Wednesday, August 30, 2017

മണ്ണില്‍ തൊടാത്ത ‘മുന്നേറ്റ’ങ്ങള്‍


ഭൂമിയും കാര്‍ഷിക പരിഷ്കരണവും\പഠനം

കേരളം എന്നെങ്കിലും ഭൂപ്രശ്നത്തെ അതിന്‍െറ ശരിയായ അര്‍ത്ഥത്തില്‍ കൈകാര്യം ചെയ്തിട്ടുണ്ടോ? നമ്മളത്തെി നില്‍ക്കുന്ന ‘വികസന’ പ്രതിസന്ധിക്ക് ഭൂമിയുമായി എന്തെങ്കിലും ബന്ധമുണ്ടോ? ജാതിരഹിത, സ്വാശ്രിത കേരളത്തിന്‍െറ സൃഷ്ടിക്ക് ഭൂപ്രശ്നം ഇനിയെങ്കിലും നേരാംവണ്ണം കൈകാര്യം ചെയ്യേണ്ടതുണ്ടോ? -ഭൂമിയുടെ രാഷ്ട്രീയം വിശകലനം ചെയ്യുന്നു


മണ്ണില്‍ തൊടാത്ത ‘മുന്നേറ്റ’ങ്ങള്‍

ആര്‍.കെ.ബിജുരാജ്



1
ഒരു സമൂഹത്തെ വിലയിരുത്താന്‍ ഏറ്റവും നല്ല അളവ്കോല്‍ ആ സമൂഹത്തിലെ ഭൂബന്ധങ്ങളാണ്. ഒരു സമൂഹത്തിന് തങ്ങള്‍ മുന്നേറി, പുരോഗമിച്ചു, വികസിച്ചു എന്നൊക്കെ അവകാശപ്പെടാന്‍ കഴിയണമെങ്കില്‍ അവിടുത്തെ ഭൂബന്ധങ്ങളില്‍ ഗുണപരമായ മാറ്റം ആ ജനത വരുത്തിയിട്ടുണ്ടാവണം. ഭൂരഹിതരായ ആയിരക്കണക്കിന് പേര്‍ നിലകൊള്ളുമ്പോള്‍, ഭൂമി കുറച്ചാളുകളുടെ കൈവശം കേന്ദ്രീകരിച്ചിരിക്കുമ്പോള്‍,  സമൂഹത്തിലെ ഭൂ ഉടമസ്ഥ മൊത്തം പുരുഷന്മാരുടെ കൈവശം തന്നെയായിരിക്കുമ്പോള്‍ ആ  സമൂഹം പുരോഗിച്ചെന്നും ജനാധിപത്യവല്‍ക്കരിക്കപ്പെട്ടുവെന്നും പറയുന്നതില്‍ അര്‍ത്ഥമില്ല. ആ തലത്തില്‍ നോക്കിയാല്‍ കേരളത്തിന്‍െറ വികസന, പുരോഗമന അവകാശവാദങ്ങളെല്ലാം ഭൂമിയില്‍ തട്ടിതെറിക്കുന്നതുകാണാം. കാരണം ലളിതമാണ്. കേരളം ഇന്നുവരെ ഭൂപ്രശ്നം ഒരര്‍ത്ഥത്തിലും ശരിയായ വണ്ണം കൈകാര്യം ചെയ്തിട്ടില്ല.വൈകിയവേളയിലെങ്കിലും കേരളത്തിലെ ഭൂ പ്രശ്നം ഗൗരവമായി തന്നെ പരിഗണിക്കേണ്ടതുണ്ട്. പക്ഷേ, നമ്മള്‍ തുടങ്ങേണ്ടത് വളരെ പിന്നില്‍ നിന്നാണ്. അതിനാദ്യം പരിശോധിക്കേണ്ടത് ചരിത്രമാണ്.
കൊളോണിയല്‍-ജന്മിത്വകാലഘട്ടത്തിലും തുടര്‍ന്നും  കൃഷിയായിരുന്നു കേരളത്തിന്‍െറ മുഖ്യ സാമ്പത്തിക അടിത്തറ (ഇപ്പോള്‍ സംസ്ഥാനത്തിന്‍െറ മുഖ്യ വരുമാനം സേവന മേഖലയില്‍ നിന്നാണ്).  കൊളോണിയല്‍ കാലത്ത് കോളനികളില്‍ നിന്ന് ചുരുങ്ങിയ ചെലവില്‍ അസംസ്കൃത വസ്തുക്കള്‍ ലഭിക്കുന്നതിനായിരുന്നു സാമ്രാജ്യത്വം പ്രഥമ സ്ഥാനം നല്‍കിയത്. വികസനം തടയുക, കൊള്ള ചെയ്യുക എന്ന തന്ത്രത്തെ ആസ്പദമാക്കി ഉല്‍പാദനശക്തികളുടെ സ്വാഭാവിക വികാസത്തെയും ജനങ്ങളുടെ ക്രയശേഷിയെയും തടഞ്ഞ്്  സാമ്രാജ്യത്വം ജന്മി-നാടുവാഴി വര്‍ഗ്ഗങ്ങളുമായി സന്ധിചെയ്തും അതിനെ സംരക്ഷിച്ചും നിലകൊണ്ടു. അതിന്‍െറ ഭാഗമായി കാര്‍ഷിക മേഖലയെ ക്രമാതീതമായ നികുതി പിരിവുകളാലും മറ്റും തകര്‍ത്തു. ഇതിനെതിരെ, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട്, കേരളത്തില്‍ ആദ്യമായി സാമ്രാജ്യത്വവിരുദ്ധ സമരം ഉയരുന്നത് 1700 കളുടെ അന്ത്യപാദത്തില്‍ തുടങ്ങി 1805 വരെ നീണ്ട ഒന്നാം കുറിച്യ കാര്‍ഷിക കലാപത്തിലാണ്. തുടര്‍ന്ന് 1812 ല്‍ രണ്ടാം കുറിച്യ കലാപവും നടന്നു. പക്ഷേ, ആ കലാപങ്ങള്‍ വര്‍ധിച്ച നികുതിപിരിവ്, വിളവിന്‍െറ പങ്കുവയ്ക്കല്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ചെറുത്തുനില്‍പ് പോരാട്ടത്തില്‍ ഒതുങ്ങി. ഈ കാലഘട്ടത്തിന് തൊട്ടുമുമ്പായി കൊളോണിയല്‍ അധികാരികള്‍ വയനാട്ടിലും മലബാറിലെ മറ്റിടങ്ങളിലുമായി തോട്ടങ്ങള്‍ സ്ഥാപിക്കാന്‍ തുടങ്ങിയിരുന്നു. തങ്ങള്‍ക്കാവശ്യമായ മേഖലയില്‍ ജന്മിത്വ ചൂഷണ വ്യവസ്ഥിതിക്ക് പുറത്താണ് തോട്ടങ്ങള്‍ സ്ഥാപിക്കുകയും സ്വതന്ത്രകൂലിവേല കുറച്ചൊക്കെ അവര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തത്.  അങ്ങനെ ചെയ്യുമ്പോള്‍ പോലും ഭക്ഷ്യവിളയെ സാധ്യമാകുന്നത്ര നികുതി പിരിവുകള്‍ ചുമത്തി തകര്‍ക്കാനും കൊളോണിയല്‍ അധികാരികള്‍ ശ്രമിച്ചിരുന്നു.കുറിച്യരുടെ  ഒന്നാം കാര്‍ഷിക കലാപത്തില്‍ അവര്‍ അഞ്ചരക്കണ്ടി തോട്ടതിന്‍െറ ഒരു ഭാഗം നശിപ്പിച്ചതും ചരിത്രം. പക്ഷേ,  ഭൂമി തങ്ങള്‍ക്ക് വിട്ടുകിട്ടേണ്ടതിന്‍െറ അവശ്യതയിലൂന്നിയ ഭൂമിയുടെ അധികാരം എന്ന വിഷയം കുറിച്യ കലാപത്തില്‍ ഉന്നയിക്കപ്പെട്ടില്ല.
പിന്നീട് അയ്യങ്കാളിയുടേതടക്കം നടന്ന അടിസ്ഥാന ജാതി-വര്‍ഗ വിഭാഗങ്ങളുടെ പോരാട്ടങ്ങളില്‍ കാര്‍ഷിക മേഖലയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, കൃഷിഭൂമി  എന്ന ആവശ്യം അയ്യങ്കാളിയുടേതടക്കമുള്ള സമരങ്ങളില്‍ ഉയര്‍ന്നിരുന്നില്ല.  അയ്യങ്കാളിയുടെ കാലത്തും അതിനു മുമ്പും പിമ്പും ഭൂമി അനുവദിച്ചുതരണമെന്ന് ദലിതര്‍ രാജാധികാരത്തോട് ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, ആ ഘട്ടത്തിലും ഭൂപ്രശ്നം ഉന്നയിക്കപ്പെട്ടത് താമസിക്കാനുള്ള ഭൂമി എന്നതലത്തിലാണ്. അതായത് നവോഥാന പോരാട്ട കാലഘട്ടത്തില്‍ ഭൂമി എന്നതിന് അര്‍ത്ഥം കല്‍പിക്കപ്പെട്ടത് താമസിക്കാനുള്ള ഭൂമിയെന്ന പരിമിത തലത്തിലാണെന്നര്‍ത്ഥം. സ്വന്തമായി മണ്ണില്ലാതിരുന്ന ദലിതര്‍ക്ക് അടിയന്തര ആവശ്യമായിരുന്നത് താമസിക്കാനുള്ള കൂരയാണ്. അതിനാല്‍ തന്നെ ആ ആവശ്യം ന്യായമായിരുന്നു.  