Friday, October 8, 2010

മതേതരം/മതരഹിതം

സംഭാഷണം
രശ്മി ബിനോയി, ഷംസുദ്ദീന്‍ കുട്ടോത്ത്/ആര്‍.കെ.ബിജുരാജ്പ്രണയ വിവാഹം അപൂര്‍വ സംഭവമല്ല. വ്യത്യസ്ത മതത്തില്‍പെട്ടവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നത് നാട്ടില്‍ നടക്കാത്തതുമല്ല. അങ്ങനെ നോക്കിയാല്‍ രശ്മി ബിനോയിയും ഷംസുദ്ദീന്‍ കുട്ടോത്തും വിവാഹിതരായതില്‍ പ്രത്യേകിച്ച് ഒന്നുമില്ല. നിത്യസാധാരണമായ ഒരു പുരോഗമന നടപടി എന്നു വിശേഷിപ്പിക്കാം. രശ്മി വനം മന്ത്രി ബിനോയി വിശ്വത്തിന്റെയും ഷൈലജ ജോര്‍ജിന്റെയും മകളാണ് എന്ന പ്രത്യേകത കൊണ്ട് ആഘോഷിക്കപ്പെടേണ്ട കാര്യമൊന്നുമല്ല ഇവരുടെ കല്യാണം. പക്ഷേ, നമ്മുടെ കാലം ഈ പ്രണയവിവാഹത്തെ വേറിട്ടുനിര്‍ത്തുന്നുണ്ട്. അതിന് കാരണങ്ങള്‍ ഇവയാണ്:

ഒന്ന്: ഷംസുദ്ദീന്‍ കുട്ടോത്ത് ഒരു മുസ്ലീം സമുദായാംഗമാണ്. 'ലൗ ജിഹാദ്' തുടങ്ങി പലതരം വിവാദങ്ങള്‍ കാരണം മുസ്ലീം സമുദായം സംശയത്തിന്റെ മുള്‍മുനയിലാണ്. ഒരു മതത്തെ മൊത്തത്തില്‍ 'തീവ്രവാദികള്‍' എന്ന് മുദ്രയടിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അത്തരത്തില്‍ തെറ്റിധരിക്കപ്പെടുന്ന മതത്തിലെ അംഗമാണ് ഷംസുദ്ദീന്‍. അതിനാല്‍ ഷംസുദ്ദീനെയും സംശയത്തോടെ സമൂഹം നോക്കാനിടയുണ്ട്.

രണ്ട്്: സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാത്ത, പര്‍ദയിടാന്‍ നിര്‍ബന്ധിക്കുന്ന മതത്തില്‍പെട്ട ഒരാളെയാണ്, 'ചരിത്രത്തിലെ പെണ്ണിടങ്ങള്‍' പോലുള്ള ഒരു സ്ത്രീപക്ഷ പുസ്തകം എഴുതിയ രശ്മി വിവാഹം കഴിക്കുന്നത്.

മൂന്ന്്: നവദമ്പതികളോടുള്‍പ്പടെ സ്വകാര്യവും പരസ്യവുമായി പലരും പങ്കുവച്ച ആശങ്കളില്‍ ഒന്ന് രശ്മിയുടെ മതംമാറ്റം സംഭവിക്കുമെന്നാണ്. ഷംസുവിന്റെ പ്രേരണയില്‍ രശ്്മി മുസ്ലീമാകുമോ?

നാല്: മുസ്ലീം സമുദായത്തില്‍ ജനിച്ച ഒരാള്‍ക്ക് ഇവിടെ എത്രമാത്രം മതേതര ജീവിതം സാധ്യമാണ്. എത്രത്തോളം നമ്മളുടെ സമൂഹം മതേരത്വത്തെ അംഗീകരിക്കുന്നുണ്ട്?

അഞ്ച്്: വി.ആര്‍.കൃഷ്ണയ്യരെപ്പോലുള്ളലുള്ളവര്‍ ഇവരുടെ വിവാഹത്തെ 'അനുകരിക്കേണ്ട മാതൃക' എന്ന് പരസ്യമായി അഭിനന്ദിച്ചിരിക്കുന്നു. അതെന്തുകൊണ്ടാവും?

ആറ്: മറ്റെന്തിനേക്കാളുപരി, ഒരു സംഘടനയുടെ ലഘുലേഖ മാത്രം മുന്‍നിര്‍ത്തി, 'കേരളത്തെ ഒരു മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു' എന്ന പ്രഖ്യാപനം വഴി ഒരു സമുദായത്തെ കേരളത്തിലെ മുഖ്യമന്ത്രി പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടുണ്ട്. അതേ മന്ത്രിസഭയിലെ മറ്റൊരംഗത്തിന്റെ മകളാണ് രശ്മി. അച്ഛന്‍ അംഗമായ മന്ത്രിസഭയിലെ തലവനെപ്പറ്റി രശ്മിക്ക് എന്താണ് പറയാനുണ്ടാവുക.
ഇത്തരത്തില്‍, തീര്‍ത്തും സാമൂഹ്യവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ നമുക്കിപ്പോള്‍ രശ്മി ബിനോയിയോടും ഷംസുദ്ദീന്‍ കുട്ടോത്തിനോടും സംസാരിക്കാം.


പ്രണയം ഇപ്പോള്‍ വിവാഹത്തിലെത്തിയിരിക്കുന്നു. നിങ്ങള്‍ എത്രകാലം പ്രണയിച്ചു?

ഷംസു/രശ്മി: ഞങ്ങള്‍ക്ക് കുറച്ചുകാലമായി പരസ്പരം അറിയാം. പ്രീഡിഗ്രി കാലം തൊട്ടേ പരിചയമുണ്ട്. ഷംസു ഫറൂഖ് കോളജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ സര്‍വകലാശാല ഡി സോണ്‍ കഥാ/കവിതാ മത്സരത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അന്ന് പ്രോഗ്രാമിന്റെ സംഘാടക ചുമതലയുണ്ടായിരുന്നു ഷംസുവിന്. അവിടെ വച്ച് പരസ്പരം സംസാരിച്ചു. കഥയാണ് വിഷയം. സാഹിത്യതാല്‍പര്യമാണ് സൗഹൃദത്തിന് തുടക്കം. പിന്നീട് ഞങ്ങള്‍ സുഹൃത്തുക്കളായി. ഏതാണ്ട് നാലുകൊല്ലമായി വളരെ അടുപ്പത്തിലായിരുന്നു. പക്ഷേ ഞങ്ങള്‍ പ്രണയത്തിലാകുന്നത് ചെന്നൈയില്‍ വച്ചാണ്. ഞാന്‍ അവിടെ 'ഇന്ത്യാടുഡേ'യില്‍ ജോലി ചെയ്യുമ്പോള്‍ ഷംസു 'സൂര്യാ' ടിവിയിലുണ്ടായിരുന്നു. കവിതാ രചനയാണ് ഞങ്ങളെ അടുപ്പിച്ചത്.

