Monday, July 30, 2018

‘വിവർത്തക(ൻ) യഥാർഥ രചയിതാവിനൊപ്പം തന്നെ ആദരിക്കപ്പെടണം’



‘വിവർത്തക(ൻ) യഥാർഥ 
രചയിതാവിനൊപ്പം
തന്നെ ആദരിക്കപ്പെടണം’


മലയാളം ഉൾ​െപ്പടെയുള്ള ഇന്ത്യൻ ഭാഷകളെ ഇംഗ്ലീഷിലേക്ക് 
മൊഴിമാറ്റുന്നതിന് മൂന്നു ദശാബ്​ദമായി നേതൃത്വം കൊടുക്കുന്ന 
എഡിറ്ററും കോളമിസ്​റ്റുമായ മിനി കൃഷ്ണൻ സംസാരിക്കുന്നു. 
വിവർത്തനം എന്നത് യഥാർഥ എഴുത്തിെൻറ അത്രയുംതന്നെ 
സർഗാത്മകമാണെന്ന് വാദിക്കുന്ന അവർ ഇന്ത്യൻ ഭാഷാ 
മൊഴിമാറ്റത്തിെൻറ ചരിത്രവും വർത്തമാനവും പറയുന്നു.


മിനി കൃഷ്ണൻ/ആർ.കെ. ബിജുരാജ്
ചിത്രങ്ങൾ: പി. അഭിജിത്ത്

അധികമാരുമറിയാതെ, ചില ചരിത്ര ദൗത്യങ്ങൾ നിശ്ശബ്​ദം നിറവേറ്റുന്ന ചിലരുണ്ട്. അവരുടെ സംഭാവനകളുടെ മഹത്ത്വവും വലുപ്പവും പലരും അറിഞ്ഞുകൊള്ളണമെന്നില്ല. അതേ ഗണത്തിൽവരും മലയാളിയായ മിനി കൃഷ്ണൻ മലയാള സാഹിത്യത്തിന് നൽകുന്ന സേവനങ്ങൾ. മലയാള സാഹിത്യത്തെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി ആഗോള വായനക്കാർക്ക് പരിചിതമാക്കുക എന്ന കർത്തവ്യം ഒരു സമർപ്പിത ജോലിയായി മൂന്നു പതിറ്റാണ്ടായി നിർവഹിക്കുകയാണ് അവർ. എന്നാൽ, വിവർത്തകയല്ല, വിവർത്തകരുടെ എഡിറ്ററും പ്രസാധകയുമാണ് മിനി കൃഷ്ണൻ. മലയാള സാഹിത്യരചനകളെ ആംഗലേയത്തിലേക്ക് മൊഴിമാറ്റുന്നതിെൻറ പ്രഫഷനലായ തുടക്കം മിനി കൃഷ്ണനിലൂടെയാണെന്ന് നിസ്സംശയം പറയാം. ഇപ്പോൾ ചെന്നൈയിൽ ഓക്സ്​ഫഡ് യൂനിവേഴ്സിറ്റി പ്രസിൽ (ഒ.യു.പി) എഡിറ്ററാണ് മിനി കൃഷ്ണൻ. മലയാളത്തിൽനിന്നു മാത്രമല്ല, മറ്റ് ഇന്ത്യൻ ഭാഷകളിൽനിന്നുള്ള ഇംഗ്ലീഷ് മൊഴിമാറ്റങ്ങൾക്കും അവർ ചുക്കാൻപിടിക്കുന്നു.
പരപ്പനങ്ങാടി സ്വദേശിയായ മിനി കൃഷ്ണൻ 1951ൽ ബംഗളൂരുവിലാണ് ജനിച്ചത്. അവിടെ ഡെക്കാൻ ഹെറാൾഡിൽ എഡിറ്ററായിരുന്നു അച്ഛൻ ബാലകൃഷ്ണമേനോൻ. ഇംഗ്ലീഷ് സാഹിത്യത്തിൽ ബംഗളൂരു സർവകലാശാലയിൽനിന്ന് ബിരുദവും ഡൽഹി സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. വിദ്യാഭ്യാസ പുസ്​തക പ്രസാധകരായ മാക്മില്ലനിൽ 1980 മുതൽ 2000വരെ പ്രവർത്തിച്ചു. ഇന്ത്യൻ ഭാഷകളിൽനിന്നുള്ള സാഹിത്യത്തിെൻറ മൊഴിമാറ്റം ആദ്യമായി മാക്മില്ലനിലൂടെ പ്രസിദ്ധീകരിക്കുന്നത് മിനി കൃഷ്​ണ​െൻറ താൽപര്യം ഒന്നുകൊണ്ടുമാത്രമാണ്. ഇപ്പോൾ 18 വർഷമായി ഒ.യു.പി യിൽ പ്രവർത്തിക്കുന്നു. സൗത്ത് ഏഷ്യ വിമൻ റൈറ്റേഴ്സ്​ വെബ്സൈറ്റിെൻറ സ്​ഥാപക എഡിറ്ററാണ്. ഫിലിം സെൻസർബോർഡ് അംഗമായും വിവർത്തന പുരസ്​കാരങ്ങൾക്കുള്ള കേന്ദ്ര സാഹിത്യഅക്കാദമി പാനൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയുടെ വിവർത്തന പദ്ധതിയുടെ കൺസൾട്ടൻറ് എഡിറ്ററുമാണ്. ദ ഹിന്ദു, ഡെക്കാൻ ഹെറൾഡ് പത്രങ്ങളിൽ പതിവായി കോളം എഴുതുന്നു.
12 ഇന്ത്യൻ ഭാഷകളിൽനിന്നുള്ള കഥകളുടെ സമാഹാരം ‘ടെൽ മി എ ലോങ്, ലോങ് സ്​റ്റോറി’യാണ് എഡിറ്റ് ചെയ്ത ശ്രദ്ധേയ പുസ്​തകങ്ങളിൽ ഒന്ന്. ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി പുറത്തിറക്കുന്ന ‘ലിവിങ് ഇൻ ഹാർമണി’ പുസ്​തക പരമ്പര ഇപ്പോൾ എഡിറ്റുചെയ്യുന്നു. കേംബ്രിഡ്​ജ്​ ഉൾ​െപ്പടെയുള്ള അന്താരാഷ്​​്ട്ര വേദികളിൽ വിവർത്തനങ്ങളെക്കറിച്ചും ഇന്ത്യൻ സാഹിത്യത്തെക്കുറിച്ചും സംസാരിക്കുന്നു.
ചെന്നൈയിലെ പ്രശസ്​ത ആർകിടെക്​റ്റ്​​ പി.ടി. കൃഷ്ണനാണ് ജീവിതപങ്കാളി. ഷികാഗോ സർവകലാശാലയിൽ രസതന്ത്ര ​പ്രഫസറും 2013ൽ ശാന്തി സ്വരൂപ് ഭട്നഗർ പുരസ്​കാര ജേതാവുമായ ഡോ.യമുന കൃഷ്ണനാണ് മൂത്ത മകൾ. മറ്റൊരു മകളായ മാധവി വിദേശത്ത് ഫിസിക്സ്​ പ്രഫസറാണ്. ത​െൻറ പ്രസാധക ജീവിതത്തെയും വിവർത്തനത്തിെൻറ രാഷ്​​ട്രീയ സാംസ്​കാരിക കടമകളെക്കുറിച്ചും സംസാരിക്കുകയാണ് മിനി കൃഷ്ണൻ ഈ അഭിമുഖത്തിൽ. ചെന്നൈ എഗ്​മോറിൽ അപ്പോളോ ആശുപത്രിക്ക് സമീപമുള്ള മിനി കൃഷ്​ണ​െൻറ വസതിയിൽ​െവച്ചായിരുന്നു കൂടിക്കാഴ്ച. സംഭാഷണത്തിെൻറ പ്രസക്ത ഭാഗങ്ങൾ:

നമുക്ക് ചരിത്രത്തിൽനിന്ന് തുടങ്ങാം. മലയാള സാഹിത്യത്തിെൻറ പ്രഫഷനലായ ഇംഗ്ലീഷ് മൊഴിമാറ്റ തുടക്കം താങ്കളിൽനിന്നാണ്. അത് എങ്ങനെയെന്ന് വിശദമാക്കാമോ?

