ദേശീയ മാധ്യമങ്ങളിലെ ശ്രദ്ധേയ സാന്നിധ്യവും ശക്തമായ നിലപാടുകളാൽ വേറിട്ട മാധ്യമ വ്യക്തിത്വവുമാണ് സാഗരിക ഘോഷ്. രാജ്യത്തെ മാധ്യമ രംഗം നേരിടുന്ന വെല്ലുവിളികൾ വ്യക്തമാക്കുന്നതിനൊപ്പം അടുത്തിടെ എഴുതിയ ‘ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവർഫുൾ ൈപ്രംമിനിസ്റ്റർ’ എന്ന ജീവചരിത്രത്തെക്കുറിച്ചും തെൻറ ജീവിത ഇന്നലെകളെക്കുറിച്ചും അവർ സംസാരിക്കുന്നു.
വൈകിയിരിക്കുന്നു; ഇനിയെങ്കിലും
നിശ്ശബ്ദത കൈവെടിയണം
സാഗരിക ഘോഷ് / ആർ.കെ. ബിജുരാജ്
ചിത്രങ്ങൾ: ദിലീപ് പുരയ്ക്കൽ
സാഗരിക ഘോഷ് ഒരു ഐക്കണാണ്. രാജ്യത്തെ സമകാലിക മാധ്യമ പ്രവർത്തനത്തെ അടയാളപ്പെടുത്താൻ മതിയായ ഒരു രൂപകവും. സവർണ ഫാഷിസ്റ്റ് കാലത്ത് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനും ജനപക്ഷ നിലപാടുകളുള്ള മാധ്യമപ്രവർത്തകർക്കും എന്തുസംഭവിക്കുന്നു എന്നറിയാൻ എന്തുകൊണ്ടും സാഗരിക ഘോഷിെൻറ മാധ്യമപ്രവർത്തന ഗ്രാഫ് പരിശോധിച്ചാൽ മതിയാകും.
ദേശീയ മാധ്യമരംഗത്ത് അച്ചടി, ദൃശ്യമാധ്യമ മേഖലകളിൽ 26 വർഷമായി സജീവസാന്നിധ്യമാണ് സാഗരിക. രാജ്യത്തെ പ്രമുഖ വനിതാ മാധ്യമ പ്രവർത്തകരിൽ ഒരാൾ. വാർത്താ അവതാരക, കോളമിസ്റ്റ്, നോവലിസ്റ്റ്, ജീവചരിത്രകാരി തുടങ്ങിയ നിലകളിലും പ്രശസ്ത. സി.എൻ.എൻ–ഐ.ബി.എൻ ഡെപ്യൂട്ടി എഡിറ്ററായിരുന്ന സാഗരിക റിലയൻസ് ഇൻഡസ്ട്രീസ് സ്ഥാപനം ഏറ്റെടുത്തതോടെ അവിടം വിട്ടു. ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യയിൽ കൺസൾട്ടിങ് എഡിറ്ററാണ്. സി.എൻ.എൻ–ഐ.ബി.എൻ മുൻ എഡിറ്റർ ഇൻ ചീഫ് രജ്ദീപ് സർദേശായിയാണ് ജീവിത പങ്കാളി.
1964 നവംബർ എട്ടിന് ജനിച്ച സാഗരിക ഡൽഹി സെൻറ് സ്റ്റീഫൻസ് കോളജ്, ഓക്സ്ഫഡ് എന്നിവിടങ്ങളിലായാണ് പഠനം പൂർത്തീകരിച്ചത്. ചരിത്രത്തിൽ ബിരുദവും എം.ഫിലും. ഐ.എ.എസ് ഉദ്യോഗസ്ഥനും ദൂരദർശൻ ഡയറക്ടർ ജനറലുമായിരുന്ന ഭാസ്കർ േഘാഷാണ് പിതാവ്. 1991ൽ ടൈംസ് ഓഫ് ഇന്ത്യയിലൂടെയാണ് പത്രപ്രവർത്തന രംഗത്ത് സജീവമാകുന്നത്. ഔട്ട്ലുക്, ഇന്ത്യൻ എക്സ്പ്രസ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. തുടർന്ന് സി.എൻ.എൻ–ഐ.ബി.എന്നിലെത്തി. പത്രപ്രവർത്തന രംഗത്തെ മികവിന് നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജിൻ ഡ്രിങ്കേഴ്സ് (1998), ബ്ലൈൻഡ് ഫെയ്ത്ത് (2004) എന്നീ നോവലുകൾ എഴുതി. അടുത്തിടെ ‘ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവർഫുൾ ൈപ്രംമിനിസ്റ്റർ’ എന്ന ജീവചരിത്ര ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഇന്ദിര ഗാന്ധിയെക്കുറിച്ച് എഴുതപ്പെട്ട വിമർശനാത്മക–ജീവചരിത്രങ്ങളിൽ ഒന്നാണ് ഇത്.
പുതിയ പുസ്തകത്തിെൻറ പ്രചാരണാർഥം കൊച്ചിയിൽ അടുത്തിടെ സാഗരിക ഘോഷ് എത്തിയിരുന്നു. രാജ്യത്തെ മാധ്യമപ്രവർത്തനത്തെക്കുറിച്ചും ഇന്ദിര ഗാന്ധിയുടെ ജീവചരിത്രത്തെക്കുറിച്ചും തെൻറ ഇന്നലെകളെക്കുറിച്ചും അവർ ആഴ്ചപ്പതിപ്പിനോട് സംസാരിക്കുന്നു.
ഒരു ഘട്ടത്തിൽ രാജ്യത്തെ ഏറ്റവും വലിയ ചാനലുകളിൽ ഒന്നിൽ നിറഞ്ഞുനിന്നവരാണ് താങ്കളും ഭർത്താവ് രജ്ദീപ് സർദേശായിയും. പെെട്ടന്ന് തന്നെ രണ്ടുപേരും ചാനൽവെട്ടത്തിൽനിന്ന് കാണാതായി. എന്തുകൊണ്ട്? ഇപ്പോഴത്തെ പിന്മാറ്റം രണ്ടുപേരെയും നിരാശപ്പെടുത്തുന്നുണ്ടോ?
ഞാനും രജ്ദീപ് സർദേശായിയും സി.എൻ.എൻ–ഐ.ബി.എന്നിലായിരുന്നു. അംബാനി (റിലയൻസ് ഇൻഡസ്ട്രീസ്) ഞങ്ങളുടെ ചാനൽ ഏറ്റെടുത്തു. മോദി സർക്കാറിനെ പിന്തുണക്കുന്ന മാധ്യമപ്രവർത്തകർ മാത്രം ചാനലിൽ മതി എന്ന നിലപാടിലായിരുന്നു അംബാനി. അവർക്ക് സ്വതന്ത്രരായ മാധ്യമപ്രവർത്തകരെ വേണ്ട. അതിനാൽ ഞങ്ങൾക്ക് സ്ഥാപനം വിടേണ്ടിവന്നു. 2014 ജൂലൈയിൽ ഞങ്ങൾ രാജിെവച്ചു. ഞാനിപ്പോൾ ജോലി ചെയ്യുന്നത് ടൈംസ് ഓഫ് ഇന്ത്യയിലാണ്. രജ്ദീപ് ഇന്ത്യാ ടുഡേ ഗ്രൂപ്പിൽ കൺസൾട്ടിങ് എഡിറ്ററാണ്. ടൈംസ് ഓഫ് ഇന്ത്യയിൽ ഞാൻ കൂടുതലായി സ്വാതന്ത്ര്യം അനുഭവിക്കുന്നു. പത്രപ്രവർത്തകരെ മാനിക്കുന്ന നീണ്ട ചരിത്രമുള്ള സ്ഥാപനമാണ് ടൈംസ് ഓഫ് ഇന്ത്യ. ഒരു സ്ഥാപനം വിട്ടു എന്നതുകൊണ്ട് വ്യക്തിപരമായി ഞങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ല. ഞങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നു. ഞങ്ങൾക്ക് മാധ്യമപ്രവർത്തനത്തിൽനിന്ന് പിന്മാറാൻ ഉദ്ദേശ്യമില്ല. അതാണ് ഞങ്ങളുടെ പ്രഫഷൻ. എന്തു സാഹചര്യത്തിലും ഞങ്ങൾ അത് തുടരും. ഞങ്ങൾ ആദ്യം അച്ചടിമാധ്യമത്തിലാണ് പ്രവർത്തിച്ചത്. പിന്നീട് ടെലിവിഷനിൽ എത്തി. ഇനിയും തിരിച്ച് വന്നേക്കും. അനുകൂലമായാൽ പുതിയ മാധ്യമ രീതികൾ സ്വീകരിച്ചുകൂടായ്കയില്ല. സ്ഥാപനം വിട്ടതിലോ ചാനലിൽനിന്ന് വിട്ടുപോയതിലോ വ്യക്തിപരമായി നിരാശയില്ല. ഞാനും സർദേശായിയും നന്നായി പ്രവർത്തിച്ചു. ഞങ്ങൾ ഒരിക്കലും പണത്തിന് പിന്നാലെ പോയിട്ടില്ല. അതുകൊണ്ട് ആ തലത്തിലും നിരാശയില്ല. ഞങ്ങൾ സി.എൻ.എൻ–ഐ.ബി.എൻ വിടേണ്ടിവന്നത് ഇന്ത്യയുടെ വർത്തമാന മാധ്യമ അന്തരീക്ഷത്തെകൂടിയാണ് സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെ നിലവിലെ മാധ്യമ അന്തരീക്ഷത്തെ എങ്ങനെയാണ് കാണുന്നത്?
രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം ഗുരുതരമായ പ്രതിസന്ധിയിലാണ്. രാഷ്ട്രീയ സമ്മർദങ്ങൾ, കോർപറേറ്റ് സമ്മർദങ്ങൾ, സ്ഥാപനങ്ങൾക്കുള്ളിൽ തന്നെയുള്ള സമ്മർദങ്ങൾ എന്നിവ മാധ്യമപ്രവർത്തകർ നേരിടുന്നുണ്ട്. അതിനെക്കാൾ സർക്കാർ തലത്തിലുള്ള സമ്മർദമാണ് മാധ്യമങ്ങൾ ഇപ്പോൾ നേരിടുന്നത്. ഇപ്പോഴത്തെ കേന്ദ്ര സർക്കാർ ഹിന്ദു ദേശീയതയിൽ വിശ്വസിക്കുന്നവരാണ്. മാധ്യമങ്ങളിലേതടക്കം എല്ലാ വിമതശബ്ദങ്ങളെയും വശങ്ങളിലേക്ക് ഒതുക്കണമെന്ന് ആഗ്രഹിക്കുന്ന സർക്കാറാണ് അധികാരത്തിൽ. നിലവിലെ മാധ്യമ അന്തരീക്ഷം എന്താണെന്ന് ചോദിച്ചാൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ഞാൻ പറയും. ഇന്ദിര ഗാന്ധി ചെയ്തപോലെ ഒരു അടിയന്തരാവസ്ഥാ പ്രഖ്യാപനം ഇവിടെ ഉണ്ടായിട്ടില്ല. സർക്കാറിനെ ചോദ്യംചെയ്യുന്ന ഞങ്ങളെപ്പോലുള്ള മാധ്യമപ്രവർത്തകർ പ്രാന്തവത്കരിക്കപ്പെടുകയും ജോലി വിടാൻ നിർബന്ധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. വൈകാതെ പശുമന്ത്രാലയം വരുന്നു (ചിരി). ഇനി പശുമൂത്ര മന്ത്രാലയവും വരുമായിരിക്കും. പക്ഷേ, ഇത് മാധ്യമങ്ങൾ ചോദിക്കേണ്ടേ? മാധ്യമപ്രവർത്തനം എന്നത് സർക്കാറിനെ ചോദ്യംചെയ്യൽ കൂടിയാണ്. അത് ബി.ജെ.പി സർക്കാറാകട്ടെ, കോൺഗ്രസ് സർക്കാറാകട്ടെ മറ്റെന്ത് അധികാര പാർട്ടിയാകട്ടെ ചോദ്യങ്ങൾ ഉന്നയിക്കലാണ് മാധ്യമ പ്രവർത്തകരുടെ ജോലി. ഇവിടെ മാധ്യമങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കുന്നില്ല. സ്വതന്ത്ര മാധ്യമപ്രവർത്തനം രാജ്യത്ത് ഇല്ല എന്നാണതിെൻറ അർഥം. കോൺഗ്രസിെൻറ കാലത്ത് 2ജി, കൽക്കരി തുടങ്ങിയ എല്ലാ അഴിമതികളും മാധ്യമങ്ങൾ നിരന്തര ചോദ്യങ്ങളിലൂടെ അവതരിപ്പിച്ചു. ഇപ്പോൾ അതില്ല. ഇതുപറയുമ്പോൾ കോൺഗ്രസ് മാധ്യമ സ്വാതന്ത്ര്യത്തോട് വളരെ ആദരവ് പുലർത്തിയെന്ന് കരുതരുത്. അവർ നിരവധി വിഷയങ്ങൾ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് മുൻകാലത്ത് ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ, അതിനെക്കാളെല്ലാം പ്രതികാര ബുദ്ധിയോടെയാണ് ഈ സർക്കാർ മാധ്യമങ്ങളെ സമീപിക്കുന്നത്. അതിനാൽ മാധ്യമ പ്രവർത്തകർക്ക് ഭയമുണ്ട്, മാധ്യമസ്വാതന്ത്ര്യം ഗുരുതരമായ അപകടത്തിലാണ്.
അടുത്തിടെ എൻ.ഡി.ടി.വിക്ക് നേരെ സർക്കാർ നീക്കങ്ങളുണ്ടായി. അദാനിക്കെതിരെ ലേഖനം പ്രസിദ്ധീകരിച്ചതിന് ഇ.പി.ഡബ്ല്യൂ പോലും പ്രതിസന്ധി നേരിട്ടു. രാജ്യത്ത് സ്വതന്ത്ര മാധ്യമങ്ങളുടെ നിലനിൽപ് അവസാനിച്ചതായി ചില മാധ്യമ പ്രവർത്തകരെങ്കിലും സൂചിപ്പിക്കുന്നു. താങ്കൾ എന്തു പറയും?
അത് സത്യമാണ്. സ്വതന്ത്ര മാധ്യമപ്രവർത്തനം ഏതാണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഇവിടെ ഭരണകൂട സമ്മർദം, രാഷ്ട്രീയ സമ്മർദം, കോർപറേറ്റ് സമ്മർദം തുടങ്ങിയ നിരവധി ഭീഷണികളുണ്ട്. എൻ.ഡി.ടി.വിയുടേത് ആദായനികുതി പ്രശ്നമാണ്. അത് നിങ്ങൾക്ക് നിയമപരമായി അന്വേഷിക്കാം, നടപടിയെടുക്കാം. പക്ഷേ, എന്തിന് നിങ്ങൾ ആ മാധ്യമ സ്ഥാപനം റെയ്ഡ് ചെയ്യണം? നിങ്ങളെന്തിന് സി.ബി.ഐയെ അയക്കണം? ആ റെയ്ഡ് മാധ്യമങ്ങൾക്ക് നൽകുന്ന ഒരു സിഗ്നലാണ്. നിങ്ങൾ ആരെങ്കിലും രേഖക്ക് പുറത്തേക്ക് കടന്നാൽ നിങ്ങൾക്ക് കിട്ടാൻ പോകുന്ന പരിഗണന ഇതായിരിക്കും എന്ന സൂചന നൽകൽ. അതാണ് ഞാൻ പറഞ്ഞത് ഇവിടെ അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നുവെന്നത്. സർക്കാർ ഒരു വശത്ത് ഇങ്ങനെ പ്രവർത്തിക്കുമ്പോൾ മാധ്യമ ഉടമകൾ സ്വയം സെൻസറിങ് നടത്തുന്നു. ഇതാദ്യമായിരിക്കും മുഖ്യധാര മാധ്യമങ്ങൾ ഒന്നടങ്കം സർക്കാർ ചെയ്യുന്ന എന്തിനെയും പിന്തുണക്കുന്ന അവസ്ഥ. അത് നോട്ട് നിരോധനമാകട്ടെ, ജി.എസ്.ടിയാകട്ടെ ഇനി മറ്റെന്തുമാകട്ടെ. ഇപ്പോൾ ചൈന അതിർത്തിയിൽ സംഘർഷം നടക്കുന്നു. സർക്കാറും പ്രധാനമന്ത്രിയും ഒന്നും അതിനെപ്പറ്റി ഒരു പ്രസ്താവനപോലും ഇറക്കുന്നില്ല. ഒരു മാധ്യമവും അവരോട് അതേപറ്റി ചോദിക്കുന്നുമില്ല. മധ്യപ്രദേശിലെ വലിയ അഴിമതിയായ വ്യാപം എടുക്കുക, ഏത് മാധ്യമങ്ങളാണ് അത് റിപ്പോർട്ട് ചെയ്തത്? നോട്ടുനിരോധനംമൂലം വലിയഅളവിൽ ജോലി നഷ്ടപ്പെടലും പിരിച്ചുവിടലും പല മേഖലകളിലുമുണ്ടായി. 35,000 ലേ ഓഫുകൾ ഉണ്ടായി. എന്നാൽ ഒരു മാധ്യമവും നോട്ട് നിരോധനത്തിനുശേഷമുള്ള അവസ്ഥകളെപ്പറ്റി റിപ്പോർട്ട് ചെയ്യുന്നില്ല. കർണാടകയിൽ എം.എൽ.എ ശിവകുമാറിെൻറ വീട്ടിൽ നടന്ന റെയ്ഡ് നോക്കുക. റെയ്ഡ് നടത്തുന്നതിൽ തെറ്റില്ല. പക്ഷേ, അതിെൻറ സമയവും സാഹചര്യവും ശ്രദ്ധിക്കണം. രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നു. അഹമ്മദ് പട്ടേൽ ഗുജറാത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെടാം. അത് തടയണം. എന്നാൽ, പക്ഷേ, റെയ്ഡിനെപ്പറ്റി ഒരു ചോദ്യവും ഒരു മാധ്യമവും ഉന്നയിക്കുന്നില്ല. അധികാരത്തിൽവരുന്നതിന് മുമ്പ് മോദി എല്ലാവരുടെയും അക്കൗണ്ടിൽ നിശ്ചിത തുക ഇടുമെന്ന് പറഞ്ഞിരുന്നു, അതിനെന്തുപറ്റി? സ്വച്ഛഭാരത് എങ്ങനെ നടക്കുന്നു? മേക്ക് ഇൻ ഇന്ത്യ എങ്ങനെ പ്രവർത്തിക്കുന്നു? എന്തുകൊണ്ട് നിതി അയോഗിൽനിന്ന് അരവിന്ദ് പനാഗ്രിയ രാജിെവച്ചു? ഒരു മാധ്യമവും ഈ ചോദ്യങ്ങൾ ഒന്നും ഉന്നയിക്കില്ല.

താങ്കൾ ഈ സർക്കാരിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?
ഇതൊരു അർധ ഫാഷിസ്റ്റ് സർക്കാറാണ്. പ്രത്യക്ഷത്തിൽ, ഉപരിതലത്തിൽ ഒന്നും സംഭവിക്കുന്നതായി തോന്നുന്നില്ല. അടിയന്തരാവസ്ഥയിലെപോലെ പ്രത്യക്ഷമായ അറസ്റ്റുകളും മാധ്യമ അടിച്ചമർത്തലുകളും നടക്കുന്നില്ല. പക്ഷേ, അദൃശ്യമായ അടിച്ചമർത്തലുകൾ (ക്രാക്ഡൗൺ) നടക്കുന്നു. അദൃശ്യമായ പ്രാന്തവത്കരണം. ടീസ്റ്റ സെറ്റൽവാദിെൻറ സംഘടന, ഗ്രീൻ പീസ് തുടങ്ങിയ എൻ.ജി.ഒകളെല്ലാം മോശം അവസ്ഥയിലാണ്. ഇവിടെ നടക്കുന്നത് അപ്രഖ്യാപിത, അണ്ടർഗ്രൗണ്ട് ഫാഷിസവും അടിയന്തരാവസ്ഥയുമാണ്. നിങ്ങൾ സർക്കാരിനെതിരെ എന്തെങ്കിലും പറഞ്ഞാൽ പ്രത്യക്ഷമല്ലാത്തവിധത്തിൽ സ്ഥാപനത്തിൽ നിങ്ങൾ വശത്തേക്ക് ഒതുക്കപ്പെടും. നേരിട്ടല്ലാതെ വിട്ടുപോകാൻ ആവശ്യപ്പെടും. ശാരീരികമായി ആക്രമിക്കപ്പെടില്ലായിരിക്കും, പക്ഷേ, പ്രഫഷനൽ തലത്തിൽ വശത്തേക്ക് ഒതുക്കലും ഒഴിവാക്കലുകൾക്കും വിധേയമാകും. പരസ്യമായി തങ്ങളെ ചോദ്യം ചെയ്യുന്ന നാലോ അഞ്ചോ മാധ്യമപ്രവർത്തകരോട് പ്രധാനമന്ത്രിയും മന്ത്രിമാരും ഒന്നും സംസാരിക്കാത്ത അവസ്ഥയാണുള്ളത്.