കുറച്ചുകാലമായി പരിചയമുണ്ടായിരുന്നു എന്നതിനാല്‍ തന്നെ പെട്ടന്നുള്ള തോന്നല്‍ അല്ല വിവാഹം എന്ന് വ്യക്തം. പക്ഷേ, വിവാഹം ഇന്ന രീതിയില്‍ വേണം എന്നുള്ള തീരുമാനം ആരുടേതായിരുന്നു?

ഷംസു/രശ്മി: ഞങ്ങള്‍ ആലോചിച്ചശേഷം എടുത്ത തീരുമാനമാണ് ഒരുമിച്ചു ജീവിക്കാമെന്നത്. ആ തീരുമാനം ഞങ്ങള്‍ എടുക്കുന്നത് ഒരുമിച്ചുതന്നെയാണ്. വിവാഹം എങ്ങനെയായിരിക്കണം എന്നതിനെപ്പറ്റിയും ഒരുമിച്ച്, ഒരു അഭിപ്രായ വ്യത്യാസവുമില്ലാതെയാണ് തീരുമാനം എടുത്തത്. ചെന്നെയില്‍ ഉണ്ടായിരുന്ന കാലത്ത് മറീന ബീച്ചില്‍ വച്ചാലാണ് വിവാഹത്തെപ്പറ്റി തീരുമാനമെടുത്തത്.
പരസ്പരം അടുക്കുന്നതിന് മുമ്പേ ഞങ്ങള്‍ രണ്ടുപേരുടെയും മനസിലുള്ള തീരുമാനം മതചടങ്ങുകളും മറ്റ് ആചാരങ്ങളും ഇല്ലാതെ വിവാഹം നടത്തണമെന്നു തന്നൊയിരുന്നു. അത് തിരിച്ചറിവുള്ള കാലം തൊട്ടേ മനസ്സിലുണ്ടായിരുന്നു. ഞങ്ങളുടെ തന്നെ മത-രാഷ്ട്രീയ കാഴ്ചപ്പാടുകളാണ് വിവാഹത്തെപ്പറ്റിയുള്ള തീരുമാനത്തിലും പ്രതിഫലിക്കുന്നത്.

അപ്പോള്‍ എന്താണ് നിങ്ങളുടെ മതകാഴ്ചപ്പാട്?

ഷംസു: ഞാന്‍ മുസ്ലീം മത സമുദായത്തിലാണ് ജനിച്ചത്. മൂന്നാംക്ലാസുവരെ മദ്രസ ക്ലാസുകളില്‍ പോയിട്ടുണ്ട്. പിന്നീട് പതിയെ അതില്‍ നിന്ന് അകന്നു. മതവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ ജീവിതത്തില്‍ പാലിക്കാതായി. പക്ഷേ ഇപ്പോഴും ചിലപ്പോഴൊക്കെ പള്ളിയില്‍ പോകാറുണ്ട്്. വിശ്വാസവുമായി ബന്ധപ്പെട്ടല്ല ഇപ്പോഴുള്ള പോക്ക്. അടുത്തിടെ ഉമ്മൂമ്മയുടെ മയ്യത്തിന് പോയിരുന്നു. മലബാറിലും കോഴിക്കോടുമെല്ലാം കമ്യൂണിസ്റ്റുകാര്‍ പള്ളിയില്‍ പോകാറുണ്ട്. പലര്‍ക്കും വിശ്വാസം കാണില്ല. പക്ഷേ സാമൂഹികമായ കാരണങ്ങളാണ് അതിനു പിന്നില്‍. ഞാന്‍ മത ചടങ്ങുകള്‍ ഒന്നും നടത്താറില്ല. എന്നാല്‍ എനിക്ക് വിശ്വാസങ്ങളോട് എതിര്‍പ്പില്ല.
രശ്മി: ഞാന്‍ ഒരു എത്തിസ്റ്റ് (നിരീശ്വരവാദി)യാണ്. ദൈവത്തില്‍ വിശ്വാസമില്ല. ഒരു മതത്തിലുമില്ല.


എന്താണ് രശ്മിയുടെ മതം/ജാതി? എസ്.എസ്.എല്‍.സി. പുസ്തകത്തില്‍ അത് എങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്?

ഞാന്‍ വളര്‍ന്നത് തീര്‍ത്തും മതേതരമായ ചുറ്റുപാടിലാണ്. വ്യത്യസ്ത മതത്തില്‍ ജനിച്ചവരാണ് എന്റെ അമ്മയും അച്ഛനും. പക്ഷേ, എസ്.എസ്.എല്‍.സി. പുസ്തകത്തില്‍ മതം ഹിന്ദുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്‌കൂളില്‍ ചേര്‍ക്കുമ്പോഴൊന്നും എനിക്ക് മതവും ജാതിയും രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ടീച്ചറാണ് ഞാന്‍ ഒ.ബി.സി. വിഭാഗത്തില്‍ പെടുന്നയാളാണെന്ന്് കണ്ടുപിടിച്ചത്. സംവരണാനുകൂല്യങ്ങള്‍ കിട്ടുന്നെങ്കില്‍ കിട്ടട്ടെ എന്ന ന്യായം പറഞ്ഞാണ് അങ്ങനെ ടീച്ചര്‍ എഴുതിയത്. അന്ന് എനിക്ക് ജാതിവേണ്ട എന്നൊക്കെ പറഞ്ഞ് ബഹളമുണ്ടാക്കിയിരുന്നു. അങ്ങനെ മതവും ജാതിയും എസ്.എസ്.എല്‍.സി. ബുക്കില്‍ രേഖപ്പെട്ടതില്‍ എനിക്ക് വിഷമമുണ്ട്. ഇതിനോടൊന്നിച്ച് പറയേണ്ട കാര്യമുണ്ട്. എന്റെ അനിയത്തിയുടെ എസ്.എസ്.എല്‍.സി. ബുക്കില്‍ ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ല.


എന്താണ് നിങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാട്?