1980ൽ ഞാൻ മാക്മില്ലനിൽ ചേർന്നു. കമ്പനിയുടെ മദ്രാസ്​ ബ്രാഞ്ചിൽ. മാക്മില്ലൻ വിദ്യാഭ്യാസ പുസ്​തകങ്ങൾ ഇറക്കുന്ന പ്രസാധകരാണ്. അവിടെ ചേർന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഡോക്ടർ കെ.എം. ജോർജ് എഡിറ്റ് ചെയ്ത ‘കമ്പാരിറ്റിവ് ഇന്ത്യൻ ലിറ്ററേച്ചർ’ എന്ന പുസ്​തകവുമായി സഹകരിക്കേണ്ടിവന്നു. രണ്ടു വാല്യങ്ങളിൽ 4000 പേജുവരുന്നതാണ് ആ പുസ്​തകം. ഇന്ത്യയിലെ 16 ഭാഷകളിൽനിന്നുള്ള ചീഫ് എഡിറ്റർമാരും 200 എഴുത്തുകാരും അതിൽ സഹകരിക്കുന്നുണ്ട്. സാഹിത്യ അക്കാദമിയുടെയും മാക്മില്ലൻ ഇന്ത്യയുടെയും സംയുക്ത സംരംഭമായിരുന്നു അത്. ആ പുസ്​തകങ്ങൾ എഡിറ്റ് ചെയ്യുകയും അതിനുവേണ്ടി പ്രശസ്​തമായ നോവലുകളുടെയും നാടകങ്ങളുടെയും സിനോപ്സിസ്​ (സംഗ്രഹം) തയാറാക്കുകയുമായിരുന്നു എെൻറ ജോലി. അത് വളരെ രസകരവും ആവേശകരവുമായിരുന്നു. ചില നല്ല രചനകൾ കാണുമ്പോൾ ഞാനത് വായിച്ചോട്ടെ എന്ന് ചോദിക്കും. വായിച്ചുകൊള്ളാൻ പറയും. ആ പുസ്​തകം അഞ്ചുകൊല്ലംകൊണ്ടാണ് പൂർത്തിയാകുന്നത്. അക്കാലത്ത് ഓറിയൻറ് ലോങ്മാൻ മാത്രമേ വിവർത്തന പുസ്​തകങ്ങൾ പ്രസിദ്ധീകരിക്കുന്നുള്ളൂ. സംഘം ബുക്സ്​ എന്ന് പേരിൽ സുജിത് മുഖർജിയെപോലുള്ളവർ 1970കളിൽ വിവർത്തന കൃതികൾ ചെറുതായി ചെയ്തിട്ടുണ്ട്. ഞാൻ മാക്മില്ലനിൽ ഇന്ത്യൻ ഭാഷകളിൽനിന്ന് മൊഴിമാറ്റിയ പുസ്​തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിനെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു. അവർ പറഞ്ഞു വിവർത്തന കൃതികൾ വിറ്റുപോകില്ല. അവർക്ക് അതിൽ നിക്ഷേപ താൽപര്യമില്ലായിരുന്നു. അങ്ങനെ പല നിർബന്ധങ്ങൾക്ക് വഴങ്ങി അവർ ഒരു പുസ്​തകം പ്രസിദ്ധീകരിക്കാൻ തയാറായി. മലയാറ്റൂർ രാമകൃഷ്​ണ​െൻറ ‘വേരുകൾ’. വി. അബ്​ദുല്ലയായിരുന്നു വിവർത്തകൻ. അത് വിൽപനപരമായി പരാജയമായി. അതോടെ ഇനി മാക്മില്ലനിൽ വിവർത്തന പുസ്​തകങ്ങളെപ്പറ്റി ചോദിക്കുക സാധ്യമല്ലാതായി. അവർക്ക് വിദ്യാഭ്യാസ പുസ്​തകങ്ങളിൽതന്നെയായിരുന്നു താൽപര്യം. രണ്ടു മൂന്നു വർഷം കഴിഞ്ഞപ്പോൾ അവർ പറഞ്ഞു, നിങ്ങൾക്ക് വിവർത്തന കൃതികൾ ചെയ്യാം. പക്ഷേ, ടെക്സ്​റ്റ് പുസ്​തകങ്ങൾ ഇറക്കുന്നതിന് താമസം വരരുത്. പുറത്തുനിന്ന് ഫണ്ട് കിട്ടുകയാണെങ്കിൽ ചെയ്യാം, അല്ലാതെ മാക്മില്ല​െൻറ പണവുമായി പറ്റില്ല.




അപ്പോൾ, താങ്കൾ സ്വന്തമായി ഫണ്ട് കണ്ടെത്തിയോ?

എെൻറ ഭാഗ്യത്തിന് ചെന്നൈയിൽ ഒരു വിദ്യാഭ്യാസ സൊസൈറ്റിയുണ്ടായിരുന്നു. എം.ആർ.എ.ആർ എജ​ുക്കേഷനൽ സൊസൈറ്റി. അതൊരു ട്രസ്​റ്റാണ്. അവർക്ക് സ്​കൂളുകളും കോളജുകളും ഉൾ​െപ്പടെ നിരവധി സ്​ഥാപനങ്ങളുണ്ട്. അതിെൻറ കഥ ആരും എഴുതിയിട്ടില്ല. 1970കളിൽ ഒരു ചെട്ടിയാർ കുടുംബം മൊത്തം വിമാനാപകടത്തിൽ മരിച്ചു. അവരുടെ സ്വത്ത് ശേഷിക്കുന്ന കുടുംബാംഗങ്ങൾക്ക് വിതരണം ചെയ്യുന്നതിന് പകരം ഏറ്റവും അടുത്ത ബന്ധു അത് ഒരു ട്രസ്​റ്റാക്കി മാറ്റി. എ.എം.എം. അരുണാചലം എന്ന വ്യക്തിയാണ് ട്രസ്​റ്റാക്കുന്നത്. അദ്ദേഹം വലിയ ബിസിനസുകാരനുമാണ്. തുടർന്ന് അവർ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ തുടങ്ങി.
എെൻറ ഒരു സുഹൃത്തിനോട് ഫണ്ടിെൻറ കാര്യം ഞാൻ പറഞ്ഞു. അവർ അത് അരുണാചലവുമായി സംസാരിച്ചിട്ട് പറയാം എന്നു പറഞ്ഞു. അങ്ങനെ ആ ട്രസ്​റ്റ് 15 ലക്ഷം രൂപ നൽകി, 1992ൽ. അപ്പോൾ മാക്മില്ലൻ പറഞ്ഞു, നിങ്ങൾക്ക് വിവർത്തന പുസ്​തകങ്ങൾ ചെയ്യാം. പക്ഷേ, പാഠപുസ്​തകങ്ങളുടെ കാര്യത്തിൽ വീഴ്ചവരുത്തരുത്. അങ്ങനെ മാക്മില്ലൻ വിവർത്തന കൃതികൾ ഇറക്കാൻ തുടങ്ങി. 1992 മുതൽ 2000 വരെ ഞാൻ രണ്ടു ജോലി ചെയ്തു. പാഠപുസ്​തകങ്ങളുടെ എഡിറ്റിങ്ങും വിവർത്തനകൃതികളുടെ എഡിറ്റിങ്ങും. അത് സാമ്പത്തികമായി വിജയകരമായിരുന്നില്ല. പക്ഷേ, അതിന് മറ്റൊരു ഗുണമുണ്ടായി. മറ്റ് പ്രസാധകർ മാക്മില്ലനെ അനുകരിച്ച് വിവർത്തന പുസ്​തകങ്ങൾ ഇറക്കാൻ തുടങ്ങി. മാക്മില്ലൻ ഇറക്കിയിരുന്നത് കുറെ അടിക്കുറിപ്പുകളും ആമുഖവും വ്യാഖ്യാനങ്ങളും ഒക്കെയുള്ള, വിദ്യാർഥികളെകൂടി കണ്ടുകൊണ്ടുള്ള വിവർത്തനമാണ്. പാഠപുസ്​തകങ്ങളുടെ സ്വഭാവമാണ് അന്ന് മാക്മില്ല​െൻറ പുസ്​തകങ്ങൾക്കുണ്ടായിരുന്നത് എന്നു പറയാം. ഡൽഹിയിലാണ് അന്ന് വലിയ പ്രസാധകരുള്ളത്. മാറ്റങ്ങൾ സംഭവിക്കേണ്ടത് ഡൽഹിയിൽ നിന്നാണ്. പക്ഷേ, മാക്മില്ലൻ ചെന്നൈയിൽനിന്നാണ് വിവർത്തന പുസ്​തകങ്ങൾ ഇറക്കുന്നത്. മാക്മില്ലൻ വിവർത്തന പുസ്​തകങ്ങൾ ഇറക്കുന്നുണ്ടെങ്കിൽ അവർക്ക് വിൽപനയിലൂടെ പണം കിട്ടുന്നുണ്ടാവണം. അപ്പോൾ, അത് തങ്ങൾക്കും ചെയ്യാമെന്ന് ഡൽഹിയിലെ വലിയ പ്രസാധകർക്ക് ​േതാന്നി. അതേ സമയത്ത് ഗീതാ ധർമരാജൻ കഥാലിസ്​റ്റുമായി വന്നു. അപ്പോൾ വിവർത്തനകൃതികൾക്കായി ഒരു അന്തരീക്ഷം ഒരുങ്ങി. 1992നും രണ്ടായിരത്തിനുമിടയിൽ ഞാൻ 37 നോവലുകൾ മാക്മില്ലനിലൂടെ പ്രസിദ്ധീകരിച്ചു.

