Wednesday, August 9, 2017

കോടതിയെക്കുറിച്ച്​ സംസാരിച്ചുകൂടേ?


കോടതിയെക്കുറിച്ച്​ സംസാരിച്ചുകൂടേ?

സംഭാഷണം
ഡോ. സെബാസ്​റ്റ്യൻ പോൾ/ ആർ.കെ.ബിജുരാജ്



ഇന്ത്യൻ നീതിന്യായ വ്യവസ്​ഥ അത്യധികം വിമർശനവിധേയമാകുന്ന കാലമാണിത്. അപചയം ആഴത്തിലാണ്. ജനത്തിന് അറിയാനുള്ള അവകാശം നിഷേധിക്കുന്ന തരത്തിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കാതെ കോടതിയിൽ ‘അഭിഭാഷകരാജ്’ നിലനിൽക്കുന്നു. അതേ സമയം ഇന്നും സാധാരണ ജനം ജുഡീഷ്യറിയെ മറ്റെന്തിനും മേലെ പ്രതീക്ഷയോടെ നോക്കിക്കാണുകയും ചെയ്യുന്നു. ആ പ്രതീക്ഷകളിൽ അർത്ഥമുണ്ടോ? അതോ നിയമ–നീതിന്യായ സംവിധാനം പൊളിച്ചെഴുത്തപ്പെടേണ്ടതുണ്ടോ? നിയമജ്ഞനും അഭിഭാഷകനുമായ ഡോ. സെബാസ്​റ്റ്യൻപോൾ വ്യത്യസ്​തമായ ശബ്ദമാണ് ജുഡീഷ്യറിയെ സംബന്ധിച്ച് എന്നും  സംബന്ധിച്ച് ഉയർത്തിയിട്ടുള്ളത്. അഭിഭാഷകർക്കിടയിലെ വിമത ശബ്ദമായി തുടരുന്ന അദ്ദേഹം നിലപാടുകൾ  തുറന്നു പ്രഖ്യാപിക്കാൻ ഒരിക്കലും മടിക്കുന്നില്ല.
മെയ് ഒന്നിന് സെബാസ്​റ്റ്യൻപോളിെൻറ എഴുപതാം ജന്മവാർഷികദിനം കൂടിയാണ്. 1947 മെയ് ഒന്നിന് എറണാകുളത്ത് മൂഞ്ഞാപിള്ളി എം.എസ്​. പോളിെൻ്റയും അന്നമ്മയുടെയും മകനായിട്ടാണ് ജനനം. സ്​കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ, 1961 ലാണ് ആദ്യ ലേഖനം എഴുതുന്നത്. പിന്നെ ആംഗലേയത്തിലും രാഷ്ട്ര മീമാംസയിലും മാസ്​റ്റർ ബിരുദം. തുടർന്ന് കൊച്ചി സർവകലാശാലയിയിൽനിന്ന് എൽ.എൽ.എമ്മും പിഎച്ച്.ഡിയും. മുംബൈ ഭാരതീയ വിദ്യാഭവനിൽനിന്ന് ജോർണലിസം ഡിപ്ളോമ. അധ്യാപകനായിട്ടായിരുന്നു തുടക്കം. എറണാകുളം സെൻ്റ് ആൽബബർട് കോളിൽ ലക്ചറർ. എന്നാൽ, പത്രപ്രവർത്തനം മോഹിപ്പിച്ചതിനാൽ, ആ ജോലി ഉപേക്ഷിച്ച്് 1972 ൽ 'ഇന്ത്യൻ എക്സ്​പ്രസിൽ ചേർന്നു. മാനേജ്മെൻ്റുമായുണ്ടായ അഭിപ്രായ വ്യത്യാസം മൂലം ജോലി വിട്ട് അഭിഭാഷകെൻ്റ വേഷമണിഞ്ഞു. അത് 1981 ൽ. ഇക്കാലത്ത് ‘ഹിന്ദു'വിെൻ്റയും യൂ.എൻ.ഐയുടെയും നിയമകാര്യ ലേഖകനായിരുന്നു. പിന്നീട് പാർലമെൻ്ററി രാഷ്ട്രീയത്തിലേക്ക്. 1997 ൽ ഉപതെരഞ്ഞെടുപ്പിലൂടെ ലോക്സഭാംഗം, 1998 ൽ നിയമസഭാംഗം, 2003ലും 2004 ലും ലോക്സഭാംഗം. ഇതിനിടയിൽ പ്രസ്​ കൗൺസിൽ അംഗവുമായിരുന്നു.
സെബാസ്​റ്റ്യൻ പോൾ ഇടപെടുകയും പ്രവർത്തിക്കുകയും ചെയത മൂന്നു രംഗവും (മാധ്യമരംഗം, ജുഡീഷ്യറി, പാർലമെൻ്റ്) അഴിമതി ആരോപണങ്ങൾക്കും കടുത്ത വിമർശനങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. എന്താണ് ജുഡിഷ്യൽ സംവിധാനത്തെക്കുറിച്ച് അദ്ദേഹത്തിന് പറയാനുള്ളത്? ഡോ. സെബാസ്​റ്റ്യൻപോളുമായി നടത്തിയ സംഭാഷണത്തിെൻറ  പ്രസക്ത ഭാഗങ്ങൾ:

നമ്മൾ സംസാരിക്കുന്ന ഈ ദിവസം ഏതാണ്ട് എല്ലാ പത്രങ്ങളിലെയും ഒന്നാം പേജ് വാർത്ത ബാബറി മസ്​ജിദ് തകർത്ത സംഭവുമായി ബന്ധപ്പെട്ട് എൽ.കെ. അദ്വാനി അടക്കമുള്ളവർ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയാണ്. വൈകിയാണെങ്കിലും നീതി നടപ്പാവുന്നു എന്നാണ് മാധ്യമങ്ങൾ എഴുതിയിരിക്കുന്നത്. ജനത്തിന് പ്രതീക്ഷയർപ്പിക്കാവുന്ന ഒന്നായി ജുഡീഷ്യറി തുടരുന്നുവെന്ന് ഈവിധിയുടെ പശ്ചാത്തലത്തിൽ കരുതാമോ?

ബാബറി മസ്​ജിദ് സംഭവത്തിലെ കോടതി വിധിയെപ്പറ്റിയാണെങ്കിൽ അതിന് രണ്ട് വശങ്ങളുണ്ട്.  ഒന്ന് രാജ്യത്തെ പിടിച്ചുകുലുക്കിയ വലിയ സംഭവം. അതിൽ ആരൊക്കെയാണ് പ്രതികൾ,ആരെയൊക്കെയാണ് വിചാരണ ചെയ്യേണ്ടത്, ഏത് വകുപ്പ് അനുസരിച്ച് വിചാരണ നടത്തണം എന്ന കാര്യത്തിൽ അന്തിമമായി തീർപ്പു കൽപ്പിക്കുന്നതിന് 25 കൊല്ലം വേണ്ടിവന്നു. 1992 ലാണ്  സംഭവം നടന്നത്. പ്രതികളെ കണ്ടെത്താനും ശിക്ഷിക്കാനും പ്രത്യേകിച്ച് അന്വേഷണവും സാക്ഷികളുമൊന്നും ആവശ്യമില്ല. ലോകം മുഴുവൻ കണ്ടതാണ്. ആരാണ് മുന്നിൽ ഉണ്ടായിരുന്നത്, ആരാണ് അതിന് നേതൃത്വം കൊടുത്തത് എന്നൊക്കെ. കർസേവകർ എന്നൊക്കെ പറഞ്ഞാൽ അത് വെറും കൂലിപ്പട്ടാളമാണ്. അവരെ നയിക്കുകയും അവരെ പ്രചോദിപ്പിക്കുകയും ചെയ്ത വ്യക്തികളുണ്ട്. 2017 ആകുമ്പോഴാണ് അതിലൊരു തീർപ്പ്. അത് കൊണ്ട് അത്ര വലിയ സന്തോഷം കോടതിവിധിയിൽ എനിക്ക് തോന്നുന്നില്ല. നമ്മുടെ ജുഡീഷറി ഇത്തരം വിഷയങ്ങളിൽ ഇങ്ങനെ പ്രവർത്തിച്ചാൽ മതിയോ എന്ന കാര്യത്തിലുള്ള അസംതൃപ്തി എനിക്കുണ്ട്. രണ്ട് വർഷം കൊണ്ട് പ്രതിദിന അടിസ്​ഥാനത്തിൽ വിചാരണ നടത്തി വിധി പറയണം എന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. എത്രയോ കേസുകളിൽ സുപ്രീംകോടതി ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ബാംഗ്ലുർ കോടതിയോട് സുപ്രീംകോടതി പറഞ്ഞത് മദനിയുടെ കേസിലെ വിചാരണ നാല് മാസംകൊണ്ട് പൂർത്തിയാക്കണമെന്നാണ്. ആ നാല് മാസം കഴിഞ്ഞിട്ട് ഇപ്പോൾ രണ്ടുകൊല്ലമായി. സുപ്രീംകോടതിയുടെ ഇത്തരത്തിലുള്ള നിർദേശങ്ങളൊന്നും പാലിക്കപ്പെടാൻ പോകുന്നില്ല. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഈ കേസിലെ വിധി പുറത്തുവരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ  അവരോട് അത് വരില്ല എന്ന് തന്നെ ഞാൻ ഉറപ്പിച്ചു പറയുന്നു. ജുഡീഷ്യൽ കാലതാമസത്തിന് കാരണങ്ങൾ പലതും പറയാൻ കഴിയും. ചില കേസുകളിൽ കാലതാമസം ഉണ്ടാകാൻ പാടില്ല. ബാബറി മസ്​ജിദിനെ സംബന്ധിച്ച് സുപ്രീംകോടതി ധരിച്ചിരിക്കുന്നത് ഏതെങ്കിലും കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോയാൽ കാര്യങ്ങൾ ഒക്കെ താനേ കെട്ടടങ്ങും, അവസാനിക്കും എന്നാണ്. അങ്ങനെയൊരു ധാരണയിലല്ല രാജ്യത്തെ പരമോന്നത കോടതി പ്രവർത്തിക്കേണ്ടത്. പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയുകയും തീരുമാനം എടുക്കേണ്ട സമയത്ത് തീരുമാനം എടുക്കുകയും വേണം. ആ അടിസ്​ഥാനത്തിൽ ഇപ്പോഴത്തെ സുപ്രീംകോടതി വിധി എനിക്ക് വലിയ തോതിലുള്ള സന്തോഷത്തിന് വക നൽകുന്നില്ല.

പ്രശസ്​ത പത്രപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷണെൻറ നിരീക്ഷണം സോഷ്യൽ മീഡിയയിൽ കണ്ടു. ബാബറി മസ്​ജിദ് കേസിലെ സുപ്രീംകോടതിവിധി അമിത്ഷായ്ക്കും നരേന്ദ്രമോദിക്കും അനുഗുണമാകും എന്നാണ് നിരീക്ഷണം. അതായത് അദ്വാനി അടക്കമുള്ള ഒരു വിഭാഗത്തെ പാർട്ടിയിൽ തീർത്തും അപ്രസക്തരാക്കാനുള്ള  ആദ്യ കൂട്ടരുടെ താൽപര്യമാണ് വിധി എന്ന മട്ടിൽ ആ നിരീക്ഷണത്തെ വായിക്കാം.  കോടതിവിധികളെ രാഷ്ട്രീയ പാർട്ടി നേതൃത്വത്തിനോ കോർപറേറ്റുകൾക്കോ സ്വാധീനിക്കാൻ കഴിയുന്ന അവസ്​ഥയുണ്ടോ?