രശ്മി: ഞാന്‍ സി.പി.ഐ.യുടെ രാഷ്ട്രീയ നിലപാടുകളില്‍ വിശ്വസിക്കുന്നയാളാണ്. സി.പി.ഐ.യുടെ വിദ്യാര്‍ത്ഥി സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നു. വലിയ രീതിയില്ല. അല്‍പസ്വല്‍പം.
ഷംസു: ഞാന്‍ സി.പി.എം രാഷ്ട്രീയത്തോട് ഐക്യപ്പെടുന്നയാളാണ്. പരമ്പരാഗതമായി കമ്യൂണിസ്റ്റുകാരുടേതാണ് എന്റെ കുടുംബം. (ചിരിയുടെ അകമ്പടിയില്‍ ഷംസു ഇങ്ങനെ പറയുന്നു: ഞങ്ങളുടേത് രണ്ടുപാര്‍ട്ടികളുടെ ഒരു ലയനമാണ്. പാര്‍ട്ടി നേതാക്കള്‍ വിചാരിച്ചിട്ടൊന്നും നടക്കാതെ പോയ കാര്യമാണ്!!)


പക്ഷേ, പുരോഗമനം പറയുന്ന ഇടതുപക്ഷക്കാരയ പലരും മതവിശ്വാസത്തിലേക്ക് തിരിച്ചുപോകുന്നത് നമ്മള്‍ കാണുന്നുണ്ട്. ഉദാഹരണത്തിന് എ.പി. അബ്ദുളളകുട്ടി..?

ഷംസു: അബ്ദുള്ളകുട്ടി വലതുപക്ഷത്തേക്കാണ് പോയത്. അത്തരം തിരിച്ചുപോക്കിനെ ഞാനംഗീകരിക്കുന്നില്ല. അത് ശരിയുമല്ല. നമ്മള്‍ ശ്രമിക്കേണ്ടത് ഇടതുപക്ഷത്ത് തുടരനാണ്. കൂടുതല്‍ ലെഫ്റ്റ് ആകാനാണ് ഞാനാഗ്രഹിക്കുന്നത്. ഓരോരുത്തരും അതിനുവേണ്ടിയാണ് ശ്രമിക്കേണ്ടത്.

വിശ്വാസമില്ലെന്ന് പറഞ്ഞു. പക്ഷേ നിങ്ങള്‍ പ്രാര്‍ത്ഥിക്കാറുണ്ടോ? ഉണ്ടെങ്കില്‍ അതെന്താണ്?

ഷംസു/രശ്മി: ഞങ്ങള്‍ പ്രാര്‍ത്ഥിക്കാറില്ല. പ്രാര്‍ത്ഥന എന്നതിനു പകരം ഞങ്ങള്‍ കാണുന്നത് തീവ്രമായി ആഗ്രഹിക്കുക എന്നതാണ്. ഒരു കാര്യം ദൈവം നടത്തിത്തരണമെന്ന് പ്രാര്‍ത്ഥിക്കാറില്ല. ഇനി പ്രാര്‍ത്ഥിക്കാനും പോകുന്നില്ല. പകരം ഞങ്ങള്‍ ചെയ്യുന്നത് എന്തെങ്കിലും നേടണമെന്ന് തോന്നുമ്പോള്‍ അത് മനസ്സില്‍ അതിയായി ആഗ്രഹിക്കുന്നു. ഇതിനെ പ്രാര്‍ത്ഥന എന്നു വിളിക്കാമോ എന്ന അറിയില്ല. പ്രാര്‍ത്ഥന എന്നു ഞങ്ങള്‍ വിളിക്കുന്നത് മനസിലെ തീവ്രമായ ആഗ്രഹത്തെ തന്നെയാണ്.
രശ്മി: ഞാന്‍ ചിലപ്പോഴൊക്കെ എന്റെ ദൈവമേ എന്ന് പറയാറുണ്ട്. അതൊരു വെറുമൊരു എസ്്ക്ലമേഷന്‍ (ആശ്ചര്യഭാവം) മാത്രമാണ്. സംസാരത്തിനിടയ്ക്ക് പലപ്പോഴും അങ്ങനെ അറിയാതെ പ്രയോഗിക്കാറുണ്ട്.


വര്‍ഗീയത നിറഞ്ഞ പ്രതികരണങ്ങള്‍

നിങ്ങളുടെ വിവാഹത്തിന് മുമ്പും പിമ്പും എന്തായിരുന്നു ആളുകളുടെ പ്രതികരണം?

ഷംസു: പലരും സംശയത്തോടെയാണ് ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനത്തെ ഞങ്ങളുടെ നോക്കിക്കാണുന്നത്. പലരും അത് തുറന്ന് തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഞാന്‍ രശ്മിയെ മുസ്ലീം സമുദായാംഗമാക്കുമെന്നാണ് ചിലരുടെ ഉറച്ച വിശ്വാസം. എന്റെ മതത്തില്‍ പെട്ട ചിലര്‍ 'രശ്മിയെ മതംമാറ്റി നമ്മുടെ ആളാക്കുന്നതാണ് നിനക്ക് നല്ലത്' എന്ന മട്ടില്‍ സംസാരിച്ചിട്ടുണ്ട്. ഞാന്‍/നമ്മള്‍ പുരോഗമന വാദികളാണ് എന്നു കരുതുന്നവര്‍ രശ്മിയുടെ മതംമാറ്റം നടത്തുന്നതിനെപ്പറ്റി സംസാരിച്ചിട്ടുണ്ട്. നമ്മള്‍ ഒരിക്കലും അങ്ങനെ പറയുമെന്ന്് കരുതാത്തവരാണ് അത്്. സത്യം പറയാം ഇത്തരം ചോദ്യങ്ങള്‍ കേട്ട് എനിക്ക് കരച്ചില്‍ വന്നിട്ടുണ്ട്.