പിന്നെ എന്തുകൊണ്ട് മാക്മില്ലൻ വിട്ടു? അക്കാലത്ത് എങ്ങനെയായിരുന്നു പ്രവർത്തനം?

മാക്മില്ലനിൽ ഞാൻ ഏഴുവർഷം പ്രവർത്തിച്ചത് പകുതി ദിവസം, പകുതി വേതനത്തിനാണ്. അന്ന് കുട്ടികൾ ചെറുതാണ്. അവരെ നോക്കണം. കുടുംബകാര്യങ്ങൾ ഒഴിവാക്കി എനിക്ക് പ്രവർത്തിക്കാനാവില്ല. മാക്മില്ലൻ വിടാൻ കാരണം ഭാമയുടെ പുസ്​തകവുമായി ബന്ധപ്പെട്ടാണ്. ഭാമയുടെ ആത്മകഥാപരമായ നോവൽ മാക്മില്ലൻ ചെയ്തു. അത് ആദ്യ ദലിത് ഇംഗ്ലീഷ് പുസ്​തകങ്ങളിൽ ഒന്നാണ്. പിന്നാലെ ശരൺകുമാർ ലിംബാളെയുടെ ‘അക്കർമശി’യും ഇംഗ്ലീഷിലേക്ക് മാറ്റാൻ പദ്ധതിയുണ്ടായിരുന്നു. പക്ഷേ, അത് ചെയ്തത് മാക്മില്ലനിലെ അധീശജാതിക്കാരനായ മാനേജർക്ക് ഇഷ്​ടമായില്ല. മാനേജിങ്​ എഡിറ്റർ പഞ്ചാബിയായിരുന്നു. അദ്ദേഹം എന്നെ പിന്തുണച്ചു. ചെന്നൈയിലുള്ളവർക്ക് അതിഷ്​ടമായില്ല. ശക്തമായ ജാതിബോധം തമിഴ്നാട്ടിൽ നിൽക്കുന്നതിെൻറ ബഹിർസ്​ഫുരണംകൂടിയാണ് ആ മനോഭാവം. അത് എനിക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കി. മാക്മില്ലനാകട്ടെ വിവർത്തന കൃതികൾ വലിയ രീതിയിൽ പ്രചരിപ്പിക്കാൻ കൂട്ടാക്കുന്നില്ല. അവരുടെ കാശും കൂടിയല്ല എന്ന് ഓർക്കണം.
ഞാൻ മാക്മില്ലൻ വിടാൻ തീരുമാനിച്ചു. ഒ.യു.പിയിൽ ചേർന്നു. ശരൺകുമാർ ലിംബാ​ളെയുടെ ‘അക്കർമശി’ ഉൾ​െപ്പടെയുള്ള കൃതികൾ ഞാൻ പിന്നീട്​ മൂന്നുവർഷത്തിന് ശേഷം ഒ.യു.പി വഴി ചെയ്തു.

ഭാമയുടേത് ഉൾ​െപ്പടെ ആദ്യ ദലിത്പക്ഷ രചനകൾ ഇംഗ്ലീഷിലേക്ക് വരാൻ കാരണം താങ്കളാണ്. ഭാമയുടെ കൃതിയിലേക്ക് താങ്കൾ എങ്ങനെയാണ് എത്തിയത്?

ഭാമയുടെ പുസ്​തകം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുന്നതിൽ ഒരു കഥയുണ്ട്. ‘കറുക്ക് ’എന്ന പേരിൽ ആത്മകഥാംശം നിറഞ്ഞ നോവൽ ഭാമ എഴുതുന്നത് 1992ലാണ്. അക്കാലത്ത് സദാനന്ദ് മേനോൻ ഒരു ലേഖനം ദലിത് സാഹിത്യത്തെപ്പറ്റി എഴുതിയത് ഞാൻ വായിച്ചു. ആയിടക്ക് ‘ഹിന്ദു’വിൽ പ്രവർത്തിക്കുന്ന സുഹൃത്ത് പന്നീർശെൽവം എന്നെ വിളിച്ചു. പുതിയതായി ഇറക്കുന്ന പുസ്​തകങ്ങൾ ഏതൊക്കെയാണെന്ന് ചോദിച്ചു. ഞാൻ മറുപടി പറഞ്ഞപ്പോൾ ‘‘എല്ലാം ആ ബ്രാഹ്മണിക്കൽ–അപ്പർ കാസ്​റ്റ് രചനകൾ തന്നെ’’ എന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴാണ് മറിച്ചുള്ള രചനകൾകൂടി വരണമെന്ന തോന്നലിൽ ഞാൻ എത്തുന്നത്. ‘ഹിന്ദു’വിന് ചൊവ്വാഴ്ച പേജുണ്ട്. അതിൽ പ്രാദേശിക ഭാഷകളിലെ കൃതികളുടെ റിവ്യൂ നൽകും. അതിൽ തമിഴിലെ പ്രശസ്​ത എഴുത്തുകാരൻ അശോക് മിത്രൻ ‘കറുക്കി’നെപ്പറ്റി എഴുതിയത് കണ്ടു. ഞാൻ അദ്ദേഹത്തെ വിളിച്ചു. ‘‘ഇതിൽ എത്രമാത്രം സാഹിത്യമുണ്ടെന്ന് എനിക്കറിയില്ല, അത് വായിക്കേണ്ട ഒന്നാണെ’’ന്ന്​ അശോക്​മിത്രൻ പറഞ്ഞു. ഭാമയുടെ പുസ്​തകത്തിെൻറ
കോപ്പി കണ്ടെത്തുകയായിരുന്നു അടുത്ത ശ്രമം. ഭാമ അത് വളരെ കുറച്ച് കോപ്പികൾ സ്വകാര്യ വിതരണമായി മാത്രമാണ് അച്ചടിച്ചതെന്ന് തോന്നുന്നു. ഒരു വർഷം പിടിച്ചു ആ പുസ്​തകത്തിെൻറ കോപ്പി കിട്ടാൻ. പിന്നെ പറ്റിയ വിവർത്തകരെ കണ്ടുപിടിക്കലായി ദൗത്യം. ദലിത് ജീവിതവും ഗ്രാമവുമായി ബന്ധപ്പെട്ട വിവർത്തകരെ കണ്ടെത്തുക പാടായിരുന്നു. ഒരു തമിഴ് വിവർത്തകയെ കണ്ടെത്തിയെങ്കിലും വായിച്ച് കഴിഞ്ഞ ശേഷം അവർ പറഞ്ഞു, അതിൽ സാഹിത്യമില്ല. വിവർത്തനം ചെയ്യാൻ പറ്റില്ല എന്ന്. വിവർത്തനം വൈകി.
പിന്നീട് 1998ലാണ് ഭാമ തന്നെ എന്നോട് ലക്ഷ്മി ഹോംസ്​േട്രാമിനെക്കൊണ്ട് വിവർത്തനം ചെയ്യിച്ചുകൂടേ എന്ന് ചോദിക്കുന്നത്. ലക്ഷ്മി അസാമാന്യ വിവർത്തകയാണ്. പക്ഷേ, അവർക്കിത് ചെയ്യാൻ പറ്റുമോ, താൽപര്യമുണ്ടാകുമോ എന്ന സംശയം ഉണ്ടായിരുന്നു. ലക്ഷ്മി അതേറ്റെടുത്തു. വളരെയേറെ ശ്രമം ലക്ഷ്മി വിവർത്തനത്തിനായി ചെലവിട്ടു.
ഒന്നരവർഷമെടുത്തു വിവർത്തനം പൂർത്തിയാക്കാൻ. പിന്നീട് അതിെൻറ എഡിറ്റിങ്​ സമയത്ത് ഞാനും ഭാമയും കുറെ സമയം ഒരുമിച്ചു പ്രവർത്തിച്ചു. പല വാക്കുകളു​െടയും കൃത്യമായ വിവർത്തനം കണ്ടെത്താനും മറ്റും. ആ പുസ്​തകം ശ്രദ്ധിക്കപ്പെട്ടു. ദലിത് സാഹിത്യങ്ങൾ കൈകാര്യംചെയ്യാം എന്ന ധൈര്യം പല പ്രസാധകർക്കും വന്നു.