മാര്‍ക്സിസ്റ്റ് നിര്‍വചന പ്രകാരം  ഉല്‍പാദനോപാധിയെന്നത് ഭൗതിക സമ്പത്തിന്‍െറ ഉല്‍പാദനത്തില്‍ മനുഷ്യര്‍ ഉപയോഗിക്കുന്ന അധ്വാനോപാധികളുടെയും അധ്വാനത്തിന്‍െറ വിഷയസ്തുക്കളും ചേര്‍ന്നതാണ് . കാര്‍ഷിക മേഖലയില്‍ ഭൂമിയാണ് പ്രഥാന ഉല്‍പാദനോപാധി. അതിന്‍െറ  ഉടമസ്ഥരാകുക, അതില്‍ അധികാരം പിടിച്ചു പറ്റുക എന്നതാണ്  ജന്മി-നാടുവാഴിത്ത ഘട്ടത്തിലും, കാര്‍ഷിക അടിത്തറ പ്രബലമായ ഘട്ടത്തിലും പ്രധാന വിമോചന ചുവട്വയ്പ്പ്. കാരണം ദലിതരുടെയും മറ്റ് മര്‍ദിതരുടെയും വിമോചനത്തിന് ഈ ഉല്‍പാദന ഉപാധിയുടെ ഉടമസ്ഥത പിടിച്ചെടുക്കുന്ന രാഷ്ട്രീയം ആവശ്യമായിരുന്നു. ഭൂമി പിടിച്ചെടുക്കല്‍ എന്നത്  മര്‍ദിതരുടെ ബലപ്രയോഗത്തിന്‍െറ രാഷ്ട്രീയമാണ്. സായുധമായ ഒരു  കാര്‍ഷിക വിപ്ളവ പരിപാടി മുന്നോട്ടുവച്ചാലെ അത്തരം മുന്നേറ്റം സാധ്യമാകൂ. അങ്ങനെ ഒരു രാഷ്ട്രീയ മുദ്രാവാക്യം ഉയരാത്തതിന് ചരിത്രപരമായ ചില പരിമിതകളുമുണ്ട് എന്ന വസ്തുത മറന്നുകൂടാ. നാടുവാഴിത്ത ഘട്ടത്തില്‍ ദലിതരടക്കമുള്ള അടിയാന്മാരും കുടിയന്മാരും ഭൂമിയുമായും ജന്മിയുമായി പലതരത്തിലുള്ള സാമ്പത്തികവും സാമ്പത്തികേതരവുമായ ചൂഷണ ചങ്ങലകളാല്‍ ബന്ധിപ്പിക്കപ്പെട്ടാണിരുന്നത്. അതിനാല്‍ തന്നെ സമഗ്രമായ ഒരു വിമോചന പദ്ധതിയില്ലാത്തിടത്തോളം ഭൂ അധികാര പ്രശ്നം ഉയര്‍ത്തുന്നതില്‍ അടിസ്ഥാന വര്‍ഗ-ജാതി വിഭാഗങ്ങള്‍ക്ക് പരിമിതിയുണ്ട്. അത് ഒരു ചരിത്രകാലഘട്ടത്തിന്‍േറതുകൂടിയായ പരിമിതിയാണ്.  എന്നാല്‍ തന്നെയും കൃഷിഭൂമി എന്ന തലത്തില്‍ ഭൂപ്രശ്നം നവോഥാന കാലഘട്ടത്തില്‍ ഉന്നയിക്കപ്പെടാതിരുന്നത് ചരിത്രത്തിലെ ഗുരുതരമായ വീഴ്ചയായി തുടരും.
മലബാറില്‍ 1921 ല്‍ നടന്ന കാര്‍ഷിക കലാപത്തില്‍ ജന്മിമാര്‍ ആക്രമിക്കപ്പെടുകയും ഉന്മൂലനം ചെയ്യപ്പെട്ടുവെങ്കിലും ഭൂമിക്കുമേലുള്ള അധികാരം എന്ന വിഷയം അവിടെയും ഉന്നയിക്കപ്പെട്ടില്ല. രാഷ്ട്രീയാധികാരം എന്ന നിലയില്‍ ഖിലാഫത്ത് വിഭാവനം ചെയ്യപ്പെട്ടുവെങ്കിലും ഒരു ഭൂ-കാര്‍ഷിക പരിഷ്കരണ പദ്ധതിയിലല്ല ആ കലാപവും നടന്നത്. അതായത്  1940 കളുടെ തുടക്കം വരെ ഭൂമി  ഒരിക്കലും ഉല്‍പാദനോപാധി എന്ന നിലയില്‍ സമരാവശ്യമായി പരിഗണിക്കപ്പെട്ടില്ല.
കേരളത്തില്‍ ഭൂമിയുടെ പ്രശ്നം ഒരു രാഷ്ട്രീയ വിഷയമെന്ന നിലയില്‍ പൊതുസമൂഹത്തില്‍ ആദ്യമായി ഉന്നയിക്കുന്നത് കമ്യൂണിസ്റ്റുകാരാണ്.  റഷ്യന്‍, ചൈനീസ് കമ്യൂണിസ്റ്റുധാരയുടെ തുടര്‍ച്ചയായി ഭൂപ്രശ്നം കമ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ ഉന്നയിച്ചത് ‘കൃഷി ഭൂമി കര്‍ഷകന്’ എന്ന മുദ്രാവാക്യവുമായി ബന്ധപ്പെട്ടായിരുന്നു. ഈ മുദ്രാവാക്യമുന്നയിക്കുമ്പോഴും ഗുരുതരമായ രണ്ട് തരം പാളിച്ചകള്‍ കമ്യൂണിസ്റ്റുകാര്‍ വരുത്തി.ഒന്നാമത്, ആരാണ് കര്‍ഷകന്‍ എന്ന ഗൗരവമേറിയ ചോദ്യം കേരള സാഹചര്യത്തില്‍ ഉന്നയിക്കുന്നതില്‍ വീഴ്ച സംഭവിച്ചു. ഭൂരഹിത കര്‍ഷകന്‍, കര്‍ഷകത്തൊഴിലാളി എന്നീ പദങ്ങള്‍ കേരളത്തിലുയര്‍ത്തുന്ന സങ്കീര്‍ണതപോലും കമ്യൂണിസ്റ്റുകാര്‍ വ്യക്തമായി മനസിക്കിയില്ല.  വര്‍ഗവിശകലനപ്രകാരം ഭൂമിയില്‍ പണിയെടുക്കുന്നവരായിരുന്നില്ല നാടുവാഴിത്ത കാലത്തെ (അര്‍ദ്ധകൊളോണിയല്‍-അര്‍ദ്ധനാടുവാഴിത്ത) കര്‍ഷകരില്‍ നല്ല പങ്കും. മണ്ണില്‍ പണിയെടുത്തിരുന്നത് അടിയാളന്മാരായിരുന്നു. അതായത് പുലയരടക്കമുള്ള ദലിതര്‍. ‘കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ’എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നതില്‍ കമ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ടു. രണ്ടാമത്, ‘കൃഷിഭൂമി കര്‍ഷകന് ’എന്ന പരിമിത സാധ്യതയുള്ള മുദ്രാവാക്യമാണ് ഉന്നയിക്കുന്നതെങ്കില്‍പോലും അതിന്‍െറ രാഷ്ട്രീയ- വിപ്ളവ പ്രയോഗമെന്നത് ഭൂമി പിടിച്ചെടുക്കലാണ്. ഭൂമി പിടിച്ചെടുത്താല്‍ മാത്രം പോര അത നിലനിര്‍ത്തുകയും പുനര്‍വിതരണം  ചെയ്യുകയും വേണം. ഭൂമി പിടിച്ചെടുക്കണമെങ്കിലും അത് നിലനിര്‍ത്തണമെങ്കിലും അധികാരം വേണം. ആ രാഷ്ട്രീയ അധികാരം സ്ഥാപിക്കപ്പെടുക സായുധമായ- വിപ്ളവ ബലപ്രയോഗത്തിലൂടെയാണ്. ഈ രാഷ്ട്രീയം ആദ്യകാല കമ്യൂണിസ്റ്റ് പ്രസ്ഥാനം ബോധപൂര്‍വം തന്നെ വിട്ടുകളഞ്ഞു. പകരം അവര്‍ ശ്രമിച്ചത് നിയമവ്യവഹാരങ്ങളിലൂടെ ഭൂമി കര്‍ഷകര്‍ക്ക് വിട്ടുകൊടുക്കാനാണ്. അതിനാല്‍ തന്നെ ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യുക എന്ന രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് മുന്നേറുന്നതില്‍ ആദ്യകാല കമ്യൂണിസ്റ്റുകാര്‍ പരാജയപ്പെട്ടു.  കമ്യൂണിസ്റ്റുകാര്‍ നടത്തിയ കാര്‍ഷിക സമരങ്ങള്‍ ജന്മിമാരുടെ കൈവശമുള്ള ധാന്യങ്ങള്‍പിടിച്ചെടുക്കുന്നതിലും വിതരണത്തിലുമൊതുങ്ങി. ഭൂമി ജന്മിവര്‍ഗത്തിന്‍െറ കൈയില്‍ തന്നെ തുടര്‍ന്നു.