രശ്മി: ഞാന്‍ വിവാഹത്തെപ്പറ്റി എന്റെ സൃഹൃത്തിക്കളോട് പറയുമ്പോള്‍ ഷംസു എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ' അയ്യോ.. 'എന്ന ഭാവം പലരുടെയും മുഖത്ത് തെളിഞ്ഞു. നീ മതം മാറുമോ എന്നൊക്കെ പലരും ചോദിച്ചു. എനിക്ക് വളരെ അടുത്ത ഒരു സുഹൃത്തുണ്ടായിരുന്നു. ഞാന്‍ അവനോട് ഓണ്‍ലൈനില്‍ ചാറ്റുചെയ്യുമ്പോള്‍ വിവാഹകാര്യത്തെപ്പറ്റി പറഞ്ഞു. 'നീ പ്രണയിക്കുന്നത് ഒരു മുസ്ലീമിനെയല്ല എന്ന് ഞാന്‍ കരുതുന്നു' എന്ന് അവന്‍ പറഞ്ഞു. അല്ല എന്നു പറഞ്ഞപ്പോള്‍ അയാള്‍ പതിയെ ഹിന്ദുത്വലൈനിലായി സംസാരം. 'അവര്‍' എന്നും 'നമ്മള്‍' എന്നും സംസാരിക്കാന്‍ തുടങ്ങി. നമ്മള്‍ 'ഹിന്ദുക്കള്‍' അവര്‍ 'മുസ്ലീംകള്‍' എന്നായി രീതി. ഞാന്‍ ഗോധ്രയുടെയും ഗുജാറാത്തിന്റെയും കാര്യം പറഞ്ഞപ്പോള്‍ ഹിന്ദുക്കള്‍ ചെയ്തതില്‍ എന്താണ് തെറ്റ് എന്നായി ചോദ്യം. അവന്റെ ഉള്ളിലെ വര്‍ഗീയതമുഴുവന്‍ പറുത്തുവന്നു. നീ പര്‍ദയിട്ട് പാകിസ്ഥാനിയാവുമെന്നും 'ഡോണ്‍' പത്രത്തില്‍ ജോലിചെയേ്ണ്ടിവരുമെന്നുമൊക്ക അവന്‍ സംസാരിച്ചു. അതോടെ ഞാന്‍ ചാറ്റിംഗ് നിര്‍ത്തി. വര്‍ഷങ്ങളായി എനിക്ക് അടുത്തു പരിചയമുള്ളയാളാണ് അവന്‍. നമുക്ക് അത്ര പരിചയമുണ്ട് എന്നു കരുതുന്ന പലരും നമുക്ക് ശരിക്കും അജ്ഞ്‌രാണ്. പുരോഗമനം പറയുന്ന പലരുടെയും മനസ്സില്‍ വര്‍ഗീതത ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഞാനപ്പോഴാണ് വ്യക്തമായി മനസിലാക്കിയത്.
നീ ഒരിക്കലും ഷംസുവിന്റെ ആള്‍ക്കാര്‍ വഴങ്ങിക്കൊടുക്കരുതെന്നും ചിലര്‍ ഉപദേശിച്ചു. അച്ഛന് വന്ന ഒരു ഭീഷണി ഇങ്ങനെയായിരുന്നു 'ഇപ്പോ ഇങ്ങനെയൊക്കെ പറയും. അഞ്ചുവര്‍ഷം കഴിയുമ്പോള്‍ കാണാം. മകള്‍ പര്‍ദയിട്ടു നടക്കുന്നത്'. അഞ്ചുവര്‍ഷമാണ് പലരും ഞങ്ങള്‍ തന്നിരിക്കുന്ന കാലവാധി. അതൊന്നു എത്രയും വേഗം കഴിഞ്ഞാല്‍ മതി എന്നാണ് ഇപ്പോള്‍ ചിന്ത.
എതിര്‍പ്പുകളും സംശയങ്ങളുമുള്ളപ്പോള്‍ തന്നെ അനുകുലമായ ചില പ്രതികരണങ്ങളും ഉണ്ടായി. ഹിന്ദുമതത്തില്‍പെട്ട ഒരാളെ കല്യാണം കഴിഞ്ഞതിന്് വീട്ടില്‍ നിന്ന് പുറത്താക്കി ഏഴുവര്‍ഷമായി മറ്റൊരിടത്ത് ഒറ്റപ്പെട്ട് കഴിഞ്ഞ ഒരു മുസ്ലീം ചെറുപ്പക്കാരി വിളിച്ചു. ഇത്രയും കാലം ഒറ്റപ്പെട്ടു കഴിഞ്ഞതിന്റെ വിഷമം മാറിയെന്നും എനിക്കിപ്പോള്‍ ആരൊക്കെയോ ഉണ്ടെന്ന തോന്നലുണ്ടെന്നും പറഞ്ഞു. പത്രത്തില്‍ വിവാഹത്തെക്കുറിച്ച് അറിഞ്ഞ് പലരും വിളിച്ചു. അഭിനന്ദിച്ചു. കുരീപ്പുഴ ശ്രീകുമാറിനെപ്പോലുള്ള പലരും ആത്മവിശ്വാസം പകര്‍ന്നു. മതത്തെ മറികടന്നതിനൊപ്പം കല്യാണത്തിന്റെ ലാളിത്യത്തെക്കുറിച്ചും പലരും അഭിനന്ദിച്ചു സംസാരിച്ചു.മുഖ്യമന്ത്രിയും 'ലൗജിഹാദും'


'കേരളത്തെ ഒരു മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു' എന്ന മുഖ്യമന്ത്രി അടുത്തിടെ പറഞ്ഞിരുന്നു. രശ്മിയുടെ അച്ഛന്‍ കൂടി അംഗമായ മന്ത്രിസഭയുടെ നേതാവാണ് അങ്ങനെ പറഞ്ഞത്. ആ പ്രസ്താവനയോട് എങ്ങനെ പ്രതികരിക്കും?

രശ്മി: ആ പ്രസ്താവന ആലോചിച്ചുവേണ്ടിയിരുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വ്യക്തിയെന്ന നിലയില്‍ ആര്‍ക്കും ഇത്തരം ഒരു പരാമര്‍ളമോ പ്രസ്താവനയോ നടത്താം. എന്നാല്‍ മുഖ്യമന്ത്രി എന്ന സ്ഥാനത്തിരുന്ന് ഒരിക്കലും അദ്ദേഹം അത് പറയാന്‍ പാടില്ലായിരുന്നു. അത് സത്യവുമല്ല. ഒരു മതത്തെയോ വിഭാഗത്തെയോ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് ശരിയല്ല. അല്ലെങ്കില്‍ വ്യക്തമായ തെളിവുകള്‍ വേണം. ഇനി അങ്ങനെ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടാവണമെന്നില്ല. പറഞ്ഞ വരികള്‍ക്കിടയില്‍ നിന്ന്് ചില വാചകങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ച്, ഔട്ട് ഓഫ് കോണ്‍ടെസ്റ്റില്‍ ഉപയോഗിച്ചതുമാവാം.
ഷംസു: അതെ. അതാവാനാണ് സാധ്യത. മാധ്യമങ്ങള്‍ വളച്ചൊടിച്ചിതാവാന്‍ സാധ്യതയുണ്ട്.
രശ്മി: അങ്ങനെയാണെങ്കില്‍ നമുക്ക് ഒന്നും പറയാനില്ല. പക്ഷേ, അങ്ങനെയല്ലെങ്കില്‍ മുഖ്യമന്ത്രി അത്തരം ഒരു പ്രസ്താവന നടത്തുന്നത് ഒഴിവാക്കണമായിരുന്നു.


'ലൗജിഹാദ്' എന്നൊന്ന് സത്യത്തിലുണ്ടോ?