വിവർത്തനവും വിവർത്തകരും പ്രശ്നങ്ങളും

എന്താണ് വിവർത്തനം? താങ്കൾ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ എന്താണ്?

വിവർത്തനമെന്നത് ഒരു കൃതിയുടെ കേവലമായ പദ–വാക്യ മൊഴിമാറ്റമല്ല. ഭാഷ എവിടന്നാണ് വരുന്നത്? അതൊരു നാട്ടിൽ (ലാൻഡിൽ) നിന്നാണ്. അപ്പോൾ നിങ്ങൾ മൊഴിമാറ്റുന്നത് ആ ഭൂമിശാസ്​ത്രത്തെ, ആ സംസ്​കാരത്തെ, അവിടത്തെ ആചാരങ്ങളെ, നരവംശശാസ്​ത്രത്തെ, സോഷ്യോളജിയെ എല്ലാമാണ്. ഭാഷ നമ്മുടെ ലോകത്തെ കേവലമായി പ്രതിഫലിപ്പിക്കുന്ന ഒന്നല്ല. ശരിക്കും ലോകത്തെ സൃഷ്​ടിക്കുന്നത് ഭാഷയാണ്. വിവർത്തനം സംസ്​കാരങ്ങളെ ഒന്നിപ്പിക്കലാണ്. അതിനാൽ ഞാൻ വിവർത്തനത്തെ കാണുന്നത് സാംസ്​കാരിക പ്രവൃത്തി എന്നതിന് ഒക്കെ ഉപരിയായ രാഷ്​​ട്രീയ പ്രവൃത്തിയായാണ്.

വിവർത്തകർ ഒരു ‘രണ്ടാംതരം’ എഴുത്തുകാരായി പരിഗണിക്കപ്പെടുന്നുണ്ട്. എഡിത്ത് േഗ്രാസ്​മാനെ പോലുള്ള വിവർത്തകരുടെ പേര് പുസ്​തകത്തിെൻറ കവറിൽ എഴുത്തുകാരനൊപ്പം നൽകുന്ന രീതികളുണ്ട്. ഇവിടെ അത് പാലിക്കപ്പെടുന്നില്ല?

വിവർത്തകർ ഒരിക്കലും രണ്ടാംതരം എഴുത്തുകാരല്ല. അവർ യഥാർഥ (ഒറിജിനൽ) എഴുത്തുകാരനൊപ്പം തന്നെ വരുന്ന എഴുത്തുകാരാണ്. യഥാർഥ രചയിതാവിനൊപ്പം തന്നെ സർഗാത്മക ശേഷിയും ഭാഷാപ്രാവീണ്യവുമുള്ളയാളാണ്. വിവർത്തകരെ യഥാർഥ രചയിതാവിനൊപ്പംതന്നെ ആദരിക്കണം. പല പ്രസാധകരും വിവർത്തകരെ പരിഗണിക്കുകപോലും ചെയ്യാറില്ല. അവർ കരുതുന്നത് വിവർത്തനം എന്നത് ഒരു സെക്കൻഡ് റേറ്റ് എഴുത്തായാണ്. മാക്മില്ലൻ വിവർത്തന പുസ്​തകമിറക്കുമ്പോൾ ഞാൻ വിവർത്തക​െൻറ പേര് കവറിൽ തന്നെ നൽകിയിരുന്നു. അത് വലിയ എതിർപ്പുണ്ടാക്കിയെങ്കിലും കൂട്ടാക്കാൻ പോയില്ല. 10 വർഷം മുമ്പ് എഴുത്തുകാര​െൻറ ചിത്രം ഞങ്ങൾ പുസ്​തകത്തിൽ കൊടുത്തപ്പോഴും ഇതേ പ്രശ്നങ്ങളുണ്ടായി. അടുത്തകാലത്തായി ഞങ്ങൾ വിവർത്തകരുടെ ചിത്രവും പുസ്​തകത്തിെൻറ കവറിൽ കൊടുക്കാൻ തുടങ്ങി. ഓരോ ഘട്ടത്തിലും ഇതിന് വേണ്ടി ശ്രമങ്ങളും പോരാട്ടങ്ങളും നടത്തേണ്ടിവന്നു. പല പ്രസാധകരും മൂന്ന്, നാല് ശതമാനമാണ് വിവർത്തകർക്ക്
റോയൽറ്റി നൽകിയിരുന്നത്. ഞങ്ങൾ അത് അമ്പത് ശതമാനം വീതമാക്കി. എഴുത്തുകാരനൊപ്പം വിവർത്തകരെയും തുല്യമായി പരിഗണിക്കുന്നതിെൻറ ഭാഗമായാണ്. പല പ്രസാധകരും വിവർത്തകരുടെ പേരുപോലും കവറിൽ നൽകാറില്ല. അതിന് അവർ പറയുന്ന ന്യായങ്ങളിൽ ഒന്ന് പുസ്​തകം യഥാർഥ കൃതിയായി തോന്നിക്കില്ല, ആളുകൾ വാങ്ങില്ല എന്നതാണ്. അതൊരു ന്യായീകരണംപോലുമല്ല.

ഒരു കൃതി മൊഴിമാറ്റാൻ നൽകുമ്പോൾ താങ്കൾ വിവർത്തകർക്ക് എന്ത് നിർദേശമാണ് നൽകുക?