അതിരു കടന്ന ആക്ഷേപമാണത്. എക്സിക്യുട്ടിവിെൻറ അല്ലെങ്കിൽ ഭരണകക്ഷിയുടെ രാഷ്ട്രീയമായ ഉദ്ദേശ്യങ്ങൾക്കുവേണ്ടി സുപ്രീംകോടതി നിലപാടുകൾ സ്വീകരിക്കേണ്ടിവരുന്നു എന്ന് പറയേണ്ടിവരുന്നത് നിർഭാഗ്യകരമാണ്. പക്ഷേ, ഉത്തരവാദിത്തമുള്ളവർ തന്നെയാണ് അത് പറയുന്നത്. അവർ കോടതിയെ അധിക്ഷേപിക്കാനോ അപകീർത്തിപ്പെടുത്താനോ പറയുന്നതല്ല. ഇതിന് മുമ്പ് ചില കേസുകൾ വന്നപ്പോൾ, ഉദാഹരണത്തിന് ജയലളിതയുടെ കേസ്​ വന്നപ്പോൾ ,അമിത്ഷായുടെ ഇടപെടൽ എന്നൊക്കെയുള്ള വർത്തമാനം ഞാൻ കേട്ടിരുന്നു. രാഷ്ട്രീയമായി കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് പ്രയോജനകരമാകുന്ന രീതിയിൽ വിധി വരും എന്നൊരു വർത്തമാനം. ആ രീതിയിൽ വിധി വന്നതുകൊണ്ട് അത് ശരിയാണെന്ന് ചിലർ വിശ്വസിക്കുന്നുമുണ്ട്. ഞാൻ അങ്ങനെ വിശ്വസിക്കുന്ന ആളല്ല. സുപ്രീംകോടതിയെ ആ രീതിയിൽ മാനേജ് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. പക്ഷേ,ചില കാര്യങ്ങൾ കാണുമ്പോൾ, ഉദാഹരണത്തിന് ബാബറി മസ്​ജിദ് വിധി തന്നെ, ഈ സമയത്ത് വന്നപ്പോൾ അതിന് ഏറ്റവും പ്രയോജനം കിട്ടിയത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ്. മോദിയുടെ വലിയ രീതിയിലുള്ള ഒരു രാഷ്ട്രീയ അസൗകര്യം മാറിക്കിട്ടി. സുപ്രീംകോടതി അങ്ങനെ ഉദ്ദ്യേശിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. സുപ്രീംകോടതിയിൽ ആ രീതിയിലുള്ള ആരോപണം ഞാൻ ഉന്നയിക്കുന്നുമില്ല. ചിലപ്പോൾ ഇതൊക്കെ യാദൃച്ഛികമായിരിക്കാം. ഏതെങ്കിലും സമയത്ത് വിധി പറയണം. വിധി പറയുമ്പോൾ നമ്മൾ പ്രതീക്ഷിക്കാത്ത ചിലർക്ക് അതിെൻറ പ്രയോജനം കിട്ടിയെന്നിരിക്കും. ചിലർക്ക് അതിെൻറ ദോഷവുമുണ്ടാകാം. അദ്വാനി കഴിഞ്ഞ മൂന്നുവർഷമായി– പ്രധാനമന്ത്രിയാകാൻ കഴിയാത്ത അവസ്​ഥ മുതൽ–രാഷ്ട്രപതിയാകുക എന്ന നോട്ടത്തിലാണ്. അതിൽ തെറ്റൊന്നുമില്ല. ഇന്നത്തെ അവസ്​ഥയിൽ എൽ.കെ. അദ്വാനി രാഷ്ട്രപതിയാകുന്നതിൽ അസ്വഭാവികമായി ഒന്നുമില്ല. പക്ഷേ, എത്രപെട്ടെന്നാണ് ആ മോഹം അവസാനിച്ചത്. അങ്ങനെ അവസാനിക്കണമെന്ന് നരേന്ദ്രമോദി ഉദ്ദ്യേശിച്ചിരുന്നെങ്കിൽ ഈ വിധിയുടെ പ്രയോജനം കിട്ടിയിരിക്കുന്നത് മോദിക്കാണ്. അതിന് കോടതി നിന്നുകൊടുത്തോ ഇല്ലയോ എന്ന് എനിക്കറിഞ്ഞുകൂടാ. അങ്ങനെ നിന്നുകൊടുക്കാൻ ഇടയില്ല എന്നാണ് ഞാൻ കരുതുന്നത്.

കോടതി, അഭിഭാഷകർ, പ്രശ്നങ്ങൾ


മാധ്യമപ്രവർത്തനത്തേക്കാൾ മികച്ചത് എന്നു കരുതിയിട്ടാണോ  അത് ഉപേക്ഷിച്ച് താങ്കൾ  അഭിഭാഷകവൃത്തി തെരഞ്ഞെടുത്തത്?

ഞാൻ പല രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളയാളാണ്.ഒരു പക്ഷേ, ഏത് രംഗത്ത് പ്രവർത്തിക്കണം എന്ന് ഒരു ഉറപ്പില്ലാത്തതുകൊണ്ടാവാം. ഒഴുകി നടക്കുകയായിരുന്നു ഞാൻ. റോളിങ് സ്​റ്റോൺ ഗാതേഴ്സ്​ നോ മോസ്​ എന്ന അധ്യാപകൻ പണ്ട് പഠിപ്പിച്ചപ്പോൾ എന്തിനാണ് അങ്ങനെ ഒഴുകി നടക്കുന്നതെന്ന് ചോദിച്ചയാളാണ് ഞാൻ. ഒഴുകിയില്ലെങ്കിൽ പായൽപിടിക്കും. പായൽ പിടിച്ച് കിടക്കാൻ ഞാൻ ഇഷ്​ടപ്പെട്ടില്ല. ഒഴുകി നടന്ന് തിളക്കമുണ്ടാകട്ടെ എന്നു സ്വയം കരുതി. ഇപ്പോൾ പൊതുയോഗങ്ങളിൽ ഒക്കെ പോകുമ്പോൾ സ്വാഗത പ്രസംഗത്തിൽ പറയുന്നതുകേൾക്കുമ്പോഴാണ് ഞാൻ പ്രവർത്തിച്ച മേഖലയുടെ വൈജാത്യം എനിക്ക് തന്നെ ബോധ്യമാവുന്നത്. എക്സിക്യുട്ടീവ്, ലെജിസ്​ലേറ്റീവ്, ജുഡീഷ്യറി, മീഡിയ എന്നീ രംഗങ്ങളിലെല്ലാം പ്രവർത്തിച്ചയാൾ എന്നൊക്കെ ചില സ്വാഗത പ്രാസംഗികർ പറയുന്നത് കേൾക്കാറുണ്ട്. അതിന് അവസരം കിട്ടി എന്നേയുള്ളൂ.

താങ്കളുടെ കോടതിജീവിതത്തിൽ നിരാശജനകമായ അനുഭവങ്ങൾ ഉണ്ടോ?

നിരവധി സന്ദർഭങ്ങൾ അങ്ങനെ ഉണ്ടായിട്ടുണ്ട്. വളരെ സുവ്യക്തമായ നിയമ വ്യവസ്​ഥകളുടെയും തത്വങ്ങളുടെയും അടിസ്​ഥാനത്തിൽ തെളിവുകൾ ഹാജരാക്കി കേസ്​ വാദിക്കുമ്പോഴും പ്രതീക്ഷിക്കുന്ന വിധി ഉണ്ടാകുന്നില്ല. എന്നെ ഇപ്പോഴും വേദനിപ്പിക്കുന്ന വിധിയാണ് കാർട്ടുണിസ്​റ്റ് ടോംസിെൻറ ബോബനും മോളിയും കേസ്​. മനോരമക്ക് എതിരെ നടത്തിയ പകർപ്പവകാശ കേസാണ് അത്. അവിടെ എല്ലാ തെളിവുകളും നിയമങ്ങളും കാർട്ടുണിസ്​റ്റിന് അനുകൂലമായിരുന്നു. മറിച്ച് ഒരുവിധി എഴുതാൻ കഴിയുമായിരുന്നില്ല. പക്ഷേ, എത്ര വിദഗ്ധമായാണ് എറണാകുളത്തെ വിചാരണകോടതി മനോരമക്ക് അനുകൂലമായി വിധി നൽകിയത്. അത് കൊണ്ട് എന്തു സംഭവിക്കും. എന്തുസംഭവിക്കാൻ സാധ്യതയുള്ള ഒരിടമാണ് ജുഡീഷ്യറി. അങ്ങനെ സംഭവിക്കാതിരിക്കാൻ ചില മുൻ കരുതലുകൾ സമൂഹത്തിന് ആവശ്യമുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്ന് കോടതിയെ വിലയിരുത്തുക, വിമർശിക്കുക എന്ന സ്വാതന്ത്ര്യം സമൂഹത്തിന് ഉണ്ടാകുകയാണ്. പക്ഷേ, കോടതി അലക്ഷ്യ നിയമം തങ്ങൾക്ക് അനുകൂലമായി വ്യാഖ്യാനിച്ചും പ്രയോഗിച്ചുംകൊണ്ട് കോടതിക്കെതിരെയുള്ള വിമർശം ജഡ്ജിമാർ വളരെ ഫലപ്രദമായി തടയുന്നു. ഒരു രഹസ്യാത്മകത അവിടെ വരികയാണ്. അറിഞ്ഞാലും നമുക്കൊന്നും പറയാൻ നിവൃത്തിയില്ല. മറ്റൊന്ന് മാധ്യമങ്ങളുടെ നിരീക്ഷണം. ഓപ്പൺ കോർട്ട് എന്നാൽ പൊതുസമൂഹത്തിെൻറ ദൃഷ്​ടിപഥത്തിൽ വേണം കോടതികൾ പ്രവർത്തിക്കേണ്ടത് എന്നാണ്. ആ പൊതുസമൂഹത്തിന് വേണ്ടി കണ്ണുതുറന്നിരിക്കുന്നതും കാതു തുറന്നിരിക്കുന്നതും മാധ്യമപ്രവർത്തകരാണ്. കോടതിയിലെ റിപ്പോർട്ടർമാർ എന്നു പറഞ്ഞാൽ അത് മാധ്യമങ്ങളെ മാത്രം ബാധിക്കുന്ന കാര്യമല്ല. ജുഡിഷ്യറിയെതന്നെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രതിരോധ സംവിധാനമാണ് കോടതിമുറികളിലെ മാധ്യമപ്രവർത്തകരുടെ  സാന്നിധ്യം. കേരളത്തിൽ ഫലപ്രദമായി അത് തടയപ്പെട്ടിരിക്കുന്നു. കോടതികൾ ഇപ്പോൾ ഓപ്പൺ കോർട്ട് അല്ലാതായിരിക്കുന്നു. അടഞ്ഞ കോടതിയായിരിക്കുന്നു. കോടതികൾ ഇരുട്ടിൽ പ്രവർത്തിക്കുന്നു എന്നു പറയുമ്പോൾ അതിെൻറയൊന്നും അർത്ഥം പോലും മനസിലാകാത്ത പോലെയാണ് കേരളത്തിൽ ജഡ്ജിമാരും അഭിഭാഷകരും പ്രതികരിക്കുന്നത്. അങ്ങനെ വരുമ്പോൾ നിരാശാജനകമായ പലതും വേദനാജനകമായ പലതും കുറച്ചുകൂടി കടത്തിപറഞ്ഞാൽ സംഭ്രജനകമായ പലതും കേൾക്കേണ്ടിവരും.

കേരളത്തിൽ കോടതിമുറികളിലേക്ക് ആരു വരണം, ആര് വരണ്ട എന്ന് അഭിഭാഷകർ തീരുമാനിക്കുന്നു. ഡൽഹിയിൽ കനയ്യകുമാറിന് നേരെ നടന്നതിന് സമാനമായ രീതിയിൽ തിരുവനന്തപുരത്ത് മംഗളം ചാനൽ സി.ഇ. ഒ അജിത് കുമാറിന് നേരെ കയ്യേറ്റ ശ്രമം ഉണ്ടാകുന്നു. അഭിഭാഷകരാജിനെ എങ്ങനെയാണ് മറികടക്കുക?

കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്നതുപോലത്തെ ഒരവസ്​ഥ ഇന്ത്യയിൽ എവിടെയെങ്കിലുമോ, ലോകത്ത് എവിടെയെങ്കിലുമോ ഉണ്ടായിട്ടില്ല. അഭിഭാഷകരുമായും മാധ്യമപ്രവർത്തകരുമായും പലരും പലവിഭാഗങ്ങളും സംഘർഷത്തിലാകാറുണ്ട്. പൊലീസുമായി ഏറ്റുമുട്ടൽ ഉണ്ടാകാറുണ്ട്. രാഷ്ട്രീയ പാർട്ടികളുമായി സംഘർഷമുണ്ടാകും. അത്തരം പലതും സംഭവിക്കും. പക്ഷേ, അതിനൊക്കെ ഒരു അന്ത്യമുണ്ടാകും. കേരളത്തെ സംബന്ധിച്ച് ജൂലൈ 19 മുതൽ ഇന്നുവരെ സംഘർഷം തുടരുകയാണ്. അത് ഇനിയും അവസാനിക്കില്ല. അങ്ങനെ ഒരു പ്രതിസന്ധി തുടരുമ്പോൾ എന്താണ് അതിന് കാരണം, ആരാണ് അതിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കേണ്ടത് എന്ന ചോദ്യമുണ്ട്. കോടതിയെ സംബന്ധിച്ച് പരമാധികാരം ജഡ്ജിമാർക്കാണ്. നിർഭാഗ്യവശാൽ കേരളത്തിലെ ഹൈകോടതി ജഡ്ജിമാർ ഇക്കാര്യത്തിൽ ക്രിയാത്മകമായി പ്രതികരിക്കുന്നില്ല, ഫലപ്രദമായി പ്രവർത്തിക്കുന്നില്ല. ചീഫ് ജസ്​റ്റിസുമാർ വന്നും പോയുമിരിക്കും. മോഹൻ ശാന്തന ഗൗഡർ എന്ന ചീഫ് ജസ്​റ്റിസ്​ വന്നു. അദ്ദേഹം വന്നപ്പോൾ ഈ പ്രശ്നം തീരുമെന്ന് കരുതി. പക്ഷേ, ഏതാനും മാസം മാത്രമേ ഹൈകോടതിയിൽ തനിക്കുള്ളൂ, താൻ സുപ്രീംകോടതിയിലേക്ക് പോകും എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അത് വരെ പ്രശ്നം നീട്ടിക്കൊണ്ടുപോയി. ജഡ്ജിമാർ ഓരോരുത്തരായി പോകുന്നു. പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നു. അപ്പോൾ ആർക്കാണ് ഇതിൽ ഉത്തരവാദിത്വമുള്ളത്. പ്രശ്നത്തിെൻറ ഗൗരവം ആർക്കും മനസിലാകുന്നില്ല. എന്തുകൊണ്ട് അഭിഭാഷകർ ഇപ്രകാരം പ്രവർത്തിക്കുന്നു? ഒരാളല്ല.ഒരു കൂട്ടമല്ല, ഒരു സംഘടനയല്ല. മൊത്തം. പ്രഗൽഭരായ അഭിഭാഷകർ, സീനിയർ പദവി ലഭിച്ചിട്ടുള്ള അഭിഭാഷകർ തുടങ്ങിയ ആർക്കും ഈ വിഷയത്തിൽ നിലപാട് എടുക്കാൻ കഴിയുന്നില്ല. നിലപാട് സ്വീകരിച്ച എന്നെ അവർ പുറത്താക്കി. അസോസിയേഷനിൽ നിന്ന് പുറത്താക്കി. എെൻറ സന്നദ് തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിലിന് പരാതി നൽകിയിരിക്കുന്നു. കേരളത്തിലെ ഒരു കോടതിയിലും എനിക്ക് പോകാൻ നിവൃത്തിയില്ല. പല കോടതികളിലും എനിക്ക് എതിരെ അപകീർത്തികേസ്​ വന്നിരിക്കുന്നു. കോടതിയലക്ഷ്യകേസുകൾ വന്നിരിക്കുന്നു. ഞാനെന്ത് ചെയ്തു? ഒരു വിഷയത്തിൽ അഭിപ്രായം പറഞ്ഞു എന്നതൊഴികെ ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. ഭയമാണ് പ്രശ്നം. കോടതികൾ പ്രവർത്തിക്കേണ്ടത് ഭയത്തിലല്ല. അവിടെ സ്വാതന്ത്ര്യത്തിേൻറതായ നിർഭയത്വം ഉണ്ടാകണം. അതില്ലാത്ത  അവസ്​ഥ ഇന്ന് കേരളത്തിലുണ്ട്. ഒരു കൂട്ടം അഭിഭാഷകർ എന്തുപറയുന്നോ അതിനനുസരിച്ച് താളം തുള്ളുന്നവരായി അഭിഭാഷസമൂഹം ഒന്നടങ്കം മാറിയിരിക്കുകയാണ്. എന്ത് തെറ്റും ഇവിടെ സംഭവിക്കാം. മംഗളം ചാനലിെൻറ വിവാദമായ സംപ്രക്ഷേണത്തോട് യോജിപ്പില്ലാത്ത ആളാണ് ഞാൻ. അതിൽ നടപടി ആവശ്യമുണ്ട്. പക്ഷേ, ഏത് കുറ്റകൃത്യമായാലും, ഏറ്റവും ഹീനമായ ബലാൽസംഗമോ, കൊലപാതകമോ ആയിക്കൊള്ളട്ടെ, ആ കേസിലെ പ്രതിക്കും കോടതിയിൽ ഹാജരായി തെൻറ വാദം കോടതിയെ അറിയിക്കാനുള്ള അവകാശമുണ്ട്. ആ അവകാശത്തെക്കുറിച്ച് ബോധ്യമില്ലാത്തവരാണോ വക്കീലന്മാർ? ആ അവകാശത്തെ അടിസ്​ഥാനമാക്കിയല്ലേ അവർ പ്രവർത്തിക്കുന്നത്? അല്ലെങ്കിൽ അവർക്കെങ്ങനെ കേസ്​ ലഭിക്കും? അപ്പോൾ നിസഹായരായ രണ്ട് വ്യക്തികളെ വിലങ്ങുവച്ച് കോടതിയിൽ വരാന്തയിലൂടെ നടത്തുക. അഭിഭാഷകർ രണ്ട് വശവും വരിയായി നിന്ന് അവരെ ആക്ഷേപിക്കുക, ചീത്ത വിളിക്കുക. ഇത് എവിടെയാണ് നടക്കുന്നത്? വഞ്ചിയൂരിൽ. വഞ്ചിയൂർ എന്നാൽ കേരളത്തിലെ തലസ്​ഥാന നഗരത്തിലെ കോടതിയാണ്. ഇതാണ് അവരുടെ നിലവാരം. ഇതാണ് അഭിഭാഷകരുടെ നിലവാരമെങ്കിൽ എനിക്ക് ആശങ്കയുണ്ട്. മൗലികാവകാശങ്ങളെക്കുറിച്ച്, വ്യക്തികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച്, അന്തസിനെക്കുറിച്ച് ലവലേശം ബോധ്യമില്ലാത്ത ഒരു കൂട്ടം ആളുകൾ കറുത്ത ഗൗണിട്ട് നടന്നാൽ അവരെ അഭിഭാഷകർ എന്ന് വിളിക്കാൻ കഴിയില്ല. നമ്മുടെ നിയമവ്യവസ്​ഥ എന്തു വിലകൊടുത്തും സംരക്ഷിക്കപ്പെടേണ്ട ഒന്നാണ്. അതായത് നിയമവാഴ്ച. സംരക്ഷിക്കപ്പെടേണ്ടതായ നിയമവാഴ്ചയിലെ കാലാൾപ്പടയാണ് അഭിഭാഷകർ.ആനയും അമ്പാരിയുമൊക്കെയായി ജഡ്ജിമാർ കാണും. പക്ഷേ, നിലത്തുനിന്ന് പോരാടുന്ന സേനാവിഭാഗമാണ് അഭിഭാഷകർ.  നിർഭാഗ്യവശാൽ ഇന്ന് നിയമവാഴ്ച എന്നാൽ എന്ത് എന്ന് അറിയാത്ത ഒരു കൂട്ടം  ആളുകളാൽ നിയന്ത്രിക്കപ്പെടുന്ന ഒന്നായി മാറിയിരിക്കുന്നു കേരളത്തിലെ അഭിഭാഷക സമൂഹം.

മാധ്യമപ്രവർത്തകർ കോടതിയിലേക്ക് വരരുതെന്ന അഭിഭാഷകരുടെ തീരുമാനം എന്ത് പ്രത്യാഘാതമാണ് സമൂഹത്തിൽ ഉണ്ടാക്കിയത്?

കേരളമാണ് ഏറ്റവും കൂടുതൽ നിയമസാക്ഷരതയുള്ള സംസ്​ഥാനം. ആ നിയമസാക്ഷരത ജഡ്ജിമാർ കൊണ്ടുവന്നതല്ല. വക്കീലന്മാർ കൊണ്ടുവന്നതുമല്ല. പത്രം വായിച്ച് രാജ്യത്തെ നിയമം എന്ത് എന്ന് സാധാരണ മനുഷ്യർ പഠിച്ചു. ആ നിയമസാക്ഷരത ഇപ്പോഴില്ല. ഞാൻ വെല്ലുവിളിക്കുന്നു, മത്സരപരീക്ഷയിലെ സമർത്ഥരായ വിദ്യാർഥികളോട് കേരള ഹൈകോടതിയിലെ ചീഫ് ജസ്​റ്റിസ്​ ആരെന്ന് ചോദിക്കുക. ശരി ഉത്തരം പറയുന്ന ഒരു കുട്ടിയുമുണ്ടാവില്ല. ഒരു അധ്യാപകനും, ഒരാൾക്കും ഉത്തരം പറയാനാവില്ല. കാരണം ആരാണെന്ന് അവർക്കറിയില്ല. നമ്മൾ പത്രം വായിച്ചാണ് ഇക്കാര്യമെല്ലാം അറിഞ്ഞിരുന്നത്. കേരള ചീഫ് ജസ്​റ്റിസിനെ റെയിവേ സ്​റ്റേഷനിൽകണ്ടാൽ, വിമാനത്താവളത്തിൽ കണ്ടാൽ ഞാൻ തിരിച്ചറിയില്ല. കാരണം എനിക്കറിയില്ല. ഇതാണ് അവസ്​ഥ. ഇങ്ങനെ രഹസ്യത്തിൽ പ്രവർത്തിക്കേണ്ട സ്​ഥാപനമേ അല്ല ജുഡിഷ്യറി. അവിടെയിരുന്ന് ജഡ്ജിമാർ പറയുന്ന ഓരോ കാര്യങ്ങളും കക്ഷികളെ മാത്രമല്ല, നമ്മെ ഓരോരുത്തരെ ബാധിക്കുന്നതാണ്. ജഡ്ജിമാരാണ് നിയമതെ വ്യാഖ്യാനിക്കുന്നത്. അത് ജനങ്ങൾക്കറിയാൻ ഒരു മാർഗവുമില്ല ഇപ്പോൾ. ജനാധിപത്യത്തെ അതിനകത്തുനിന്ന് തകർക്കാനുള്ള ഏറ്റവും നല്ല ഉപാധിയായി ഇപ്പോൾ ജുഡീഷ്യറിയെ പലരും കാണുകയാണ്്. അത് വലിയ അപകടമാണ്.

അഭിഭാഷരും മാധ്യമങ്ങളും തമ്മിലുള്ള പ്രശ്നത്തെ എങ്ങനെയാണ് പരിഹരിക്കുക? എന്താണ് താങ്കൾക്ക് നിർദേശിക്കാവുന്ന പരിഹാരമാർഗം?