2
കേരളത്തില്‍ ഭൂപ്രശ്നം പരിമിതമായെങ്കിലും ഉന്നയിക്കപ്പെട്ടത്  1957 ല്‍ ഇടതുപക്ഷം കേരളത്തില്‍ അധികാരത്തില്‍ വരുന്നതോടെയാണ്. അതിന് മുമ്പ് ഭൂപരിഷ്കരണമെന്ന ആവശ്യം ഉയര്‍ന്നിട്ടില്ളെന്നല്ല. കേരളത്തില്‍ നിലനിന്ന ഭൂബന്ധങ്ങളില്‍ വലിയ രീതിയില്‍ മാറ്റം വരുത്തുന്നത് 1957 ലെ ഭൂരിപഷ്കരണ നിയമനിര്‍മാണമാണ്. ഇതിന്‍െറ ആദ്യ ചുവടായിരുന്നു റവന്യൂ മന്ത്രി കെ.ആര്‍. ഗൗരിയമ്മ 1957 ഡിസംബര്‍ 21 ന് നിയമസഭയില്‍ അവതരിപ്പിച്ച കാര്‍ഷിക ബന്ധബില്‍ അഥവാ ഭൂപരിഷ്കരണ ബില്‍. ഗൗരിയമ്മ ബില്‍ തയ്യാറാക്കുമ്പോള്‍ തന്നെ പാര്‍ട്ടികകത്തുനിന്നും പുറത്തുനിന്നും ശക്തമായ എതിര്‍പ്പുകളും അഭിപ്രായ ഭിന്നതകളും ഉയര്‍ന്നിരുന്നു. ബില്‍ കൊണ്ടുവരുന്നതിന് എട്ട് മാസം മുന്‍പ്, ഏപ്രില്‍ 11 ന് കൈവശക്കാരെ ജന്മികള്‍ കുടിയാന്‍മാരെ ഒഴിപ്പിക്കുന്നത് തടയാന്‍ കുടിയിറക്ക് നിരോധന ഓര്‍ഡിനനന്‍സും മന്ത്രിസഭ ഇറക്കിയിരുന്നു.  ഒരു സാഹചര്യത്തിലും കുടിയാന്‍മാരെ കുടിയൊഴിപ്പിക്കിലല്ളെന്നും കുടുംബത്തിന് പരമാവധി 25 ഏക്കര്‍ കൈവശം വയ്ക്കാമെന്നുമുള്ള നിരവധി നിര്‍ദേശങ്ങള്‍ അടങ്ങിയതായിരുന്നു ബില്‍.  ബില്‍ 1959 ജൂണ്‍ 11 ന് പാസായി. തൊട്ടടുത്ത ദിവസമാണ് വിമോചന സമരം ആരംഭിച്ചത്. സര്‍ക്കാറിനെ പിരിച്ചുവിട്ടതിനാലും പിന്നീട് വന്ന സര്‍ക്കാരുകള്‍ക്ക് (ഇതില്‍ 1967 ലെ ഇ.എം.എസ് സര്‍ക്കാരും ഉള്‍പ്പെടും) വ്യക്തമായ നിലപാട് ഇല്ലാത്തതിനാലും മറ്റും ബില്‍ നിയമമായത് വര്‍ഷങ്ങള്‍ കഴിഞ്ഞ് 1970 ജനുവരി ഒന്നിനാണ്. കുടികിടപ്പുകാരന് പുരയ്ക്കും അതിന് ചുറ്റുമുള്ള പത്തുസെന്‍റ് സ്ഥലത്തിനും അവകാശം നല്‍കും. ഈ ഭൂമിക്ക് പകരമായി അതിന്‍െറ വിഭവങ്ങളുടെ മാര്‍ക്കറ്റു വിലയുടെ നാലിലൊന്നു മാത്രമായിരിക്കും. ആ സംഖ്യയുടെ പകുതി സര്‍ക്കാറും പകുതി പന്ത്രണ്ട് തവണകളായി കുടികിടപ്പുകാരനും നല്‍കിയാല്‍ മതി. ഉടമ പരിധിയില്‍ കവിഞ്ഞ് ഭൂമിയുള്ള ആളാണെങ്കില്‍ പ്രതിഫല തുക നാലിലൊന്നിനു പകരം എട്ടിലൊന്നു മാത്രമായിരിക്കുംമെന്നൊക്കെയായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചത്.  കമ്യൂണിസ്റ്റുകാരുടെ പ്രഖ്യാപിത നിലപാടായ കൃഷിഭൂമി കര്‍ഷകന് എന്ന തത്വം ഭൂപരിഷ്കരണത്തില്‍ പ്രയോഗിക്കപ്പെട്ടപ്പോള്‍ ഭൂമി ലഭിച്ചത് നായര്‍ അടക്കമുള്ള സവര്‍ണ്ണ കുടിയാന്മാര്‍ക്കാണ്. മണ്ണില്‍ പണിയെടുത്ത ദലിതരടക്കമുള്ളവര്‍ വഞ്ചിക്കപ്പെട്ടു. അവര്‍ക്ക് ഭൂമി പേരിന് മാത്രമാണ് ലഭിച്ചത്. 25 ഏക്കര്‍ ഒരു കുടുംബത്തിന് കൈവശം വയ്ക്കാമെന്നതും തോട്ടം മേഖല ഭൂപരിഷ്കരണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടതും ഒരു ലൂപ്ഹോളായിരുന്നു. അതിലൂടെ ഭൂപരിഷ്കരണം തത്വത്തില്‍ തന്നെ അട്ടിമറിക്കപ്പെട്ടു.
1970 ല്‍ ഭൂപരിഷ്കരണം നിയമം നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കാന്‍ ഒരു കാരണം നക്സല്‍ബാരിയുടെ രാഷ്ട്രീയത്തിന്‍െറ മാര്‍ഗനിര്‍ദേശത്തിന്‍ കീഴില്‍ കാര്‍ഷിക വിപ്ളവം എന്ന ആഹ്വാനം കേരളത്തിലെങ്ങും മുഴങ്ങിയതാണ്. കാര്‍ഷിക വിപ്ളവത്തിന്‍െറ അജണ്ട എന്നത് ഭൂമി പിടിച്ചെടുക്കലും വിതരണം ചെയ്യലുമാണ്. തലശ്ശേരി-പുല്‍പ്പള്ളി കലാപവും മറ്റ് നക്സലൈറ്റ് ശ്രമങ്ങളും ഇനിയും ഭൂപരിഷ്കരണം നടപ്പാക്കാതിരുന്നാലുള്ള അപകടത്തെ ഭരണകൂടത്തിന് ബോധ്യപ്പെടുത്തി.  1960 കളുടെ അവസാനം നക്സലൈറ്റുകള്‍ ഭൂമി പിടിച്ചെടുക്കലിന്‍െറ രാഷ്ട്രീയം നിലമ്പൂരില്‍ നടപ്പാക്കുകയും ചെയ്തു.പാലാ സ്വദേശി ചാണ്ടിയുടെ നേതൃത്വത്തില്‍ കര്‍ഷക സമരമാണ് നിലമ്പൂരില്‍  ശക്തമായത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നീലഗിരി ജില്ലാ കമ്മിറ്റി അംഗവും ഗൂഡല്ലൂരിലെ പ്രവര്‍ത്തകനുമായിരുന്നു ചാണ്ടി .നിലമ്പൂര്‍ കോവിലകത്തിന് പതിനായിരക്കണക്കിന് ഏക്കര്‍ വനഭൂമി സ്വന്തമായുണ്ടായിരുന്നു. ഇവിടെ താമസിച്ചിരുന്ന കര്‍ഷകരെ കുടിയിറക്കാന്‍ കോവിലകത്തിന്‍്റെ നേതൃത്വത്തില്‍ ശ്രമം നടന്നു. രാഷ്ട്രീയക്കാരും ഭൂവുടമകളും കൂടി കുടിയേറ്റക്കാര്‍ക്കെതിരെ മര്‍ദനം അഴിച്ചുവിടുന്നത് പതിവായി.
പുളപ്പാടം മേഖലയില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി കുഞ്ഞാലി എന്ന നേതാവിന്‍െറ നേതൃത്വത്തില്‍ ഭൂസമരം നടത്തിയിരുന്നു. എന്നാല്‍,  ഏതെങ്കിലും ജന്മിയുടെ ഭൂമി കൈയേറി കുടില്‍ കെട്ടി താമസിക്കുന്ന കുടുംബങ്ങളോട് കൂടുതല്‍ നല്ല മറ്റൊരു ഭൂമിയുണ്ടെന്നും അവിടം കൈയേറാമെന്നും പറഞ്ഞ് ആദ്യത്തെ സ്ഥലത്ത് നിന്ന് കുടിയിറക്കി മറ്റൊരിടത്തേക്ക് കുഞ്ഞാലിയും മറ്റും നയിക്കും. ഇത്തരത്തിലെ ചില തട്ടിപ്പുകള്‍ ഭൂ ഉടമകള്‍ക്ക് വേണ്ടി നടത്തിയിരുന്നത്  ചാണ്ടിയുള്‍പ്പടെയുള്ള കര്‍ഷക പ്രവര്‍ത്തകരും കര്‍ഷകരും തുറന്ന് എതിര്‍ത്തു. പൂളപ്പാടത്ത്  ഒരു ജന്മി തന്‍േറത് എന്ന് അവകാശപ്പെട്ട് കൈക്കലാക്കിയ ഭൂമി ചാണ്ടിയുടെ നേതൃത്വത്തില്‍ കൈയേറി. ഭൂ കൈയേറ്റം നടത്തും മുമ്പ് ജന്മിയുടെ കൈയില്‍ നിന്ന് തോക്ക് പിടിച്ചെടുക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചു. അല്ളെങ്കില്‍ ഒഴിപ്പിക്കാന്‍ തോക്കുമായി ജന്മിയും ഗുണ്ടകളും എത്തും. തോക്ക്, അരിവാള്‍, നീളമുള്ള വടികള്‍ എന്നിവ ഏന്തി സ്ത്രികളടക്കമുള്ള കര്‍ഷകര്‍ ജാഥയായി വീട്ടിലത്തെി ജന്മിയെ വളഞ്ഞു. തോക്കിനായി വീടു മുഴുവന്‍ തിരഞ്ഞു. എന്നാല്‍, തോക്ക് കിട്ടിയില്ല. എന്തെങ്കിലും തരത്തില്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞാല്‍ തിരിച്ചടിക്കുമെന്ന ഭീഷണി മുഴക്കിയാണ് കര്‍ഷകര്‍ ഭൂമി പിടിച്ചെടുക്കുന്നതിലേക്ക് നീങ്ങിയത്.
കര്‍ഷകരില്‍ നിന്ന് സ്വന്തമാക്കിയതില്‍ പത്തേക്കര്‍ ജന്മിക്ക് സ്വന്തമായി ഉപയോഗിക്കാമെന്ന് വ്യക്തമാക്കിയായിരുന്നു ഭൂമി പിടിച്ചെടുക്കല്‍. ഭൂരഹിത കര്‍ഷകര്‍ പൂളപ്പാടത്ത് നൂറിലധികം ഏക്കര്‍ കൃഷിഭൂമി കൈയ്യേറി കുടില്‍ കെട്ടി താമസമാക്കി. സമരാസൂത്രണത്തില്‍ ഗുരുതര വീഴ്ചകള്‍ സംഭവിച്ചതിനാല്‍, ഒട്ടും നിനച്ചിരിക്കാത്ത നിമിഷത്തില്‍ പൊലീസ് ചാണ്ടിയെയും ഒപ്പമുണ്ടായിരുന്നവരെയും അറസ്റ്റ് ചെയ്തു. ജാമ്യത്തിലറങ്ങിയ ചാണ്ടിയെ  രണ്ടാം ദിനം, 1969 ഒക്ടോബര്‍ 7 ന് സി.പി.എം. നേതൃത്വത്തിലുളള സംഘം വെട്ടികൊലപ്പെടുത്തി.  ഇതോടെ ഭൂമി പിടിച്ചെടുക്കല്‍  മുഖ്യ ഉള്ളടക്കമായ കാര്‍ഷിക വിപ്ളവ ശ്രമങ്ങള്‍ക്ക് കേരളത്തില്‍ വലിയ രീതിയില്‍ മങ്ങലേറ്റു.
ഭൂപരിഷ്കരണ നിയമത്തിന് വേഗമേറ്റാന്‍ മറ്റു ചില കാരണങ്ങള്‍ കൂടിയുണ്ടായിരുന്നു. 1967 ല്‍ അധികാരത്തിലത്തെിയ  ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്‍െറ സപ്തകക്ഷി സര്‍ക്കാരിനും ഭൂപരിഷ്കരണം നിയമമാക്കാന്‍ കഴിഞ്ഞില്ല. സര്‍ക്കാരിന്‍െറ പതനത്തിന് ശേഷം  കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം പാസാക്കണമെന്ന ആവശ്യം സി.പി.എം.വീണ്ടും   ഉന്നയിച്ചു. ഭേദഗതി നിയമമാക്കാനും നടപ്പാക്കാനും ഏതൊക്കെ രീതിയില്‍ പ്രവര്‍ത്തിക്കാം എന്നതിനെതിനെപ്പറ്റി തീരുമാനിക്കാന്‍  1969 ഡിസംബര്‍ 12 ന് ആലപ്പുഴ അറവുകാട് ക്ഷേത്രമൈതാനിയില്‍  കര്‍ഷകരുടെയും കര്‍ഷത്തൊഴിലാളികളുടെയും യോഗം ചേര്‍ന്നു.  കേരള ഭൂപരിഷ്കരണ ബില്ലില്‍ കൃഷിക്കാര്‍ക്കും ഭൂരിഹിരതായ കര്‍ഷകത്തൊഴിലാളികള്‍ക്കും നല്‍കിയ എല്ലാ അവകാശങ്ങളും 1970 ജനുവരി 1 മുതല്‍ നടപ്പില്‍ വന്നതായി കണക്കാക്കുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.  പാട്ടവും വരവും പാട്ടകുടിശ്ശികയും നല്‍കുന്ന സമ്പ്രദായം പറ്റില്ല, എന്നാല്‍, ഭൂപരിഷ്കരണബില്‍ അനുസരിച്ച് പ്രതിഫലം നല്‍കുമെന്നും സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തില്‍ എ.കെ.ജി  പ്രത്യക്ഷ സമര നടപടികള്‍ പ്രഖ്യാപിച്ചു.  1970 ജനുവരി ഒന്നിന് രാവിലെ  കേരളമെമ്പാടും കുടികിടപ്പുകാര്‍ ഭൂമിയില്‍ അവകാശം സ്ഥാപിച്ചു.  തങ്ങളുടെ വീടിന് ചുറ്റുമുള്ള പത്തുസെന്‍റ് ഭൂമി അവര്‍ വേലികെട്ടി തിരിച്ചു. സ്വന്തമായ ആ സ്ഥലത്തുനിന്ന് വിഭവങ്ങള്‍ പറിച്ചെടുത്തു.