ഞാൻ പറയുക ആദ്യം നല്ല ക്ഷമ പുലർത്താനാണ്. പുസ്​തകം നന്നായി വായിക്കുക. എഴുത്തുകാര​െൻറ രചനാരീതികൾ അറിയുക. അത് എഴുതപ്പെട്ട സാംസ്​കാരികവും ഭൂമിശാസ്​ത്രപരവുമായ സവിശേഷതകൾ നന്നായി മനസ്സിലാക്കുക. നല്ല ആത്മവിശ്വാസം പുലർത്തുക. പിന്നീട് പറ്റുമെങ്കിൽ എഴുത്തുകാരനോടൊപ്പം തന്നെ സമയം ചെലവിടാൻ പറയും. ക്ഷമവേണമെന്ന് പറയാൻ കാരണമുണ്ട്. ഗീതാകൃഷ്ണൻകുട്ടി ‘കാലം’ എന്ന കൃതി വിവർത്തനം തുടങ്ങിയത് 1980ലാണ്. പക്ഷേ, അത് പുറത്തിറങ്ങുന്നത് 1996ലാണ്. എം.ടി. വാസുദേവൻ നായരുടെ പുസ്​തകമാണ് അത്. അ
പ്പോൾ വിവർത്തനത്തിെൻറ സ്വഭാവം മനസ്സിലാവും. വിവർത്തകരോട് മൊഴിമാറ്റി പെ​െട്ടന്ന് തരാൻ ഞാൻ പറയാറില്ല. സമയമെടുത്ത് ചെയ്യാനാണ് നിർദേശിക്കുക. ഒരു ദിവസം കൊടുത്ത് അടുത്ത ദിവസം പൂർത്തിയാക്കാനാവുന്ന ഒന്നല്ല വിവർത്തനം. സാംസ്​കാരിക വിനിമയംകൂടിയായതിനാൽ വളരെയേറെ ശ്രമവും സമയവും വിവർത്തനത്തിന് ആവശ്യമുണ്ട്. വിവർത്തകർക്ക് ചില അവകാശങ്ങളുണ്ട്. ഇൻറർനാഷനൽ പെൻ ഓർഗ​നൈസേഷൻ വിവർത്തകരുടെ അവകാശങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അവർ മതിയായ സമയം നൽകണം, കൃത്യമായി പണം നൽകണം, മതിയായ ആദരവ് നൽകണം എന്നിങ്ങനെ. അത് ഞാൻ പാലിക്കുന്നു. മലയാളത്തിൽ അത് നടക്കുന്നുണ്ടോ എന്ന് എനിക്ക് സംശയമാണ്. പൊതുവിൽ മലയാളത്തിലെ വിവർത്തനം കൃത്യവും കാര്യക്ഷമവുമാണോ എന്നും ഉറപ്പില്ല. തിരക്കുപിടിച്ച് ഇറക്കുന്ന ഒന്നായിട്ടാണ് മലയാള വിവർത്തനങ്ങൾ പലതും തോന്നിയിട്ടുള്ളത്.

വിവർത്തനവുമായി ബന്ധപ്പെട്ട് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടോ?

എഴുത്തുകാരുടെ ഭാഗത്തുനിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല. അവർ എഡിറ്റർ എന്ന നിലയിൽ എന്നെ വിശ്വസിക്കുന്നു. എന്നാൽ, വിവർത്തകർക്കും എഴുത്തുകാർക്കുമിടയിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടാവാറുണ്ട്. ഉദാഹരണത്തിന് അംബൈയുടെ ‘ഇൻ എ ഫോറസ്​റ്റ്, എ ഡീർ’ എന്ന വിവർത്തനം ഞങ്ങൾ പുറത്തിറക്കി. ലക്ഷ്മി ഹോംസ്​േട്രാമാണ് അത് മനോഹരമായി വിവർത്തനം ചെയ്തത്. ഞങ്ങൾ ഒ.യു.പിയിൽ ഒരു സമർപ്പണ പേജ് തുടങ്ങിയിരുന്നു. ലക്ഷ്മി പുസ്​തകം സമർപ്പിച്ചത് ത​െൻറ കുടുംബാംഗങ്ങൾക്കാണ്. അത് അംബൈക്ക് ഒട്ടും പിടിച്ചില്ല. എങ്ങനെ ലക്ഷ്മിക്ക് എെൻറ പുസ്​തകം മറ്റൊരാൾക്ക് സമർപ്പിക്കാനാവുമെന്ന് അംബൈ എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു ഒറിജിനൽ താങ്കളുടെ പുസ്​തകമാണ്. വിവർത്തനം ലക്ഷ്മിയുടെ പുസ്​തകമാണ്. ഇത് രണ്ടും ഒറ്റ പുസ്​തകമല്ല. അതുകൊണ്ടുതന്നെ ലക്ഷ്മിക്ക് അവരുടെ പുസ്​തകം അവർക്ക് ഇഷ്​ടപ്പെട്ടവർക്ക് സമർപ്പിക്കാം. അത്തരത്തിൽ ചില തെറ്റിദ്ധാരണകളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.

ആഗോളതലത്തിലെ എഴുത്തിനോട് കിടപിടിക്കുന്ന മലയാളത്തിലെ പല പ്രധാന കൃതികളും (ആനന്ദിെൻറയും ഒ.വി. വിജയ​െൻറയും കൃതികൾ) ഇംഗ്ലീഷിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെടാതെ പോയത് എന്തുകൊണ്ടാണ്?

ഒരു ഇംഗ്ലീഷ് എഴുത്തുകാരന് താൻ എഴുതിയ പുസ്​തകം മലയാളത്തിലാക്കിയിട്ട്, മലയാളത്തിലെ എഴുത്തുകാരോട് ഒരിക്കലും മത്സരിക്കാൻ പറ്റില്ല. അതൊരിക്കലും നടക്കില്ല. ഐറിസ്​ മർഡോക്ക് എന്ന് ബ്രിട്ടീഷ് എഴുത്തുകാരിയുണ്ട്. അസാമാന്യ എഴുത്തുകാരിയാണ് അവർ. അവരുടെ കൃതികൾ പല മലയാള കൃതികളെക്കാളും മികച്ചതാണ്. തർക്കമില്ല. പക്ഷേ, അത് മലയാളത്തിലാക്കി മലയാളത്തിലെ എഴുത്തുകാരുമായി മത്സരിക്കാൻ ശ്രമിച്ചാൽ വിജയിക്കില്ല. ഐറിസ്​ മർഡോക്കിെൻറ പുസ്​തകം മലയാളത്തിൽ വായിക്കാൻ ഇഷ്​ടപ്പെടുന്ന ഒരു വിഭാഗത്തെ വിവർത്തനം തൃപ്തിപ്പെടുത്തിയേക്കാം. അതേ കാര്യംതന്നെയാണ് മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുന്ന കൃതികൾക്കും സംഭവിക്കുക. അതിന് ഒരു കാരണം മറുനാട്ടിലെ വായനക്കാർക്ക് നമ്മുടെ സംസ്​കാരത്തിെൻറ ആഴം ഉൾക്കൊള്ളാൻ പറ്റില്ല എന്നതാണ്. ഒരു ഉദാഹരണം പറയാം. ഞാൻ, ഉർവശി ബുട്ടാലിയ, സച്ചിദാനന്ദൻ, സുപ്രിയ ചൗധരി തുടങ്ങിയവർ ചേർന്ന് ആറ് ഭാഷകളിലേക്ക് മൊഴിമാറ്റേണ്ട പുസ്​തകങ്ങളുടെ പട്ടികയുണ്ടാക്കി. പുറത്തുള്ളവർക്ക് നമ്മുടെ സംസ്​കാരം പരിചിതമാക്കുകയും അവരെ ഇങ്ങോട്ട് ബിസിനസുമായി വരുത്തുകയുമായിരുന്നു ലക്ഷ്യം. ഞങ്ങൾ, മറ്റുള്ളവർക്ക് പ്രധാനമുണ്ടെന്ന് കരുതിയ പുസ്​തകങ്ങളുടെ പട്ടികയാണ് ഉണ്ടാക്കിയത്. അങ്ങനെ ആ പട്ടികയുമായി ഉർവശിയും മറ്റും ഫ്രാങ്ക്​ഫർട്ടിൽ പോയി. പുസ്​തകങ്ങൾ ഒന്നും സ്വീകരിക്കപ്പെട്ടില്ല. ഉർവശി തിരിച്ച് വന്നപ്പോൾ ഒരു ജപ്പാൻ പ്രസാധകൻ അഞ്ചിൽ കൂടുതൽ കഥാപാത്രങ്ങളുള്ള പുസ്​തകം വേണ്ടെന്ന് പറഞ്ഞതായി അറിയിച്ചു. ഉർവശി പറഞ്ഞത്, ജപ്പാൻകാരുടെ ജീവിതത്തിൽ ചിലപ്പോൾ അഞ്ചിൽ കൂടുതൽ പേരുണ്ടായിരിക്കില്ല അതുകൊണ്ടാവും എന്നാണ്. അതായത് ജപ്പാനിലുള്ളവർക്ക് ഇന്ത്യയിലെ കുടുംബങ്ങളുടെ ബാഹുല്യംപോലും മനസ്സിലാവുന്നില്ല എന്നതാണ് അതിന് അർഥം. പുറത്തുള്ളവർക്ക് ഇന്ത്യയിലെപോലെ വ്യത്യസ്​തമായ സംസ്​കാരത്തെപ്പറ്റി പിടികിട്ടിയില്ല. അതിനാൽ തന്നെ ഞാൻ കരുതുന്നത്, വിവർത്തനം ചെയ്യപ്പെട്ട കൃതികൾ പുറത്തിറങ്ങുന്നത് നമുക്ക് വേണ്ടിതന്നെയാണെന്നാണ്. നമ്മളാണ് അതിെൻറ പ്രധാന വായനക്കാർ. നമ്മൾതന്നെയാണ് അതിെൻറ പ്രാഥമിക വിപണി.