എനിക്ക് ഒറ്റ നിർദേശമേയുള്ളൂ. നട്ടെല്ലുള്ള, ധൈര്യമുള്ള, ആർജവമുള്ള ഒരു ചീഫ് ജസ്​റ്റിസ്​ ഉണ്ടാകണം. ചീഫ് ജസ്​റ്റിസ്​ ഇന്ന് പറയുകയാണ് നാളെ മുതൽ കോടതികളിൽ മാധ്യമ പ്രവർത്തകർ വരും, അവർക്ക് നിർഭയം കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാം, അവരെ തടസ്സപ്പെടുത്തിയാൽ കർശനമായ നടപടി ഉണ്ടാകും എന്ന്. അങ്ങനെ പറയാൻ ചീഫ്ജസ്​റ്റിസ്​ തയ്യാറായാൽ ആ നിമിഷം ഈ അഭിഭാഷകർ പിന്മാറും. അതിനപ്പുറത്തേക്കുള്ള ധൈര്യമൊന്നും അഭിഭാഷർക്കില്ല. അതിന് അപ്പുറത്തേക്കുള്ള ധൈര്യമില്ലാത്തത് തങ്ങളുടെ നിലപാട് ശരിയാണ് എന്ന് അവർക്ക് പോലും ബോധ്യമില്ലാത്തതുകൊണ്ടാണ്. കേരളത്തിലെ പൊതുസമൂഹം അംഗീകരിക്കാത്ത നീചമായ നിലപാടാണ് തങ്ങളുടേതാണ് എന്ന തിരിച്ചറിവ് അവർക്കുമുണ്ട്. അതുകൊണ്ട് കർശനമായ ശാസന കോടതിയിൽ നിന്നുണ്ടാകണം. അതു മാത്രമേ ഇതിന് പരിഹാരമുള്ളൂ. അല്ലെങ്കിൽ ഈ ഹൂളിഗാനിസം തുടർന്നുപോകും. അത് തുടർന്നുപോകുമ്പോൾ നഷ്​ടം മാധ്യമപ്രവർത്തകർക്കല്ല. സമൂഹത്തിനാണ്. കോടതികളിൽ ഒത്തുകളി നടക്കാൻ സാധ്യതയുണ്ട് എന്ന് മുന്നറിയിപ്പ് ഞാൻ നൽകിയിട്ടുണ്ട്.അതിപ്പോഴും ആവർത്തിക്കുന്നു. എനിക്കെതിരെ കോടതിയലക്ഷ്യത്തിന് പറയുന്ന കാരണം അതാണ്. സിനിമകളിലെങ്കിലും നമ്മൾ കാണാറുണ്ട്, ന്യായാധിപന് മുന്നിൽ കണ്ണുകെട്ടിയ നീതി ദേവതയുടെ പ്രതിമ. നീതി ദേവത കണ്ണുകൊട്ടി നിൽക്കുന്നതിന് കാരണമുണ്ടാകാം. പക്ഷേ, നീതി ദേവത കണ്ണുകെട്ടിനിൽക്കുമ്പോഴും കണ്ണു തുറന്നിരിക്കുന്ന ഒരു വിഭാഗമുണ്ട്. അതാണ് മാധ്യമ പ്രവർത്തകർ. അവരെ അവിടെ നിന്നു മാറ്റിയാൽ പിന്നെ അവിടെ നടക്കുന്ന കാര്യങ്ങൾ സുതാര്യമല്ല, സത്യസന്ധമല്ല. പലതും അവിടെ സംഭവിക്കും. സംഭവിക്കാൻ പാടില്ലാത്തതു സംഭവിച്ചാൽ അതിെൻറ നഷ്​ടം സമൂഹത്തിനാണ്.

മുമ്പ് മാധ്യമപ്രവർത്തകനായതുകൊണ്ടാണ് താങ്കൾ അഭിഭാഷക–മാധ്യമപ്രവർത്തക സംഘർഷത്തിൽ മാധ്യമങ്ങൾക്കനുകൂലമായ നിലപാട് എടുക്കുന്നതെന്ന് അഭിഭാഷകർക്ക് ഉന്നയിക്കാം...?

പല മേഖലകളിൽ ഞാൻ പ്രവർത്തിച്ചുണ്ട്. അതുകൊണ്ട് ഏതെങ്കിലും മേഖലയോട് പ്രത്യേക പക്ഷപാതിത്വം എനിക്കുണ്ടെന്ന് ആരോപിക്കാൻ കഴിയില്ല. എല്ലാറ്റിെൻറയും പ്രാധാന്യം എനിക്കറിയാം. ആ പ്രാധാന്യം അതാത് രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ കൂടി അറിയണം. അങ്ങനെ ചില നിർദേശങ്ങൾ പറയുന്നതിന്, അഭിപ്രായം പറയുന്നതിന് ചില ഉത്തരവാദിത്വവും എനിക്കുണ്ട്. കാരണം ഈ രംഗങ്ങളിലെല്ലാം പ്രവർത്തിച്ചയാളെന്ന നിലയ്ക്ക്. അഭിഭാഷകരെ സംബന്ധിക്കുന്ന ഏതെല്ലാം വിഷയങ്ങളിൽ ഞാൻ ഇടപെട്ടിട്ടിരിക്കുന്നു. അന്ന് അവരെല്ലാം എെൻറ കൂടെയായിരുന്നു. ഭീരുത്വം എന്നത് അന്നുമുണ്ട്.


അഭിഭാഷകർക്ക് വ്യക്തിപരമായി താങ്കളോട് ഇത്രയും ദേഷ്യം തോന്നാൻ എന്താണ് കാരണം?

വഞ്ചിയൂർ വക്കീലന്മാർക്ക് എന്നോടുള്ള വിരോധത്തിന് കാരണം എനിക്ക് മനസിലാക്കാം. കാരണം കേരള ഹൈക്കോടതി വിഭജിച്ച് ഒരു ബഞ്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകണമെന്ന് ആവശ്യം വന്നപ്പോൾ ഞാൻ അതിന് എതിരായിരുന്നു. അന്ന് ഞാൻ എറണാകുളത്ത് എം.പിയായിരുന്നു. ആവശ്യം നടക്കുന്ന ഘട്ടമെത്തിയിരുന്നു. എം.പിയെന്ന നിലയ്ക്കും കേരള ഹൈകോടതിയിലെ അഭിഭാഷകനെന്ന നിലയ്ക്കും ഞാൻ ഒരു നിലപാട് സ്വീകരിച്ചു. ഹൈകോടതി വിഭജിക്കാൻ പാടില്ല. ഹൈകോടതിയുടെ ആസ്​ഥാനം കൊച്ചിയായത് ചരിത്രപരമായ കാരണങ്ങളാലാണ്. അത് സംസ്​ഥാന രൂപീകരണവുമായി ബന്ധപ്പെട്ടതാണ്. അത് വിഭജിക്കാനുള്ളതല്ല. ഞാൻ ചീഫ് ജസ്​റ്റിസിനെ കണ്ടു.ജഡ്ജിമാരെ കണ്ടു. പരസ്യപ്രസ്​താവന നടത്തി. ആ നിർദേശം ഇല്ലാതായി. അതിനാൽ വഞ്ചിയൂർ വക്കീലന്മാർക്ക് എന്നോട് വിരോധമുണ്ടാകാം. അന്ന് വഞ്ചിയൂർ കോടതി വളപ്പിൽ എെൻറ കോലം കത്തിച്ചു. ഇപ്പോൾ ഞാൻ മനസിലാക്കുന്നത് വഞ്ചിയൂർ കോടതി വളപ്പിൽ വലിയ ബോർഡ് വക്കീലന്മാർ സ്​ഥാപിച്ചതായിട്ടാണ്. വലിയൊരു പട്ടിയുടെ പടമാണത്. അതിെൻറ തലവെട്ടി എെൻറ തലയാണ് വച്ചിരിക്കുന്നത്. ഞാനതിലൊന്നും പ്രകോപിതനാകുന്നില്ല. ഇപ്പോൾ വഞ്ചിയൂർ വക്കീലന്മാർക്കൊപ്പം കേരള ഹൈകോടതി അഡ്വക്കേറ്റസ്​ അസോസിയേഷനും ചേർന്നിരിക്കുന്നു. ഹൈകോടതിക്കും ഹൈകോടതി അഡ്വക്കേറ്റ്സ്​ അസോസിയേഷനും വേണ്ടി നിലപാട് സ്വീകരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത എന്നെ അവിടെ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ഈ സംഭവങ്ങളുടെയെല്ലാം തുടക്കാം ധനേഷ് മാത്യു മാഞ്ഞൂരാൻ എന്ന ഒരു അഭിഭാഷകെൻറ ദുർനടപടിയാണ്. അയാളുടെ കൂടെയാണ് കേരളത്തിലെ വക്കീലന്മാർ ഒന്നടങ്കം. അത് ശരിയല്ല എന്നു പറഞ്ഞ എനിക്കെതിരെ നടപടി. അപമാനകരമായ അവസ്​ഥയാണ്. ഇത്രയും അപമാനകരമായ അവസ്​ഥ അഭിഭാഷകർക്കെന്നല്ല ഒരു സംഘടിത വിഭാഗത്തിനും ഉണ്ടാകാൻ പാടില്ല. പൊതുവഴിയിൽ ഒരു സ്​ത്രീയോട് അപമര്യാദയായി പെരുമാറി, പൊലീസ്​ അറസ്​റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതിയിൽ പ്രതിസ്​ഥാനത്ത് നിൽക്കുന്ന ഒരു വക്കീൽ. അയാൾക്കുവേണ്ടി മുഴുവൻ വക്കീലന്മാരും അണിനിരന്നിരന്നിരിക്കുകയാണ്. വ്യത്യസ്​ത നിലപാട് എടുത്ത എന്നോട് ശത്രുത. കേരളത്തിന് എന്ത് സംഭവിച്ചുവെന്ന് എനിക്ക് മനസിലാകുന്നില്ല.

കോടതിയുടെ വർഗ, ജാതി സ്വഭാവം

കോടതിയുടെ സർവാധിപത്യം എന്ന പ്രശ്നമുണ്ട്. വിർമശനങ്ങൾക്കതീതമായ സംവിധാനമായി ജുഡിഷ്യറി നിലകൊള്ളുന്നു. ഇത് എത്രത്തോളം ആശാസ്യമാണ്?

കോടതിയെപ്പറ്റി ആരും ഒന്നും പറഞ്ഞുകൂടാ എന്നു പറഞ്ഞാൽ അതിനോട് യോജിക്കാൻ എനിക്കാവില്ല. നമ്മൾ ദൈവത്തെക്കുറിച്ച് പറയുന്നില്ലേ. ദൈവ നിന്ദ എന്നൊക്കെ ചിലർ പറയുമായിരിക്കും. എന്നാലും പറയും. കോടതി അതിലും വലുതല്ലല്ലോ. നമ്മൾ എന്തിനാണ് വിശുദ്ധ സ്​ഥാപനങ്ങളെ ഉണ്ടാക്കുന്നത്. കേരളത്തിൽ ഡി.ജി.പിയുടെ ഓഫീസ്​ ഒരു വിശുദ്ധസ്​ഥലമാണെന്നും അവിടെയാരും സമരം ചെയ്യരുതെന്നും നിലപാട് വന്നിരിക്കുകയാണ്്. അതുപോലെയാണ് കോടതിയും. കോടതിക്കുചുറ്റും നിരോധനാജ്ഞയുണ്ട്. നമ്മൾ പണം കൊടുത്ത് പടുത്തുയർത്തിയ ഹൈകോടതി സൗധം അതിന് ചുറ്റും നമ്മൾ നടക്കുന്നത് പൊലീസ്​ നിയന്ത്രിക്കും. അങ്ങനെയല്ല കാര്യങ്ങൾ നടക്കേണ്ടത്. നിയന്ത്രണം വേണ്ടിവരും. പക്ഷേ, നിരോധനം പാടില്ല. എല്ലാം നിരോധിച്ചിരിക്കുകയാണ്. ആരും അവിടെ ചെല്ലരുത്. ആരും അങ്ങോട്ട് എത്തിനോക്കരുത്. റിപ്പോർട്ടർമാർ വരരുത്. ഒന്നും റിപ്പോർട്ട് ചെയ്യരുത്. ഈ പോക്ക് വലിയ അപകടത്തിലേക്കാണ്.