താങ്കൾ ഈ സർക്കാറിനെ വ്യക്തിപരമായി ഭയപ്പെടുന്നുണ്ടോ?
ഇല്ല. ഞാൻ ഭയക്കുന്നില്ല. അതേസമയം മിക്ക മാധ്യമപ്രവർത്തകരും ഭയക്കുന്നുണ്ട്. സർക്കാറിനെതിരെയുള്ള വിമത ശബ്ദങ്ങളിലൊന്നായാണ് എന്നെ സർക്കാർ പരിഗണിക്കുന്നത്. അത് ഞാൻ ബി.ജെ.പി വിരുദ്ധയായതുകൊണ്ടല്ല, അധികാരത്തിലിരിക്കുന്നവരെ ചോദ്യംചെയ്യുക എന്ന മാധ്യമ ധർമം പാലിക്കുന്നുവെന്നതുകൊണ്ടാണ്. പക്ഷേ, ഈ അവസ്ഥകൾ വ്യക്തിപരമല്ലെങ്കിൽപോലും അസ്വസ്ഥപ്പെടുത്തുകയും എനിക്ക് ആശങ്കയുണർത്തുകയും ചെയ്യുന്നുണ്ട്. പലതരത്തിലുള്ള ആക്രമണങ്ങൾ എനിക്ക് നേരെ സാമൂഹിക മാധ്യമങ്ങളിൽകൂടി നടക്കുന്നുണ്ട്. അതെന്നെ പേടിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ഞാനതിൽ പൊലീസിൽ പരാതി നൽകിയിരുന്നു. കൂട്ടബലാത്സംഗം ചെയ്യുമെന്നതടക്കമുള്ള ഭീഷണി നിത്യവും കിട്ടുന്നുണ്ട്. എെൻറ മകളെ പീഡിപ്പിക്കുമെന്ന് പറഞ്ഞു. ഈ സർക്കാർ പ്രവർത്തിക്കുന്ന രീതി ആശങ്കയുണർത്തുന്നു. ഈ സർക്കാറിെൻറ നീക്കങ്ങളിൽ വളരെയേറെ മാധ്യമപ്രവർത്തകർക്ക് ഭയമുണ്ട്. അടുത്തിടെ അമിത് ഷായുടെ ആസ്തിയെപ്പറ്റി വന്ന വാർത്ത ഒരു വെബ്സൈറ്റിന് എടുത്തുമാറ്റേണ്ടിവന്നു. സിദ്ധാർഥ വരദരാജെൻറ ദ വയറിന് നേരെ കേസുണ്ടായി. മാധ്യമപ്രവർത്തകർക്ക് നേരെ പ്രത്യക്ഷമല്ലാത്ത സമ്മർദങ്ങൾ ഈ സർക്കാർ നൽകുന്നുണ്ട്. പക്ഷേ, ഈ ആശങ്കകൾ നിൽക്കുമ്പോഴും ഞാനെെൻറ ജോലി ധീരമായി ചെയ്യണം എന്ന് നിശ്ചയിച്ചുറപ്പിച്ചയാളാണ്. ഞാനത് ചെയ്യും.

പക്ഷേ, അർണബ് ഗോസ്വാമി തരത്തിലുള്ളവരും മാധ്യമപ്രവർത്തകരായി ഇവിടെയുണ്ട്..?
അർണബ് ഗോസ്വാമി പൂർണമായും കോർപറേറ്റ് വത്കരിക്കപ്പെട്ടിരിക്കുന്നു. അയാൾ സർക്കാറിെൻറ മൗത്ത്പീസ് ആണ്. ചാനലുകളെപ്പറ്റി പറയുകയാണെങ്കിൽ റിപ്പബ്ലിക് അടക്കം ഏതാണ്ട് എല്ലാ ചാനലുകളും സർക്കാറിനോട് വളരെ കൂറുപുലർത്തുന്നവരാണ്. അവർ ആരും സർക്കാറിനെ ചോദ്യംചെയ്യുന്നില്ല, പ്രതിപക്ഷത്തെയാണ് ചോദ്യംചെയ്യുന്നത്. കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടി.വി സോണിയ ഗാന്ധിയെക്കുറിച്ച് ചർച്ച നടത്തി. ആദ്യമായിട്ടാണ് മാധ്യമങ്ങൾ പ്രതിപക്ഷത്തെ മാത്രം ചോദ്യംചെയ്യുന്നത് കാണുന്നത്. മുമ്പ് ഓരോ കാര്യത്തിനും കോൺഗ്രസ് സർക്കാറിനെ ചോദ്യംചെയ്യാൻ ചാടിത്തുള്ളിയ അർണബ് എന്തുകൊണ്ടാണ് ഇപ്പോൾ നിശ്ശബ്ദനായിരിക്കുന്നത്? മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും ജോലിയെന്നത് അധികാരത്തിലിരിക്കുന്നവരെ ചോദ്യംചെയ്യലാണ്. അതല്ല ഇവിടെ സംഭവിക്കുന്നത്. ഇവിടെ അധികാരത്തിലില്ലാത്തവരെ, അധികാരമില്ലാത്തവരെയാണ് ചോദ്യംചെയ്യുന്നത്. എൻ.ഡി.ടി.വി ആദായനികുതി ലംഘനം നടത്തിയെന്നതാണെങ്കിൽ റെയ്ഡ് നടത്താം. അവരെന്തുകൊണ്ട് റിപ്പബ്ലിക് ടി.വിയിൽ നടത്തുന്നില്ല. ആ ചാനൽ രാജീവ് ചന്ദ്രശേഖറിേൻറതാണ്. അദ്ദേഹത്തിന് തിരുവനന്തപുരം സീറ്റ് വേണമെന്നാണ് പറഞ്ഞുകേൾക്കുന്നത്. അതിനാലാണ് റിപ്പബ്ലിക് ടി.വി ശശി തരൂരിനെ തുടർച്ചയായി ആക്രമണലക്ഷ്യമാക്കുന്നതും. നിങ്ങൾക്കെങ്ങനെയാണ് ഒരാളെ ക്രിമിനൽ, കൊലപാതകി എന്നൊക്കെ വിളിക്കാനാവുക? കോടതി ഇതുവരെ വിധി പുറപ്പെടുവിച്ചിട്ടില്ല. അത് കോടതി ചെയ്യട്ടെ.
ഞാൻ പറഞ്ഞുവന്നത് വാർത്താ അവതാരകർ വിധികർത്താക്കളും സൂര്യന് താഴെയുള്ള മുഴുവൻ കാര്യത്തിലും അഭിപ്രായ പ്രഖ്യാപനം നടത്തുന്ന അവസ്ഥയെക്കുറിച്ചുകൂടിയാണ്..?
ഇത് അവിശ്വസനീയമായ കാര്യമാണ്. എങ്ങനെ ഒരു വാർത്താ അവതാരകന് താനാണ് ജഡ്ജിയും ആരാച്ചാരുമെല്ലാമെന്ന് ചിന്തിക്കാനാവും. അയാൾ പ്രഖ്യാപിക്കുന്നു നിങ്ങൾ കൊലപാതകിയാണ്, ക്രിമിനലാണ് എന്ന്. ഓരോ ദിവസവും അവർക്ക് ഒരു ശത്രുവേണം. അത് ശശി തരൂരോ വിജയ് മല്യയോ ആവട്ടെ, അത് വേണം. അവർ തെറ്റ് ചെയ്തിട്ടുണ്ടാവാം. അത് കോടതി തീരുമാനിക്കേണ്ട കാര്യമാണ്. അത് ടി.വി അവതാരകൻ ചെയ്യേണ്ടതല്ല. അയാൾ ദൈവമല്ല. ജനങ്ങൾക്കെതിരെ വിധി പ്രസ്താവം നടത്താനല്ല അവതാരകൻ കാമറക്ക് മുന്നിൽ ഇരിക്കുന്നത്.
മാധ്യമങ്ങളുടെ കോർപറേറ്റ് വത്കരണം ഒരു പ്രശ്നമാണ്. അതിെൻറ ഒരു തരത്തിലുള്ള ഇരയാണ് താങ്കളും രജ്ദീപ് സർദേശായിയും. അതേപറ്റി?
മൂന്ന് പ്രശ്നങ്ങൾ മാധ്യമങ്ങൾ നേരിടുന്നുണ്ട്. കോർപറേറ്റ്വത്കരണം, രാഷ്ട്രീയവത്കരണം, ട്രിവിലൈസേഷൻ (വാർത്തകളെ നിസ്സാരവത്കരിക്കുകയും തമസ്കരിക്കുകയുംചെയ്യൽ). ടെലിവിഷൻ ചാനലുകൾക്ക് വളരെയേറെ പണം വേണം. അതിനാൽ തന്നെ ചാനൽ നടത്താൻ വലിയ ബിസിനസുകാർക്കേ കഴിയൂ. അവർ സർക്കാറുമായി ഇടയുന്ന ഒന്നിനും നിൽക്കില്ല. അവർക്ക് വേണ്ടത് മധ്യവർത്തിയായ, ചോദ്യങ്ങൾ ഉന്നയിക്കാത്ത മാധ്യമപ്രവർത്തനമാണ്. സി.എൻ.എൻ^ ഐ.ബി.എന്നിൽ ഞങ്ങൾ ഈ കോർപറേറ്റ്വത്കരണം നേരിട്ട് കണ്ടതാണ്. ഇന്നത്തെ മാധ്യമ അന്തരീക്ഷം വളരെ ദുഷിച്ചതാണ്. ചാനലുകൾ നിയന്ത്രിക്കുന്ന ബിസിനസുകാർക്ക് അവരുടേതായ അജണ്ടയുണ്ട്. അംബാനി എണ്ണ, ഗ്യാസ്, ടെലികോം തുടങ്ങിയ വിവിധ മേഖലകളിൽ താൽപര്യമുള്ള വലിയ ബിസിനസുകാരനാണ്. അദ്ദേഹത്തെ സംബന്ധിച്ച് മാധ്യമപ്രവർത്തനം എന്നത് സർക്കാറിൽനിന്ന് ആനുകൂല്യം ലഭിക്കാനുള്ള പി.ആർ. ഏജൻസിയാണ്.
മാധ്യമങ്ങൾ പല സമയത്തും പാലിക്കുന്ന കുറ്റകരമായ നിശ്ശബ്ദതയുണ്ട്..?