എന്താണ് വിവർത്തന കൃതികളോടുള്ള പ്രസാധകരുടെ പൊതു പ്രവണതകൾ?

വിവർത്തന കൃതികളുടെ പ്രാധാന്യം പല പ്രസാധകരും തിരച്ചറിഞ്ഞിട്ടില്ല. ഓക്സ്​​ഫഡ് ഒഴിച്ച് മറ്റൊരു പ്രസാധനും  ഇത്രയും വിപുലമായ ഭാഷകളിൽനിന്ന് പുസ്​തക വിവർത്തനങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല. എല്ലാവരും ബംഗാളി, തമിഴ്, മറാത്തി, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ കൃതികൾക്കാണ് മുൻഗണന നൽകുക. അവരുടെ പരിഗണനയിൽ പഞ്ചാബിയില്ല, ഉർദുവില്ല. കൊങ്കിണിയില്ല. രണ്ടാമത്തേത് അവർക്ക് ഏതെങ്കിലും ഭാഷയിൽ ഹിറ്റായ ഒരു രചയിതാവിെൻറ കൃതികൾ മാത്രം മതി. മലയാളത്തിലെ ഒരു എഴുത്തുകാരൻ അല്ലെങ്കിൽ എഴുത്തുകാരി ഹിറ്റായാൽ അയാളുടെ കൃതികളുടെ വിവർത്തനംതന്നെയാണ് അവർ ഇറക്കുക. പല പ്രസാധകർക്കും ഇംഗ്ലീഷല്ലാതെ മറ്റൊരു ഭാഷയും അറിയില്ല. അതിനാൽ എന്താണ് മറ്റ് ഭാഷകളിൽ നടക്കുന്നത് എന്ന് അറിയില്ല. പുതിയ എഴുത്തുകാരുടെ കൃതികൾ അവർക്ക് ഇംഗ്ലീഷിലേക്ക് വേണ്ട. പുതിയ പേരുകൾ കേൾക്കുമ്പോൾ അവർ ആരാണ്, എന്താണ് അവരുടെ മുൻകാല രചനാ ചരിത്രം, അവരെപ്പറ്റി വന്ന റിവ്യൂകൾ കാണിക്കൂ എന്നൊക്കെയാകും പറയുക. അതോടെ സാധ്യതകൾ അടയും. ഓക്സ്​ഫഡിലെ കാര്യമല്ല ഞാൻ പറയുന്നത്. പ്രസാധകർ വിവർത്തകരെ തിരഞ്ഞെടുക്കുന്നതിലും പ്രശ്നങ്ങളുണ്ട്. വിജയിച്ച വിവർത്തകരെ മാത്രമേ അവർക്കു വേണ്ടൂ. അടുത്ത കൃതിയും അവർക്ക് തന്നെ വിവർത്തനം നൽകാനായി പ്രസാധകർ പറഞ്ഞുകൊണ്ടിരിക്കും. ഇതിൽ വ്യത്യസ്​തമായ ഒരു അനുഭവം ഓക്സ്​ഫഡിന് പറയാനുണ്ട്. 2012ൽ സജായ് ജോസ്​ എന്ന വിവർത്തകൻ എനിക്കൊരു ഇമെയിൽ അയച്ചു. ജോണി മിറാൻഡയുടെ ‘ജീവിച്ചിരിക്കുന്നവർക്കുള്ള ഒപ്പീസ്​’ എന്ന കൃതി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുന്നത് പ്രസിദ്ധീകരിക്കാൻ താൽപര്യമുണ്ടാകുമോ എന്നതാണ് ചോദ്യം. അക്കാലത്ത് ജോണി മിറാൻഡ മലയാളത്തിൽപോലും അറിയപ്പെടുന്നില്ല. സജായിയും അറിയപ്പെടാത്ത വിവർത്തകൻ. ഞങ്ങൾ അത് ചെയ്തു. വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. വിവർത്തന പുസ്​തകങ്ങളുടെ കാര്യത്തിൽ എെൻറ തത്ത്വശാസ്​ത്രം പുതിയ വിവർത്തകരെ കൊണ്ടുവരുക എന്നതാണ്. സാറാജോസഫിെൻറ ‘ഒതപ്പ്’ മൊഴിമാറ്റുമ്പോൾ ഞാൻ പുതിയ വിവർത്തകനെയാണ് ചിന്തിച്ചത്. വിവർത്തകൻ ഒരു പുരോഹിതനായാൽ നല്ലത് എന്ന് തോന്നി. വത്സൻ തമ്പുവിനെയാണ് ആ കൃതി ഏൽപിച്ചത്. അദ്ദേഹം എെൻറ സുഹൃത്ത് കൂടിയാണ്. അദ്ദേഹം മൊഴിമാറ്റിയപ്പോൾ അതി സുന്ദരമായ ഒന്നായി മാറി. പുതിയ ചെറുപ്പക്കാർക്ക് പുതിയ ഭാഷയുണ്ടാകും, പുതിയ വാക്കുകളുണ്ടാകും. അവരുടേതായ ഉൗർജം വിവർത്തനത്തിലേക്ക് പടരുകയും ചെയ്യും. അതിനാണ് ഞാൻ പ്രാധാന്യം നൽകുന്നത്.

മലയാളത്തിലെ നോവലുകളും കഥകളും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റപ്പെടുന്നുണ്ട്. എന്തുകൊണ്ട് ജീവചരിത്രം, ആത്മകഥ, യാത്രാവിവരണം എന്നിവ ഇംഗ്ലീഷിലേക്ക് അധികം മൊഴിമാറ്റപ്പെടുന്നില്ല?

ഓക്സ്​ഫഡിന് അത്തരം പരിമിതികളില്ല. വിവിധ ഭാഷകളിലെ എല്ലാത്തരം സാഹിത്യ വിഭാഗങ്ങളിൽനിന്നും പുസ്​തകങ്ങൾ മൊഴിമാറ്റുകയാണ് ഞങ്ങളുടെ താൽപര്യം. ദേവകി നിലയങ്ങോടിെൻറ ‘അന്തർജനം’ ഉൾ​െപ്പടെയുള്ള കൃതികൾ ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, പ്രധാന പ്രശ്നം മതിയായ വിവർത്തകരെ ലഭിക്കാത്തതാണ്. മലയാളത്തിൽനിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുന്ന 40 വിവർത്തകരാണ് ഇപ്പോഴുള്ളത്. ഗീതാകൃഷ്ണൻകുട്ടി, ജെ. ദേവിക, എം.ടി. അൻസാരി, േപ്രമ ജയകുമാർ, വത്സൻ തമ്പു, പി.ജെ. മാത്യു, മീന ടി. പിള്ള തുടങ്ങിയ 40 പേർ. ഈ പട്ടിക ഒരർഥത്തിൽ ചെറുതാണ്. ഉദാഹരണത്തിന് യു.എ. ഖാദറിെൻറ ‘തൃക്കോട്ടൂർ കഥകൾ’ ഇംഗ്ലീഷിലേക്കാക്കാൻ ഞാൻ ശ്രമം നടത്താൻ തുടങ്ങിയിട്ട് കുറെക്കാലമായി. പക്ഷേ, തൃക്കോട്ടൂരിെൻറ ഭാഷയും സംസ്​കാരവും അറിയുന്ന, ആ ഭാഷയുടെ സങ്കീർണതകൾ ഉൾക്കൊള്ളുന്ന ഒരു വിവർത്തകനെ/യെ കിട്ടാനില്ല. അതൊരു പരിമിതിയാണ്.

വിവർത്തനത്തിൽ പല പ്രശ്നങ്ങളില്ലേ? ചില വാക്കുകൾ, പ്രയോഗങ്ങൾ, കാലം എന്നിവയെ മൊഴിമാറ്റുക പലപ്പോഴും അസാധ്യമായ കാര്യമാകില്ലേ?