കോടതി ബ്രാഹ്മണിക്കൽ ആണെന്ന ആക്ഷേപം ജസ്​റ്റിസ്​ കർണനടക്കമുള്ള പലരും ഉന്നയിച്ചിട്ടുണ്ട്. അതുപോലെ കോടതികൾക്ക് സ്​ത്രീവിരുദ്ധ സ്വഭാവവും ഒരു തരം വർഗ നിലപാടും ഉണ്ടെന്ന ആക്ഷേപം പലകോണുകളിൽ നിന്ന് ഉയർന്നിട്ടുണ്ട്. ഇത്തരം വാദങ്ങളോട് എങ്ങനെ പ്രതികരിക്കും? കോടതിയുടെ പല വിധികളും ഇത്തരം ആക്ഷേപങ്ങളോട് ഒത്തുവരുന്നു. കുഴപ്പം മൊത്തത്തിൽ ജുഡിഷറിയുടേതോ, അതേ ജഡ്ജിമാരുടേതോ?

കെ.ജി. ബാലകൃഷണൻ സുപ്രീംകോടതി ചീഫ് ജസിറ്റിസായതിന് ശേഷമെങ്കിലും നമ്മൾ അങ്ങനെയൊരു ആക്ഷേപം ഉന്നയിക്കാൻ പാടില്ല. ഞാൻ ജഡ്ജിമാരുടെയൊന്നും ജാതിയും സമുദായവും ഒന്നും നോക്കാത്തയാളാണ്. എനിക്ക് എല്ലാവരുടെയൊന്നും ജാതി അറിഞ്ഞുകൂടാ. എങ്കിൽപോലും താഴെകിടയിലെ പലരും ഉയർന്ന് മുകളിൽ വന്നിട്ടുണ്ട്. കൽക്കത്ത ഹൈകോടതി ജഡ്ജി സി.എസ്​. കർണൻ ഉന്നയിക്കുന്ന ആക്ഷേപത്തോട് എനിക്ക് വലിയ യോജിപ്പുമില്ല. ദലിത് സമൂഹത്തിൽ നിന്ന് വന്നതുകൊണ്ടുതന്നെയാണ് അദ്ദേഹം ജഡ്ജിയായത് തന്നെ. പിന്നെ അവശതയുണ്ടെന്ന് പറഞ്ഞാൽ അതിൽ അർത്ഥമില്ല. ഹൈകോടതി ജഡ്ജിക്ക് ജാതീയമായ, അല്ലെങ്കിൽ വംശീയമായ അധിക്ഷേപം സഹിക്കേണ്ടിവരുന്നുവെന്ന് പറഞ്ഞാൽ നമ്മുടെ സാഹചര്യങ്ങളിൽ സംഭവ്യമല്ല. ജഡ്ജിമാരുടെ മനോഭാവത്തിൽ ചില പ്രശ്നങ്ങളുണ്ട്. വർഗപരമായ ഒരു താൽപര്യം ജഡ്ജിമാർക്കുണ്ട്. അതുണ്ടാകാൻ കാരണം അവരുടെ നിയമന രീതിയാണ്. ജഡ്ജിമാരെ ജഡ്ജിമാർ തന്നെ കണ്ടെത്തുന്ന വ്യവസ്​ഥ ഇന്ത്യയിൽ മാത്രമേയുള്ളൂ. അമേരിക്കയിലെ ഉന്നത കോടതിയിലേക്ക് ജഡ്ജിമാരെ നിയമിക്കുന്നത് പ്രസിഡൻറാണ്. അതിന് അധികാരം നൽകുന്നത് സെനറ്റാണ്. ബ്രിട്ടനിലുൾപ്പടെ ലോകത്തെമ്പാടും എക്സിക്യുട്ടീവിനാണ് അക്കാര്യത്തിൽ പ്രാമുഖ്യമുള്ളത്. ഇന്ത്യയിലും ഭരണഘടന അനുസരിച്ച് അങ്ങനെ തന്നെയാണ്. മുമ്പ് അങ്ങനെയാണ് നടന്നുകൊണ്ടിരുന്നത്. അക്കാലത്ത് അതിപ്രഗൽഭരായ ജഡ്ജിമാർ പല താൽപര്യങ്ങളേയും പല വിഭാഗങ്ങളേയും പല പ്രദേശങ്ങളേയും ഒക്കെ പ്രതിനിധീകരിച്ച് സുപ്രീംകോടതിയിലും ഹൈകോടതിയിലുമെത്തിയിരുന്നു. പിന്നീടാണ് കൊളീജിയം എന്ന അവസ്​ഥ വന്നത്. ഭരണഘടനാ വിരുദ്ധമായ ഒരു തത്വം സുപ്രീംകോടതി ആവിഷ്കരിച്ചു. അതിനെ ഫലപ്രദമായി നേരിടാൻ പാർലമെൻറിനോ പൊതുസമൂഹത്തിനോ കഴിഞ്ഞില്ല. അതിനാൽ ജഡ്ജിമാരുടെ ആധിപത്യമാണ്്. ഇത് ഒരു തരത്തിലുള്ള ജുഡീഷ്യൽ ഓട്ടോക്രസിയാണ്. എനിക്ക് ശേഷം ആര് ജഡ്ജിയാകണമെന്ന് ഞാൻ തീരുമാനിച്ചാൽ, അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾ തീരുമാനിച്ചാൽ സ്വഭാവികമായും എെൻറ മകൻ, മകൾ, അല്ലെങ്കിൽ ബന്ധു, അതുമല്ലെങ്കിൽ എെൻറ സമുദായം എന്ന ധാരണവരും. അത് സ്വാഭാവികമാണ്. ആ അടിസ്​ഥാനത്തിൽ പരസ്​പരം വീതം വയ്ക്കും. ആ വീതം വയ്പ്പാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അങ്ങനെയാണ് ജഡ്ജിമാർ ഉണ്ടാകുന്നത്. അവർക്ക് അവരുടേതായ വർഗ താൽപര്യമുണ്ടാകും. അറിയപ്പെടുന്ന നിയമസ്​ഥാപനങ്ങളുണ്ട്. അതെല്ലാം കോർപറേറ്റ് സ്​ഥാപനങ്ങളാണ്. അവിടെ ജോലി ചെയ്തുവരുന്ന അഭിഭാഷകർ സ്​ഥിരമായി ജഡ്ജിമാരാവുകയാണ്. പിരിച്ചുവിടപ്പെട്ട തൊഴിലാളിയുടെ വേതനമെന്ത് എന്ന് അവർക്കറിയില്ല. കാരണം അവർ ഹാജരായിട്ടുള്ളത് എല്ലാം മുതലാളിമാർക്ക് വേണ്ടിയാണ്. അതുകൊണ്ട് തന്നെ സസ്​പെൻഷൻ, പിരിച്ചുവിടൽ എന്നതിെൻറ വിഷമം അവർക്ക് അറിയില്ല. ആ ജീവിതാനുഭവങ്ങൾ അവർക്കില്ല. അതുകൊണ്ടാണ് ജുഡീഷ്യറി എന്ന പ്രത്യേക വർഗം സൃഷ്​ടിക്കപ്പെട്ടത്. അവർക്ക് അവരുടേതായ ലോകം, ജീവിതം, ആഭിമുഖ്യങ്ങൾ. അവരെ സ്വാധീനിക്കാൻ എളുപ്പമാണ്. പണംകൊടുത്തുള്ള സ്വാധീനമല്ല ഞാൻ ഉദ്ദ്യേശിക്കുന്നത്. ആശയപരമായി.

എന്താണ് ജുഡീഷ്യറി നേരിടുന്ന ഏറ്റവും വലിയ വിപത്ത്?

ഇന്ത്യൻ ജുഡീഷ്യറി നേരിടുന്ന ഏറ്റവും വലിയ വിപത്ത് കോർപറേറ്റ് ലോകത്ത് നിന്ന്, കോർപറേറ്റ് സ്വാധീനമുള്ള ജഡ്ജിമാർ ഉണ്ടാകുന്നതാണ്. അവരുടെ ചിന്ത അതായിരിക്കും. ജുഡീഷ്യറിയെ കോർപറേറ്റ് വൽക്കരിക്കാൻ എളുപ്പമാണ്. ജഡ്ജിമാർ അങ്ങനെയായാൽ ജുഡീഷ്യറിയും അങ്ങനെ തന്നെയാവും. ആഗോളീകരണം വലിയ പ്രശ്നമാണ്. ആഗോളീകരണ ചിന്താഗതിയുമായ പൊരുത്തപ്പെട്ടുപോകുന്ന ജഡ്ജിമാരാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ആഗോളീകരണം ഒരു രാജ്യത്തേക്ക് കൊണ്ടുവരാൻ എത്ര എളുപ്പമാണ്. ആഗോളീകരണമോ, ആധിപത്യമോ, അധിനിവേശമോ സ്​ഥാപിക്കണമെങ്കിൽ ആദ്യം വേണ്ടത് നിയമവ്യവസ്​ഥമാറ്റുകയാണ്. ഇന്ത്യയിൽ അത് ഫലപ്രദമായി സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. കൊളീജിയത്തിൽ കൂടിയാണ് ആഗോളീകരണം ഏറ്റവും ശക്തമായി ഇന്ത്യയിലേക്ക് കടന്നുവന്നത്. പാർലമെൻറിലൂടെയല്ല. ഇതൊരു അപകടമാണ്. സ്വകാര്യത്തിൽ നടക്കുന്ന കോടതി സ്വകാര്യവൽക്കരിക്കപ്പെട്ട കോടതിയാകും എന്നൊരു മുന്നറിയിപ്പ് കൂടിഎനിക്ക് നൽകാനുണ്ട്. കോടതികൾ പ്രവർത്തിക്കേണ്ടത് സ്വകാര്യത്തിലല്ല. അത് തുറന്ന് പ്രവർത്തിക്കണം. എല്ലാവരും  കാണട്ടെ. അങ്ങനെയേ നിഷ്പക്ഷവും നീതി പൂർവവുമായ നീതി നിർവഹണം ഉറപ്പാക്കാൻ കഴിയൂ. വലിയ വിപത്തുകൾ ഇന്ത്യയിൽ കാണുന്നുണ്ട്. ജഡ്ജിമാർ ആഗോളീകരണ സിദ്ധാന്തങ്ങളുമായി പൊരുത്തപ്പെട്ടിരിക്കുന്നു. അഭിഭാഷകരുടെ കാര്യം പറയാനില്ല. അഭിഭാഷകർ വാങ്ങുന്ന ഫീസിെൻറയും മറ്റും കണക്ക് അറിയാമല്ലോ. നീതി എന്നത്, നിയമത്തിെൻറ പരിരക്ഷയെന്നത് സാധാരണക്കാർക്ക് ലഭ്യമല്ലാത്ത അവസ്​ഥ വന്നിരിക്കുകയാണ്. ഹരീഷ് സാൽവെ അപ്പുറത്ത് നിൽക്കുമ്പോൾ ഇപ്പുറത്തെ പാവപ്പെട്ടവന് എന്തുചെയ്യാൻ കഴിയും? പണത്തിേൻറതായ ഒരു ആധിപത്യവും ആക്രമണവും അതിന് മുന്നിൽ നിസഹായരാകുന്ന പാവങ്ങൾക്ക് വേണ്ടി ആരും നിലപാട് സ്വീകരിക്കുന്നില്ല. ജഡ്ജിമാർ പോലും അത്തരത്തിലുള്ള വക്കീലന്മാർ വരുമ്പോൾ, അവരുടെ എടുപ്പ്, കെട്ടുകാഴ്ച കാണുമ്പോൾ വഴങ്ങിക്കൊടുക്കുകയാണ്. അതിന് വഴങ്ങും എന്നുള്ളതുകൊണ്ടാണ് അത്തരം വക്കീലന്മാരെ കൊണ്ടുവരുന്നത്. അല്ലെങ്കിൽ കാര്യം പറയാൻ സാധാരണ വക്കീൽ മതിയല്ലോ. അപ്പോൾ കാര്യം പറച്ചിലല്ല കോടതിയിൽ നടക്കുന്നത്. കെട്ടുകാഴ്ചയിൽ ജഡ്ജിമാരെക്കൂടി വിഭ്രമിപ്പിക്കുന്നു. ജഡ്ജിമാർ അങ്ങനെ വിഭ്രമിക്കുമ്പോൾ പരിഭ്രാന്തിയിലാകുന്നത് സാധാരണ മനുഷ്യരാണ്. അവരാണ് നീതിനിഷേത്തിെൻറ ഇരകളായി മാറിക്കൊണ്ടിരിക്കുന്നത്. ഞാൻ കാണുന്ന അപകടം ജസ്​റ്റിസ്​ സി.എസ്​. കർണൻ കാണുന്ന അപകടമല്ല. അതിനേക്കാൾ ഗുരുതരമായ അപകടമാണ്.