അതെ, മാധ്യമങ്ങൾ നിശ്ശബ്ദരാണ്. മാധ്യമങ്ങൾ മാത്രമല്ല ജനങ്ങളും. രാജ്യത്ത് നിശ്ശബ്ദതയുടെ ഗൂഢാലോചന നടക്കുന്നുണ്ട്. ഞാൻ കശ്മീരിൽ തുടർച്ചയായി യാത്രചെയ്തിട്ടുണ്ട്. അവിടെ നിഷ്ഠുരമായ ആഭ്യന്തരയുദ്ധം (സിവിൽ വാർ)നടന്നുകൊണ്ടിരിക്കുകയാണ്. ജനകീയ പ്രസ്ഥാനങ്ങളെല്ലാം അടിച്ചമർത്തപ്പെടുന്നു. എത്രയേറെ കുട്ടികളാണ് അവിടെ പെല്ലറ്റുകൾമൂലം അന്ധരായത്? മാധ്യമങ്ങൾ കശ്മീരിലെ ഭീതിദ അവസ്ഥകൾ കൂടുതലായി റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. ഈ നിശ്ശബ്ദത അപകടകരമാണ്. ഹുർറിയത്ത് പണം എടുക്കുന്നു, കല്ലെറിയുന്നവർ പണം പറ്റുന്നു എന്നൊക്കെയാണ് വാർത്തകൾ. അത് വ്യാജ വാർത്തയാണെന്ന് പിന്നീട് തെളിയുകയും ചെയ്തു. നിശ്ശബ്ദത ഒരു സാധ്യതയല്ല. അതൊരു കുറ്റകൃത്യമാണ്. നമ്മൾ സംസാരിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വളരെ മോശമാണ്. അത് നമ്മുടെ ജനാധിപത്യത്തിന് വളരെ അപകടകരമാണ്. 2019ൽ മോദി വീണ്ടും ജയിക്കാനുള്ള സാധ്യതയാണിപ്പോഴുള്ളത്. അവർ ഭരണഘടനതന്നെ മാറ്റിയേക്കും, കൊടി മാറ്റിയേക്കും, ആർ.എസ്.എസ് ത്രിവർണകൊടി ഇഷ്ടപ്പെടുന്നില്ല. ആർ.എസ്.എസാണ് അധികാരത്തിൽ, ബി.ജെ.പിയല്ല. ബി.ജെ.പി എന്നത് വാജ്പേയിയായിരുന്നു. മോദി ആർ.എസ്.എസ് പ്രചാരകനാണ്. രാഷ്ട്രപതി ആർ.എസ്.എസ് പ്രചാരകനാണ്, ഉപരാഷ്ട്രപതി ആർ.എസ്.എസ് പ്രചാരകനാണ്. പ്രധാനമന്ത്രിയുമതെ. എന്താണ് അവരുടെ പ്രത്യയശാസ്ത്രം? അവർ നെഹ്റുവിനെയോ ഗാന്ധിയെയോ ഇഷ്ടപ്പെടുന്നില്ല. ഗാന്ധിയെ കൊന്ന നാഥുറാം ആർ.എസ്.എസുകാരനായിരിക്കില്ല. പക്ഷേ, സിദ്ധാന്തം ഒന്നാണ്. ഇന്ന് ആർ.എസ്.എസ് നടപ്പാക്കുന്നത് രാഷ്ട്രീയമായി ചോദ്യംചെയ്യപ്പെടേണ്ടതുണ്ട്. രാഹുൽ ഗാന്ധി അതിന് പറ്റിയയാളല്ല. ഒരു രാഷ്ട്രീയ വെല്ലുവിളി ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി പ്രാപ്തനല്ല. എല്ലാവരും അയാളുടെ പേരുകേൾക്കുമ്പോൾ ചിരിക്കുന്നു. ഇവിടെ പ്രതിപക്ഷം അപ്രസക്തമാണ്. പാർലമെൻറ് അപ്രസക്തമാണ്. രാജ്യസഭയിൽ വൈകാതെ ബി.ജെ.പിയാകും ഭൂരിപക്ഷം. അങ്ങനെ അവർ മൊത്തം ഭരണഘടന പദവികളും പിടിച്ചെടുക്കും. ഇവിടെയാണ് നിശ്ശബ്ദത കുറ്റകരമാകുന്നത്.
ഇന്ദിരയുടെ ജീവചരിത്രം
ഇന്ദിര ഗാന്ധിയെപ്പറ്റി താങ്കൾ എഴുതിയ പുസ്തകത്തിെൻറ തലക്കെട്ട് രാജ്യത്തെ ഏറ്റവും ശക്തയായ പ്രധാനമന്ത്രിയെന്നാണ്. അത്തരം ഒരു വിശേഷണത്തിെൻറ അടിസ്ഥാനമെന്താണ്?
ചരിത്രത്തിെൻറ പിൻബലത്തോടെയാണ് ഞാനത് പറയുന്നത്. ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തിെൻറ പ്ലേബുക്ക് ഇന്ദിര ഗാന്ധിയാണ് എഴുതുന്നത്. 1966 മുതൽ 1984 വരെയുള്ള വർഷങ്ങളിൽ രണ്ട് കൊല്ലം ഒഴിച്ച് ഇന്ദിര ഗാന്ധിയായിരുന്നു എല്ലാ അർഥത്തിലും രാജ്യത്തെ അധികാരം. അവർ തെൻറ അധികാരം നല്ലരീതിയിലും മോശം രീതിയിലും ജനങ്ങൾക്കും രാജ്യത്തിനും മേൽ പ്രേയാഗിച്ചു. ജനാധിപത്യം തകർത്തു, മാധ്യമങ്ങളെ അടിച്ചമർത്തി, സ്വന്തം പാർട്ടിയെ തകർത്തു. അധികാരപ്രയോഗം നടത്തുമ്പോൾ ഇന്ദിര ആരെയും കൂട്ടാക്കിയില്ല, ഒട്ടും ദയയും കാട്ടിയില്ല. അവർ മാത്രമായിരുന്നു ശരിയായ ഹൈകമാൻഡ്. എല്ലാം ഇന്ദിരയറിഞ്ഞ്, ഇന്ദിരയിലൂടെ മാത്രം നടപ്പായി. ഇന്ത്യയെ അവർ ഇന്ദിരയാക്കി. പിന്നീട് വന്ന എല്ലാവരും –നരേന്ദ്രമോദിയുൾെപ്പടെ –നടപ്പാക്കാനും അനുകരിക്കാനും ശ്രമിക്കുന്നത് ഇന്ദിര ഗാന്ധി ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തിന്മേൽ എഴുതിയ പ്ലേബുക്കാണ്. അവരെല്ലാം ഇന്ദിര ഗാന്ധിയാവാൻ ശ്രമിക്കുന്നു. നടപ്പിലും ഭാവത്തിൽപോലും. അധികാരം വേണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും, അത് മായാവതിയാകട്ടെ, സോണിയ ഗാന്ധിയാകട്ടെ, നവീൻ പട്നായിക്കാകട്ടെ, മമത ബാനർജിയാകട്ടെ എല്ലാവരും ഇന്ദിര ഗാന്ധിയാകാൻ ശ്രമിക്കുന്നു. ഖാദിയണിഞ്ഞ ജെയിംസ് ബോണ്ടായിരുന്നു ഒരർഥത്തിൽ ഇന്ദിര ഗാന്ധി. അവർ എന്തുചെയ്യും? അത് പ്രവചനാതീതമായിരുന്നു. പാർട്ടിക്കകത്തെയും പുറത്തെയും എല്ലാ എതിർശബ്ദങ്ങളെയും അവർ നിഷ്കരുണം തട്ടിത്തെറിപ്പിക്കും. ആ അർഥത്തിൽകൂടിയാണ് ഇന്ത്യയിലെ ഏറ്റവും ശക്തയായ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ചത്.
പുസ്തകത്തിൽ നിർണായക ദിവസമായി എടുത്തുകാട്ടുന്നത് 1966 ജനുവരി 11 ആണ്..?
അതെ. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും നിർണായക ദിവസങ്ങളിലൊന്നാണ് 1966 ജനുവരി 11. കാരണം അന്നാണ് ലാൽ ബഹദൂർ ശാസ്ത്രി മരിക്കുന്നത്. ആ മരണമാണ് ഇന്ദിര ഗാന്ധിയെ രാജ്യത്തിെൻറ അധികാരിയാക്കുന്നത്. ഒരുപക്ഷേ, ശാസ്ത്രി ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും അവർ പ്രധാനമന്ത്രിയാകില്ല. ഇന്ദിരയുടെ ചരിത്രം നോക്കിയാൽ അവർ അക്കാദമിക് ആയോ, രാഷ്ട്രീയപരമായോ മികച്ച വ്യക്തിയല്ല. അച്ഛൻ നെഹ്റു തത്ത്വചിന്തകനാണ്, ജ്ഞാനിയാണ്. ആ മികവ് ഇന്ദിരക്കില്ല. കുട്ടിക്കാലം മുതലേ ഇന്ദിര ഗാന്ധിയുടെ ഈ മികവില്ലായ്മ നെഹ്റുവിനെ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്. അതിനാലാണ് വൈകാരികമായും ബൗദ്ധികമായും വളരെയേറെ അധ്വാനം ഇന്ദിരക്കുമേൽ നെഹ്റു ചൊരിയുന്നത്. ഓക്സ്ഫഡിലെ പഠനത്തിലടക്കം ഇന്ദിര പരാജയപ്പെട്ടു. കത്തിെൻറ രൂപത്തിൽ, ഒപ്പം വിവിധ രാജ്യങ്ങളിൽ കൊണ്ടുപോയും മറ്റും അറിവ് അവരിലേക്ക് ചൊരിയാൻ നെഹ്റു ശ്രമിച്ചു. ചരിത്രം, ഭൂമിശാസ്ത്രം, തത്ത്വചിന്ത, രാഷ്ട്രീയ ചിന്ത തുടങ്ങി അറിവുകൾ പകർന്ന് പ്രാപ്തയാക്കാനായിരുന്നു ശ്രമം. പ്രാപ്തയല്ലാത്തതിനാൽതന്നെ ഇന്ദിര പ്രധാനമന്ത്രിയാകുന്നത് നെഹ്റു അനുകൂലിച്ചതുമില്ല. ശാസ്ത്രിയുടെ മരണത്തോടെ അവർ അധികാരത്തിലേക്ക് ഉയർത്തപ്പെട്ടു. കിട്ടിയ അധികാരം നെഹ്റുവിനെപ്പോലെയല്ല ഇന്ദിര വിനിയോഗിച്ചത്, ഏറ്റവും ദയാരഹിതമായി, ശക്തിമത്തായി, നിഷ്ഠുരമായാണ്. അവർ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തു. ഇന്ത്യ നേടിയ എക്കാലത്തെയും വലിയ സൈനിക വിജയം ബംഗ്ലാദേശ് രൂപവത്കരണവേളയിൽ പാകിസ്താനുമായി നേടിയതാണ്. അതായത് അധികാരത്തെ അവർ ശരിക്കും പ്രയോഗിച്ചു; നടപ്പാക്കി.