സമരം തുടങ്ങി ആദ്യ മൂന്നു ദിവസങ്ങളിലോയി ഒന്നരലക്ഷത്തോളം പേര്‍ കുടികിടപ്പ് അവകാശം സ്ഥാപിച്ചു.തുടര്‍ ദിവസങ്ങളിലും കുടികിടപ്പു സമരം തുടര്‍ന്നു. പൊതുവെ സമരക്കാരുടെ ഭാഗത്ത് നിന്നുള്ള ഇടപെടല്‍ സമാധാനപരമായിരുന്നു.  എന്നാല്‍ സമരത്തിനു നേര്‍ക്ക് പലയിടത്തും ജന്മിവിഭാഗങ്ങള്‍ എടുത്ത സമീപനം അക്രമസ്വഭാവത്തോടെയായിരുന്നു. സമരക്കാര്‍ക്ക് നേരെ പലയിടത്തും പൊലീസ് ലാത്തിചാര്‍ജ് നടത്തി.  നിരവധി സ്ഥലങ്ങളില്‍ കുടികിടപ്പുകാരും ജന്മിമാരും അവരേര്‍പ്പെടുത്തിയ ഗുണ്ടകളുമായി ഏറ്റുമുട്ടി. ചിലയിടത്ത് സമരക്കാര്‍ കൊല്ലപ്പെട്ടു.
കുടികിടപ്പ് സമരത്തെ വിശകലനം ചെയ്താല്‍ അതില്‍ ഉന്നയിക്കപ്പെട്ടത് വീടിന് ചുറ്റുമുള്ള 10 സെന്‍റ് സ്ഥലം എന്ന ആവശ്യമാണ് എന്നു കാണാം. 10 സെന്‍റ്  ഒരിക്കലും കൃഷിഭൂമി എന്ന ആവശ്യത്തെ തൃപ്തിപ്പെടുത്തുന്നതല്ല. ഒരു കുടുംബത്തിന് കൃഷി ചെയ്ത് ജീവിക്കാനാവശ്യമായ മതിയായ ഭൂമി എന്ന ആവശ്യം ഉന്നയിക്കപ്പെട്ടില്ല എന്നു ചുരുക്കം. 10 സെന്‍റ് എന്ന ആവശ്യം ഭൂമി സമം വീട്വയ്ക്കാനുള്ള ഇടം എന്ന സമവാക്യത്തിലേക്ക് ചുരുക്കി. മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ഭൂമി ലഭ്യമാക്കാനായിരുന്നില്ല കുടികിടപ്പ് സമരവും എന്നര്‍ത്ഥം.
ഭൂപരിഷ്കരണ നിയമം 1970 ജനുവരി ഒന്നിന് കേരളത്തില്‍ പാസാക്കുമ്പോള്‍ വ്യക്തികള്‍ക്ക് കൈവശം വയ്ക്കാവുന്ന ഭൂമിക്ക് പരിധി നിശ്ചയിച്ചിരുന്നു. ഈ പരിധിയില്‍ കൂടുതലുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം. മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതരര്‍ക്കും ഭൂരഹിത കര്‍ഷകത്തൊഴിലാളികള്‍ക്കും നല്‍കണമെന്നായിരുന്നു സി.പി.എം ഉന്നയിച്ചത്. സ മാനചിന്താഗതിയുള്ള കെ.ടി.പി, കെ.എസ്.പി. സംഘടനകളുമായി ആലോചിച്ചും ഒന്നിച്ചുമായിരുന്നു മിച്ചഭൂമി സമരത്തിന് സി.പി.എം.നേതൃത്വം കൊടുത്തു.
1969ല്‍ നിയമസഭ അംഗീകരിച്ച ഭൂപരിഷ്കരണ ഭേദഗതി നിയമത്തില്‍ വ്യക്തമാക്കുന്നത് 1963 മുതല്‍ നടന്ന എല്ലാ മിച്ചഭൂമി കൈമാറ്റങ്ങളും റദ്ദായതായി കണക്കാക്കുമെന്നാണ്. മാര്‍ച്ച് 31 ന് മുമ്പ് മിച്ചഭൂമിയുടെ കണക്ക് നല്‍കാത്തവര്‍ക്ക് 200 രൂപ പിഴശിക്ഷ നല്‍കാനും അതും കഴിഞ്ഞും നല്‍കുന്നില്ളെങ്കില്‍ ദിവസം 50 രൂപ പിഴ ഇടാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ടായിരുന്നു. നല്‍കിയ കണക്ക് തെറ്റാണെങ്കില്‍ 1000 രൂപ പിഴ ഇടാക്കാം. എന്നാല്‍, ആരുടെയും പേരില്‍ നടപടിയുണ്ടായില്ല. അക്രമനികുമതികള്‍ പിന്‍വലിക്കുക, ജന്മിത്വം അവസാനിപ്പിക്കുക, 25,000 രൂപ വരെ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുക, കര്‍ഷകതൊഴിലാളി സംരക്ഷണ നിയമം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സി.പി.എം മുന്‍ കൈയില്‍ നടന്ന മിച്ചഭൂമിസമരം. 1972 മെയ് 25 മുതല്‍ മിച്ചഭൂമിയില്‍ കൊടി നാട്ടല്‍ സമരം പ്രഖ്യാപിക്കപ്പെട്ടു. അന്ന് 11 സ്ഥലങ്ങളിലായി പതിമൂവായിരത്തിലധികം ഏക്കര്‍ സ്ഥലം പിടിച്ചെടുക്കാനായിരുന്നു തീരുമാനം. അതനുസരിച്ച് മിച്ചഭൂമി കൈയേറല്‍  ആഴ്ചകള്‍ നീണ്ടുനിന്നു. ആഗസ്റ്റ് 10ന് നടന്ന ചര്‍ച്ചയില്‍ ചില കാര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക്  ഗവണ്‍മെന്‍റ് സന്നദ്ധമായി. അന്ന് സമരസമിതി പുറപ്പെടുവിച്ച പ്രസ്താവന വായിക്കേണ്ടതാണ്. ‘‘കഴിഞ്ഞ 80 ദിവസമായി നടന്നുവരുന്ന മിച്ചഭൂമി സമരം ഗവണ്‍മെന്‍റ്നല്‍കിയ ഉറപ്പുകളുടെഅടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിയവയ്ക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് ഇങ്ങനെയാണ്: സമരസമിതി വോളണ്ടിയര്‍മാര്‍ ചൂണ്ടിക്കാണിച്ച മിച്ചഭൂമി  പ്രത്യേക പരിഗണ നല്‍കിയ ഏറ്റെുക്കാന്‍ നടപടി സ്വീകരിക്കും. ഭൂവുടമകള്‍ നല്‍കുന്ന മിച്ചഭൂമിയുടെ കണക്ക് പ്രസിദ്ധീകരിക്കും. സ്നേഹവാല്‍സല്യത്തിന്‍െറ പേരിലുള്ള കൈമാറ്റം പരിമിതപ്പെടുത്തും.  ആറ് ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ള വ്യക്തികളും 12 ഏക്കറില്‍ കൂടുതലുള്ള കുടുംബവും മിച്ചഭൂമിയില്ളെങ്കിലൂം സര്‍ക്കാരിന് കണക്കുകള്‍ സമര്‍പ്പിക്കാത്ത പക്ഷം അവര്‍ക്ക് ഒരു കൊല്ലത്തെ തടവുശിക്ഷ നല്‍കുന്ന വ്യവസ്ഥ ഏര്‍പ്പെടുത്തും. കുടികിടപ്പുകാരന്‍െറ ആദ്യ നഷ്ടപരിഹാരം ആദ്യ ഗഡു അടയ്ക്കേല്‍തിന്‍െറ കാലാവധി ആറുമാസം കൂടീ നിട്ടും. ഭൂവിതരണത്തിന് ജനകീയ കമ്മിറ്റി സംഘടിപ്പിക്കും. എന്നാല്‍, പാട്ടകുടിശ്ശിക റദ്ദുചെയ്യുക, ജന്മിത്വം പ്രതിഫലം കൂടാതെ അവസാനിപ്പിക്കുക, 25000 ല്‍ താഴെ നഷ്ടപ്രതിഫലം കൂടാതെ അവസാനിപ്പിക്കേണ്ട ചെറുകിട ഉടമകള്‍ക്ക് പ്രതിഫലം സര്‍ക്കാര്‍ കൊടുക്കുക എന്നിവ അംഗീകരിച്ചില്ല.80 ദിവസം നീണ്ട സമരത്തില്‍ 711 കേന്ദ്രങ്ങളിലായി 1,86,588 ഏക്കര്‍ മിച്ചഭൂമി ചുണ്ടിക്കാട്ടിയിട്ടുണ്ട്്''. ഫലത്തില്‍ മിച്ചഭൂമി സമരവും കര്‍ഷകന് ഗുണം ചെയ്തില്ല. മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ഭൂമി എന്ന ആവശ്യവും നടപ്പായില്ല. ഭൂമി ‘ചൂണ്ടിക്കാണിക്കല്‍’ മാത്രമാണ് നടന്നത്.മറ്റൊരര്‍ത്ഥത്തില്‍ മണ്ണില്‍ പണിയെടുക്കുന്നവരെ  സി.പി.എം കുടികിടപ്പ്, മിച്ചഭൂമി സമരങ്ങളുടെ പേരില്‍  വഞ്ചിച്ചു.
ദലിതര്‍, ആദിവാസികള്‍ എന്നിങ്ങനെ അടിസ്ഥാന ജാതി -വര്‍ഗ വിഭാഗങ്ങള്‍ക്ക് ഭൂമി തങ്ങളുടെ നിലനില്‍പിന് അടിയന്തരാവശ്യമായിരുന്നു. എന്നാല്‍, ഈ ഭൂമി ആവശ്യത്തെ കമ്യൂണിസ്റ്റുകള്‍ അടക്കമുള്ളവര്‍ കണ്ടത് ഭൂമി സമം വീട് എന്ന തലത്തിലാണ്. മണ്ണില്‍പണിയെടുക്കുന്നവര്‍ക്ക് ഭൂമി നല്‍കുന്നതിന് പകരം അവര്‍ക്ക് വീട് വക്കാനുള്ള സാമ്പത്തിക സഹായ ം നല്‍കലും വീടുവച്ചുനല്‍കലുമായി നടപടി ചുരുങ്ങി.  അങ്ങനെ ദലിതര്‍ ലക്ഷം വീടുകോളനികളിലേക്കും മൂന്ന് സെന്‍റ് കോളനികളിലേക്കും ആട്ടിപായിക്കപ്പെട്ടു. അത്യന്തികമായി കൃഷിഭൂമിയില്‍ നിന്ന് ദലിതര്‍ കുടിയിറക്കപ്പെട്ടു.
ഭൂപരിഷ്കരണം നടപ്പാക്കിയതോടെ ഭൂപ്രശ്നം അവസാനിച്ചുവെന്ന് അവകാശപ്പെടുന്ന സി.പി.എം ഉള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍  പക്ഷേ സമഗ്രമായ കാര്‍ഷിക പരിഷ്കരണം നടപ്പാക്കാന്‍  ഒരിക്കലും ശ്രദ്ധയൂന്നിയില്ല.   ശാസ്ത്രീയകൃഷിരീതി, ജലസേചനം, വളം, വിത്ത് എന്നിങ്ങനെ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന വിധത്തില്‍  ഒരിക്കലും കാര്‍ഷിക മേഖലയില്‍ ഭരണകൂട ഇടപെടലുമുണ്ടായില്ല. ഫലത്തില്‍ കൃഷിക്ക് പ്രതികൂലമായ രീതിയിലാണ് ഭരണകൂട-സാമ്രാജ്യത്വ സമീപനം എന്നും നിലകൊണ്ടത്.