കോടതികയറ്റും എന്നത് ഒരു ചൊല്ലായി മാറിയിട്ടുണ്ട്. എന്നാൽ, സാധാരണക്കാരൻ കോടതിയിൽ ചെല്ലുമ്പോൾ അവന്\ അവൾക്ക് മനസിലാകുന്ന ഭാഷയല്ല അവിടെയുള്ളത്. സാധാരണക്കാരന് പ്രാപ്യമാകുന്ന വിധത്തിൽ കോടതിയെ എങ്ങനെ ജനാധിപത്യവൽക്കരിക്കാം?

കോടതിയെ ജനാധിപത്യവൽക്കരിക്കുന്നതിന് ആദ്യം വേണ്ടത് ഭാഷതന്നെയാണ്. കോടതിക്ക് പുറത്തുനിൽക്കുന്ന കക്ഷി കാര്യങ്ങൾ മനസിലാക്കണം. അതിന് കക്ഷിയുടെ ഭാഷയിൽ കാര്യങ്ങൾ നടക്കണം. കോടതിഭാഷ മലയാളത്തിലാക്കണം എന്ന് കുറേക്കാലമായി പലരും പറയുന്നുണ്ട്. പക്ഷേ, അതിന് മലയാളം പൂർണമായി തയ്യാറായിക്കഴിഞ്ഞുവെന്ന അഭിപ്രായവും എനിക്കില്ല. ഒട്ടുമല്ല എന്നല്ല, പൂർണമായിട്ടല്ല. സാങ്കേതികമായ പദാവലികൾ, പരിഭാഷയുടെ പ്രശ്നം, പുറമേനിന്നുള്ള ജഡ്ജിമാർക്കുള്ള ഭാഷപ്രശ്നം, സുപ്രീംകോടതിയിൽ പോകണമെങ്കിൽ മലയാളത്തിലുള്ളത് ഇംഗ്ലീഷിലേക്ക് ആക്കേണ്ട പ്രശ്നം തുടങ്ങിയ നിരവധി വിഷയങ്ങളുണ്ട്. പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരവുമുണ്ടാക്കാം. പക്ഷേ, ജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ വേണം കോടതിയിൽ കാര്യങ്ങൾ നടക്കാൻ. വിധി ഇംഗ്ലീഷിൽ എഴുതിക്കൊള്ളട്ടെ, വാദത്തിലെങ്കിലും കുറച്ചെങ്കിലും മലയാളം പറയാമല്ലോ. അതല്ലാതെ കക്ഷികളെ അകറ്റി നിർത്തിക്കൊണ്ട്,ഭയപ്പെടുത്തി മുന്നോട്ട് പോകാൻ പാടില്ല. കോടതിയിൽ നടക്കുന്നതല്ല വക്കീലന്മാർ കക്ഷികളോട് പറയുന്നത്്. കക്ഷികൾ ഒന്നും അറിയുന്നില്ല. അതുമാറി ഇതിനൊരു ജനകീയ സ്വഭാവം വരണം. ആ ജനകീയ സ്വഭാവം ഉറപ്പാക്കണമെങ്കിൽ ഏറ്റവും വലിയ പങ്കുവഹിച്ചിട്ടുള്ളത് മാധ്യമങ്ങളാണ്.

നേരത്തെ  കൊളീജിയം സംവിധാനത്തെ പറഞ്ഞു. എക്സിക്യുട്ടീവിനെ എങ്ങനെ ജഡ്ജിമാരുടെ നിയമനത്തിൽ ഇടപെടുത്താം?  വേണമെങ്കിൽ കേരള കോടതികളിലെ അഭിഭാഷക–മാധ്യമപ്രശ്നം പരിഹരിക്കാൻ എക്സിക്യുട്ടീവിനും ഭരണ പാർട്ടിക്കും ഇടപെടാമല്ലോ?

ജുഡീഷ്യറിയുടെ പ്രവർത്തനത്തിൽ എക്സിക്യുട്ടീവും ലെജിസ്​ലേച്ചറും ഇടപെടരുത് എന്ന ഒരു തത്വമുണ്ട്. ഭരണഘടനാപരമായ തത്വമാണ്. സെപറേഷൻ ഓഫ് പവർ എന്ന തത്വമുണ്ട്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്ന തത്വവുമുണ്ട്. അതിെൻറ അർത്ഥം ആരും ഒന്നും പറയാതെ, ആരുടെയും ഇടപെടലില്ലാതെ ജഡ്ജിമാർക്ക് പ്രവർത്തിക്കാമെന്നല്ല. ജുഡീഷ്യൽ ആക്റ്റിവിസം കുറക്കോലം മുമ്പ് കേട്ടു. അന്ന് ഞാൻ പറഞ്ഞിരുന്നു ജുഡീഷ്യൽ ആക്റ്റിവിസം അത്യന്തികമായി ജുഡീഷ്യൽ ഡിറ്റേക്റ്റർഷിപ്പായി മാറും എന്ന്. അന്ന് എല്ലാവരും ജഡ്ജിമാരുടെ കൂടെയായിരുന്നു. പൊതുതാൽപര്യ ഹർജി എന്നൊക്കെ പറഞ്ഞ്.ഇപ്പോൾ കാണുന്നത് ഞാൻ പറഞ്ഞ അതേ കാര്യമാണ്. ജഡ്ജിമാർക്ക് എന്തും പറയാം. അവർ പറയുന്നതാണ് നിയമം. അവർ പറയുന്നു പാതയോരത്ത് മദ്യവിൽപന പാടില്ല. ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം ആരാണ് അവർക്ക് കൊടുത്തത്? ഭരണഘടനയുടെ അനുച്ഛേദം 142 അനുസരിച്ച് സവിശേഷമായ സാഹചര്യത്തിൽ നീതിയുടെ താൽപര്യങ്ങൾക്കുവേണ്ടി ചില ഉത്തരവുകൾ –നിയമനിർമാണത്തെ അനുസ്​മരിപ്പിക്കുന്ന ഉത്തരവുകൾ– കോടതിക്ക് നൽകാം എന്നാണ്. ആ വിഷയത്തിൽ പാർലമെൻറ് നിയമം പാസാക്കിയാൽ അത് റദ്ദാകും. ഇവിടെ ജഡ്ജിമാർക്ക് എന്തും ചെയ്യാം. ഇന്ത്യൻ ജുഡീഷ്യറിയുടെ പ്രത്യേകത ജുഡിഷ്യൽ റിവ്യൂ അംഗീകരിക്കുന്നുവെന്നതാണ്്. ജുഡീഷ്യൽ റിവ്യൂ എന്നു പറഞ്ഞാൽ ജഡ്ജിമാർക്ക് തോന്നുന്നതുപോലെ എന്തും എഴുതാം എന്നല്ല. അതിനാണ് എക്സിക്യുട്ടീവ് ഉള്ളത്, ലെജിസ്​ലേച്ചർ ഉള്ളത്. കാര്യങ്ങൾ നടക്കുന്നില്ലെങ്കിൽ കോടതിക്ക് അഭിപ്രായം പറയാം. നിശ്ചിതവിഷയത്തിൽ നിയമനിർമാണം ആവശ്യമുണ്ടെന്ന് പറയാം. എല്ലാം ഞങ്ങൾ ചെയ്യാമെന്ന് അവർ പറഞ്ഞാൽ മറ്റൊന്നും ആവശ്യമില്ല. സെപ്പറേഷൻ ഓഫ് പവർ എന്നു പറഞ്ഞാൽ അത് ജുഡീഷ്യറിയെ പരിരക്ഷിക്കാൻ മാത്രമായിട്ടുള്ള തത്വമല്ല. പരസ്​പര ബഹുമാനം ആവശ്യപ്പെടുന്ന തത്വമാണ്.ഇന്ത്യയിൽ ഇപ്പോൾ കാണുന്നത് അതല്ല. വീഴ്ചകൾ സംഭവിക്കുന്നു. കൊളീജിയം സംവിധാനം വന്നതുമുതൽ എക്സിക്യുട്ടീവും ലെജിസ്​ലേച്ചറും അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ പരാജയപ്പെട്ടു.കൊളീജിയം സംവിധാനം വരുമ്പോൾ നരസിംഹറാവുവായിരുന്നു  പ്രധാനമന്ത്രി. കോടതിയെ വെല്ലുവിളിക്കാനുള്ള കെൽപൊന്നും അദ്ദേഹത്തിന് അന്നുണ്ടായിരുന്നില്ല. മാത്രമല്ല അദ്ദേഹത്തിന് മറ്റ് പല അജണ്ടകളുമുണ്ടായിരുന്നതിനാൽ ഇതൊരു വിഷയവുമായില്ല. ആരും ഇടപെടാൻ ഇല്ലെങ്കിൽ ഇടപെടാനുള്ള അധികാരം കൂടി കോടതിക്ക് നൽകിയിട്ടുണ്ട്. പക്ഷേ, കോടതിയുടെ ഇപ്പോഴത്തെ പോക്ക് കൂടുതൽ മോശമായ അവസ്​ഥയിലേക്കാണ്.

സ്​റ്റിസ്​ യു.എൽ.ഭട്ട് അദ്ദേഹത്തിെൻറ ആത്മകഥയിൽ കെ. കരുണാകരൻ രാജൻകേസിൽ തനിക്കെതിരായി വിധി പറഞ്ഞ ജസ്​റ്റിസ്​ സുബ്രഹ്മണ്യൻ പോറ്റിയെ നാടുകടത്തിയെന്ന് പറയുന്നുണ്ട്. ജസ്​റ്റിസ്​ ഭട്ട് തന്നെ കരുണാകരനെ കാണാൻ പോയതും പറയുന്നുണ്ട്. പരസ്​പര ബഹുമാനത്തിെൻറായ ഘട്ടത്തിലും ഇത്തരം ഇടപെടൽ രാഷ്ട്രീയക്കാർക്ക് നടത്താൻകഴിഞ്ഞിരുന്നു എന്നല്ലേ അർത്ഥമാക്കേണ്ടത്?