രശ്മി: ഇല്ല. ലൗജിഹാദ് എന്നത് ബോധപൂര്‍വം തെറ്റിധരിപ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങളുടെ ഭാഗമായുണ്ടായ പ്രചാരണമാണ്. ഡല്‍ഹിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ തിരുവനന്തപുരത്ത് വന്നപ്പോള്‍ ഞാനൊരു പോസ്റ്റര്‍ കണ്ടു. ഹിന്ദു പെണ്‍കുട്ടികള്‍ സുക്ഷിക്കുക, മുസ്ലീം പുരുഷന്‍മാര്‍ അവരെ പ്രണയിച്ച് മതം മാറ്റും എന്ന മട്ടിലുള്ളതാണ് കൈകൊണ്ടെഴുതിയ പോസ്റ്റര്‍.എനിക്ക് ശരിക്കും അത്ഭുതം തോന്നി. കേരളത്തിലാണോ ഇത്തരം പോസ്റ്റര്‍ എന്ന സ്വയം ചോദിച്ചു. ഞാനന്ന് തന്നെ കൂടെയുണ്ടായിരുന്നവരോട് ഇവിടെ ഇനി ഇത് വലിയ ഒരു പ്രചരമാവുമെന്ന് സൂചിപ്പിച്ചിരുന്നു. അത് സത്യമായി. കുറച്ചുകഴിഞ്ഞപ്പോള്‍ അതാണ് ലൗജിഹാദ് എന്ന പേരില്‍ ശക്തമാകുന്നത്. ഇത് കൃത്യമായിതന്നെ മുസ്ലിംവിരോധം പ്രചരിപ്പിക്കുക എന്ന അജണ്ടയുടെ ഭാഗമായി ഉണ്ടായതാണ്.
ഷംസു: ലൗജിഹാദ് എന്നൊന്നില്ല. അത് പ്രചരണമാണ്. ഇത്തരം ഒരു പ്രചരണത്തിന്റെ ഗുരുതരമായ പ്രത്യാഘാതം സത്യസന്ധമായി നടക്കുന്ന പ്രണയങ്ങള്‍ ഇല്ലാതാക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ പരസ്പരം സംശയങ്ങള്‍ ജനിപ്പിക്കുക. അല്ലാതെ ലൗജിഹാദ് എന്നതൊന്നില്ല.


യാഥാസ്ഥിതികത്വം നിറഞ്ഞതാണ് മുസ്ലീംസമുദായം എന്ന പൊതുവിശ്വാസത്തെ എങ്ങനെ കാണും?

ഷംസു: എനിക്ക് മതമെന്ന രീതിയില്‍ ഇസ്ലാമിനെപ്പറി അധികം ഒന്നും അറിയില്ല. ഞാനതിനെപ്പറ്റി പഠിച്ചിട്ടില്ല. ഇതുവരെ ഞാന്‍ നടത്തിയിരുന്നത് കുറേ കുഴപ്പങ്ങള്‍ ഉള്ള മതം എന്ന രീതിയിലാണ്. അങ്ങനെ തന്നെയാണ് മിക്കവരും ചെയ്യുന്നത്. ഞാന്‍ മുസ്ലീം മതത്തെ ക്രിട്ടിക്കല്‍ വ്യൂവിലൂടെയാണ് കാണുന്നത്. നമ്മള്‍ ഒരു മതത്തെ വിമര്‍ശിക്കണമെങ്കില്‍ ആ മതത്തെപ്പറ്റി പഠിക്കണം. പഠിക്കാത്ത ഒരാള്‍ക്ക് എങ്ങനെയാണ് വിമര്‍ശിക്കനാവുക?. ഞാനതിനെപ്പറ്റി പഠിക്കാനൊരുങ്ങുകയണ്. എങ്കിലും മുസ്ലീം സമുദായത്തില്‍ ചില കുഴപ്പങ്ങളുണ്ട്. അതില്‍ ചില ആളുകളെ പ്രവര്‍ത്തനം അംഗീകരിക്കാനാവില്ല. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളേയും അവരുടെ പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കേണ്ടതുണ്ട്. അതുകൊണ്ട് മൊത്തം സമുദായം മോശമാണ് എന്നു പറയുന്നത് തെറ്റാണ്. സ്ത്രീകളോടുള്ള സമീപനത്തിലും വിവാഹത്തിന്റെ കാര്യത്തിലും സങ്കുചിത്വങ്ങള്‍ ചിലര്‍ക്കുണ്ട്. അത് എനിക്ക് വ്യക്തമായി തന്നെ അറിയാം. 'തേജസ്' പത്രത്തില്‍ ജോലി ചെയ്തിരുന്ന ഒരു മുസ്ലീം പെണ്‍കുട്ടി അടുത്തിടെ ജോലി ഉപേക്ഷിച്ചുപോയി. അല്‍പം മോഡേണ്‍ ആയ പെണ്‍കുട്ടിയോട് പര്‍ദയിടണം എന്നുമൊക്കെ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അവര്‍ അവിടം വിട്ടത്. ഒരു മുസ്ലീംപെണ്‍കുട്ടിയോട് നിനക്ക് മറ്റൊരു മതത്തിലുള്ള ആളെ കല്യാണം കഴിക്കണമെങ്കില്‍ ഞങ്ങളോട് പറഞ്ഞാല്‍മതി എന്ന മട്ടില്‍ അവിടെ സംസാരമുണ്ടായി. അതിനര്‍ത്ഥം അവര്‍ നടത്തിക്കൊടുക്കാമെന്നാണ്. അതായത് മുസ്ലീംരീതിയില്‍. മതത്തിലെ ചില തീവ്രവാദികള്‍ മലബാറില്‍ പട്ടിയുടെ തലവെട്ടിക്കൊണ്ടും മറ്റും പരിശീലനം നേടുന്നു എന്നൊക്കെ വാര്‍ത്ത കേള്‍ക്കുന്നുണ്ട്. അതൊന്നും അംഗീകരിക്കാനാവില്ല. മുസ്ലീം സമൂഹത്തിലെ തന്നെ ആളുകള്‍ അതിനെതിരെ രംഗത്തുവരണം.


മുസ്ലീം സമുദായത്തെ രശ്മി എങ്ങനെയാണ് കാണുന്നത്? തെറ്റിധരിക്കപ്പെടുന്ന ഒരു മതം എന്ന് തോന്നിയിട്ടുണ്ടോ?

