴുത്തിൽ മാത്രം തുടരുക. അതാണ് പല ബോംബെയിലെ എഴുത്തുകാരും ചെയ്യുന്നത്്. അത് ക്രൂരതയാണ്. ആ അർഥത്തിലാണ് ബോംബെയിലെ കവികൾ ക്രൂരരാണ് എന്ന് ഞാൻ പറഞ്ഞത്.

ലഹരിദിനങ്ങൾ, മടങ്ങിവരവ്
‘മുടിയനായ പുത്ര’നാണ് താങ്കൾ എന്നു പറഞ്ഞാലോ?
എെൻറ അച്ഛനും അമ്മയും അങ്ങനെയാവും എന്നെ കരുതുന്നത് (ചിരി). രണ്ട് ദശാബ്ദം ഞാൻ ജീവിതത്തിൽ പാഴാക്കി. ഞാൻ ഏതുസമയവും ബാറിൽ ഇരുന്ന്, നന്നായി മദ്യപിച്ച്, എഴുത്തുകാരെയും എഴുത്തിനെയും കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. ഡ്രഗ്സിൽ അമർന്നു. അക്കാലത്ത് ഒന്നും എഴുതിയില്ല. രണ്ടാം അവസരം കിട്ടിയതിൽ ഞാൻ സന്തോഷവാനാണ്.
എങ്ങനെയാണ് കറുപ്പിലേക്കും ഹെറോയിനിലേക്കും എത്തപ്പെട്ടത്?
19ാം വയസ്സിൽ ബി.എ പഠനത്തിനായാണ് ഞാൻ ബോംബെയിൽ എത്തുന്നത്. എത്തി രണ്ടാമത്തെ ആഴ്ച ഒരു സുഹൃത്ത് എന്നെ ഒപിയം ഡെന്നിലേക്ക് (കറുപ്പ് വിൽപനകേന്ദ്രം) കൊണ്ടുപോയി. അവിടെ കടന്നപ്പോൾതന്നെ ഞാൻ അതിന് അടിപ്പെട്ടു. ഞാൻ കാൽപനികനായിരുന്നു. കാൽപനികതക്ക് പറ്റിയതായിരുന്നു അന്തരീക്ഷം. കണ്ണിന് മുന്നിൽ കണ്ടത് എനിക്ക് വിശ്വസിക്കാനായില്ല.
ചോദിക്കട്ടെ, എന്തായിരുന്നു ആ ഒപിയം ഡെൻ?
വലിയ ഒരു മുറി. എല്ലാം താഴെ തട്ടിലാണ് നടത്തുന്നത്. വലിക്കാൻ മൂന്ന് പൈപ്പുകൾ. എല്ലാം വളരെ വൃത്തിയിൽ. നിശ്ശബ്ദം. ആളുകൾ സംസാരിക്കുകയല്ല, മന്ത്രിക്കുകയാണ് അവിടെ ചെയ്യുക. ഉച്ച കഴിഞ്ഞപ്പോഴാണ് എത്തിയതെങ്കിലും മുറിയിൽ ഇരുട്ടായിരുന്നു. വെളിച്ചമില്ല. പുകച്ചുരുളുകൾ അന്തരീക്ഷത്തിൽ പൊട്ടിച്ചിതറുന്നു. അതിനുള്ളിൽ പ്രത്യേക മണമാണ്. ഞാൻ മുമ്പറിയാത്ത ഗന്ധമായിരുന്നു അത്. പക്ഷേ, എനിക്ക് ഈ ഗന്ധം അറിയാമല്ലോ എന്നതായിരുന്നു അന്നത്തെ ചിന്ത. അതിനെ ആന്തരികമായി ആത്മീയ അനുഭവം എന്നു വിളിക്കുന്നതിനെ ഞാനിപ്പോൾ വെറുക്കുന്നു. പക്ഷേ, അങ്ങനെയായിരുന്നു അന്ന്.
പിന്നെ താങ്കൾ എങ്ങനെ അക്കാലത്തെ മറികടന്നു?
അത് വളരെ ബുദ്ധിമുട്ടായിരുന്നു. ഞാൻ ലഹരിയിൽനിന്ന് മുക്തനാകാൻ പലവട്ടം ശ്രമിച്ചു. 20–25 തവണയെങ്കിലും ലഹരി ഞാൻ ഒഴിവാക്കി. പിന്നെയും അതിലേക്ക് തന്നെ തിരിച്ചുപോകും. രണ്ടുതവണ റിഹാബിലിറ്റേഷൻ കേന്ദ്രത്തിൽ പോയി. 2002ൽ ന്യൂയോർക്കിൽ മെത്തഡോൻ േപ്രാഗ്രാമിന് വിധേയനായി. അങ്ങനെയാണ് രക്ഷപ്പെട്ടത്. മെത്തഡോൻ സാധാരണ ഫലവത്താകാറില്ല. ഞാനതിന് അപവാദമായി. അവിടെെവച്ച് എന്നോട് പറഞ്ഞത് ലഹരിയിൽനിന്ന് മുക്തനാകാൻ മെത്തഡോൻ ഉപയോഗിക്കുന്ന ഏക ആൾ ഞാനാണെന്നാണ്. അമേരിക്കൻ സർക്കാറിെൻറ താൽപര്യം ഹെറോയിൻ അടിമകളെ മൊത്തം ജീവിതത്തിലും മെത്തഡോനിൽ ആഴ്ത്തുക എന്നതാണ്. മെത്തഡോൻ ഉപയോഗിക്കുന്നത് ദോഷകരമാണ്. കാരണം, അതിെൻറ ഡോസ് കൂട്ടുമ്പോൾ പല്ലുകൾ കൊഴിയും ചിലപ്പോൾ അസ്ഥികൾ പൊടിഞ്ഞുപോകും.