അന്ന് കൊളിജിയം ആയിരുന്നില്ല. അന്ന് എക്സിക്യുട്ടീവിന് ജഡ്ജിമാരുടെ നിയമനത്തിൽ ഒരു പങ്ക് വഹിക്കാൻ കഴിയുന്ന കാലമായിരുന്നു. അതുകൊണ്ടാണ് ഇന്ദിരാഗാന്ധി അന്ന് നിരവധി ജഡ്ജിമാരെ സ്​ഥലം മാറ്റുകയും മറ്റും ചെയ്തത്. എക്സിക്യുട്ടീവിന് പൂർണമായ അധികാരം കൊടുക്കണമെന്നല്ല പറയുന്നത്. അതിന് പകരം കൊളീജിയത്തിന് കൊടുത്താലും ഇതുതന്നെ സംഭവിക്കും. കൊളീജിയത്തിന് ഇഷ്​ടമില്ലാത്ത എത്രയോ ജഡ്ജിമാർ സ്​ഥലംമാറ്റപ്പെടുന്നു. എത്രയോപേർക്ക് സ്​ഥാനക്കയറ്റം നൽകാതിരിക്കുന്നു. കരുണകാരനെക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിെൻറ ഏറ്റവും വലിയ സംഭാവനയാണല്ലോ ജസ്​റ്റിസ്​ കെ.ജി. ബാലകൃഷ്ണൻ. കരുണാകരൻ എന്ന മുഖ്യമന്ത്രിയില്ലായിരുന്നെങ്കിൽ കെ.ജി. ബാലകൃഷ്ണനെന്ന ജഡ്ജി കേരളത്തിൽ ഉണ്ടാകുമായിരുന്നില്ല. സുപ്രീംകോടതി ചീഫ് ജസ്​റ്റിസ്​ എന്ന പദവിയിലേക്ക് ഒരു ദലിതൻ എത്തുകയും ചെയ്യുമായിരുന്നില്ല. ഞാൻ കരുണാകരനെ രാഷ്ട്രീയമായി ഇഷ്​ടപ്പെടുന്നയാളല്ല. പക്ഷേ, കെ.ജി. ബാലകൃഷ്ണെൻറ കാര്യത്തിൽ കരുണാരൻ എടുത്ത നിലപാട് ശ്ളാഘിക്കപ്പെടേണ്ടതാണ്. കെ.ജി. ബാലകൃഷ്ണൻഅവസാന കാലത്ത് പേരുദോഷം കേൾപ്പിച്ചുവെന്നത് വേറെ കാര്യം. ഇന്ത്യയുടെ ചീഫ് ജസ്​റ്റിസാക്കുന്ന തരത്തിൽ നമ്മുടെ നാട്ടുകാരനെ ചെറുപ്പത്തിലേ ജഡ്ജിയാക്കിയെടുക്കുന്നതിൽ കരുണാകരൻ വഹിച്ച പങ്ക് കാണാതിരുന്നുകൂടാ. ജസ്​റ്റിസ്​ ഭട്ടിെൻറ ആക്ഷേപത്തെപ്പറ്റി എനിക്ക് വ്യക്തതയില്ല.  എക്സിക്യുട്ടീവും ജുഡിഷ്യറിയും സഹകരിച്ച് ജഡ്ജിമാരുടെ നിയമനം നടത്തണം. അത്തരമൊരു നിർദേശമാണ് നാഷണൽ ജുഡിഷ്യൽ അപ്പോയിൻറ്മെൻറ് കമീഷനിലുടെ ഉണ്ടായത്. അതും നിർഭാഗ്യവശാൽ കോടതി റദ്ദാക്കി. തങ്ങളുടെ ഏകാധിപത്യം എന്ന ജഡ്ജിമാരുടെ സമീപനം ശരിയല്ല.

കോടതിയലക്ഷ്യക്കേസുകൾ കോടതി തന്നെ പരിഗണിക്കുന്നത് വലിയൊരു വിരോധാഭാസമാണ്...?

കോടതിയലക്ഷ്യം എന്താണെന്ന് എന്ന് നമുക്കറിയില്ലല്ലോ. എന്താണ് കോടതിയലക്ഷ്യം എന്ന് തീരുമാനിക്കുന്നത് കോടതിയാണ്. എം.വി.ജയരാജെൻറ അവസ്​ഥ അറിയാം. ജയരാജൻ ഉപയോഗിച്ച വാക്കിനേക്കാൾ കടുത്ത വാക്ക് ജഡ്ജി ഉപയോഗിച്ചു. അത് വിധിയിൽ എഴുതിയിട്ടുണ്ട്. കീടം എന്നു വിളിച്ചു. ഇന്ത്യൻ പൗരനെ ഒരു ഹൈകോടതി ജഡ്ജി കീടമെന്ന് വിളിക്കാൻ പാടില്ല. കാരണം  ഭരണഘടനയുടെ ആമുഖത്തിൽ പറയുന്ന കാര്യം അന്തസാണ്. ഏതൊരു പൗരെൻറയും അന്തസ്​ സംരക്ഷിക്കപ്പെടാനുള്ളതാണ്്. ആ ഭരണഘടനയനുസരിച്ച് പ്രവർത്തിക്കുന്ന ജഡ്ജി അത് ലംഘിച്ച് കീടമെന്ന് വിളിച്ചു. മാത്രമോ. കോടതിയലക്ഷ്യകേസിെൻറ പരമാവധി ശിക്ഷ ആറുമാസമാണ്. ആറുമാസത്തേക്ക് ജയരാജനെ ജയിലിലേക്കയച്ചു. അപ്പീൽ കൊടുക്കാനുള്ള സമയംപോലും അനുവദിച്ചില്ല. കോടതിമുറിയിൽ നിന്ന് നേരെ തിരുവനന്തപുരത്തെ ജയിലിലേക്കാണ് കൊണ്ടുപോയത്. സുപ്രീംകോടതിയിൽ പോയി വിധി അസാധുവാക്കിയപ്പോഴേക്കും ഏഴ് ദിവസം കഴിഞിരുന്നു. അതിൽ പ്രയാസം തോന്നാതിരിക്കാൻ വേണ്ടിയാവണം  സുപ്രീംകോടതി അത് ഏഴ്ദിവസത്തെ ശിക്ഷയായി കുറച്ചു. അങ്ങനെയല്ലല്ലോ കോടതിയും ജഡ്ജിമാരും പ്രവർത്തിക്കേണ്ടത്. അങ്ങനെയൊക്കെ പ്രവർത്തിക്കുന്ന കാലമായതുകൊണ്ട് എല്ലാവർക്കും ഭയമാണ്. ജനങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും ഭയം തോന്നുന്ന അവസ്​ഥ ജനാധിപത്യമല്ല. കോടതിയെ ഭയം, എക്സിക്യുട്ടീവിനെ ഭയം, ലെജിസ്​ലേച്ചറിനെ ഭയം, പൊലീസിനെ ഭയം, എല്ലാവർക്കും എല്ലാവരെയു ഭയം. അത് നല്ല അവസ്​ഥയല്ല. എെൻറ അഭിപ്രായത്തിൽ കോടതിയലക്ഷ്യം എന്ന നിയമത്തിെൻറ തന്നെ ആവശ്യമില്ല. കോടതിക്കെതിരെ സംസാരിക്കരുത് എന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്? കോടതികളെക്കുറിച്ചും സംസാരിക്കണം, കോടതികൾ വിമർശിക്കപ്പെടണം. കോടതിക്ക് പ്രവർത്തിക്കുന്നതിന്, കോടതിക്ക് വിധികളും ഉത്തരവും നടപ്പാടക്കുന്നതിന്  ആവശ്യമുള്ള അധികാരം വേണം. അതിനപ്പുറത്തേക്ക് വിമർശത്തെയും ആക്ഷേപത്തെയും ഒന്നും തടയുന്നതിന് കോതിയലക്ഷ്യ നിയമം പാടില്ല. ഇത് ഞാൻ  പറയുന്നതല്ല. അമേരിക്കയിലുൾപ്പടെയുള്ള അവസ്​ഥ ഇതാണ്.  കോടതിയലക്ഷ്യ നിയമത്തിെൻറ പരിരക്ഷയിൽ പ്രവർത്തിക്കുന്നവരല്ല അമേരിക്കയിലെ ജഡ്ജിമാർ. അതുകൊണ്ട് ഒരു തടസവും അവിടുത്തെ കോടതികൾ പ്രവർത്തനത്തിൽ നേരിടുന്നില്ല. അതുകൊണ്ട് അമേരിക്കയിലെ കോടതിയുടെ ശക്തി കുറഞ്ഞുപോയി എന്നാരും പറയുന്നില്ല.

ജയരാജെൻറ കാര്യം പറഞ്ഞതുകൊണ്ട് ചോദിക്കട്ടെ. ജയരാജന്, എം.എം.മണിക്ക് ഒക്കെ  എതിരെ പെട്ടന്ന് കോടതി നടപടി വരുന്നു. എന്നാൽ, മണി പറഞ്ഞതിനേക്കാൾ മോശമായി പറഞ്ഞവർക്ക് നേരെ നടപടിയുണ്ടാവുന്നില്ല. കോടതിക്ക് ഇത്തരത്തിൽ നിശ്ചിത തെരഞ്ഞെടുപ്പുകളും നിശ്ചിത മേധാക്ഷയവും ഉണ്ടോ?

ഉണ്ടല്ലോ. പെട്ടന്ന് ഓർമയിൽ വരുന്ന കാര്യം കോൺഗ്രസ്​ നേതാവും എം.പി കൂടിയുമായിരുന്ന കെ. സുധാകരൻ നടത്തിയ പ്രസ്​താവനയാണ്. അദ്ദേഹം പറഞ്ഞ് സുപ്രീംകോടതിയിലെ ഒരു ജഡ്ജി കക്ഷിയുടെ കയ്യിൽ നിന്ന് പണം വാങ്ങൂന്നത് താൻ നേരിൽ കണ്ടു എന്ന്. ഒന്നും സംഭവിച്ചില്ല. ഇ.എം.എസ്​. നമ്പൂതിരിപ്പാട് പറഞത് എന്തായിരുന്നു? ജുഡീഷ്യറിക്ക് വർഗ താൽപര്യമുണ്ട്. മോശംവാക്കൊന്നും പറഞ്ഞില്ല. സമ്പന്നർക്കൊപ്പമായിരിക്കും കോടതി എന്നാണ് പറഞ്ഞത്. അതിന് ശിക്ഷിച്ചു. ആര് പറയുന്നു എന്ന് നോക്കുന്നുണ്ട്. ഇടതുപക്ഷത്ത് നിന്ന് ഒരു വിമർശനം, ആക്ഷേപം ഉണ്ടായാൽ അതിന് വലിയ തോതിൽ ഗൗരവത്തോടെ കാണുക. മറുപക്ഷത്തുള്ളവർ പറഞ്ഞാൽ അതു സാരമില്ല. അത് ശരിയായ നടപടിയല്ല.

ജില്ലാ ജഡ്ജിമാരുടെ നിയമനത്തിൽ ക്രമക്കേട് നടന്നതായി വാർത്ത അടുത്തിടെ വന്നു. ജുഡീഷ്യൽ സംവിധാനവും അഴിമതിവൽക്കരിക്കപ്പെട്ടിട്ടുണ്ടോ?

അഴിമതി എന്നു പറഞ്ഞാൽ പണം മാത്രമല്ല. ജഡ്ജിമാർ പണം വാങ്ങി എന്നാരും പറഞ്ഞിട്ടില്ല. പക്ഷേ, വ്യക്തിപരമായ താൽപര്യങ്ങൾക്കനുസൃതമായ ചില തിരിമറികൾ നടന്നിട്ടുണ്ട്.  നിയമം പാലിക്കാതെ, നിയമവ്യവസ്​ഥകൾ തെറ്റിച്ച് നിയമനം നടത്തി എന്നുള്ളതാണ് ആക്ഷേപം. പ്രഥമദൃഷ്​ട്യാ അതിൽ ചില വാസ്​തവമുണ്ട്. പ്രശ്നം ഇപ്പോൾ സുപ്രീംകോടതിയുടെ പരിശോധനയിലാണ്. സുപ്രീംകോടതി ഹൈകോടതിക്ക് നോട്ടീസ്​ അയച്ചു കഴിഞ്ഞു. അതിൽ അഭിപ്രായം പറയുന്നില്ല. പക്ഷേ, ഒരു കാര്യമുണ്ട്. ഭരണഘടന അനുസരിച്ച് നിയമനം നടത്തേണ്ട ഒരു സ്​ഥാപനത്തിെൻറ, പബ്ലിക് സർവീസ്​ കമീഷൻ (പി.എസ്​.സി)യുടെ നിയമന പ്രക്രിയയിൽ ഒരു അപാകം കണ്ടാൽ ഹൈകോടതി എന്തെല്ലാം പറയും. വിളിച്ചുവരുത്തും.ശാസിക്കും. അങ്ങനെയുള്ള ഒരു സ്​ഥാപനം നിയമനം നടത്തുമ്പോൾ അതേ തെറ്റുകൾ ആവർത്തിക്കാൻ പാടില്ല. അതേ ആരോപണങ്ങൾ ഉന്നയിക്കപ്പെടാനുള്ള സാഹചര്യം ഉണ്ടാക്കാൻ പാടില്ലായിരുന്നു. നിർഭാഗ്യവശാൽ ഹൈകോടതി എപ്പോഴൊക്കെ നിയമനതെരഞ്ഞെടുപ്പ് നടത്തുന്നുവോ അപ്പോഴൊക്കെ ആരോപണങ്ങൾ ഉണ്ടാവുന്നുണ്ട്.