ഉണ്ട്. വിവർത്തനത്തിൽ കാലം എന്നൊന്നുണ്ട്. അത് വിവർത്തകർക്ക് പിടികിട്ടിയില്ലെങ്കിൽ എന്തുചെയ്യും. ഉദാഹരണത്തിന് മാടമ്പ് കുഞ്ഞിക്കുട്ട​െൻറ ‘ഭ്രഷ്​ട്’ എന്ന നോവൽ. അത് രചിക്കപ്പെട്ട കാലം പ്രസക്തമാണ്. അത് മനസ്സിലാക്കാത്തപ്പോൾ, യുവാക്കളും കേരള ജനതയും കടന്നുപോയ ഒരു കാലം അറിയില്ലെങ്കിൽ നമ്മൾ പരാജയപ്പെടും. രമണി തമ്പുരാൻ എന്ന പ്രയോഗം നോക്കുക. ശരിക്കും വേണ്ടത് തമ്പുരാട്ടി എന്നാണ്. എന്നാൽ, ഭർത്താവിനെപോലും ചൊൽപ്പടിക്ക് നിർത്തുന്ന അവരെ പരിഹാസ്യമായി ‘തമ്പുരാൻ’ എന്നാണ്​ വിളിക്കുന്നത്. ഇത് പക്ഷേ, മലയാളത്തിൽ നല്ല പിടിപാടില്ലെങ്കിൽ മൊഴിമാറ്റുക സാധ്യമല്ല. സാറാജോസഫിെൻറ പുസ്​തകത്തിൽ ‘മുങ്ങിക്കുളിക്കുക’ എന്ന വാക്കുണ്ട്. സീതയും വിഭീഷണനും തമ്മിലുള്ള രംഗമാണെന്ന് തോന്നുന്നു. മുങ്ങിക്കുളിച്ച് തല തോർത്താതെ പോയി കാണണമെന്നുണ്ട്. ‘മുങ്ങിക്കുളിക്കുക’ ഒരു സാംസ്​കാരിക പദമാണ്. അത് ഇംഗ്ലീഷിലേക്ക് ആക്കുന്നതാണ് വെല്ലുവിളി.

താങ്കളുടെ എഡിറ്റിങ് പ്രവർത്തനത്തെപ്പറ്റി പറയാമോ?

ഞാൻ ഇതുവരെ 16 ഭാഷകളിൽനിന്ന് 120 പുസ്​തകങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് എഡിറ്റ് ചെയ്തു. സാധാരണ രണ്ടുതരത്തിലാണ് എഡിറ്റിങ്. ഒന്ന് ചിലർ നിങ്ങൾക്ക് ഒരു വിവർത്തന രചന അയച്ചുതരുന്നു. നിങ്ങൾ അത് എഡിറ്റ് ചെയ്താൽ മാത്രം മതി. അച്ചടിച്ചശേഷമുള്ള പ്രമോഷൻ വർക്കുകൾ ചെയ്യേണ്ടതില്ല. എഴുത്തുകാരനുമായി ബന്ധപ്പെടേണ്ടതില്ല. വിവർത്തകനെ കാണേണ്ട കാര്യംപോലുമില്ല. ഞാൻ ചെയ്യുന്ന ജോലി മറ്റൊരു തരത്തിലാണ്. ഞാൻ പുസ്​തകം കണ്ടെത്തുന്നു. ഒരു വിവർത്തകനെ/യെ തിരഞ്ഞെടുക്കുന്നു. ഇതാണ് ഏറ്റവും കടുപ്പമുള്ള ഭാഗം. ശരിയായ വിവർത്തകരെ കിട്ടുകയാണ് പ്രധാനം. വിവർത്തനം യഥാർഥ കൃതിയുമായി എല്ലാതരത്തിലും ഭാഷയിൽ, താളത്തിൽ, സാംസ്​കാരികമായി എല്ലാം ഒത്തുപോകുന്നുണ്ടോയെന്ന് പരിശോധിക്കുന്നു. വിവർത്തകരുമായി തീർത്തും ഒത്തുചേർന്നുവേണം എഡിറ്റിങ്ങും. ഞാൻ ചെറുകഥകൾ വളരെയേറെ എഡിറ്റ് ചെയ്തിട്ടുണ്ട്. ദലിത് അന്തോളജി 78 തമിഴ് എഴുത്തുകാർ, 56 മലയാളം എഴുത്തുകാർ, 79 തെലുഗു എഴുത്തുകാർ ചേർന്ന
താണ്​. കൂടുതൽ വിവർത്തന ജോലികളിൽ ഏർപ്പെടു​േമ്പാൾ കൂടുതൽ സംശയം എന്നിലുണ്ടാവുന്നു. യഥാർഥ ആശയവിനിമയം നടക്കുന്നുണ്ടോ, യഥാർഥ സാംസ്​കാരിക മൊഴിമാറ്റമാണോ നടന്നിരിക്കുന്നത് എന്നിങ്ങനെ. ലളിതാംബിക അന്തർജനത്തിെൻറ ‘അഗ്​നിസാക്ഷി’, എം.ടിയുടെ ‘നാലുകെട്ട്’, നാരായ​െൻറ ‘കൊച്ചരേത്തി’, സാറാ ജോസഫിെൻറ ‘ഒതപ്പ്’, വി.ടി. ഭട്ടതിരിപ്പാടിെൻറ ‘കണ്ണീരും കിനാവും’ തുടങ്ങി പല പ്രധാന പുസ്​തകങ്ങളും ഇംഗ്ലീഷിലേക്ക് കൊണ്ടുവരാനായി. ‘കൊച്ചരേത്തി’യുടെ വിവർത്തനത്തിന് കാതറിൻ തങ്കമ്മക്ക് േക്രാസ്​വേഡ് അവാർഡ് ലഭിച്ചു.

എങ്ങനെയാണ് എഡിറ്റ് ചെയ്യുന്നത്–കമ്പ്യൂട്ടറിൽ?

ഞാൻ കടലാസിലാണ് എഡിറ്റ് ചെയ്യുന്നത്. ഞാനിപ്പോഴും ഓൾഡ്ടെക്കാണ്. 67 വയസ്സുണ്ട്. പേനയിലൂടെയാണ് എെൻറ ചിന്ത ഒഴുകുന്നത്. അതെനിക്ക് സ്​ക്രീനിലോട്ട് പ്രവഹിപ്പിക്കാൻ ശരിക്കും ആകുന്നില്ല. എന്നാൽ, ചെറിയ രചനകൾ, കോളം എന്നിവ കമ്പ്യൂട്ടറിൽ ചെയ്യും.

വിവർത്തനം ചെയ്തു കിട്ടിയ പുസ്​തകം എന്തെങ്കിലും കാരണത്താൽ ഒഴിവാക്കിയിട്ടുണ്ടോ?