3
‘കൃഷി ഭൂമി കര്‍ഷകന്’ എന്ന തിന് പകരം ‘കൃഷിഭൂമി മണ്ണില്‍പണിയെടുക്കുന്നവര്‍ക്ക് എന്ന രാഷ്ട്രീയ മുദ്രാവാക്യം 1980 കളുടെ മധ്യത്തില്‍ സി.ആര്‍.സി, സി.പി.ഐ (എം.എല്‍) അടക്കമുള്ള ഇടതുപക്ഷ സംഘടനകളും തുടര്‍ന്ന് കേരള കമ്യൂണിസ്റ്റ് പാര്‍ട്ടി പോലുള്ള ചെറു ഗ്രൂപ്പുകളും ഉന്നയിച്ചുവന്നു.  എന്നാല്‍, ഭൂപ്രശ്നം കേരളത്തില്‍ വീണ്ടും സജീവമായി ഉയര്‍ന്നുവരുന്നത് 1990 കളുടെ മധ്യത്തില്‍ ആദിവാസി ഭൂനിമമ ഭേദഗതിയുമായി ബന്ധപ്പെട്ടാണ്. 1996 ല്‍ കേരളം ആദിവാസികളുടെ ന്യായമായ അവകാശങ്ങള്‍ നിഷേധിച്ച് അവരെ വംശഹത്യയിലേക്ക് നയിക്കുന്ന നിയമഭേദഗതി വരുത്തി. അതിന് നിയമസഭയിലെ ഒരംഗം ഒഴിച്ച് (കെ.ആര്‍.ഗൗരിയമ്മ) എല്ലാ എം.എല്‍.എമാരും അംഗീകാരം നല്‍കി. ആദിവാസികളുടെ അന്യാധീനപ്പെട്ട അവര്‍ക്ക് തന്നെ തിരിച്ചുനല്‍കാന്‍ നിര്‍ദേശിക്കുന്നതായിരുന്നു 1975 ലെ ആദിവാസി ഭൂനിയമം. സ്വന്തം മണ്ണില്‍ നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് ഭൂമി തിരിച്ചുനല്‍കുന്ന ഈ നിയമം സാധ്യമായത് തന്നെ ആദിവാസികളുടെ നീണ്ടകാലപോരാട്ടത്തിന്‍െറയും ഡോ. നല്ല തമ്പി തോറ നടത്തിയ നിയമപോരാട്ടത്തിന്‍െറയും ഫലമായിട്ടായിരുന്നു. ഈ നിയമമാണ് നിയമസഭ അട്ടിമറിച്ചത്. ഇവിടെ ഭൂപ്രശ്നം കൃത്യമായി രണ്ടായി വിഭജിക്കപ്പെട്ടു. കുടിയേറ്റക്കാരുടെ ഭൂമിയും, ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിയും എന്ന തലത്തില്‍. സി.പി.എം. അടക്കമുള്ള ‘ഇടതുപക്ഷം’ കുടിയേറ്റക്കാരുടെ ഭൂമിക്കൊപ്പം നിലകൊണ്ടു. അതായത് ഭൂ പ്രശ്നം എന്നത് കുടിയിറക്കപ്പെട്ടവരുടെതല്ല, കുടിയേറിയവരുടേതായി മാറി.  ആദിവാസികള്‍ക്ക് അന്യാധീനപ്പെട്ട ഭൂമിയെന്നത് കൃഷിഭൂമി കൂടിയായിരുന്നു.  ഈ ഘട്ടത്തിലാണ്  സി.കെ. ജാനുവിനെപ്പോലുള്ള ആദിവാസി നേതാക്കളും സി.പി. ഐ (എം.എല്‍)റെഡ് ഫ്ളാഗ് , സി.പി.ഐ  (എം.എല്‍) ജനശക്തി അടക്കമുള്ള സംഘടനകളും  ഭൂപ്രശ്നം വീണ്ടും ഉന്നയിച്ച് സമരരംഗത്തിറങ്ങുന്നത്.
ആദിവാസി ഭൂപ്രശ്നം ഉന്നയിക്കപ്പെട്ടത് മൂന്ന് തലങ്ങളിലാണ്. 1. നിയമപരമായി ഭൂമിയില്‍ അവകാശം ഉന്നയിക്കുക. 2. ഭൂമി പിടിച്ചെടുക്കല്‍ പോലുള്ള പ്രതീകാത്മ സമരങ്ങള്‍ ചെയ്യുക. 3. ഭൂപ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുക. ഇവിടെയും ഒരു കാര്‍ഷിക വിപ്ളവ പരിപാടിയുടെ ഭാഗമായി ബലപ്രയോഗത്തിലൂടെയുള്ള ഭൂമി പിടിച്ചെടുക്കല്‍ നടന്നില്ല.സമരക്കാര്‍ക്ക് ഭൂവിഷയം കാര്‍ഷിക പ്രശ്നമായി ഉന്നയിക്കാനും കഴിഞ്ഞില്ല.
വയനാട്ടിലെ ഭൂമി പിടിച്ചെടുക്കല്‍ പ്രതീകാത്മക സമരങ്ങളില്‍ നിന്ന് സെക്രട്ടറിയേറ്റിന്  മുന്നില്‍ കുടികെട്ടല്‍, മുത്തങ്ങ സമരങ്ങളിലേക്ക് ആദിവാസികള്‍ നീങ്ങി. ഇത് ഭൂ പ്രശ്നത്തിന്‍െറ പ്രാധാന്യം ഉയര്‍ത്താന്‍ പര്യാപ്തമായിരുന്നെങ്കിലും ചില വീഴ്ചകള്‍ സംഭവിച്ചു. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി (ഇതില്‍ നല്ല പങ്കും കൃഷിഭൂമിയാണ്) തിരിച്ച് നല്‍കണമെന്നതിന് പകരം ‘പകരം ഭൂമി ’എന്ന ആവശ്യത്തിലേക്ക് സമരക്കാര്‍ തന്നെ ചുവടുമാറ്റി. അതിന്‍െറ ഭാഗമായി സര്‍ക്കാര്‍-വനഭൂമി കൈയേറലിലേക്ക് സമരം മാറി. മുത്തങ്ങ സമരത്തില്‍ ഭൂമി പിടിച്ചെടുക്കലിന്‍െറ പ്രശ്നം ഉയര്‍ത്തിയിരുന്നുവെങ്കിലും ‘പകരം ഭൂമി’ എന്ന തത്വത്തിന്‍െറ അടിസ്ഥാനത്തില്‍ ശാസ്ത്രീയമായ സമരപദ്ധതികളില്ലാതെയയാണ് നടന്നത്. അതിനാല്‍ തന്നെ സമരത്തിന് മുന്നോട്ടുപോവുക എളുപ്പവുമല്ലായിരുന്നു.  റെഡ്ഫ്ളാഗ്, ജനശക്തി അടക്കമുള്ള നക്സലൈറ്റ് ഗ്രൂപ്പുകളാകട്ടെ അവരുടെ ഭൂമി പിടിച്ചെടുക്കല്‍ പ്രതീകാത്മക പോരാട്ടങ്ങളില്‍ ഒതുക്കി. തൃശൂരിലടക്കം പിടിച്ചെടുത്ത ഭൂമി  നക്സലൈറ്റുകള്‍ക്ക് നിലനിര്‍ത്താനായില്ല എന്നല്ല. പലയിടത്തും ഭരണകൂടം വിട്ടുവീഴ്ചക്ക് നിര്‍ബന്ധിതരായി ഭൂമി പിടിച്ചെടുത്തവര്‍ക്ക് പതിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍, പൊതുവില്‍ നോക്കിയാല്‍ ആദിവാസിഭൂപ്രശ്നത്തെ കേരളത്തിന്‍െറ സജീവ സമരാവശ്യമായി മാറ്റാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
സംസ്ഥാനത്ത് 12,435 ആദിവാസി ഭൂരഹിതര്‍ ഉണ്ടെന്നാണ് മന്ത്രി എ.കെ.ബാലന്‍ 2017 മെയ് അഞ്ചിന് നിയമസഭയെ അറിയിച്ചത്(മാധ്യമം ദിനപത്രം 2017 മെയ് 6). ഇതില്‍ 5745 പേര്‍ക്ക് ലഭിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും ബാലന്‍ പറയുന്നു. ഭൂരഹിതര്‍ എന്ന സര്‍ക്കാര്‍ വിശേഷണത്തിന്‍െറ അടിസ്ഥാനം സ്വന്തം പേരില്‍ ഭൂമിയില്ലാത്തവരും സ്വന്തം പേരില്‍ വീടില്ലാത്തവരുമാണ്. ആദിവാസികളുടെ വാസമേഖലയ്ക്ക് പുറത്തോ അകത്തോ എവിടെയെങ്കിലും സ്വന്തമായി മൂന്ന് സെന്‍റും അതില്‍ ഒരു കൊച്ച് കൂരയും വച്ച് ഉടമസ്ഥാവകാശം കൈമാറിയാല്‍ അതോടെ സര്‍ക്കാര്‍ കണക്കില്‍ ആ കുടുംബം ഭൂഉടമസ്ഥരായി മാറും. എന്നാല്‍, ഇതല്ല ആദിവാസികള്‍ ഉള്‍പ്പടെ യുള്ള മര്‍ദിതര്‍ ഉന്നയിച്ചത്. സ്വന്തമായി കൃഷി ചെയ്ത് ജീവിക്കാന്‍ മതിയായ അത്രയും ഭൂമിയും വാസസ്ഥലവുമാണ്.
ഭൂഅധികാരത്തിന്‍െറ പ്രശ്നം കുറച്ചെങ്കിലും ഉന്നയിക്കപ്പെട്ടത് ചെങ്ങറയിലാണ്. കൃഷിഭൂമി എന്ന ആവശ്യമാണ് അവിടെ ഉന്നയിക്കപ്പെട്ടത്. എന്നാല്‍, സര്‍ക്കാരും പൊതുസമൂഹവും ചെങ്ങറ സമരത്തെകണ്ടത് കേവലം വീട് വയ്ക്കാനുള്ള സ്ഥമില്ലാത്തവരുടെ പ്രശ്നമായും ഭൂരഹിതരായ ചിലരുടെ പോരാട്ടവുമായാണ്. അതുകൊണ്ടാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍  ഒരു കൃഷി പോലും സാധ്യമല്ലാത്ത പാറക്കെട്ടുകള്‍ നിറഞ്ഞ ഇടം വീട് വയ്ക്കാനായി  തെരഞ്ഞെടുത്ത് ദലിതരില്‍ ഒരു വിഭാഗം ചെങ്ങറ വിട്ടത്. കേരളത്തിലെ പൊതു സമൂഹവും ‘ഇടതുപക്ഷ’ സര്‍ക്കാരുകളും ദലിതരുടെ ഭൂപ്രശ്നത്തെ ഇപ്പോഴും കാണുന്നത് വീട്വയ്ക്കാനുള്ള സ്ഥലം അനുവദിക്കേണ്ടതിന്‍െറ  മാത്രം പ്രശ്നമായാണ്. വൈകിയാണെങ്കിലും ദലിതര്‍ ‘ഒരു കുടുംബത്തിന് ഒരേക്കര്‍ ഭൂമി ’എന്ന ആവശ്യം ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്. ജിഗ്നേഷ് മേവാനിയുടെ ‘തിരുവനന്തപുരം ചലോ’ പ്രകടനത്തിന്‍െറ ഭാഗമായാണ് ആവശ്യം ഉയര്‍ന്നത്. മൂന്നാറിലെ പൊമ്പിളൈ ഒരുമൈ പോലുള്ള സംഘടനകള്‍ ഒരേക്കര്‍ ഭൂമി എന്ന മുദ്രാവാക്യം ഏറ്റെടുക്കുന്നത് നല്ല സൂചനയാണ്. പക്ഷേ  ഇത് സമഗ്രമായ ഒരു  കാര്‍ഷിക സമര പരിപാടിയായോ, ഭൂഅധികാര പ്രശ്നമായോ, ഉല്‍പാദന ഉപാധിയുടെ ഉടമസ്ഥ തലത്തിലോ ഒക്കെ വികസിക്കുമോയെന്നത്  കാത്തിരുന്ന് കാണണം.
കേരളത്തില്‍ ഭൂമിയില്ലാത്തതുകൊണ്ടാണ് ആദിവാസികള്‍ക്കും ദലിതര്‍ക്കും ഭൂമി അനുവദിക്കാത്തത് എന്നു മാത്രം കരുതരുത്. ടാറ്റ,ഹാരിസണ്‍ അടക്കമുള്ള കോര്‍പറേറ്റ് സ്ഥാപനങ്ങളും വന്‍കിടതോട്ട ഉടമകളും, ഭൂപ്രഭുക്കളും കൂടി കേരളത്തിലെ ഭൂമിയില്‍ നല്ല പങ്ക് കൈവശം വയ്ക്കുന്നുണ്ട്.  മൂന്നാറില്‍ ടാറ്റയുടെ കൈവശം മാത്രം 83,000  ഏക്കര്‍ ഭൂമി ഉണ്ടെന്ന് അറിയുക (മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2017 മെയ് 7-13).