ന്യൂയോർക്കിൽ എങ്ങനെ കഴിഞ്ഞു?
ഞാൻ ഫൈൻ ആർട്സിൽ മാസ്റ്റർ ബിരുദം നേടിയത് ന്യൂയോർക്കിലെ സാറ ലോറൻസ് കോളജിൽനിന്നാണ്. ഞാൻ അവിടെ പത്രപ്രവർത്തനവുമായി മുന്നോട്ടുപോയി. എനിക്ക് ഗേൾഫ്രണ്ട്സുകൾ ഉണ്ടായിരുന്നു. കൈയിൽ പണവും. 2002ൽ ഹെപ്പറ്റൈറ്റിസ് സി വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തി. അതേതുടർന്ന് ജോലി വിട്ട്, നാട്ടിലേക്ക് മടങ്ങി. എഴുത്തിൽ കേന്ദ്രീകരിക്കാനായിരുന്നു ലക്ഷ്യം.
മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ പൊലീസിനെ ഭയപ്പെട്ടിരുന്നില്ലേ? പൊലീസ് പിടിയിലായിരുന്നോ?
മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരാളും പൊലീസിനെ ഭയപ്പെടില്ല. അവർ ആശങ്കപ്പെടുന്ന അവസാനത്തെ കാര്യമായിരിക്കും പൊലീസ്. എനിക്ക് പൊലീസുമായി ബോംബെയിൽ െവച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. പക്ഷേ, അത് കൈക്കൂലി നൽകുക എന്നതിൽ തീരുന്ന പ്രശ്നമേയുള്ളൂ. ഇന്ത്യയിൽ പലതും അങ്ങനെ നടക്കും.
ഇപ്പോൾ ആരോഗ്യസ്ഥിതി എങ്ങനെയാണ്?
ഇപ്പോൾ കുഴപ്പമില്ല. കരളിന് പ്രശ്നമൊന്നുമില്ല. ശരീരത്തിന് ദോഷമായ ലഹരികൾ ഞാൻ ഏതാണ്ട് ഒഴിവാക്കിയിരിക്കുന്നു.
അപ്പോൾ ഇപ്പോഴത്തെ ലഹരി?
ഇപ്പോൾ ലഹരി കവിതയും കോഫിയും. മുമ്പ് പറഞ്ഞിട്ടുണ്ട് ഹെറോയിനെക്കാൾ എളുപ്പം കോഫി കിട്ടും (ചിരി).

അരാജകവാദവും വിപ്ലവവും
താങ്കൾ അരാജകവാദിയാണോ?
ഞാൻ എെൻറ 14, 15 വയസ്സുകളിൽ അരാജകവാദിയായിരുന്നു. ഇപ്പോഴല്ല. അന്ന് ഞാൻ വളരെയേറെ അരാജക സാഹിത്യങ്ങൾ വായിച്ചു. അതിെൻറ സിദ്ധാന്തങ്ങൾ പഠിച്ചു. പ്രൂദോണിനെ ഇഷ്ടപ്പെട്ടു. പ്രൂദോണി
െൻറ േപ്രാപ്പർട്ടി, പുവർട്ടി പോലുള്ള പുസ്തകങ്ങൾ വായിച്ചു.
പ്രൂദോണിനെ ഇഷ്ടപ്പെട്ടു. മാർക്സിനോട് ഇഷ്ടം തോന്നിയില്ലേ?
മാർക്സിനെ വായിച്ചു. പക്ഷേ, മാർക്സിനെക്കാൾ എനിക്ക് ആവേശകരമായി തോന്നിയത് പ്രൂദോണാണ്.
അരാജകത്വത്തിന് പറ്റിയ രാഷ്ട്രീയ സാഹചര്യമായിരുന്നു വേണമെങ്കിൽ അടിയന്തരാവസ്ഥ. ആ കാലത്ത് എന്തുചെയ്തു?
ഞാൻ ഹോങ്കോങ്ങിലായിരുന്നു അന്ന്. 1979ലാണ് ഇന്ത്യയിൽ എത്തുന്നത്. ഞാൻ ഇന്ത്യയിലെ അടിയന്തരാവസ്ഥ അനുഭവിച്ചിട്ടില്ല.
ഇന്ത്യയിലേക്ക് വരുമ്പോൾ ഇവിടത്തെ നക്സലൈറ്റ് പ്രസ്ഥാനമൊന്നും താങ്കളെ ചലിപ്പിച്ചില്ലേ?