ഇന്ദിരയിൽ ഒരു ആണിെൻറ സ്വഭാവ സവിശേഷതകൾകൂടി അടങ്ങുന്നു എന്ന് പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്..?
സത്യമാണ്. ഇന്ദിര ഗാന്ധിയിൽ കൃത്യമായ തലത്തിൽതന്നെ സ്ത്രീ–പുരുഷ സ്വഭാവ സവിശേഷതകളുടെ സമ്മേളനമുണ്ട്. അവരിൽ സ്ത്രീത്വം മാത്രമല്ല, പുരുഷത്വം എന്ന് കരുതപ്പെടുന്ന സ്വഭാവ സവിശേഷതകളുണ്ട്. അതിന് മറ്റൊരു കാരണംകൂടിയുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ കുടുംബത്തിലെ മക്കളിൽ ഏറ്റവും മുതിർന്നയാൾ ആണായിരിക്കണം എന്ന സങ്കൽപം ഹിന്ദുക്കളിലുണ്ട്. അവരാവണം പിന്തുടർച്ചാവകാശികൾ എന്ന ഒരു തലം. നെഹ്റുവിെൻറ മൂത്തമകളാണ് ഇന്ദിര. പക്ഷേ, വളർത്തപ്പെട്ടതും അവർ പരിഗണിക്കപ്പെട്ടതുമെല്ലാം മൂത്തയാൾ, ആണ് എന്ന തലത്തിലാണ്. അത് ഒരു മോശം കാര്യമല്ല. ഇന്ദിര ഒരിക്കലും താൻ ഫെമിനിസ്റ്റാണെന്ന് പറഞ്ഞിട്ടില്ല. സ്വയം സ്ത്രീയെന്ന് പറഞ്ഞ് മാറിനിൽക്കാനോ മാറ്റിനിർത്തപ്പെടാനോ സമ്മതിച്ചിട്ടില്ല. അവർ അധികാരം പലപ്പോഴും ബലമായിതന്നെ പിടിച്ചെടുത്തു. തിരിച്ചടി നേരിട്ട ഘട്ടത്തിൽ പിൻസീറ്റിലേക്ക് മാറാൻ ആവശ്യപ്പെട്ടതിനെപ്പറ്റി അംബികാ സോണി പറഞ്ഞിട്ടുണ്ട്. ഇല്ല ഞാൻ മുൻസീറ്റിൽ തന്നെയിരിക്കും എന്നാണവർ മറുപടി പറഞ്ഞത്. ഏതൊരുഘട്ടത്തിൽ പരിശോധിച്ചാലും ഇന്ദിരയിൽ ആൺ–പെൺ പുരുഷ സ്വഭാവ സവിശേഷതകൾ ഉള്ളതായി കാണാനാകും.
ഇന്ദിര ഗാന്ധിയെപ്പറ്റിയുള്ള പുസ്തകത്തിലേക്ക് താങ്കൾ എത്തുന്നത് എങ്ങനെയാണ്? അതിനുവേണ്ടി ഏതുതരം ഗവേഷണ പ്രവർത്തനങ്ങളിലാണ് ഏർപ്പെട്ടത്?
1970കളിലും ’80കളിലും വളർന്നയാൾ എന്ന രീതിയിൽ ഇന്ദിര ഗാന്ധി എന്നെ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നു. എന്നെ മാത്രമല്ല, ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളെയും. ഇന്ദിരയെപ്പറ്റി എഴുതണമെന്ന ആഗ്രഹം മുമ്പേ ഉണ്ടായിരുന്നു. ജാഗർനെറ്റിലെ ചിക്കി സർക്കാരും നന്ദിനി മേത്തയുമാണ് പുസ്തകം എന്ന ആശയം മുന്നോട്ടുവെക്കുന്നത്. ഞാനാദ്യം ചെയ്യേണ്ടിയിരുന്നത് ഇന്ദിര ഗാന്ധിയെപ്പറ്റി എഴുതപ്പെട്ട 150 ഓളം പുസ്തകങ്ങൾ വായിച്ച് അതിൽ നിന്ന് സത്യം കണ്ടെത്തുകയാണ്. അതിൽ കാതറിൻ ഫ്രാങ്കും പപുൽ ജയകറും മറ്റും എഴുതിയ പുസ്തകങ്ങളും വരും. പിന്നെ ഇന്ദിരക്കൊപ്പം പ്രവർത്തിച്ചവരിൽനിന്ന്, സൈനികമേധാവികളിൽനിന്ന് വിവരം തേടുകയെന്നതാണ്. നിരവധി പേരെ കണ്ടു. അടുത്ത വെല്ലുവിളി വിരഹിയായ മകൾ, നിരാശാഭരിതയായ ഭാര്യ, അസ്വസ്ഥയായ അമ്മ, സ്നേഹമതിയായ അമ്മൂമ്മ എന്നിങ്ങനെ സങ്കീർണമായ പല വ്യത്യസ്ത തലങ്ങളുള്ള, പലതരം നിഗൂഢതകളുള്ള അവരുടെ ജീവിതത്തെ എഴുതുകയായിരുന്നു. അവരുടെ ജീവിതത്തി
െൻറ മാജിക് എഴുത്തിൽ കൊണ്ടുവരുക. അത് വലിയ അധ്വാനമായിരുന്നു.
താങ്കൾ എന്നെങ്കിലും ഇന്ദിരയെ കണ്ടിട്ടുണ്ടോ?
ഒരിക്കൽ കണ്ടിരുന്നു. കുട്ടിയായിരുന്നപ്പോൾ ഞാൻ െകാൽക്കത്ത വിമാനത്താവളത്തിൽ കുടുംബത്തിനൊപ്പം നിൽക്കുമ്പോഴാണ്. ആ സമയത്ത് ഇന്ദിരക്ക് അധികാരമില്ല. അവർ ഒറ്റപ്പെട്ടിരുന്നു. ഇന്ദിര ഗാന്ധി നടന്നുവരുമ്പോൾ എല്ലാവരും പരസ്പരം ചോദിക്കുന്നുണ്ട് അത് ഇന്ദിരതന്നെയല്ലേ എന്ന്്. ഞാൻ ഓട്ടോഗ്രാഫിനായി അവർക്കടുത്തേക്ക് ഓടിച്ചെന്നു. ഇന്ദിര ഗാന്ധി തെൻറ വിരൽ ഉയർത്തിക്കാട്ടി. പരിക്കുമൂലം കെട്ടിെവച്ചിരിക്കുകയാണ്. ഒപ്പിടാനാവില്ല എന്ന് പറഞ്ഞു. അവർ എെൻറ മുഖത്തേക്ക് തന്നെ സൂക്ഷിച്ചുനോക്കി. ആ നോട്ടം എെൻറ മനസ്സിലുണ്ട്. അധികാരമില്ലെങ്കിലും എന്നെ മറക്കരുത്, ഞാൻ തിരിച്ചുവരും എന്ന് കണ്ണുകൾ പറയുന്നതായി തോന്നി. അത്ര തീക്ഷ്ണമായിരുന്നു ആ നോട്ടം.
നെഹ്റു കുടുംബത്തിൽനിന്ന് പുസ്തകരചനക്ക് എന്തു പിന്തുണ ലഭിച്ചു. പുസ്തകം ഇറങ്ങിയശേഷം എന്തായിരുന്നു അവരുടെ പ്രതികരണം?
ഞാൻ പ്രിയങ്ക ഗാന്ധിയെ കണ്ടിരുന്നു. അവർ വളരെ ക്ഷമയോടെ സത്യസന്ധതയോടെ തെൻറ അമ്മൂമ്മയെപ്പറ്റി മണിക്കൂറുകൾ സംസാരിച്ചു. പക്ഷേ, പുസ്തകം ഇറങ്ങിയശേഷം ഒരു പ്രതികരണവും പ്രിയങ്കയിൽനിന്നോ നെഹ്റു കുടുംബത്തിൽനിന്നോ ഇതുവരെ ഉണ്ടായിട്ടില്ല.
പുസ്തകത്തിന് ഇന്ദിര ഗാന്ധിക്ക് എഴുതുന്ന സാങ്കൽപിക കത്തിെൻറ ഒരു സ്വഭാവം തുടക്കത്തിൽ നൽകിയിട്ടുണ്ട്..?
ശരിയാണ്. കത്തുകളുടെ സ്വഭാവം നൽകിയത് വായനക്കാർക്ക് ഏറ്റവും നന്നായി പുസ്തകവുമായി ഇണങ്ങിച്ചേരാനാണ്. തങ്ങളുമായി അടുപ്പമുള്ള എന്തിനെയോകുറിച്ചാണ് വായിക്കുന്നത് എന്ന് തോന്നണം. മരിച്ചുപോയ വിദൂര കാലത്തിലെ ഒരാളെക്കുറിച്ചല്ല, തൊട്ടുമുന്നിലുള്ള ഇന്ദിരയോട് നേരിട്ട് സംസാരിക്കുന്നു എന്ന പ്രതീതി ഉയർത്താനാണ് ആ തന്ത്രം പ്രയോഗിച്ചത്. ആ തോന്നൽ വായനക്കാരെ പിടിച്ചിരുത്തും. കത്തുകൾ എന്നും ഇന്ദിരയുടെ ജീവിതത്തിെൻറ ഭാഗമായിരുന്നു. ഞാൻ സ്വീകരിച്ച എഴുത്ത് തന്ത്രം വിജയിച്ചു എന്നാണ് കരുതുന്നത്്.
ബ്ലൂസ്റ്റാർ ഓപറേഷനാണ് പുസ്തകത്തിൽ പ്രാധാന്യത്തോടെ പരാമർശിക്കപ്പെടുന്ന ഒന്ന്്..?