രശ്മി: മുസ്ലീം സമുദായത്തെ സംയത്തോടെയാണ് മറ്റുള്ളവര്‍ കാണുന്നത് എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ കേരളത്തിന്റെ തെക്ക് ഭാഗത്ത് മുസ്ലിങ്ങളെപ്പറ്റിയുള്ള ധാരണയല്ല മലബാറിലുള്ള ഒരാള്‍ക്കുണ്ടാവുക. ഞാന്‍ വളര്‍ന്നത് കോഴിക്കോടാണ്. അമ്മയ്്ക്് സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിലാണ് ജോലി. അമ്മയുടെ സുഹുത്തുക്കളൊക്കെ മുസ്ലിങ്ങളാണ്. അവരുമൊക്കെയായി ഞങ്ങള്‍ ഉറ്റ ബന്ധമുണ്ട്. അവരുടെ വീടുകളില്‍ പോകാറുണ്ട്. ആഘോഷങ്ങള്‍ക്ക് പങ്കെടുക്കാറുണ്ട്. അതുകൊണ്ട് എന്നെ സംബന്ധിച്ച് മുസ്ലീങ്ങളെപ്പറ്റി മനസില്‍ നല്ല ചിത്രങ്ങളോയുള്ളൂ സ്‌നേഹം നിറഞ്ഞ നല്ല മനുഷ്യരാണ് അവര്‍. എല്ലാ മതത്തിലും പ്രശ്‌നങ്ങളുണ്ട്. അതില്‍ മുസ്ലീമിന്റെ മാത്രം കുഴപ്പങ്ങള്‍ എടുത്തുക്കാണിക്കേണ്ട ഒന്നായി എനിക്ക് തോന്നിയിട്ടല്ല.

ഇനി, സമ്മര്‍ദങ്ങള്‍ വന്നുവെന്ന് കരുതുക? രശ്മിക്ക് മുസ്ലീം ആചാരങ്ങള്‍ക്കനുസരിച്ച് ജീവിക്കാനാവുമോ?

രശ്മി: ഷംസുവിനെ എനിക്കറിയാം. മുസ്ലിമിന്റേതായ ജീവിതം ജീവിക്കാന്‍ ഒരിക്കലും ഷംസു നിര്‍ബന്ധിക്കില്ല. ഷംസുവിനെപ്പറ്റി അറിയാവുന്നതുകൊണ്ട് തന്നെ നാളെയുണ്ടാവാന്‍ പോകാന്‍ പോകുന്ന മറ്റുള്ളവര്‍ കരുതുന്ന സമ്മര്‍ദങ്ങള്‍ എന്നെ ബാധിക്കില്ലെന്ന് ഉറപ്പുണ്ട്. എനിക്ക് എങ്ങനെയും ജീവിക്കാം. മതമല്ലാതെയും മതമനുസരിച്ചും ജീവിക്കാം. എന്റെ വീട്ടില്‍ മതമില്ലെന്ന് എല്ലാവര്‍ക്കുറിയാം. ടിപ്പിക്കല്‍ ശൈലിയില്‍ തലയില്‍ തട്ടമിടണം, പര്‍ദ ഇടണം എന്നൊക്കെ നിര്‍ബന്ധിച്ചാല്‍ ഞാനതു സമ്മിക്കാന്‍ സാധ്യതയുണ്ടൊവില്ല. എന്തായാലും ഇപ്പോള്‍ മതേതര ജീവിതം നയിക്കാനാണ് ഞങ്ങളുടെ തീരുമാനം. അതുകൊണ്ട് തന്നെ സാങ്കല്‍പിക കാര്യങ്ങള്‍ക്ക് സാങ്കല്‍പികമായ ഉത്തരം ഇപ്പോള്‍ ആവശ്യമില്ല. ജീവിതം കൊണ്ടാണ് പലതും നമ്മള്‍ തെളിയിക്കേണ്ടത്.

പക്ഷേ, പര്‍ദപോലുള്ള മതനിഷ്ഠകളോട് എങ്ങനെ പ്രതികരിക്കുന്നു?

ഷംസു: പര്‍ദയോട് എനിക്ക് യോജിപ്പില്ല. അത് ധരിക്കണമെന്ന് വാശിപിടിക്കുന്നത് ശരിയല്ല. ഗള്‍ഫ് സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണ് പര്‍ദ ഇവിടെ വ്യാപകമാകുന്നത്. അഞ്ചുവര്‍ഷമൊക്കെയേ ആയിട്ടുള്ളൂ പര്‍ദ ഇത്ര വ്യാപകമായിട്ട്. സ്ത്രീകള്‍ പര്‍ദയിടമൊന്നൊക്കെ വാശിപിടിക്കുന്നത് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള ചില സംഘടനകളാണ്.

രണ്ടുപേരും പത്രപ്രവര്‍ത്തകരാണ്. ന്യുസ് റൂമുകളില്‍ മതവും ജാതിയുമുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. നിങ്ങള്‍ എന്തുപറയുന്നു?

ഇല്ല. ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന പത്രമോഫീസുകളില്‍ ഞങ്ങള്‍ മതവും ജാതി താല്‍പര്യങ്ങള്‍ ഉള്ളതായി തോന്നിയിട്ടില്ല. എന്നാല്‍, പത്രമോഫീസിനു പുറത്ത് പത്രക്കാരായ പലരോടും സംസാരിക്കുമ്പോള്‍ സൂക്ഷ്മമായി ഇവരില്‍ മത/ജാതി ബോധം ഒളിച്ചിരിക്കുന്നുണ്ട് എന്നതിന്റെ സൂചനകള്‍ ലഭിക്കും. കൂടുതല്‍ സംസാരിച്ചാല്‍ വര്‍ഗീതയ പുറത്തുവരികയും ചെയ്യും. അങ്ങനെ പല സഹപ്രവര്‍ത്തകരിലും തോന്നിയിട്ടുണ്ട്. പക്ഷേ, ന്യൂസ് റൂമില്‍ ജാതിയും മത സ്പര്‍ദ്ധകളും മറ്റും ഉള്ളതായി തോന്നിയിട്ടില്ല.


അച്ഛന്‍ എം.എല്‍.എയായ മണ്ഡലം വര്‍ഗീയ കലാപത്തിന് പേരുകേട്ടതാണ്. ഈ പതിറ്റാണ്ടിലും അവിടെ വര്‍ഗീയ കലാപം നടന്നിട്ടുണ്ട്. എങ്ങനെയാണ് ആ വര്‍ഗീയ കലാപങ്ങളെ ഓര്‍ക്കുന്നത്.