തീർച്ചയായും. പ്രതീക്ഷകൾ നൽകി. 1981ൽ ഞാൻ ബാംഗ്ലൂരിൽ വരുമ്പോൾ നക്സലൈറ്റ് പ്രസ്ഥാനം വലിയ സംഭവമായിരുന്നു. ഞാനും എെൻറ കൂട്ടുകാരുമെല്ലാം അതിൽ ചലിക്കപ്പെട്ടു. എം.എൽ ഗ്രൂപ്പുകളിൽ എനിക്ക് സുഹൃത്തുക്കളുണ്ടായിരുന്നു. അതിൽ ചിലർ പത്രപ്രവർത്തകരായിരുന്നു. ആ സമയത്ത് ഞാൻ ‘ഡെക്കാൺ ഹെറാൾഡി’ലായിരുന്നു
.
എന്താണ് താങ്കളുടെ രാഷ്ട്രീയം?
ഡിസ്പൊസഷനും ഡിസ് അഫക്ഷനുമാണ് എെൻറ രാഷ്ട്രീയം.
കുറച്ചുകൂടി അത് വിശദമാക്കാമോ?
ചുറ്റും നോക്കൂ. ഒട്ടും പ്രതീക്ഷയർപ്പിക്കാനാവാത്ത നിമിഷങ്ങൾ. ഇന്ത്യയിൽ ജീവിക്കുന്നതിൽ ഒരു പ്രതീക്ഷയുമില്ലാത്ത അവസ്ഥ.
അത് എന്തുകൊണ്ട്, മോദി സർക്കാർമൂലമോ?
തീർച്ചയായും.
താങ്കൾ മോദിയെ ഫാഷിസ്റ്റ് എന്നുവിളിക്കുമോ?
ഇല്ല. ഫാഷിസ്റ്റ് എന്നത് കുറച്ചുകൂടി എളുപ്പമുള്ള പദമാണ്. അതൊരു ലേസി വാക്കാണ്. മോദി ഫാഷിസ്റ്റല്ല. അതിനേക്കാൾ മോശം. ഫാഷിസ്റ്റുകൾക്ക് കുറഞ്ഞപക്ഷം ചില ആശയശാസ്ത്രമെങ്കിലുമുണ്ടാകും. മോദിക്ക് എന്തെങ്കിലും സിദ്ധാന്തമുണ്ടെന്ന് ഞാൻ കരുതുന്നില്ല. അയാളൊരു അവസരവാദിയാണ്. അയാളുടെ സിദ്ധാന്തം അവസരവാദം മാത്രമാണ്. അത് രാജ്യത്തെ വിഭജിക്കലാണ്; ആളുകളെ മതത്തിെൻറ അടിസ്ഥാനത്തിൽ, ജാതിയുടെ അടിസ്ഥാനത്തിൽ. ഇത് വളരെ അശുഭകരമായ സന്ദർഭമാണ്. നമ്മളതിെൻറ മധ്യത്തിലാണ്. ഞാനിതിന് ഒരു അവസാനം കാണുന്നില്ല.
അഭിപ്രായങ്ങൾ തുറന്നുപറയുമ്പോൾ താങ്കൾക്ക് ഭയമില്ലേ?
ഇല്ല. ഞാൻ ഭയപ്പെടുന്നില്ല. നമ്മൾ നിശ്ശബ്ദതപാലിക്കുകയാണെങ്കിൽ നിങ്ങൾ കുഴപ്പങ്ങളെ അനുവദിക്കുന്നു, അംഗീകരിക്കുന്നുവെന്നതാണ്.
ഈ അവസ്ഥയെ മറികടക്കുന്ന ഒന്നും കാണുന്നില്ലേ?
ഇല്ല. എനിക്ക് ചില സുഹൃത്തുക്കളുണ്ട്; ബൗദ്ധികമായി ഉയർന്നവർ. ലിബറലുകൾ. പക്ഷേ, താഴേക്ക് വരുമ്പോൾ അവർക്ക് തങ്ങളുടെ ഹിന്ദുയിസം അവരുടെ ബൗദ്ധികതയിൽനിന്ന് വേർതിരിക്കാനാവുന്നില്ല എന്നുകാണാം. ഈ രാജ്യത്ത് എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് നിങ്ങൾക്ക് കാണാം. ഈ സർക്കാർ എത്ര അഴിമതിനിറഞ്ഞതാണ് എന്ന്. പക്ഷേ, താഴേക്ക് വരുമ്പോൾ അവർ ആദ്യം ഹിന്ദുക്കളാണ്. അത് ശരിക്കും പരാജയമാണ്. വ്യത്യസ്ത മതങ്ങൾ, ജാതികൾ, ദേശീയതകൾ, സമൂഹങ്ങൾ ഒരുമിച്ച് കഴിഞ്ഞിരുന്നുവെന്നതാണ് നമ്മുടെ വലിയ അഭിമാനം. അതിന് എന്തു സംഭവിച്ചു? ആ ബന്ധങ്ങൾക്ക് എന്തു സംഭവിച്ചു?
ഈ കെട്ടകാലത്തെ മാറ്റുന്ന ഭാവിയിലെ ഒരു ജനമുന്നേറ്റത്തിൽ നമുക്ക് വിശ്വാസമർപ്പിച്ചുകൂടേ? ഒരു പുതിയ വിപ്ലവത്തിൽ..?