4

കേരളത്തിലെ കാര്‍ഷിക മേഖലയെയും അതിലെ ഭൂബന്ധങ്ങളെയും പഠന വിധേയമാക്കുമ്പോള്‍ ചില പ്രവണതകള്‍ നിലനില്‍ക്കുന്നതും ചില പുതിയ പ്രവണതകള്‍ ഉയര്‍ന്നുവരുന്നതും കാണാം.  നമുക്ക് അവയെ ഇങ്ങനെ സംഗ്രഹിക്കാം:

1. സമകാലിക അവസ്ഥയില്‍ അസംസ്കൃത വസ്തുക്കള്‍ ലഭിക്കുന്ന എന്ന ലക്ഷ്യം സാമ്രാജ്യത്വം നിലനിര്‍ത്തുന്നുണ്ടെങ്കിലും ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന വിപണിയാണ് സാമ്രാജ്യത്വത്തിന് പ്രധാനം. ചൂഷണത്തിന്‍്റെ സാമൂഹിക അടിത്തറയായി ജന്മിത്വം തുടര്‍ന്നാല്‍, ചുവപ്പന്‍ വിപ്ളവം തങ്ങളുടെ കൊള്ളയാകെ അവസാനിപ്പിക്കുമെന്ന് സാമ്രാജ്യത്വം തിരിച്ചറിഞ്ഞു. കുതിച്ചുയര്‍ന്ന ഉല്‍പ്പാദനത്തോടെ തങ്ങളുടെ വിപണികളില്‍ കുമിഞ്ഞു കൂടിയ കാര്‍ഷികവേശങ്ങളുടെയുടെ യന്ത്രങ്ങളുടെയും അമിതഭാരം ലഘൂകരിക്കാന്‍ ഇവിടുത്തെ പിന്നോക്കാവസ്ഥയെയും ഉല്‍പ്പന്നങ്ങളുടെ വിപണിക്കനുകൂലമായ വിധത്തില്‍ ജനങ്ങളുടെ ക്രയശേഷിയെയും ഉല്‍പ്പാദനശക്തികളെയും തങ്ങള്‍ക്കനുകൂലമായ വിധത്തില്‍ വികസിപ്പിക്കാന്‍ സാമ്രാജ്യത്വം തയ്യാറായി. വികസിപ്പിച്ച്, നിയന്ത്രിക്കുക, കൊള്ളയടിക്കുക എന്ന പുതിയ തന്ത്രം സ്വീകരിച്ചു. ഇത് കാര്‍ഷിക മേഖലയില്‍ വലിയ മാറ്റത്തിന് പങ്ക് വഹിച്ചു.
2.  പ്രാഥമികവും ദ്വീതിയവും ത്രിതീയവുമായ മേഖലകളില്‍ ഉല്‍പ്പാദനശക്തികള്‍ വികാസം പ്രാപിച്ചിട്ടുണ്ട്. എന്നാല്‍, പ്രാഥമിക മേഖലയെ സേവന മേഖല അതിവേഗം മറികടക്കുന്നതായി സാമ്പത്തിക പഠനങ്ങള്‍ വ്യക്തമാക്കുന്നു.
3. ഭുപരിഷ്കരണത്തിന് ശേഷവും ഭൂ ഉടസ്ഥതയും കുത്തകയും  സവര്‍ണ്ണ വിഭാഗങ്ങളുടെ കൈയില്‍ തന്നെ യാണ് മുഖ്യമായും തുടരുന്നത്. ദലിതരില്‍ നല്ല പങ്ക് ഭൂരഹിതരായും തുടരുന്നു. ഭക്ഷ്യവിള കൃഷി മേഖലയിലെങ്കിലും ഉല്‍പാദന ബന്ധങ്ങളുടെ ജാതി-വര്‍ഗ സ്വഭാവം പഴതുപോലെ തന്നെ തുടരുന്നുണ്ട്.
4. 1957 ന് ശേഷം ഭൂബന്ധങ്ങളില്‍ ചില മാറ്റം വന്നെങ്കിലും സമഗ്രമായ കാര്‍ഷിക പരിഷ്കരണം ഒരിക്കലും നടപ്പാക്കിയില്ല.  കൃഷിരീതി, ജലസേചനം, വിത്ത് തുടങ്ങിയവയില്‍ ശാസ്ത്രീയമായ പരിഷ്കരണം കൊണ്ടുവരുന്നതില്‍ ഭരണകൂടം സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി. ഇത് ഫലത്തില്‍ കാര്‍ഷിക മുരടിപ്പ് ശക്തമാക്കി. കൃഷി ആദായകരമല്ലാത്തതും  ചിലവേറിയതുമായി മാറി. ഉല്‍പാദിപ്പിച്ച നെല്ല്, തേങ്ങ എന്നിവയുടെ സംഭരണം, വിലനിശ്ചയിക്കല്‍ എന്നിവയില്‍ സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തുന്നതിനാല്‍ വര്‍ഷതോറും വിള നശിക്കുന്ന അവസ്ഥയുണ്ട്. താങ്ങുവില പ്രഖ്യാപിച്ച് സര്‍ക്കാര്‍ സഹായിക്കാത്തത് കൃഷിയില്‍നിന്ന് പിന്മാറാന്‍ കര്‍ഷകരെ  നിര്‍ബന്ധിതരാക്കുന്നു.
5. ഭൂ പരിഷ്കരണത്തിന് ശേഷം ഭൂമി സവര്‍ണ്ണ വിഭാഗങ്ങളുടെ കൈവശമത്തെുകയും ദലിതരടക്കമുള്ളവര്‍ ഭൂമിയില്‍ നിന്ന് പുറത്താവുകയും ചെയ്തതോടെ നെല്‍കൃഷിക്ക് തിരിച്ചടി നേരിട്ടു. സംസ്ഥാനത്തിന് ആവശ്യമായ അരി ഒരര്‍ത്ഥത്തിലും ഇവിടെ ഉല്‍പാദിപ്പിക്കപ്പെടുന്നില്ല.   2005 ലെ കാര്‍ഷിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം സംസ്ഥാനത്തിന് ആവശ്യമായ അരിയുടെ 20 ശതമാനം മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്.  അതിവേഗം നെല്‍കൃഷി ചുരുങ്ങുന്നതാണ് വര്‍ത്തമാന കാഴ്ച. 1988-89 ല്‍ സംസ്ഥാനത്ത് കൃഷിയോഗ്യമായ ഭൂമി 42,03, 570 ഹെക്ടര്‍ ഉണ്ടായിരുന്നു. അതില്‍ 21,22,866 ഹെക്ടറിലാണ് കൃഷി ചെയ്തതെന്ന്  കൃഷിമന്ത്രി 1991 സെപ്റ്റംബര്‍ 23 ന് നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. 583,389 ഹെക്ടറില്‍ നെല്ലും, 816880 ഹെക്ടറില്‍ തെങ്ങും 62,472 ഹെക്ടറില്‍ കവുങ്ങും 157 006 ഹെക്ടറില്‍ കുരുമുളകും കൃഷിചെയ്തിരുന്നു.1969 ല്‍  16 ലക്ഷം ടണ്ണായിരുന്നു  നെല്ല്  ഉല്‍പാദനം. അത് 1988-89 വര്‍ഷത്തില്‍ 11.60 ലക്ഷം ടണ്ണായി കുറഞ്ഞു.1991 ലെ കണക്ക് പ്രകാരം  583 389 ഹെക്റാണ് നെല്‍കൃഷി.  2005 ല്‍ അത് 2.76 ലക്ഷം ഹെക്ടറായി. അത് 2008 ല്‍  2.34 ലക്ഷം ഹെക്ടറായി കുറഞ്ഞു. 2012 ല്‍ 1.87 ലക്ഷം ഹെക്ടറായി വീണ്ടും  ചുരുങ്ങി. 1965-66ല്‍ നെല്‍കൃഷി മൊത്തം കാര്‍ഷികവിസ്തീര്‍ണത്തിന്‍െറ 32 ശതമാനമായിരുന്നെങ്കില്‍ 2013-14ല്‍ അത് 7.6 ശതമാനംമാത്രമായി. അതായത് നെല്‍കൃഷിയില്‍ കുത്തനെ ഇടിവാണ് ഓരോ വര്‍ഷവും സംഭവിക്കുന്നത്. പകരം നാണ്യവിള കൃഷി വര്‍ധിച്ചു.  2008 ല്‍ 7.87 ലക്ഷം ഹെക്ടറില്‍ നിന്ന് തെങ്ങ് കൃഷി 2012 ല്‍ 7.98 ലക്ഷം ഹെക്ടറായി ഉയര്‍ന്നു.  ഭക്ഷ്യവിള കൃഷിയില്‍ വരുന്ന കുറവ് മൂലം കേരളത്തിന് ഭക്ഷ്യഉല്‍പാദനത്തില്‍ പരാശ്രയത്വം ശക്തമായി.  ഭക്ഷ്യവിളയിലെ പരാശ്രയത്തിന് മേല്‍ കെട്ടിപ്പൊക്കുന്ന എല്ലാ വികസനവും ഭീഷണിക്ക് മുകളിലാണ്.