ഇന്ദിരയുടെ ജീവിതത്തിലും ഇന്ത്യയുടെ ചരിത്രത്തിലും അമൃത്സറിലെ സുവർണക്ഷേത്രത്തിന് നേരെ നടന്ന സൈനിക നീക്കത്തിന് വലിയ പ്രധാന്യമുണ്ട്. അത് ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന് പറയലല്ല എെൻറ ലക്ഷ്യം. തീവ്രവാദികളെ പുറത്താക്കാൻ അതാണ് ഇന്ദിര കണ്ട മാർഗം. അത് നടപ്പാക്കുമ്പോൾ അവർ ഒരു വിട്ടുവീഴ്ചയും ഭയവും കാട്ടിയില്ല. അതിനേക്കാൾ പറയപ്പെടാത്ത വലിയ കാര്യമുണ്ട്. ഈ സൈനിക നീക്കം നയിക്കുന്നത് ഒരു സിഖ് സൈനിക ഉദ്യോഗസ്ഥനാണെന്നതാണ്. രാത്രി നടക്കുന്ന സൈനിക നീക്കത്തിൽ ജസ്ദീപ് സിങ് റെയ്ന എന്ന സൈനിക മേധാവിക്ക് ഗുരുതരമായ രീതിയിൽ തീവ്രവാദികളുടെ വെടിയേറ്റു. അദ്ദേഹം എന്നിട്ടും പിന്മാറിയില്ല. മുടന്തി നീങ്ങി സൈനിക ഓപറേഷന് നേതൃത്വം നൽകി. പിന്നീട് അദ്ദേഹത്തിെൻറ കാൽ മുറിച്ചുനീക്കേണ്ടിവന്നു. ധീരത, ത്യാഗം, സമർപ്പണം, ഭയരാഹിത്യം തുടങ്ങിയ നിരവധി കാര്യങ്ങൾ ഇന്ദിരയുടെ ഭാഗത്തുനിന്നും സൈന്യത്തിെൻറ ഭാഗത്തുനിന്നും ഉണ്ടായി. അത് പലരെയും മുറിവേൽപിച്ചു. അതിനാൽതന്നെ പുസ്തകത്തിൽ ആ വിഷയത്തിന് പ്രാധാന്യം നൽകിയിട്ടുണ്ട്.
വി.പി. സിങ് പോലുള്ള പ്രധാനമന്ത്രിമാർ നമുക്കുണ്ടായിരുന്നു. എന്നാൽ, ഇന്ദിരയെപ്പോലെ അധികാര പ്രമത്തത കാട്ടിയ ഒരാളെക്കുറിച്ച് വർണിക്കുന്നതിലൂടെ സ്വേച്ഛാധിപത്യത്തോട് ഒരു തരത്തിലുള്ള ആരാധന വായനക്കാരിൽ വളരാനിടയില്ലേ?
ഒരു സമൂഹമെന്ന നിലയിൽ നമ്മൾ അക്രമത്തിലൂടെ ക്രമപ്പെട്ടിരിക്കുന്നു. നമ്മൾ ബാഹുബലിമാരെ ആരാധിക്കുന്നവരാണ്. ഇവിടെ ശക്തരായ ഭരണാധികാരികളെ ജനം പിന്തുടരുന്നു. ജനത്തിൽ ഭൂരിപക്ഷവും അധികാരത്തോട് വലിയവിധത്തിൽ വിധേയത്വമുള്ളവരാണ്. മോദി നോട്ട് നിരോധനം നടത്തിയത് യുക്തിരഹിതമായ പ്രവൃത്തിയാണ്. പക്ഷേ, ജനം ആ യുക്തിരാഹിത്യം വലുതായി ആഘോഷിക്കുന്നു. 56 ഇഞ്ച് നെഞ്ചളവ് തുടങ്ങിയ പലതരം വർണനകളിലൂടെ ജനം അധികാരത്തിന് വഴങ്ങുന്ന ഒരു മനോഭാവമുണ്ട്. പലരീതിയിൽ ജനം സ്വേച്ഛാധിപത്യത്തെ ആദരിക്കുന്നു. വി.പി. സിങ് സ്വേച്ഛാധിപതിയാണോ, നെഹ്റുവാണോ എന്നതൊന്നുമല്ല വിഷയം. ജനങ്ങൾക്ക് കരുത്തരായ അയേൺമാനോടാണ് ഇഷ്ടം. മാവോ, ലൂയി 14 തുടങ്ങി സർവാധിപതികളെല്ലാം ആദരിക്കപ്പെട്ടു. പക്ഷേ, അയേൺമാന്മാരെല്ലാം ഭരണരംഗത്ത് വലിയ പരാജയവും നാശം വിതക്കുകയും ചെയ്തു. എെൻറ പുസ്തകത്തിൽ ഇന്ദിരയെ പുകഴ്ത്തുന്നില്ല. പകരം അവരെ വിമർശനാത്മകമായി പരിശോധിക്കുകയാണ് ചെയ്യുന്നത്. അധികാരം അവർ പ്രയോഗിച്ചതിനെ എതിർക്കുന്നുണ്ട്. അതിനാൽ സ്വേച്ഛാധിപത്യത്തെ േപ്രാത്സാഹിപ്പിക്കുന്നതാണ് എെൻറ പുസ്തകം എന്ന് വായനക്കാർ കരുതി.
അടുത്ത പുസ്തകം? ഫിക്ഷനുകൾ മനസ്സിലുണ്ടോ?
ഇപ്പോൾ പുതിയ പുസ്തകരചനാ പദ്ധതിയൊന്നുമില്ല. പുസ്തകത്തിന് ഇതുവരെ നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. അത് നൽകുന്ന ആത്മവിശ്വാസത്തിൽ കൂടുതലായി എഴുത്തിൽ കേന്ദ്രീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. രണ്ട് ഫിക്ഷൻ എഴുതി. ഇനി നോവൽ എഴുതാൻ ഉദ്ദേശ്യമില്ല. ഞാനിനി കഥേതര രചനകളാണ് എഴുതുക. അതാണ് കൂടുതൽ രസകരം.
വ്യക്തി, ജീവിതം, നിലപാട്
താങ്കൾ വരുന്നത് ബ്യൂറോക്രാറ്റുകൾ, നയതന്ത്ര പ്രതിനിധികൾ, നിയമജ്ഞർ എന്നിവർ അംഗങ്ങളായ കുടുംബത്തിൽനിന്നാണ്. അപ്പോൾ എന്തുകൊണ്ട് അതിൽനിന്ന് വ്യത്യസ്തമായ ജേണലിസം തിരഞ്ഞെടുത്തു?
ഞാൻ ഓക്സ്ഫഡിൽ പഠിച്ചത് ആധുനിക ഇന്ത്യയുടെ ചരിത്രമാണ്. ചരിത്രം എന്നും താൽപര്യമുള്ള വിഷയമാണ്. ഇന്ത്യൻ രാഷ്ട്രീയം, പൊതുജീവിതം എന്നിവയിൽ അക്കാലത്ത് വലുതായി വശീകരിക്കപ്പെട്ടു. ജേണലിസത്തെപ്പറ്റി വലിയ മാതൃകാ സങ്കൽപങ്ങൾ മനസ്സിലുണ്ടായി. ഇന്ത്യയിലേക്ക് തിരിച്ചുചെന്നാൽ മാധ്യമപ്രവർത്തനം തുടങ്ങാമെന്ന് തീരുമാനമെടുത്തു. ഞാനും രജ്ദീപും ഇന്ത്യയെപ്പറ്റി വലിയ രീതിയിൽ ഐഡിയലിസ്റ്റ് ആയിരുന്നു. ആ ഐഡിയലിസം ഇന്ന് തുടരുന്നത് എളുപ്പമല്ല.
എപ്പോഴാണ് രജ്ദീപ് സർദേശായിയെ കണ്ടുമുട്ടിയത്?
ഞങ്ങൾ ഓക്സ്ഫഡിൽ ഒരുമിച്ചുണ്ടായിരുന്നു. അത് 1989ലാണ്. ഒരേ ക്ലാസിൽ. അദ്ദേഹം നിയമം പഠിച്ചു. ഞാൻ ചരിത്രവും. അവിടെനിന്നുള്ള പരിചയം ഞങ്ങളെ ജീവിതത്തിൽ ഒരുമിച്ചാക്കി.
സാഗരിക ഘോഷ് എന്ന പേര് ബംഗാൾ പേരുമായി സാമ്യമുണ്ട്. പക്ഷേ, ജീവചരിത്രകുറിപ്പുകളിലെല്ലാം ഡൽഹിയാണ് സ്വദേശമെന്ന് കാണുന്നു..?
ഞങ്ങൾ ബംഗാളിൽനിന്നുള്ളവരാണ്. അച്ഛൻ പശ്ചിമ ബംഗാൾ കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. അതിനാൽ ആറുവയസ്സുവരെ ജീവിച്ചത് പശ്ചിമ ബംഗാളിെൻറ ഉൾനാടുകളിലായാണ്. ആറാം വയസ്സിൽ ഞങ്ങൾ കൊൽക്കത്തയിൽ താമസമാക്കി. ’78ൽ ഞങ്ങൾ ഡൽഹിയിലേക്ക് വന്നു. മാതാപിതാക്കളും ഡൽഹിയിലേക്കു താമസം മാറ്റി. അതിനാൽ പഠിച്ചതെല്ലാം ഡൽഹിയിലാണ്. അച്ഛൻ പിന്നീട് ഉദ്യോഗവുമായി ബന്ധപ്പെട്ട് ബംഗാളിലേക്ക് പോയെങ്കിലും അമ്മ ഡൽഹിയിൽ തുടർന്നു. ഞാൻ വളർന്നതെല്ലം ഡൽഹിയിലാണ്. അതിനാൽ ഡൽഹിയാണ് എെൻറ ആസ്ഥാനം. പക്ഷേ, കൊൽക്കത്തയിൽ കുറെയേെറ കുടുംബാംഗങ്ങളുണ്ട്. ഇടയ്ക്ക് അവരെ കാണാനായി പോകാറുണ്ട്.
പശ്ചിമ ബംഗാളാണ് നാട്. രാജ്യത്തെപ്പറ്റി അക്കാലത്ത് ഐഡിയലിസ്റ്റിക്കായിരുന്നുവെന്ന് പറഞ്ഞു. താങ്കൾക്ക് വ്യക്തിപരമായ രാഷ്ട്രീയം ഉണ്ടോ?