നമ്മൾ എപ്പോഴും വിപ്ലവം മാറ്റിെവച്ചവരാണ്. കാരണം നമ്മൾ പുനർജന്മത്തിൽ വിശ്വസിക്കുന്നു. കാര്യങ്ങൾ എല്ലാം കുഴപ്പത്തിലാണെങ്കിലും പ്രശ്നമില്ല. അടുത്ത ജന്മത്തിൽ എല്ലാം ശരിയാകും. ഞാൻ വീണ്ടും ജനിക്കുമ്പോൾ കാര്യങ്ങൾ ഭേദമായിട്ടുണ്ടാകും എന്നതാണ് ചിന്ത. നിങ്ങൾ ഒരിക്കലും പുനർജനിക്കാൻ പോകുന്നില്ല. ഈ ജീവിതം മാത്രമേയുള്ളൂ. ഈ ജീവിതം നാശമായാൽ അത് നാശമായി എന്നുമാത്രമാണ് അർഥം. തിരിച്ചുവരവ് ആർക്കുമില്ല. അടുത്ത ജന്മത്തിൽ നിങ്ങൾ പാറ്റയായിട്ടാണ് ജനിക്കുന്നതെങ്കിലോ? അപ്പോൾ നിങ്ങൾക്കെങ്ങനെ ഇപ്പോൾ കഴിഞ്ഞതിെൻറ പ്രതിഫലം കിട്ടും? ഒരു എലിയായിട്ട്, പക്ഷിയായിട്ടാണ് ജനിക്കുന്നതെങ്കിലോ? അടുത്ത ജന്മത്തിലും ബ്രാഹ്മണനായി ജനിക്കും എന്ന് ആരാണ് പറഞ്ഞത്? അതിന് എന്തെങ്കിലും ഉറപ്പുണ്ടോ? ഈ രാജ്യത്ത് ഒന്നും സംഭവിക്കില്ല. നമ്മൾ ഇന്ത്യക്കാർ തരംതാഴ്ത്തലുകളായി (ഡിെഗ്രഡേഷൻ) പരിചിതമായിരിക്കുന്നു. നമ്മൾ അത് ആസ്വദിക്കുന്നു. എല്ലാം കുഴപ്പത്തിലാണെങ്കിലും നമ്മൾ അതുമായി പരിചിതമാകുന്നു. നമ്മൾ സന്തോഷവാന്മാരാണ്. നമ്മൾ കുഴപ്പങ്ങൾക്ക് ഒത്തുപോകുന്നു. അതുകൊണ്ടുതന്നെ ഇന്ത്യയിൽ ഒരിക്കലും വിപ്ലവമുണ്ടാകില്ല. ഒന്നും മാറില്ല. നോട്ട് നിരോധിച്ചപ്പോൾ എത്രപേർ മരിച്ചു. എത്ര അഴിമതി നമ്മൾ കണ്ടു. ഒരു മാറ്റവും ഉണ്ടാവില്ല.
ഇതൊരു അശുഭാപ്തി വിശ്വാസമാണ്..?
നിങ്ങൾക്ക് അശുഭാപ്തി വിശ്വാസമാണ് എന്നു കരുതാം. ഞാനിത് അശുഭാപ്തി വിശ്വാസമാണെന്ന് കരുതുന്നില്ല. ഞാനിത് റിയലിസം ആണെന്ന് തന്നെ കരുതുന്നു.
ഇന്ത്യയിൽ അംബേദ്കറൈറ്റ് ദലിത് മൂവ്മെൻറുകൾ സജീവമാകുന്നുണ്ട്. വേണമെങ്കിൽ അതിൽ പ്രതീക്ഷയർപ്പിച്ചുകൂടേ?
ഞാനവരിൽ പ്രതീക്ഷയർപ്പിക്കുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കാൾ അതിലാണ് എെൻറ പ്രതീക്ഷ. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് സംഭവിച്ച പതനം കാണാതെ ഇരിക്കാൻ പറ്റില്ല. പൂർണമായ പരാജയവും വഞ്ചനയും കമ്യൂണിസ്റ്റ് പാർട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു. ഇന്ന് കമ്യൂണിസ്റ്റുകളും മുതലാളിത്തപക്ഷക്കാരും തമ്മിൽ ഒരു വ്യത്യാസവുമില്ലാതായിട്ടുണ്ട്. എന്താണ് വ്യത്യാസം? കമ്യൂണിസ്റ്റ് നേതാക്കൾ ബൗദ്ധിക നേതാക്കളായിരുന്ന ഒരു കാലമുണ്ട്. അവർ വായിക്കുന്നവരായിരുന്നു, അവർ എഴുത്തുകാരായിരുന്നു, അവർ ചിന്തകരായിരുന്നു, ആ ആൾക്കാർ എവിടെ? ഞാൻ ചിന്തിക്കുന്നത് ഏതെങ്കിലും ഒരു രാജ്യം ഏറ്റവും കൂടുതൽ വിപ്ലവത്തിന് പറ്റിയതാണെങ്കിൽ അത് ഇന്ത്യയാണെന്നാണ്. നമുക്ക്് കുറെ കർഷകരുണ്ട്, പാവപ്പെട്ടവർ, അവരുടെ ആത്മഹത്യകൾ പതിവായി നടക്കുന്നു. ഒരുമിച്ച് ചേർന്നാൽ വൻ ശക്തിയായി മാറാവുന്ന വിഭവങ്ങളുണ്ട്. പക്ഷേ, അത് സംഭവിക്കുന്നില്ല, സംഭവിക്കുകയുമില്ല.