രശ്മി: നാദാപുരത്ത് വര്‍ഗീയ കലാപങ്ങള്‍ നടന്നതിനെപ്പറ്റി കേട്ടിട്ടുണ്ട്. പത്രങ്ങളില്‍ വായിച്ചിട്ടുണ്ട്. പക്ഷേ അതെപ്പറ്റി വലിയ ഓര്‍മയിലൊന്നുമില്ല. കാരണം ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം കോഴിക്കോട്ടാണ്. അച്ഛന്‍ മത്സരിക്കുമ്പോള്‍ മുതലാണ് നാദാപുരവുമായുള്ള ബന്ധം.
ഷംസു: എന്റെ നാടായ പേരാമ്പ്രയ്ക്കടുത്താണ്് സംഭവം നടന്നത്. പക്ഷേ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന് വിദ്യാര്‍ത്ഥിയാണ്. ഞാനന്ന് കരുതിയത് നാദാപുരം എന്നത് വളരെയേറെ ദൂരെയുള്ള നാടായിട്ടാണ്. മറ്റേതോ നാട്ടില്‍ നടക്കുന്ന കാര്യമാണ് അന്ന് ഞങ്ങള്‍ക്ക് വര്‍ഗീയ കലാപം. അന്ന് ഇത്രയും സാമൂഹിക ബോധമൊമൊന്നുമില്ല.

നമുക്ക് വിവാഹത്തിലേക്ക് തന്നെ മടങ്ങാം. നിങ്ങളുടെ വിവാഹത്തില്‍ നിങ്ങള്‍ കാണുന്ന ഏറ്റവും നല്ല വശമെന്താണ്?

ഷംസു/രശ്മി: ഞങ്ങള്‍ കാണുന്ന ഏറ്റവും നല്ല വശം ലളിതമായി വിവാഹം നടത്താന്‍ കഴിഞ്ഞു എന്നതാണ്. ഒരു ആര്‍ഭാടവുമില്ലാതെ, സ്വര്‍ണവും പണവുമൊന്നുമില്ലാതെ വിവാഹം കഴിക്കാനായി. അനാവശ്യ ധുര്‍ത്ത് കല്യാണത്തിന് പാടില്ല. അതു ഞങ്ങളെക്കൊണ്ട് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞു. രജിസ്റ്റര്‍ ഓഫീസില്‍ വന്നവര്‍ക്ക് ഞങ്ങള്‍ മിഠായി മാത്രമാണ് നല്‍കിയത്. വീട്ടില്‍ വന്നവര്‍ക്ക് ചെറിയ രീതിയല്‍ ഭക്ഷണവും നല്‍കി. ഇന്നത്തെ കാലത്ത് ഇത്തരം കല്യാണം അപൂര്‍വമാണ് എന്നാണ് എല്ലാവരും പറഞ്ഞത്.


ആഭരണമിട്ടില്ല എന്നതു ശരി. പക്ഷേ മകള്‍ക്കുവേണ്ടി ഉദ്യോഗസ്ഥായ അമ്മ ചില സ്വര്‍ണമൊക്കെ ഒരുക്കിവച്ചിരിക്കുമല്ലോ? അത് പിന്നീടായാലും കിട്ടില്ലേ?

ഇല്ല. എന്റെ അമ്മ ഒന്നും ചെയ്തിട്ടില്ല. എന്റെ പല കാര്യങ്ങളിലും റോള്‍മോഡലാണ് അമ്മ. ആദര്‍ശവതിയായ രാഷ്ട്രീയക്കാരി കൂത്താട്ടുകുളം മേരിയുടെ മകളായതുകൊണ്ട് തന്നെ അമ്മയ്ക്ക് വ്യക്തമായ ധാരണകളും നിലപാടുകളും എന്നുമുണ്ടായിരുന്നു. മകള്‍ അവര്‍ക്കിഷ്ടമുള്ള ആളുകളെ കണ്ടത്തി, സ്വന്തം കാലില്‍ നില്‍ക്കട്ടേ എന്നാണ് അമ്മ തീരുമാനിച്ചത്. സ്വര്‍ണമൊന്നും ഇവിടെയില്ല. പെണ്‍കുട്ടികള്‍ ആഭരണങ്ങള്‍ ഇട്ട് നടക്കേണ്ട കാര്യമില്ല, വിവാഹത്തിന് അത് ഒട്ടും തന്നെ വേണ്ട എന്നതായിരുന്നു അമ്മയുടെ തീരുമാനം.

ആര്‍ഭാടമില്ലെന്ന് പറഞ്ഞു. പക്ഷേ, പത്രത്തില്‍ വിവാഹത്തെപ്പറ്റി പരസ്യം വന്നതോ?

ശരിക്കും അതൊരു അറിയിപ്പാണ്. പത്രഭാഷയില്‍ പറഞ്ഞാല്‍ പരസ്യം എന്നു വിളിക്കാം. ഞങ്ങള്‍ രണ്ടുപേരും കൂടി ഉദ്ദേശിച്ചത് പൊതുവില്‍ ഒരു ഇമെയില്‍ സന്ദേശം എല്ലാവര്‍ക്കും അയക്കുന്നതിനെപ്പറ്റിയാണ്. പക്ഷേ, അച്ഛന് ഒത്തിരി സുഹൃത്തുക്കളുണ്ട്. രാജ്യത്തിനകത്തും പുറത്തുമെല്ലാം. മാത്രമല്ല പാര്‍ട്ടിക്കാര്‍, ഉദ്യോഗസ്ഥര്‍ ഒക്കെയുണ്ട് അടുപ്പമുള്ളവരായി. അവരെയൊക്കെ വിവാഹം ക്ഷണിക്കുക സാധ്യമല്ല. ആദ്യം എല്ലാവര്‍ക്കും സ്വന്തം കൈപ്പടയില്‍ കത്തെഴുതാം എന്നായിരുന്നു അച്ഛന്റെയും അമ്മയുടെയും തീരുമാനം. അത് അസാധ്യമാണ് എന്ന് മനസിലായി. ഇനി ക്ഷണിച്ചില്ല എന്ന പരാതി ആര്‍ക്കും വരാനും പാടില്ല. അതിനാലാണ് വിവാഹത്തെപ്പറ്റി ഒരു അറിയിപ്പ് പത്രത്തില്‍ കൊടുക്കാമെന്ന് അച്ഛനുമായി ബന്ധപ്പെട്ടവര്‍ തീരുമാനിക്കുന്നത്. അത് കൊണ്ട് ആരെയും നേരിട്ട് വിളിച്ചില്ല എന്ന പരാതി ഉണ്ടായില്ല. അല്ലെങ്കില്‍ അടുപ്പമുള്ള പലര്‍ക്കും അതൊരു വ്യക്തിപരമായ വിഷമത്തിനു കാരണമാകുമായിരുന്നു.

'മന്ത്രിയുടെ മകള്‍' എന്ന ഇമേജ് ഇരുവരും എന്‍ജോയ് ചെയ്യുകയാണോ?