6.  കാര്‍ഷികമേഖലയിലെ പുതിയ പ്രതിഭാസമെന്ന നിലയില്‍ കാര്‍ഷിക മുതലാളിത്തം  നിലവിലുണ്ട്.  ഭക്ഷ്യവിള മേഖല അടുത്തകാലത്തായി കാര്‍ഷിക മുതലാളിത്തത്തിന് കീഴ്പ്പെട്ടുവരുന്നു എന്നത് പുതിയ പ്രവണതയാണ്. സ്വന്തം കൃഷിയിടങ്ങളില്‍ നെല്ലുവിളയിച്ചെടുത്ത് സംസ്കരിച്ച് വന്‍തോതില്‍ വിറ്റഴിച്ച് ലാഭം കൊയ്യുന്ന പുതിയ മുതലാളിത്തം ശക്തമായിട്ടുണ്ട്. പാലക്കാട് ഗായത്രി മില്‍ പോലുള്ള ഇത്തരം സ്ഥാപനങ്ങള്‍ കേരളത്തിന്‍്റെ പലയിടത്തും ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു.കൃഷിയിടങ്ങളില്‍ ആധുനിക കൃഷി രീതി മുഴുവന്‍ ഇവര്‍ പ്രയോജനപ്പെടുത്തുന്നു. സ്വതന്ത്ര കൂലി വേലയാണ് മുഖ്യമായ ചൂഷണരീതി. കൃഷിഭൂമി പകുതി പാട്ടത്തിനടുത്തതാണ്. ഈ നെല്ല് അത്യാധുനിക് വിദേശനിര്‍മ്മിത യന്ത്രങ്ങളിലൂടെ സംസ്കരിച്ച് പായ്ക്കറ്റുകളിലാക്കി ആഭ്യന്തര വിപണിയും കയറ്റുമതിയും ലക്ഷ്യമിടുന്നു.
7.സമീപകാലത്തായി  കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെയും മറ്റ് കൂട്ടുകൃഷി വ്യാപകമാകുന്നുണ്ട്. ജനകീയാസൂത്രണ പദ്ധതി ഇത്തരം കൂട്ടുകൃഷി വികസനത്തിന് ഭൗതിക അടിത്തറ തീര്‍ത്തിട്ടുണ്ട്. കര്‍ഷകര്‍ തങ്ങളുടെ ഭൂമി പാട്ടത്തിന് കൊടുക്കുകയും അതേ ഭൂമിയില്‍ കൂട്ടുകൃഷി രീതിയില്‍ കൃഷിയിറക്കി ലാഭം വീതിക്കുകയും ചെയ്യുന്നു. ഒരു കര്‍ഷകന്‍ തന്‍്റെ ഭൂമി കൂട്ടുകൃഷിക്ക് വിധേയമാക്കുമ്പോള്‍ പാട്ടവും ലാഭവിഹിതവും കിട്ടുന്നു.
8. ജന്മിത്വ ഉല്‍പ്പാദനരീതിയുടെ പ്രമുഖ സവിശേഷതയാണ് പാട്ടവ്യവസ്ഥ. ജന്മിത്വത്തില്‍ കര്‍ഷകന്‍്റെ മിച്ചോല്‍പ്പാദനം മുഖ്യമായും ജന്മി പിഴിഞ്ഞെടുത്തിരുന്നത് പാട്ടത്തിന്‍്റെ രൂപത്തിലായിരുന്നു. എന്നാല്‍, പാട്ട വ്യവസ്ഥയുടെ സ്വഭാവത്തിന് അടിസ്ഥാനപരമായി തന്നെ മാറ്റം വന്നിരിക്കുന്നു. ചെറുകിട കര്‍ഷകര്‍ തങ്ങളുടെ ഭൂമി ധനിക, ഇടത്തരം കര്‍ഷകര്‍ക്ക് പാട്ടത്തിന് കൊടുത്ത് സ്വന്തം അധ്വാന ശക്തി വില്‍ക്കുന്നുണ്ട്.
9. കര്‍ഷകനെ കൃഷിഭൂമിയില്‍ തളച്ചിടുന്ന സാമ്പത്തികേതര മര്‍ദ്ദനങ്ങള്‍  ഇന്ന് പൊതു പ്രവണതയല്ല.
10. നാടുവാഴിത്ത കാലഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി സ്വതന്ത്ര കൂലി വേല  കാര്‍ഷിക മേഖലയില്‍ നിലവില്‍ വന്നു. നെല്‍കൃഷിക്ക് പകരം നാണ്യവിള കൃഷി വര്‍ധിച്ചതോടെ സ്ത്രീകള്‍ കാര്‍ഷിക തൊഴില്‍വൃത്തിയില്‍ നിന്ന് അത്യധികമായി പുറത്താക്കപ്പെട്ടു.
11. ഭക്ഷ്യവിളകളെ അവഗണിച്ച് സര്‍ക്കാര്‍ നാണ്യവിളകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്നു. കാര്‍ഷിക മേഖലയാകട്ടെ പലവിധത്തിലെ ഹുണ്ടികകള്‍, പലിശക്കാര്‍ എന്നിവയുടെ പിടിയിലാണ്. സഹകരണ ബാങ്കുകളടക്കം കര്‍ഷകരെ ചൂഷണം ചെയ്യുന്ന ഒന്നായി മാറിയിട്ടുണ്ട്.
12. കേരളത്തില്‍ അതിവേഗം ഭൂമിയുടെ തുണ്ടുവല്‍ക്കരണം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇനിയും തുണ്ടുവല്‍ക്കരിക്കാന്‍ കഴിയാത്ത വിധത്തില്‍ പലയിടത്തും ഭൂഉടമസ്ഥത ചുരുങ്ങി. 1960 കളില്‍ 28,22,800 ഭൂവുടമകള്‍ ഉണ്ടായിരുന്നത്  1980 ലെ കാര്‍ഷിക സെന്‍സസ് പ്രകാരം  41,80, 929 ആയി ഉയര്‍ന്നു.പിന്നീടുള്ള കണക്കുകള്‍ ലഭ്യമല്ളെങ്കിലും ഭൂഉടമസ്ഥരുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നുവെന്ന് വ്യക്തമാണ്. മറുവശത്ത് ഭൂകേന്ദ്രീകരണം ശക്തമായി. വന്‍കിട തോട്ടങ്ങളുടെ പേരില്‍ ഭൂമി കുറച്ചാളുകളുടെ കൈവശം കേന്ദ്രീകരിക്കപ്പെടുന്ന പ്രവണത വര്‍ധിച്ചു. അതേ സമയം ഭൂരഹിതരില്‍ നല്ല പങ്കും ദലിതരും ആദിവാസികളുമാണ്. ഭൂമിയുള്ളത് നായര്‍, സുറിയാനി ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ കൈവശമാണ്. ഇത് സവര്‍ണ സമുദായങ്ങള്‍ക്ക് ജാതീയമായ മോല്‍ക്കോയ്മ മൊത്തം സമൂഹത്തിലും നല്‍കുന്നു.
13. സ്ത്രീകള്‍ക്ക് ഭൂവുടമസ്ഥതയില്‍ നാമമാത്രമായ പങ്കേയുള്ളൂ. ഭൂഉടമസ്ഥത ഭൂരിപക്ഷവും പുരുഷന്‍മാരുടെ കൈയിലാണ്. സ്വത്ത് പുരുഷന്മാരിലേക്ക് എത്തിക്കുക എന്ന റോള്‍ വിവാഹത്തിലൂടെ സ്ത്രീകള്‍  നിറവേറ്റുന്നു.
14 ഭൂമി ഒരു ആസ്തി (അസറ്റ്) മാറി. ഭൂമിയില്‍ നിക്ഷേപിക്കുക, ഭൂമി കൂടുതല്‍ ഉയര്‍ന്ന വിലക്ക് മറിച്ചുവില്‍ക്കുക എന്നതിലൂടെ ലാഭം കൊയ്യുന്നതിന് ഒരു ‘ചരക്ക്’ ആയി ഭൂമി മാറി. ബിനാമി പേരിലും മറ്റും ഭൂമി നാട്ടിലും മറുനാട്ടിലുമായി വാങ്ങിക്കൂട്ടാന്‍ കഴിയുന്ന സാഹചര്യം ഒരുങ്ങി. ഒരാള്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ സ്വന്തമാക്കിയ ഭൂമി എന്തെന്ന് തിരിച്ചറിയാന്‍ പോലും കഴിയാതായി മാറി.
15. ഭൂരഹിതരായ ഒരു കൂട്ടം പേരെ  ഒരുമിച്ച് ചേര്‍ത്ത് ഫ്ളാറ്റ് നിര്‍മിച്ച് കൊടുക്കുന്ന രീതി സര്‍ക്കാര്‍ അടുത്തിടെയായി സ്വീകരിച്ചു. ഇത്് വഴി ഭവനരാഹിത്യം എന്ന അവസ്ഥ ഒഴിവാക്കാനാകുമെങ്കിലും ഫ്ളാറ്റിലെ താമസക്കാര്‍ക്ക് ഒരിക്കലും ഭൂമിയുടെ അവകാശം ലഭിക്കില്ല. ഭൂരാഹിത്യം സമം ഭവനരാഹിത്യം എന്ന സമവാക്യത്തിലേക്ക് ഭൂപ്രശ്നത്തെ സര്‍ക്കാര്‍ തീര്‍ത്തും ചുരുക്കിയിരിക്കുന്നുവെന്നാണ് ഇതില്‍ നിന്ന് മനസിലാകുക.
15.ഭൂമി മണ്ണില്‍ പണിയെടുക്കാന്‍ താല്‍പര്യമില്ലാത്തവരുടെ കൈവശം ഭൂമി തുടരുന്നത്  അവസാനിപ്പിച്ച് മണ്ണില്‍ പണിയെടുക്കാന്‍ താല്‍പര്യമുള്ള ദരിദ്ര, ഭൂരഹിത കര്‍ഷകരിലേക്ക് ഭൂമി നല്‍കേണ്ടതുണ്ട്. ഒപ്പം വന്‍കിടക്കാരുടെ ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യുകയാണ് ഇതിന് വേണ്ടത്. അത് ദലിതരുടെ അടക്കം വിമോചനത്തില്‍ വലിയ പങ്ക് വഹിക്കും.