ഫാഷിസത്തിനെതിരെ എഴുത്തുകാരുടെ സംഘടന?
ബുൾഷിറ്റ്. ഈ രാജ്യത്ത് അത്തരമൊന്ന് നിലവിൽ സാധ്യമാകുമെന്നോ? അസംബന്ധം. പ്രയോജനരഹിതമായ കൂട്ടായ്മ.
ജയ്പൂർ ഫെസ്റ്റിവലിൽ താങ്കൾ റുഷ്ദിയുടെ നിരോധിക്കപ്പെട്ട പുസ്തകങ്ങളിൽനിന്ന് ചില ഭാഗങ്ങൾ വായിച്ചിരുന്നു, എന്തുകൊണ്ട്? അതുമായി ബന്ധപ്പെട്ട കേസുകളുടെ അവസ്ഥ എന്താണ്?
ജയ്പൂർ ഫെസ്റ്റിവലിൽ സൽമാൻ റുഷ്ദി എത്തേണ്ടിയിരുന്നു. അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. എന്നാൽ, ഏതോ എതിർപ്പ് ഉണ്ടായതിെൻറ പേരിൽ റുഷ്ദിക്ക് പങ്കെടുക്കുന്നതിന് അനുമതി നിഷേധിക്കപ്പെട്ടു. അപ്പോൾ അദ്ദേഹത്തോട് ആദരം പ്രകടിപ്പിക്കാനായി ഞാനും മറ്റ് രണ്ട് എഴുത്തുകാരും ചേർന്ന് ‘സാത്താനിക് വേഴ്സസി’ൽ നിന്ന് ചില ഭാഗങ്ങൾ വായിച്ചു. ഇന്ത്യയിൽ ആ പുസ്തകത്തി
െൻറ വിൽപന മാത്രമാണ് നിരോധിച്ചിരിക്കുന്നത്. വായിക്കുന്നതിന് വിലക്കില്ല. നിങ്ങൾക്ക് വേണമെങ്കിൽ ആ പുസ്തകത്തോട് വിയോജിക്കാം. പക്ഷേ, ‘മിഡ്നൈറ്റ് ചിൽഡ്രൻ’ പോലെ ഒരു നോവൽ രചിച്ചയാളെ ആക്ഷേപിക്കാൻ പാടില്ല. ചില ഭാഗങ്ങൾ വായിച്ചതിെൻറ പേരിൽ എനിക്കെതിരെ അഞ്ച് കേസുകൾ എടുത്തിരുന്നു. അത് നടക്കുന്നുണ്ട്.

നാർക്കോപോളിസും വിമർശനങ്ങളും
‘നാർക്കോപോളിസി’െൻറ മുഖവുര ഒരൊറ്റ വാചകമാണ്. ഏതാണ്ട് ആറര പേജുകൾ നീളുന്നു. വായനക്കാർ എങ്ങനെ പ്രതികരിക്കുമെന്നാണ് കരുതിയത്?
ഒരു വാചകം പൂർണവിരാമമില്ലാതെ ആറരപേജ് നീട്ടുന്നത് ചില വായനക്കാരെ ചടപ്പിക്കും എന്ന് എനിക്കറിയാം. ഈ ഒറ്റ വാചകം വായിക്കുമ്പോൾ തങ്ങൾക്ക് ഈ പുസ്തകം വായിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് അവർ മാറ്റിവെക്കും. എന്നാൽ, മറ്റ് ചില വായനക്കാർക്ക് അത് രസകരമായി തോന്നും, അവർ വായന തുടരും. വായനക്കാർ ആദ്യ വാചകം വായിക്കാനെടുക്കുന്ന റിസ്ക്, വിലപിടിപ്പുള്ള റിസ്കായിട്ടാണ് ഞാൻ കാണുന്നത്. ഈ റിസ്കിനെ അതിജീവിച്ചാൽ അവർക്ക് നോവലിലൂടെ അനായാസമായി കടന്നുപോകാം
.
‘നാർക്കോപോളിസി’ന് കിട്ടിയ സ്വീകരണത്തിൽ തൃപ്തനാണോ?
അതെ. ഇപ്പോൾ ഞാൻ സംതൃപ്തനാണ്.
ഇപ്പോൾ... മുമ്പോ?
‘നാർക്കോപോളിസ്’ ഇറങ്ങിയപ്പോൾ എല്ലാം പുസ്തകത്തിന് എതിരായിരുന്നു. പുസ്തകം ഇറങ്ങിയ ശേഷം എല്ലാ റിവ്യൂകളും പുസ്തകത്തിന് എതിരായിരുന്നു. പുസ്തകം നല്ലതാണ് എന്ന് ഒരൊറ്റ റിവ്യൂവും പറഞ്ഞില്ല. ചില റിവ്യൂകളിൽ ആദ്യത്തെ വാചകത്തെപ്പറ്റി മാത്രമാണ് പറഞ്ഞത്. അവർ ചിലപ്പോൾ അതു മാത്രമേ വായിച്ചിട്ടുണ്ടാകൂ.