വ്യക്തിപരമായി താങ്കൾ പ്രതിസന്ധിയിലാണോ? അഭിഭാഷകരുടെ സമീപനം, കോടതിയലക്ഷ്യകേസുകൾ ഇവയെല്ലാം താങ്കളെ ബാധിച്ചിട്ടുണ്ടോ?

തീർച്ചയായിട്ടും അസ്വസ്​ഥകൾ ഉണ്ട്. പ്രവർത്തിക്കുന്ന മേഖലയിലെ മൊത്തം സഹപ്രവർത്തകർ ഇഷ്​ടക്കേട് കാണിക്കുന്നു. ഞാൻ ഹൈകോടതിയിലേക്ക് ചെന്നാൽ മറ്റേതോ സംസ്​ഥാനത്തിലെ കോടതിയിലേക്ക് കയറിച്ചെല്ലുന്ന അവസ്​ഥയാണ്.ആരും ചിരിക്കുന്നില്ല. ആരും സംസാരിക്കാൻ തയാറാകുന്നില്ല. മാസങ്ങളായി. തീർത്തും അപരിചിതനായ ഒരാൾ ഏതോ നാട്ടിലെ കോടതിയിലേക്ക് കയറിച്ചെല്ലുന്ന അവസ്​ഥയാണ്. കേരളത്തിലെ മൊത്തം കോടതികളിലും ഇതാണ് അവസ്​ഥ. സി.പി.എമ്മിന് സ്വാധീനമുള്ള ഓൾ ഇന്ത്യാ ലോയേഴ്സ്​ യൂണിയൻ എന്ന സംഘടനയുണ്ട്. പത്തിരുപത് വർഷമായി ഞാൻ കേരളമൊട്ടുക്ക് നടന്ന് പല വിഷയങ്ങളിൽ പ്രസംഗിച്ചിട്ടുള്ളയാളാണ്. ഇപ്പോഴവർ എന്നെ വിളിക്കാറില്ല. എന്നെ ബഹിഷ്കരിക്കുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് അവരാണ്്. എന്തിനാണ് അതെന്ന് മനസിലാകുന്നില്ല. ഞാൻ പാർട്ടിക്ക് അനഭിമതനല്ല.സർക്കാറിന് അനഭിമതനല്ല. എല്ലാവരുമായി സഹകരിച്ചുപോകുന്നു. എന്തുകൊണ്ടാണ് ഓൾ ഇന്ത്യാ ലോയേഴസ്​ യൂണിയന് ഇത്ര നീരസം വരാൻ കാരണം? വിശദീകരിക്കാൻ കഴിയാത്ത അവസ്​ഥയാണിത്. അത് പ്രയാസമുണ്ടാക്കുന്നു. അതുകൊണ്ട് എനിക്ക് നിലപാടുകൾ മാറ്റാനാവില്ല. ഇപ്പോൾ എനിക്ക് കേസുകളുടെ എണ്ണം തന്നെ കുറഞ്ഞു. ഹൈകോടതിയിലേക്ക് കേസുകൾ അയക്കുന്നത് മറ്റ് കോടതിയിലെ വക്കീലന്മാരാണ്. അവർ അയപ്പിക്കില്ല. എനിക്കെതിരെ അവർ കേസ്​ കൊടുക്കുന്നുണ്ട്. നെയ്യാറ്റിൻകര കോടതിയിൽ ഓൾ ഇന്ത്യാ ലോയേസ്​ യൂണിയെൻറ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ് കേസ്​ കൊടുത്തിരിക്കുന്നത്. കേസ്​ കൊടുത്തു എന്നു മാത്രമല്ല, എനിക്ക് വേണ്ടി ഹാജരായ അഭിഭാഷകയെക്കൊണ്ട് നിർബദ്ധപൂർവം ആ വക്കാലത്ത് പിൻവലിപ്പിച്ചു. ഒരു വക്കീലുപോലും എനിക്കുവേണ്ടി ഹാജരാകാൻ പാടില്ലെന്ന്. അഭിഭാഷകർ ആവശ്യപ്പടുന്ന ഒരു നിർഭയത്വം,ധീരത എവിടെപ്പോയി. ഞാൻ പറഞ്ഞ കാര്യങ്ങളോട് സർക്കാരിന് വിയോജിപ്പില്ല. സി.പി.എമ്മിന് വിയോജിപ്പില്ല. ആർക്കും വിയോജിപ്പില്ല. ഇവർക്ക് മാത്രമെന്താണ് വിയോജിപ്പ് വരാൻ കാരണം? അവിടെ എന്തോ ഉണ്ട്. എന്തോ ഉണ്ടെങ്കിൽ അത് കണ്ടുപിടിക്കാനുള്ള ഉത്തരവാദിത്വംകേരളത്തിലെ പൊതു സമൂഹത്തിനുണ്ട്. അത് കണ്ടുപിടിക്കാൻ കഴിയുന്നില്ലെങ്കിൽ ഈ അഭിഭാഷകർ പൊതുസമൂത്തെ അപകടത്തിലാക്കും.

താങ്കൾ നേരിടുന്ന കോടതിയലക്ഷ്യമുൾപ്പടെയുള്ള മറ്റ് കേസുകളുടെ അവസ്​ഥയെന്താണ്?

ഒന്നും പറയാൻ പറ്റില്ല. എല്ലാ കേസുകളും നടക്കുന്നു. കോടതിയലക്ഷ്യത്തിെൻറ രണ്ടു കേസുകളാണുള്ളത്. കൂടാതെ അപകീർത്തി കേസുകൾ. അതിനെല്ലാം ഉപരി ബാർ കൗൺസിലിൽ പരാതി. എന്നെ അഭിഭാഷകവൃത്തിയിൽ നിന്ന് തന്നെ നീക്കം ചെയ്യണമെന്നാണ് ആവശ്യം. കക്ഷികളെ പറ്റിച്ച് അവരുടെ കയ്യിലെ പണം മുഴുവൻ അപഹരിക്കുന്ന എത്രയോ വക്കീലന്മാരുണ്ട്. അവർക്കൊന്നും ഒരു ബുദ്ധിമുട്ടുമില്ല. അഭിഭാഷക വൃത്തിയുടെ അന്തസ്​ ഞാൻ ഇടിച്ചു താഴ്ത്തി എന്നാണ് അവരുടെ ആക്ഷേപം. കേരളത്തിലെ പൊതു സമുഹം അഭിഭാഷകൻ എന്ന നിലയിൽ എന്നെ കാണുന്നുണ്ടെങ്കിൽ എന്നിലൂടെ അഭിഭാഷകവൃത്തിയുടെ അന്തസ്​ ഉയർത്തപ്പെടുകയല്ലാതെ താഴ്ത്തപ്പെടാത്തതുകൊണ്ടാണ്. ഇവരിൽ പലരുടെയും അവസ്​ഥ അതല്ല. ഓരോരുത്തരുടെയും പേരെടുത്ത് പറയേണ്ട ആവശ്യമില്ല. അവർക്കാർക്കും എന്നെ നോക്കി കുറ്റപ്പെടുത്താനോ, അധിക്ഷേപിക്കാനോ ഉള്ള ധാർമികമായ അവകാശം ഇല്ല. അവരെക്കാൾ ഒക്കെ ധാർമികമായി എത്രയോ ഉയർന്ന തലത്തിൽ ജീവിക്കുന്നയാളാണ് ഞാൻ. പക്ഷേ, ഒരു പ്രതിസന്ധി ഘട്ടം ഉണ്ടായിരിക്കുന്നു. ഈ ഘട്ടത്തിൽ ധൈര്യം തോന്നുന്നത് സാധാരണ മനുഷ്യർ നൽകുന്ന പിന്തുണയാണ്. ഞാൻ എടുത്ത നിലപാടിനെ അവർ വിലമതിക്കുന്നു. അല്ലെങ്കിൽ മാനസികമായി കടുത്ത സംഘർഷത്തിലൂടെ കടന്നുപോകുന്ന മാസങ്ങളാണ് ഇത്.

ഇപ്പോൾ അഭിഭാഷകവൃത്തി തെരഞ്ഞെടുക്കേണ്ടിയിരുന്നില്ല എന്നു തോന്നുന്നുണ്ടോ?

ഇല്ല. ഞാനിതൊക്കെ ചെയ്യുമ്പോഴും ഒരേ സമയത്ത് തന്നെ പല പണി ചെയ്യുന്നുണ്ട്. അതുകൊണ്ട് അഭിഭാഷകവൃത്തി തെരഞ്ഞെടുക്കേണ്ടയിരുന്നില്ല എന്നൊന്നും തോന്നുന്നില്ല. കേരളത്തിലെ ഏറ്റവും നല്ല വക്കീൽ ആരെന്ന് ചോദിച്ചാൽ ഉത്തരം കണ്ടുപിടിക്കുന്നതിന് അടിസ്​ഥാനം ഏറ്റവും ഉയർന്ന ഫീസ്​ വാങ്ങുന്നയാൾ എന്നതായിരിക്കും. അല്ലാതെ മറ്റൊന്നല്ല. ഏറ്റവും കൂടുതൽ ഫീസ്​ വാങ്ങുന്ന വക്കീൽ, ഏറ്റവും കൂടുതൽ കേസുള്ള വക്കീൽ എന്ന ഖ്യാദിക്ക് വേണ്ടി ഞാനൊരിക്കലും പരിശ്രമിച്ചിട്ടില്ല. ഇനി അതിന്വേണ്ടി പരിശ്രമിക്കാനുള്ള സമയവുമില്ല.  അഭിഭാഷകവൃത്തി തന്നെ തുടർന്നുപോയിരുന്നെങ്കിൽ ഞാൻ ഹൈകോടതി ജഡ്ജിയാകുമായിരുന്നു എന്ന വിശ്വാസം എനിക്കുണ്ട്. അല്ലെങ്കിൽ കേരളത്തിലെ നമ്പർ വൺ വക്കീലാകുമായിരുന്നു. അതിനു പകരം എനിക്ക് കിട്ടിയ അവസരം പാർലമെൻറംഗമാകാനായിരുന്നു. ഞാൻ മൂന്നു പ്രവാശ്യം പാർലമെൻറിൽ ഇരുന്നു.ഒരു തവണ നിയമസഭയിലും. ഇന്ന് കേരള ഹൈകോടതിയിലെ ഒരു വക്കീലിെൻറ പേര് പറയാൻ പറഞ്ഞാൽ സാധാരണ മനുഷ്യർ പറയുന്ന ഒരു പേര് എേൻറതാകും. അതൊരു നേട്ടമാണ്്. പണത്തിെൻറയും കേസിെൻറയും അടിസ്​ഥാനത്തിലല്ല ഞാനൊന്നും വിലയിരുത്തുന്നത്.


പച്ചക്കുതിര ഐറ്റം, 2017 മേയ്










No comments:

Post a Comment