5
സംസ്ഥാനത്ത് നിലവിലെ ഭൂബന്ധങ്ങളില്‍ മാറ്റം വരേണ്ടത് ജാതി രഹിത, സ്വശ്രിത കേരളത്തിന്‍െറ സൃഷ്ടിക്ക് അടിയന്തര ആവശ്യമാണ്.  നെല്‍കൃഷിയെ കൈയൊഴിഞ്ഞ് വ്യവസായ വല്‍ക്കരണത്തിലോ സേവനമേഖലയിലോ ഊന്നി  ശാസ്ത്രീയമായ വികസനം ഒരിക്കലും സാധ്യമല്ല. ഭക്ഷ്യപ്രതിസന്ധിയില്‍ തട്ടി അതി വിദൂരമല്ലാത്ത ഭാവിയില്‍ തന്നെ വികസനം എന്ന അവകാശ വാദങ്ങള്‍ തകര്‍ന്നടിയും. നാട്ടിന്‍ പുറങ്ങളിലെ ദാരിദ്ര്യത്തിനും പിന്നാക്കാവസ്ഥയ്ക്കും കൃഷിയിലെ പിന്നാക്കാവസ്ഥ ഒരു കാരണമാണ്.  പുത്തന്‍കൊളോണിയല്‍ സാമൂഹിക-സാമ്പത്തികാവസ്ഥയെ ഉഴുതു മറിക്കണമെങ്കില്‍ കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ലഭ്യമാക്കണം. സമഗ്രമായ കാര്‍ഷികവിപ്ളവം, അല്ളെങ്കില്‍ ഭൂപരിഷ്കരണമാണ് പ്രതിവിധി. അത്തരം ഒരു ശ്രമത്തിന്‍െറ മുഖ്യ അജണ്ട കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ലഭ്യമാക്കുകയാണ്. അതിന് ഭൂമി എന്നാല്‍ വീടുവയ്ക്കാനുള്ള ഇടമെന്നതിന് അപ്പുറത്തേക്ക് കാഴ്ചപ്പാട് മാറണം. ഭൂമി  എന്ന ആവശ്യത്തെ സാമ്പത്തിക മാത്ര വാദമായി ചുരുക്കാനും പാടില്ല.
നിലവിലുള്ള ഭൂബന്ധങ്ങളാണ് ദളിതുകളുടെ മോചനത്തിനുള്ള പ്രധാന തടസം. അത് മാറ്റിമറിക്കുന്നതിലൂടെയേ ദലിതരുടെ മോചനം സാധ്യമാകൂ. കൂടാതെ ആദിവാസികളുള്‍പ്പെടെയുള്ള  അടിസ്ഥാന വര്‍ഗ്ഗ-ജാതി വിഭാഗങ്ങള്‍ക്കുള്ള ഭൂമി നഷ്ടപ്പെടുകയും പാപ്പരീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. അത് ഇല്ലാതാക്കണം. അനധികാരത്തിന്‍്റെയും പരാശ്രയ ബോധത്തിന്‍്റെയും ഭൗതിക അടിത്തറയായ ഭൂബന്ധങ്ങള്‍ തകര്‍ക്കുന്നതിലൂടെയേ ജാതി നശീകരണ കടമകള്‍ക്കും രാഷ്ട്രീയാധികാര വിപ്ളവ പ്രയോഗങ്ങള്‍ക്കും മുന്നേറാനാകൂ.

^^^^^^^^^^^^^^^^^^^^^^^^^
കൊല്ലത്ത്​ നിന്ന്​ പ്രസിദ്ധീകരിക്കുന്ന വിമോചന ധാര 2017 ജൂലൈ ലക്കത്തിൽ എഴുതിയത്​

No comments:

Post a Comment