വിമർശകർ എന്ന വിഭാഗത്തെ താങ്കൾ ഇഷ്ടപ്പെടുന്നില്ലേ?
ഇന്ത്യയിൽ വളരെ കുറച്ച് സാഹിത്യവിമർശകരെയുള്ളൂ. പുസ്തകം പൂർണമായി വായിച്ചവർ വിരലിലെണ്ണാവുന്നവരെയുണ്ടാകൂ. പകരം പത്രപ്രവർത്തകർ വളരെ ഉപരിതല സ്പർശിയായി പുസ്തകത്തെപറ്റി എഴുതും. മിക്കതും പെെട്ടന്ന് എഴുതിയത്. 300 പേജുള്ള പുസ്തകം വായിക്കാൻ നിശ്ചിതമായ സമയം വേണം. അതിനൊന്നും സമയമില്ല. മെനക്കെടാനും ആർക്കും താൽപര്യമില്ല. പുസ്തകം ഇറങ്ങി ഒരാഴ്ചക്കുള്ളിൽ റിവ്യൂ അച്ചടിച്ചുവരും. വിമർശകർ പതിയെ ഗൂഗിൾ ചെയ്യും എന്നിട്ട് മുമ്പ് ഏതെങ്കിലും റിവ്യൂ വന്നിട്ടുണ്ടെങ്കിൽ അത് അവർ തങ്ങളുടെ ഭാഷയിൽ ആവർത്തിക്കും.
വേണമെങ്കിൽ ‘നാർക്കോപോളിസി’െൻറ കഥാകേന്ദ്രം ഹോങ്കോങ് ആക്കാം. പക്ഷേ, എന്തുകൊണ്ട് ബോംബെ?
ആ കഥ നടക്കാൻ ബോംബെയല്ലാതെ മറ്റൊരു സ്ഥലമില്ല. ബോംബയിൽ ഞാൻ 1979ൽ വന്നു. എനിക്ക് ആ നഗരം നന്നായി അറിയാം. മറ്റേത് നഗരത്തിലെക്കാളും കൂടുതൽ കാലം ഞാൻ ജീവിച്ചത് ബോംബെയിലാണ്. ബോംബെയുടെ കഥ ഞാൻ എന്നും പറയാനിഷ്ടപ്പെട്ടു. വളരെ പെെട്ടന്ന് ഞാൻ അനുഭവിച്ച നഗരം മാറിപ്പോയി. 1984ൽ ഹെറോയിൻ എത്തിയതോടെയാണത്. അക്കാലത്ത് എനിക്കറിയാവുന്ന ആളുകളും വലുതായി. ലഹരി ഉപയോഗിച്ച വളരെയേറെ പേർക്ക് എന്തു സംഭവിച്ചുവെന്നറിയാം. കറുപ്പിൽനിന്ന് ഹെറോയിനിലേക്കും മാറി.
ഡിംപിൾ, റഷീദ്, മിസ്റ്റർ ലീ എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളാണ് ‘നാർക്കോപോളിസി’ൽ നിറഞ്ഞുനിൽക്കുന്നത്. താങ്കൾ എങ്ങനെയാണ് ഈ മൂന്നുപേരെയും സൃഷ്ടിച്ചത്?
റഷീദിനെയും മിസ്റ്റർ ലീയെയും എനിക്കറിയാമായിരുന്നു. എന്നാൽ, ഡിംപിളിനെ ഞാൻ ഒപിയം ഡെന്നിൽ കണ്ടിട്ടില്ല. പക്ഷേ, കേട്ടിട്ടുണ്ട്. ഡിംപിളിെൻറ സ്വഭാവ സവിശേഷതയുള്ള ഒരു സ്ത്രീയെപ്പറ്റി ധാരാളം കഥകൾ പ്രചരിച്ചിരുന്നു. അവരിലേക്ക് ഞാൻ എെൻറ ഭാവന ചേർക്കുകയായിരുന്നു.
അടുത്തിടെയാണ് ‘ബുക്ക് ഓഫ് ചോക്ലറ്റ് സെയിൻറ്’ ഇറങ്ങിയത്. അതിനുകിട്ടിയ സ്വീകരണത്തിൽ സംതൃപ്തനാണോ?
അല്ല. സത്യത്തിൽ ഇന്ത്യയിൽ ഏതൊരു പുസ്തകവും ഇറങ്ങിയ ഉടനെ വലുതായി അംഗീകരിക്കപ്പെടുകയോ സ്വീകരിക്കപ്പെടുകയോ ഇല്ല. അതിന് കുറച്ച് വർഷങ്ങൾതന്നെ എടുക്കും. എന്താണ് വായനക്കാരുടെ യഥാർഥ പ്രതികരണം എന്നറിയാൻ ഒരു വഴിയുമില്ല. രണ്ടു മൂന്നുവർഷം പിടിച്ചേക്കും ആളുകൾ അത് സ്വീകരിക്കാൻ. ചിലപ്പോൾ അഞ്ചുവർഷം.
‘ചോക്ലറ്റ് സെയിൻറ്സി’ലെ ന്യൂട്ടൺ ഫ്രാൻസിസ് സേവ്യറിലും താങ്കളെ കണ്ടെത്താം..?