ഞാൻ കക്ഷിരാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ല. എനിക്കൊരു പാർട്ടിയോടും കൂറില്ല. വേണമെങ്കിൽ വിശാലമായ ഇടതുപക്ഷത്താണ് ഞാൻ നിൽക്കുന്നത് എന്നു പറയാം. സി.പി.എം, സി.പി.ഐ എന്നർഥത്തിലല്ല. കമ്യൂണിസ്റ്റുകളെ എനിക്കിഷ്ടമാണെങ്കിലും അവരുടെ സാമ്പത്തിക നയങ്ങൾ ഇഷ്ടപ്പെടുന്നില്ല. എെൻറ നാട് ബംഗാളാണ്. അവിടെ മൂന്നു പതിറ്റാണ്ട് കമ്യൂണിസ്റ്റുകൾ ഭരിച്ചതു ഞാൻ നേരിട്ടുകണ്ടതാണ്. അവർ ആ സംസ്ഥാനത്തെ പൂർണമായി തകർത്തു. ജനങ്ങളുടെ, പ്രാന്തവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ എേൻറതുകൂടിയാണ്. ഞാൻ അടിസ്ഥാനപരമായി മാധ്യമപ്രവർത്തകയാണ്. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിക്കുക എന്നതാണ് പ്രധാനം. അപ്പോൾ എങ്ങനെ ഏതെങ്കിലും പാർട്ടിയുടെ ഭാഗമാകാൻ പറ്റും? ഇടതുപക്ഷത്തിന് സാമൂഹിക തലത്തിൽ വലിയ പങ്കുവഹിക്കാനുണ്ട്. സാമൂഹിക തിന്മകൾക്കെതിരെ മുന്നണിയിൽനിന്ന് പ്രവർത്തിക്കാൻ അവർക്കാവും. ജാതി ഉന്മൂലനം, സ്ത്രീ അവകാശം, മതേതരത്വം, ന്യൂനപക്ഷ അവകാശം, അന്ധവിശ്വാസം, ഭൂരാഹിത്യത്തിെൻറ പ്രശ്നം തുടങ്ങിയ മേഖലകളിൽ. പക്ഷേ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിെൻറ സാമ്പത്തിക നിലപാടുകൾ ജനത്തിന് അംഗീകരിക്കാവുന്നതല്ല. പക്ഷേ, ആ നയങ്ങൾ മുതലാളിത്തത്തെയും സമൂഹത്തിെൻറ മൊത്തം ചിന്തയെയും സ്വാധീനിക്കാൻ കഴിയുന്നതാണെന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

ശ്രീശ്രീ രവിശങ്കർ വിഷയവുമായി ബന്ധപ്പെട്ടും മമത ബാനർജിയുടെ ടോക്ഷോയുമായി ബന്ധപ്പെട്ടും താങ്കൾക്ക് നേരെ ചില ആക്ഷേപങ്ങളുയർന്നിരുന്നു..?
ശ്രീശ്രീ രവിശങ്കർ വിഷയത്തിൽ എന്താണ് പ്രശ്നമെന്ന് ശരിക്കും എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. അഭിമുഖം നേരത്തേ റെക്കോഡ് ചെയ്ത് പിന്നീട് അത് തത്സമയംപോലെ ചാനലുകൾ കാണിക്കാറുണ്ട്. അതിൽ സമയത്തി
െൻറ ഒരു പ്രശ്നം ഒഴിച്ച് കള്ളത്തരമില്ല. അഭിമുഖം നടന്നതുതന്നെയാണ്.രവി ശങ്കറിനും അതിൽ ആക്ഷേപമില്ല. പക്ഷേ, പെെട്ടന്ന് ചിലർ എനിക്ക് നേരെ തിരിഞ്ഞു. പക്ഷേ, മമതയുടെ കാര്യം വ്യത്യസ്തമാണ്. അവർ ഷോയിൽ നിന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. മമത അധികാരത്തിലേക്ക് വന്നതേ ഉണ്ടായിരുന്നുള്ളൂ. ഇത്തരം സാഹചര്യം എങ്ങനെ നേരിടണമെന്ന് അവർക്കറിയില്ലായിരുന്നു. അത് എന്നെ സംബന്ധിച്ച് വ്യക്തിപരമായി ബുദ്ധിമുട്ടുള്ള അനുഭവമായിരുന്നു. കാണികൾക്ക് മുന്നിലെ തത്സമയ പരിപാടിയായിരുന്നു അത്. തീർത്തും അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ച് മൈക്ക് ഉൗരിയിട്ട് മമത ഇറങ്ങിപ്പോയി. ആ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അത് എന്നെ സംബന്ധിച്ച് ഷോക്കിങ്ങും അലോസരപ്പെടുത്തുന്നതുമായിരുന്നു. പക്ഷേ, കുറച്ചു സമയത്തിനുള്ളിൽ ഞങ്ങളത് മറികടന്നു. എന്നാൽ സംഭവം നടന്ന ഉടനെ ഞാൻ പതറിപ്പോയി.
മറ്റ് മോശം അനുഭവങ്ങൾ? നല്ല അനുഭവങ്ങൾ?
മാധ്യമ ജീവിതത്തിൽ ധാരാളം നല്ല അനുഭവവും മോശം അനുഭവവും ഉണ്ടായിട്ടുണ്ട്. ബിഹാറിൽ തെരഞ്ഞെടുപ്പ് കവർ ചെയ്യാൻ പലവട്ടം പോയിട്ടുണ്ട്. ഒരിക്കൽ ഏതാണ്ട് തട്ടിക്കൊണ്ടുപോകപ്പെടുന്ന അവസ്ഥക്ക് ഞാൻ വിധേയയായി. രാഷ്ട്രീയക്കാർ ആക്രമിക്കുമെന്നും ഭയപ്പെട്ടു. ശ്രീലങ്കയിൽ ഒരിക്കൽ വടക്കൻ മേഖലയിലേക്ക് യാത്രചെയ്യുമ്പോൾ ഒരു സൈനികൻ വന്നു പിടിച്ചു നിർത്തി. പിന്നെ സൈന്യത്തിെൻറ ചോദ്യംചെയ്യലായി. ഇതുരണ്ടും ഒഴിച്ച് അപകടകരമായ മറ്റ് അനുഭവങ്ങൾ ഉണ്ടായിട്ടില്ല. മോശം അനുഭവങ്ങൾ കുറെയേറെയുണ്ട്. നല്ല അനുഭവങ്ങൾ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങുമായി ബന്ധപ്പെട്ട സാധാരണ ആളുകളുമായിട്ടുള്ളതാണ്. സോണിയ ഗാന്ധി, അദ്വാനി തുടങ്ങിയവരുമായി െതരഞ്ഞെടുപ്പ് വേളയിൽ അടുത്തു പെരുമാറാനായത് നല്ല ഓർമകളാണ്. ഏറ്റവും നല്ല ഓർമ മായാവതിക്കൊപ്പമുള്ളതാണ്. അവരോട് അടുക്കാൻതന്നെ പാടായിരുന്നു. 2001ൽ മായാവതി മോശം രാഷ്ട്രീയ അവസ്ഥയിലായിരുന്നു. അവരുമായുള്ള ഉഷ്മളമായ ബന്ധം നല്ല അനുഭവമാണ്.
സോഷ്യൽമാധ്യമങ്ങളിൽ നടത്തിയ ഒരു മുസ്ലിം അനുകൂല പോസ്റ്റിെൻറ പേരിൽ താങ്കൾക്കെതിരെ എഫ്.ഐ.ആർ എടുത്തിരുന്നു. ആ കേസിെൻറ അവ്സഥയെന്താണ്?
ആ കേസിന് എന്തു സംഭവിച്ചുവെന്നറിയില്ല. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യപ്പെട്ടുവോ എന്നുപോലും ഉറപ്പില്ല. പൊലീസ് പരാതി മാത്രമായിരുന്നു എന്ന് ഞാൻ കരുതുന്നു.
പക്ഷേ, താങ്കൾ ആ പോസ്റ്റ് സ്വയം പിൻവലിച്ചു..?
രാജ്യത്ത് മുസ്ലിംകളാണ് കൊല്ലപ്പെടുന്നത് എന്ന് ഓർക്കണം എന്നാണ് ഞാൻ എഴുതിയത്. വലിയ പ്രശ്നങ്ങൾ അതിെൻറ പേരിൽ ഉണ്ടായതുകൊണ്ടാണ് ഞാനത് ഡിലീറ്റ് ചെയ്തത്. ഝാർഖണ്ഡിൽ ഹിന്ദുക്കളുംകൂടി കൊല്ലപ്പെട്ട സംഭവത്തിെൻറ പശ്ചാത്തലത്തിലായിരുന്നു അഭിപ്രായ പ്രകടനം. ആ സംഭവത്തിൽ മൂന്നു ഹിന്ദുക്കളും നാല് മുസ്ലിംകളും കൊല്ലപ്പെട്ടിരുന്നു. ആ സംഭവവുമായി നോക്കിയാൽ ഞാനിട്ട പോസ്റ്റ് കൃത്യമായിരുന്നില്ല. അതിനാലാണ് ഡിലീറ്റ് ചെയ്തത്. പക്ഷേ, അത് പിൻവലിച്ചതിൽ ഇന്ന് കുറ്റബോധമുണ്ട്. അത് ചെയ്യാൻ പാടില്ലായിരുന്നു. ഞാൻ പറഞ്ഞത് സത്യം തന്നെയായിരുന്നു. നോക്കൂ ഇവിടെ ആൾക്കൂട്ടനീതി നടപ്പാക്കലിന് ആരാണ് നിത്യവും ഇരയാകുന്നത്? ആരാണ് കൊല്ലപ്പെടുന്നത്? പശു മനുഷ്യജീവിതത്തെക്കാൾ വിലയുള്ളതും വിശുദ്ധവുമാകുമ്പോൾ ആരുടെ ജീവിതത്തിനാണ് വിലയില്ലാതാകുന്നത്.
താങ്കൾ മതവിശ്വാസിയാണോ?
അല്ല, ഞാൻ നിരീശ്വരവാദിയാണ്. ഒരു മതത്തിലും ഉൾപ്പെടുന്നില്ല. ഞാനൊരു എത്തിയീസ്റ്റ് ഹ്യൂമനിസ്റ്റാണ്.
സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് നിർത്തുകയാണെന്ന് ഇടക്ക് താങ്കൾ പറഞ്ഞിരുന്നു..?
ശരിയാണ്. പക്ഷേ, ഞാനിപ്പോൾ എെൻറ അഭിപ്രായങ്ങൾ ട്വിറ്ററിലടക്കം തുറന്നു പറയുന്നുണ്ട്. ഇന്നത് അത്യാവശ്യമാണ്. സോഷ്യൽ മീഡിയ ഒരു അപകടമേഖലകൂടിയാണ്. അവിടെ ഹിന്ദുത്വ ഭക്തർ കൈയടക്കിയിരിക്കുന്നു. നിങ്ങൾ എതിർത്തു പറഞ്ഞാൽ അവർ സ്വഭാവഹത്യ, ഭീഷണി എന്നിവ നടത്തും. അവർ ഞങ്ങൾ താമസിക്കുന്നത് 52 കോടിയുടെ വീട്ടിലാണ് എന്നും മറ്റും എഴുതി അവഹേളിച്ചു. എവിടെനിന്നാണ് ഇത്തരം വിവരങ്ങൾ എന്ന് അറിയില്ല. ചാനൽ നന്നായി പ്രവർത്തിച്ച സമയത്ത് ബാങ്ക് വായ്പയെടുത്താണ് വീടുെവച്ചത്. അതിെൻറ രേഖകൾ ആർക്കും ലഭിക്കുന്നതാണ്. ഒരുഘട്ടത്തിൽ ഞാൻ കൂട്ട ആക്രമണത്തിന് ഇരയായി. മകളെ പീഡിപ്പിക്കും എന്നു പറഞ്ഞപ്പോഴാണ് ഇനി അഭിപ്രായപ്രകടനം നടത്തുന്നില്ല എന്ന് തീരുമാനിച്ചത്.