ഷംസു: രശ്മിയെ പ്രണയിക്കുമ്പോഴും വിവാഹം കഴിക്കാന്‍ തീരുമാനിക്കുമ്പോഴും മന്ത്രിയുടെ മകള്‍ എന്ന വിചാരമൊന്നും മനസില്‍ ഉണ്ടായിരുന്നില്ല. ബിനോയി വിശ്വം മന്ത്രിയാകുന്നതിനുമുമ്പേ ഞങ്ങള്‍ പരിചയക്കാരാണ്. അതുകൊണ്ടു തന്നെ മന്ത്രിയുടെ മകള്‍ എന്ന ഇമേജ് എന്നെ ഒരുതരത്തിലും ബാധിക്കുന്നില്ല. മന്ത്രിയുടെ മകള്‍/മരുമകന്‍ എന്ന ഒരാനുകൂല്യവും ഞാന്‍ ആരില്‍ നിന്നും കൈപ്പറ്റുന്നുമില്ല. അതുകൊണ്ട് തന്നെ രശ്മി മന്ത്രിയുടെ മകളായാലെന്ത്, അല്ലെങ്കില്‍ എന്ത്?
രശ്മി: ഞാന്‍ ഡല്‍ഹിയിലായിരുന്നു ജോലി ചെയ്തിരുന്നത്. കുറച്ചേ ആയുള്ളൂ കേരളത്തിലേക്ക് വന്നിട്ട്. അതുകൊണ്ട് തന്നെ മന്ത്രിയുടെ മകള്‍ എന്ന പരിവേഷം അനുഭവപ്പെട്ടിട്ടല്ല. ഞാനതൊരിക്കലും എന്‍ജോയ് ചെയ്തിട്ടില്ല. പക്ഷേ, അതൊരു അംഗീകാരമാണ്. ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് എന്ന വസ്തുത അഭിമാനമാണ്. അതു മറച്ചുവയ്‌ക്കേണ്ടതില്ല എന്ന് തോന്നിയിട്ടുണ്ട്.

ഇപ്പോള്‍ നെസ്റ്റിലാണോ (മന്ത്രി ബിനോയി വിശ്വത്തിന്റെ ഔദ്യോഗിക വസതി) താമസിക്കുന്നത്?

അല്ല. ഞങ്ങള്‍ ശാസ്തമംഗലത്ത് ഒരു ചെറിയ വാടകവീട്ടിലാണ് താമസിക്കുന്നത്. ഇടയ്് അച്ഛനെയും അമ്മയെയും കാണാന്‍ വരും. അങ്ങനെ വന്നതാണിപ്പോള്‍.


ഷംസുവും രശ്മിയും കവിതകള്‍ എഴുതുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ കവിതകള്‍ കാണുന്നില്ലോ. രണ്ടുപേരുടെയും എഴുത്തുജീവിതം എങ്ങനെയുള്ളതാണ്?

ഷംസു: ഞാന്‍ ഇടക്കാലത്ത് കവിതയെഴുത്ത് നിര്‍ത്തി. ശ്രദ്ധ പുസ്തങ്ങളിലേക്കും വായനയിലേക്കും മാറി. അടുത്തിടെ 'മാധവിക്കുട്ടി' എന്ന പുസ്തകം ഭാഷാ ഇന്‍സ്‌ററിറ്റിയുട്ടിനുവേണ്ടി എഴുതിയിരുന്നു. ക്യാംപസ് തീയേറ്ററിനെപ്പറ്റി ഒരു പുസ്തകം എഴുതാനുള്ള ശ്രമത്തിലാണ്.
രശ്മി: ഷംസു കവിതയെഴുത്ത് നിര്‍ത്തിയതിന് കാരണമായി പറയുന്നത്് ബിംബങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നാണ്. പുതിയ ബിംബങ്ങള്‍ മനസില്‍ വരുമ്പോള്‍ എഴുതുമെന്നാണ് ഇപ്പോള്‍ പറയുന്നത്. കവിതയെഴുത്തിന്റെ കാര്യത്തില്‍ ഞാന്‍ മടിച്ചിയാണ്. ഷംസു ഒരു മോട്ടീവേറ്റാണ്. എഴുതാന്‍ നിര്‍ബന്ധിക്കുന്നതും പ്രചോദിപ്പിക്കുന്നതുമൊക്കെ ഷംസുവാണ്. മുമ്പ് 'ഇന്ത്യന്‍ ട്രുത്ത്' എന്ന മാഗസിന്‍ കോഴിക്കോട് നിന്ന് ഷംസ് എഡിറ്റ് ചെയ്ത് ഇറക്കിയിരുന്നു. ഷംസു് നിര്‍ബന്ധിച്ചതുകൊണ്ടാണ് അതില്‍ കോളം എഴുതിയത്. എഴുതിയ കവിതകള്‍ രണ്ടുപേരും സൂക്ഷിച്ചു വച്ചിട്ടുണ്ട്. രണ്ടും വെവ്വേറെ പുസ്തകങ്ങളായി പുറത്തിക്കാനാണ് പദ്ധതി. കുറച്ചു കൂടി കവിതകളായിട്ടുവേണം അത്. അതിനിടയില്‍ ഭാഷ ഇന്‍സ്റ്റിറ്റിയട്ടീനുവേണ്ടി 'ചരിത്രത്തിലെ പെണ്ണിടങ്ങള്‍ എന്ന പുസ്തകം എഴുതി. 'ചിന്താ' പബ്ലിക്കേഷന്‍സിനുവേണ്ടി ദസ്‌തോവിസ്‌കിയുടെ ഡെമോണ്‍സിന്റെ വിവര്‍ത്തനം നടത്തികൊണ്ടിരിക്കുന്നു. ഷംസു ഡോക്യുമെന്റിക്ക് വേണ്ടി തിരിക്കഥയൊരുക്കിയിട്ടുണ്ട്.

അവസാനമായി ചോദിക്കട്ടെ, നിങ്ങള്‍ക്ക് നാളെ കുട്ടികള്‍ ജനിക്കുമ്പോള്‍ എന്തായിരിക്കും അവരുടെ മതം, ജാതി, പേര്?

ഞങ്ങളുടെ കുട്ടികള്‍ക്ക് മതമുണ്ടാകില്ല. ജാതിയുണ്ടാകില്ല. ഒരു മതത്തിലും ജാതിയിലും പെടാത്തരീതിയില്‍ കുട്ടികളെ വളര്‍ത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതില്‍ മാറ്റമുണ്ടാവില്ല. പേരിന്റെ കാര്യത്തില്‍ തീരുമാനമൊന്നുമെടുത്തിട്ടില്ല. അക്കാര്യത്തില്‍ മാത്രമേ ഞങ്ങള്‍ക്ക് ആശയക്കുഴപ്പമുള്ളൂ (രണ്ടുപേരും ചിരിക്കുന്നു).

Interview with Rashmi Binoy|shasudheen Kuttoth
Pachakuthira
2010 October

No comments:

Post a Comment