ന്യൂട്ടൺ ഫ്രാൻസിസ് സേവ്യർ ഒരു കവിയാണ്, ബോംബെയിൽ വിദ്യാഭ്യാസം, പിന്നീട് ന്യൂയോർക്കിൽ ജീവിക്കുന്നു, മദ്യപാനിയായ പരുക്കൻ മനുഷ്യൻ, ചിത്രകാരനാണ്. ഗോവയാണ് ഒരു പശ്ചാത്തലം. കവിതയെപ്പറ്റി പറഞ്ഞപോലെ ഭാവനയും അതിൽ അടങ്ങിയിട്ടുണ്ട്. ഗോവയിൽ ഞാൻ താമസിച്ചിട്ടുണ്ട്. അതിെൻറ പ്രത്യേകതകൾ അറിയാം. നിങ്ങൾ കടന്നുപോകാത്ത അവസ്ഥകളെപ്പറ്റി നിങ്ങൾക്ക് എഴുതാനാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. അതിനാൽ ഞാനറിഞ്ഞ ഗോവയും ആൾക്കാരും ഞാനും അതിൽ ഉണ്ടാവും.
ഒരു റിവ്യൂവിൽ റോബർട്ടോ ബൊലാനോയുടെ ‘സാവേജ് ഡിറ്റക്ടീവ്സി’െൻറ രചനാ രീതിക്ക് സമാനമാണ് പുതിയ പുസ്തകം എന്ന് വിശേഷിപ്പിച്ചു കണ്ടു?
ഓരോരുത്തരും ഓരോ അഭിപ്രായമാണ് പറയുക. ആളുകൾ അവരുടെ ധാരണകൾക്ക് അനുസരിച്ചാണ് പലതരം അഭിപ്രായങ്ങളിലെത്തുക. അതെെൻറ പ്രശ്നമല്ല (ചിരി). ഞാനാ പുസ്തകത്തിൽ ആറുവർഷം ചെലവിട്ടിരുന്നു.

ബംഗളൂരുവിലെ ജീവിതം
താങ്കൾ ധനികനാണോ?
അങ്ങനെയായിരുന്നെങ്കിൽ എന്ന് ഞാനാഗ്രഹിക്കുന്നു. ഞാൻ ധനികനല്ല. വരുമാനമുള്ള ജോലി ഞാൻ ചെയ്യുന്നില്ല. ബംഗളൂരുവിൽ അച്ഛനൊപ്പം താമസിക്കാൻ ഞാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്നാണ് നിങ്ങൾ കരുതുന്നത്?
പക്ഷേ, ഡി.എസ്.സി സമ്മാനമായി 50,000 യു.എസ് ഡോളർ ലഭിച്ചിരുന്നു?
എപ്പോൾ? അഞ്ചുവർഷം മുമ്പ്. നികുതിയും മറ്റും പിടിച്ചശേഷം 30,000 ഡോളറാണ് എനിക്ക് ലഭിച്ചത്. അതിനുശേഷമുള്ള ചെലവുകൾ, വീട്ടുവാടക, ജീവിതം എന്നിവക്ക് ആ തുക മതിയാകുമോ? മറ്റ് വരുമാനമില്ലല്ലോ... ജീവിക്കേണ്ടേ...
താങ്കൾക്ക് ഇഷ്ടപ്പെട്ട എഴുത്തുകാർ?
രണ്ടുപേരേയുള്ളൂ. വിജയ് നമ്പീശനും എെൻറ അച്ഛൻ ടി.ജെ.എസ്. ജോർജും.
എന്തുകൊണ്ട് വിജയ് നമ്പീശൻ?
വിജയ് വലിയ പ്രതിഭയുള്ള എഴുത്തുകാരനായിരുന്നു. വിജയിനെ സാഹിത്യലോകം പരിഗണിച്ചതായി തോന്നുന്നുമില്ല. മൊത്തം ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ ലോകത്തും അറിയപ്പെടേണ്ട വ്യക്തിയായിരുന്നു വിജയ്. 54ാം വയസ്സിൽ കഴിഞ്ഞ വർഷം അന്തരിച്ചു. അദ്ദേഹത്തിെൻറ ‘ബിഹാർ ഇസ് ഇൻ ദ ഐ ഓഫ് ദ ബിഹോൾഡർ’ (2000) ഇന്ത്യയിലെ ചെറുപട്ടണങ്ങളെപ്പറ്റി താൽപര്യമുള്ള ഏതൊരാളും വായിച്ചിരിക്കേണ്ട പുസ്തകങ്ങളിൽ ഒന്നാണ്.
താങ്കൾക്ക് മലയാളത്തിൽ സൗഹൃദമില്ലേ?
വളരെ കുറച്ച്. മലയാളം എഴുത്തുകാരിൽ ബെന്യാമിനോടാണ് സൗഹൃദം. ഒരുപക്ഷേ, എനിക്ക് അറിയാവുന്ന അടുപ്പമുള്ള ഒരാൾ ബെന്യാമിൻ തന്നെയാകും. ഭാഷ പിടിയില്ലാത്തതിനാൽ മലയാള സാഹിത്യം വായിക്കാനാവില്ല. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതു മാത്രമേ വായിക്കാനായിട്ടുള്ളൂ.