നമുക്ക് മാധ്യമങ്ങളിലേക്ക് തന്നെ തിരിച്ചുവരാം. മാധ്യമങ്ങൾ ബ്രാഹ്മണിക്കൽ ആണെന്ന ആക്ഷേപത്തോട് എങ്ങനെ പ്രതികരിക്കും?
മാധ്യമങ്ങൾ തികച്ചും ബ്രാഹ്മണിക്കലാണ്. രാജ്യത്ത് വളരെ കുറച്ച് ദലിത് മാധ്യമപ്രവർത്തകർ മാത്രമാണുള്ളത്. മായാവതിയെ എങ്ങനെയാണ് മാധ്യമങ്ങൾ പരിഗണിച്ചതെന്ന് ഞാൻ മുമ്പ് എഴുതിയിട്ടുണ്ട്, അവരുടെ വസ്ത്രത്തെപ്പറിയും രൂപത്തെപറ്റിയുമെല്ലാം മാധ്യമങ്ങൾ പരിഹാസ്യരൂപത്തിൽ എഴുതി. അവർക്ക് നേരെ നടന്ന ആക്രമണം ബ്രാഹ്മണിക്കലായിരുന്നു. ജാതിപരമായിരുന്നു. ഇവിടെയുള്ളത് വളരെ ഉന്നതജാതരുടെയും സവർണരായ മാധ്യമ പ്രവർത്തകരുടെയും ലോകമാണ്. അവർ ദലിത് വിഷയങ്ങൾക്ക് അധികം സ്ഥാനം നൽകില്ല. ഈ മാധ്യമ ലോകം വലിയ അളവിൽ പുരുഷാധിപത്യപരമാണ്, സ്ത്രീവിരുദ്ധവുംകൂടിയാണ്. അത് ഉയർന്ന രീതിയിൽ പാരമ്പര്യവാദപരവും പുരുഷകേന്ദ്രീകൃത അധികാര ഘടനയോട് ഒത്തുപോകുന്നതുമെല്ലാമാണ്. മാധ്യമങ്ങൾക്ക് പോരാട്ട മനഃസ്ഥിതിയോ റിബൽ മനോഭാവമോ ഇല്ല. ഇന്ത്യൻ മാധ്യമങ്ങൾ അധികാര വ്യവസ്ഥയോട് ഒത്തുപോകുന്ന ഒന്നാണ്. ഇന്നത്തെ മാധ്യമപ്രവർത്തകരിൽ പലരും ഐ.എ.എസ് തൽപരരാണ്. ഐ.എ.എസ് കിട്ടാത്തതിനാൽ മാധ്യമരംഗത്ത് ചേരുന്നു. ഞാൻ പറയുന്നത് വളരെയധികം അധികാരവുമായി, വ്യവസ്ഥയുമായി ചേർന്നുപോകുന്നതാണ് മാധ്യമരംഗം എന്നാണ്. പൊതുരാഷ്ട്രീയം മാറാതെ, സമൂഹജീവിതം മാറാതെ ഇതിൽ മാറ്റം വരില്ല. ജോലിയുടെ ഭാഗമായിപോലും വനിതാ മാധ്യമപ്രവർത്തകർ രാഷ്ട്രീയക്കാരോട് ഇടപെടുന്നത് പലരും ഇഷ്ടപ്പെടുന്നില്ല. രാഷ്ട്രീയം പുരുഷകേന്ദ്രീകൃത അധികാര വ്യവസ്ഥയുടെ തുടർച്ചയാണ്. അത് മാധ്യമങ്ങളിൽ പ്രതിഫലിക്കും.

മാധ്യമങ്ങളിലെ അഴിമതിയെപ്പറ്റി? ചിലരുടെ പേരുകൾ നീര റാഡിയ ടേപ്പിലുണ്ടായിരുന്നു..?
അഴിമതി മാധ്യമലോകത്തെ വലിയ പ്രശ്നമാണ്. മാധ്യമരംഗത്തുള്ളവർ പലരും രാഷ്ട്രീയനേതാക്കന്മാരുമായുള്ള ബന്ധം വ്യക്തിതാൽപര്യത്തിനും കമീഷൻ പറ്റാനും മറ്റ് മോശം പ്രവൃത്തികൾക്കായും ഉപയോഗിച്ചുവരുന്നു. പണഅധികാരമാണ് മാധ്യമങ്ങളിലുള്ളത്്. ഒരാൾ പണത്തിന് ഉൗന്നൽനൽകി വഴിവിട്ട മാർഗങ്ങളിലൂടെ പണമുണ്ടാക്കുമ്പോൾ, അതിനുവേണ്ടി ശ്രമിക്കുമ്പോൾ അയാൾ മാധ്യമപ്രവർത്തകനല്ലാതായിത്തീരുന്നുവെന്ന് ഞാൻ കരുതുന്നു. അവർ കരിയറിസ്റ്റുകൾ മാത്രമാകും. പല ചാനലുകളും അതിലെ മാധ്യമപ്രവർത്തകരും പ്രവർത്തിക്കുന്നത് റിയൽ എസ്റ്റേറ്റ് ഏജൻറുകളായും അധികാരവുമായി ചേർന്ന് പണം നേടുന്നതിനും ഇടനിലക്കാർക്ക് നേട്ടമുണ്ടാക്കിക്കൊടുക്കാനും മറ്റുമാണ്. സംശയപശ്ചാത്തലമുള്ള ബിസിനസുകാർ പണമുണ്ടാക്കാനായി മാത്രം ചാനൽ തുടങ്ങുന്നു. ഇത് സ്വാഭാവികമായും അഴിമതിക്കാരായ മാധ്യമപ്രവർത്തകരെകൂടി നിർമിക്കുന്നുണ്ട്. സീ ന്യൂസിൽ അത് നമ്മൾ കണ്ടതാണ്. ഞാൻ കരുതുന്നത് മൊത്തം മാധ്യമരംഗവും മാധ്യമ ധർമത്തിനനുസരിച്ച് പുതുക്കിപ്പണിയേണ്ടതുണ്ടെന്നാണ്. മാധ്യമപ്രവർത്തകർ പണത്തിന് പിന്നാലെ പോകുന്നത് ഗുരുതരമായ പ്രശ്നമാണ്. മാന്യമായി ജോലിയെടുത്ത പത്രപ്രവർത്തകരുടെ വലിയ നിര നമുക്കുണ്ട് എന്നും ഓർക്കണം, അരുൺ ഷൂരി, ശേഖർ ഗുപ്ത, വിനോദ് മേത്ത തുടങ്ങിയ നിരവധി പേർ. ആ പാരമ്പര്യം തിരിച്ചുപിടിക്കുകയാണ് വേണ്ടത്.
പുതിയ മാധ്യമങ്ങളിൽ (ന്യൂ മീഡിയ) പ്രതീക്ഷയർപ്പിക്കുന്നുണ്ടോ?
ഉണ്ട്. ന്യൂമീഡിയ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഓൺലൈനിൽ ധാരാളം നല്ല വാർത്താ പോർട്ടലുകൾ ഉണ്ട്. ദ വയറുണ്ട്, സ്േക്രാൾ ഉണ്ട്, ട്വിറ്ററിനെ വാർത്തയുടെ കേന്ദ്രമാക്കി ഉപയോഗിക്കുന്ന മികച്ച സംവിധാനങ്ങളുണ്ട്. ഈ ഓൺലൈൻ പോർട്ടലുകൾ നല്ല രീതിയിൽ അന്വേഷണാത്മക പത്രപ്രവർത്തനം നടത്തുന്നു. അത് വികസിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. ഭാവി ന്യൂ മീഡിയയുടേതാകും. മുഖ്യധാരയിൽനിന്ന് പലരും ഡിജിറ്റൽ മേഖലയിലേക്ക് പോകും.
മാധ്യമ പ്രവർത്തകയാണ്, കോളമിസ്റ്റാണ്, നോവലിസ്റ്റാണ്, ജീവചരിത്രകാരിയാണ്. സ്വയം എങ്ങനെയാണ് നിർവചിക്കുക?
അടിസ്ഥാനപരമായി ഞാൻ ജേണലിസ്റ്റാണ്. ഇന്ത്യയുടെ യഥാർഥ താൽപര്യങ്ങൾ രേഖപ്പെടുത്തുന്ന മാധ്യമപ്രവർത്തകരിൽ ഒരാൾ. മാധ്യമപ്രവർത്തനമാണ് എനിക്ക് ഏറ്റവും വലുത്. അത് കഴിഞ്ഞാണ് മറ്റെന്തും.
അവസാനമായി, മാധ്യമപ്രവർത്തകരോട് ഇപ്പോൾ നേരിട്ട് സംസാരിക്കാനായി താങ്കളോട് ആവശ്യപ്പെടുന്നുവെന്ന് കരുതുക, താങ്കൾ എന്താണ് പറയുക?
രാജ്യം അപകടാവസ്ഥയിലാണ്. ഇവിടെ നിങ്ങൾക്ക് ദേശസ്നേഹിയാവാം. പക്ഷേ, ഹിന്ദു നാഷനിസ്റ്റാവുകയല്ല വേണ്ടത്്. മാധ്യമപ്രവർത്തനം എന്നാൽ, ചോദ്യങ്ങൾ ഉന്നയിക്കലാണ്. മാധ്യമ പ്രവർത്തകർ സത്യം വിളിച്ചുപറയണം. അവർ നിഷ്പക്ഷരാവരുത്. പക്ഷപാതികളാവണം. അധികാരത്തോടല്ല പക്ഷപാതിത്വം പുലർത്തേണ്ടത്. പ്രാന്തവത്കരിക്കപ്പെട്ടവർക്കും അടിസ്ഥാന ജനതകൾക്കുമൊപ്പമാണ് നിലകൊള്ളേണ്ടത്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നു. മാധ്യമസ്വാതന്ത്ര്യം അപകടത്തിലാണ്. ഇപ്പോൾ തന്നെ വളരെ വൈകിയിരിക്കുന്നു. ഇനിയും നിശ്ശബ്ദത പാലിക്കാൻ നിങ്ങൾക്കു മുന്നിൽ അവസരമില്ല. ഇനിയെങ്കിലും നിശ്ശബ്ദത കൈവെടിയണം. ശബ്ദമുയർത്തണം.
മാധ്യമം ആഴ്ചപ്പതിപ്പ്, ലക്കം1018 2017 സെപ്റ്റംബർ 4
No comments:
Post a Comment