ഉണ്ട്. സാധാരണ വിവർത്തനം ഒരാളെ ഏൽപിക്കുമ്പോൾ നമ്മൾ ഒന്ന് രണ്ട് അധ്യായങ്ങൾ തരാൻ പറയും. അത് വായിച്ച് നോക്കി, റിവ്യൂവേഴ്സിനെ ഏൽപിച്ച് അവരുടെ അഭിപ്രായം കൂടി കേട്ടശേഷമാണ് ബാക്കി കൂടി ചെയ്യിക്കുക. അതിനാൽ പൂർണമായി ചെയ്ത വിവർത്തനം അപൂർവമായേ ഒഴിവാക്കിയിട്ടുള്ളൂ. അതിൽ ഒന്ന് ഒരു പഞ്ചാബി വർക്കാണ്. ഗുർദയാൽ സിങ്ങിെൻറ കൃതി ഒരാൾ വിവർത്തനം ചെയ്തു നൽകി. സാധാരണ എഡിറ്റ് ചെയ്യുമ്പോൾ എനിക്ക് ദൃശ്യങ്ങൾ കാണാം. ഈ പുസ്​തകം എഡിറ്റ് ചെയ്യുമ്പോൾ എനിക്ക് പിക്​ചർ കിട്ടുന്നില്ല. അപ്പോൾ തോന്നി എന്തോ പ്രശ്നമുണ്ട്് എന്ന്. മദൻ എന്ന സൂഫി കവിയുണ്ട്. ഞങ്ങൾ ഡൽഹിയിൽ സഹപാഠികളാണ്. ഞാൻ അദ്ദേഹത്തോട് അഭിപ്രായം ചോദിച്ചു. മദൻ വായിച്ചിട്ട്​ പറഞ്ഞു ഒരു കാരണവശാലും പ്രസിദ്ധീകരിക്കരുത്, മോശം വിവർത്തനമാണ് എന്ന്. ഞാൻ വിവർത്തകനോട് പറഞ്ഞു, ഇത് നന്നാവുമെന്ന് തോന്നുന്നില്ല. അതുപോലെ രക്ഷപ്പെടുത്താൻ കഴിഞ്ഞ ഒരു പുസ്​തകം അനന്തമൂർത്തിയുടെ ഒരു നോവലാണ്. 1995ലോ മറ്റോ എഴുതിയ ചെറിയ പുസ്​തകമാണ് അത്. അനന്തമൂർത്തിയും ഞാനും തമ്മിൽ നല്ല അടുപ്പമുണ്ടായിരുന്നു. മാക്മില്ലനിലായിരിക്കുമ്പോൾ മുതലുള്ള അടുപ്പമാണ് അദ്ദേഹവുമായി. എം.ജി സർവകലാശാല വി.സി ആയിരിക്കുമ്പോഴാണ് അദ്ദേഹത്തിെൻറ കൃതി ഞങ്ങൾ ഇറക്കുന്നത്. വിവർത്തനം ചെയ്ത് കിട്ടിയത് രണ്ട റിവ്യൂവേഴ്സിനെ ഏൽപിച്ചു. അവർ പറഞ്ഞു, കൊള്ളില്ലെന്ന്. പക്ഷേ, ഒഴിവാക്കൻ പറ്റില്ല. കന്നട അറിയുന്നവരുമായി ഒന്നിച്ചിരുന്ന് മാറ്റി എഴുതി. ഇതൊക്കെ ഇടയ്​ക്ക്​​ വേണ്ടിവരും.

പ്രസാധക രംഗത്ത് വി.കെ. കാർത്തികയെപോലുള്ള മലയാളി എഡിറ്റർമാരുണ്ട്. അവരെ എങ്ങനെ കാണുന്നു?

കാർത്തിക വളരെയേ​െറ പ്രതിഭാശാലിയായ, പ്രാഗല്​ഭ്യമുള്ള എഡിറ്ററാണ്. വളരെ കഠിനാധ്വാനിയായ വ്യക്തിയാണ്. വളരെയേറെ നല്ല പുസ്​തകങ്ങൾ അവർ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ, അവരുടെ ഫോക്കസ്​ ഒരിക്കലും വിവർത്തനമായിരുന്നില്ല. ഹാർപ്പറിലുള്ളപ്പോൾ കാർത്തികക്ക്​ കുറെ കൃതികൾ വിവർത്തനശാഖയിൽ പ്രസിദ്ധീകരിക്കാനാവുമായിരുന്നു. അവർക്ക് മലയാളം നന്നായി അറിയാം.

പുതിയ മലയാളം പദ്ധതികൾ?

ബി.എം. സുഹറയുടെ ആത്മകഥാ സ്​കെച്ചുകൾ ഞാൻ എഡിറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. ഇപ്പോൾ മലയാളം പുസ്​തകമല്ല കന്നട, തമിഴ് തുടങ്ങിയ ഭാഷകളിലെ കൃതികളാണ് എഡിറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്.

സ്വന്തം രചന?

ഇല്ല. ഞാൻ ഇതുവരെ ശ്രമിച്ചിട്ടില്ല. ഒരു പുസ്​തകം എഴുതി തീർക്കണമെങ്കിൽ വളരെയേറെ ഉൗർജവും കരുത്തും ആത്മവിശ്വാസവും വേണം. അത് ഉള്ളതായി തോന്നിയിട്ടില്ല. അതിനാൽ ഞാൻ വല്ലപ്പോഴും ലേഖനങ്ങൾ എഴുതുന്നു. ട്രാൻസ്​ലേഷൻ, ഈസ്​തെറ്റിക്സ്​ എന്നിവയാണ് ലേഖനങ്ങളുടെ വിഷയം. ഞാൻ കൂടുതൽ ഉൗന്നുന്നത് കുട്ടികളുടെ കാര്യത്തിലാണ്. ‘ലിവിങ് ഇൻ ഹാർമണി’ പുസ്​തകങ്ങളിലൂടെ കുട്ടികളിൽ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പടർത്തുകയും പുതുതലമുറയെ സൃഷ്​ടിക്കുകയുമാണ് ലക്ഷ്യം. പുതിയ തലമുറ വളരുന്നത് ഭാഷ അറിയാത്തവരായാണ്. അവർക്ക് മേൽ ഒന്നിലേറെ ഭാഷകൾ സ്​കൂളിൽ അടിച്ചേൽപിക്കും. ഒടുവിൽ അവർക്ക് മലയാളമോ ഇംഗ്ലീഷോ ഒന്നും അറിയാത്ത അവസ്​ഥ വരും. കുറഞ്ഞപക്ഷം കുട്ടികൾ ഒരു ഭാഷയിലെങ്കിലും പ്രാവീണ്യമുള്ളവരാകണം. ഇപ്പോൾ തുടരുന്ന അവസ്​ഥ ഭാവിയിൽ വലിയ പ്രശ്നങ്ങളുണ്ടാക്കും. അതുകൊണ്ടുതന്നെ എന്തുചെയ്യാൻ പറ്റുമെന്നാണ് അന്വേഷണം.

നമ്മൾ ഇതുവരെ താങ്കളുടെ കേരളത്തിലെ വേരുകളെപ്പറ്റി സംസാരിച്ചില്ല?


ഞാൻ കേരളത്തിൽ ജീവിച്ചിട്ടില്ല. അച്ഛൻ ബംഗളൂരുവിൽ എഡിറ്ററായിരുന്നു. അതുകൊണ്ട് അവിടെയാണ് വളർന്നത്. അച്ഛ​െൻറ വീട് തൃപ്രയാറാണ്. അമ്മയുടെ വീട് പരപ്പനങ്ങാടി. കുളപ്പുറത്തു വീട്ടിൽ യമുനയാണ് അമ്മ. അച്ഛനും അമ്മയും വളരെ മുമ്പേ മരിച്ചു. എെൻറ നാട് പരപ്പനങ്ങാടിയാണെന്ന് പറയാം. അവിടെ ബന്ധുക്കൾ ഒന്നും ഇല്ല. ബന്ധുക്കൾ എല്ലാവരും ഓരോ നാട്ടിലേക്ക് പോയി. എനിക്കൊരു ഇരട്ട സഹോദരനുണ്ട്. ബാങ്കിലായിരുന്നു. വിരമിച്ചു. വർഷത്തിൽ ഒരിക്കൽ പരപ്പനങ്ങാടിയിലെ തറവാട്ടമ്പലത്തിൽ പൂജക്കായി സഹോദരനൊപ്പം വരും. ഭർത്താവ് പി.ടി. കൃഷ്​ണ​െൻറ നാട് കുമരനെല്ലൂരാണ്. എം.ടി. വാസുദേവൻ നായരുടെ നാട്. ഭർത്താവിെൻറ ബന്ധു എം.ടിയുടെ കഥാപാത്രമായി ഒരു നോവലിൽ വരുന്നുണ്ട്. ഭർത്താവിെൻറ ഒരു അമ്മാവൻ കേരളത്തിൽ ചീഫ് ജസ്​റ്റിസായിരുന്ന പി.ടി. രാമൻനായരാണ്. അതാണ് ഞങ്ങളുടെ മലയാളം ബന്ധം. കുടുംബം എന്നത് ഞാൻ ഇടപെടുന്ന എഴുത്തുകാർകൂടി ചേർന്നതാണ്. അതാണ് ശരിക്കും ഇപ്പോൾ കുടുംബം.



മാധ്യമം ആഴ്​ചപ്പതിപ്പ്​,2018 ജൂലൈ 30, ലക്കം: 1066

No comments:

Post a Comment