കേരളത്തിൽനിന്നുള്ള ഇംഗ്ലീഷ് എഴുത്തുകാരിയാണ് അരുന്ധതി റോയി. എങ്ങനെ കാണുന്നു?
(ഉത്തരം മൗനം. ചിരി. തലവെട്ടിക്കൽ. അരുന്ധതി റോയിയുടെ രചനകൾ ഇഷ്ടമല്ലെന്നോ അതിനെപ്പറ്റി അഭിപ്രായം പറയാൻ ഒന്നുമില്ലെന്നോ മുഖഭാവത്തുനിന്ന് വായിച്ചെടുക്കാം.)
മതവിശ്വാസിയാണോ?
അതെ. വിമാനത്തിൽ െവച്ചുമാത്രം. സീറ്റ്ബെൽറ്റ് മുറുക്കി വിമാനം പറന്നുയരുന്ന സമയംവരെ ഞാൻ പ്രാർഥിക്കും. മറ്റൊരു സമയത്തും മതവിശ്വാസിയല്ല.
താങ്കൾ സംഗീതകാരനുംകൂടിയാണ്..?
ഞാൻ ഗിറ്റാർ വായിക്കുന്നു. പക്ഷേ, പണത്തിന് വേണ്ടിയല്ല. കമേഴ്സ്യൽ വിജയം ആഗ്രഹിക്കാതെ ഞാൻ ചെയ്യുന്ന ഒരു കാര്യമാണ് സംഗീതം. കവിതപോലെ. ആരും കവിത പണത്തിന് വേണ്ടി എഴുതുന്നില്ല. പണത്തിനു വേണ്ടിയല്ലാത്തതുകൊണ്ട് സംഗീതത്തിൽ നിങ്ങൾക്ക് എന്ത് പരീക്ഷണവും നടത്താം, എന്ത് സ്വാതന്ത്ര്യവുമെടുക്കാം. സംഗീതം വിമോചിപ്പിക്കുന്ന ഒന്നാണ്. അത് പല സ്വാതന്ത്ര്യവും നൽകുന്നു. ബംഗളൂരുവിലെ ചില സംഗീതകാർക്കൊപ്പം ബാൻഡിൽ ഞാൻ പ്രവർത്തിക്കുന്നു. ഇപ്പോഴുള്ളത് കൂടുതലും പരീക്ഷണാത്മകമായ ഒന്നാണ്. മെലഡി, വരി എന്നിവക്ക് പ്രാധാന്യം നൽകാതെ വോയ്സിനും നോയ്സിനും പ്രാധാന്യംനൽകുന്ന ഒന്നാണ്. ഞാനത് ആസ്വദിച്ചുചെയ്യുന്നു.
കുടുംബത്തെപ്പറ്റി പറയുമോ?
ഞാനിപ്പോൾ ഒറ്റക്കാണ്. ഫാമിലി ഇല്ല. മുമ്പ് ഡൽഹിയിൽ ഞാനൊരു പാർട്ണർക്കൊപ്പം കഴിയുകയായിരുന്നു. ഇപ്പോൾ ആസ്േട്രലിയയിൽ ഉള്ള ഒരാളുമായി ‘വിദൂര’ബന്ധം ഉണ്ട്. പക്ഷേ, നിങ്ങളുടെ ആദ്യത്തെയും രണ്ടാമത്തെയും വിവാഹം ഒരു ഡിസാസ്റ്റർ (ദുരന്തം) ആയാൽ പിന്നെ മൂന്നാമത്തേതിന് ശ്രമിക്കാതിരിക്കുകയാണ് നല്ലത്. വിവാഹം തന്നെ ഒരു ദുരന്തമാണ്. അതിനാൽ ഞാനിപ്പോൾ വിഭാര്യനാണ്.
അനുഭവങ്ങളുടെ കടലാണ് താങ്കൾ. എന്തുകൊണ്ട് ആത്മകഥ എഴുതിക്കൂടാ?ൃ
ഞാൻ ആത്മകഥ എഴുതില്ല. കവിതകളിലും നോവലുകളിലുമെല്ലാം ഞാൻ ഉണ്ട്. ഒളിച്ചും മങ്ങിയും വ്യക്തമാക്കാതെയും എല്ലാം. അത്തരത്തിൽ എന്നെ അവതരിപ്പിക്കുകയല്ലാതെ മറ്റൊന്നും ഞാനിപ്പോൾ ഉദ്ദേശിക്കുന്നില്ല.
മറ്റൊരു പുസ്തകത്തിെൻറ രചനയിലാണ് എന്നു തോന്നുന്നു? അതേപ്പറ്റി പറയുമോ?
ഒരു നോവലിെൻറ രചനയിലാണ്. ഒരു ചെറിയ നോവൽ. പക്ഷേ, അതിനെപ്പറ്റി ഞാൻ പറയില്ല. പറഞ്ഞാൽ ആ നോവൽ അവിടെെവച്ച് തീരും. ഞാനക്കാര്യത്തിൽ ഒരു അന്ധവിശ്വാസിയാണ്.

മാധ്യമം വാർഷികപ്പതിപ്പ്
2018