Tuesday, October 19, 2010

'ഞാന്‍ ജോണിന്റെ ആരാധകനല്ല; ജോണ്‍ എന്റെ ഇഷ്ട സംവിധായകനുമല്ല'











സംഭാഷണം
ജോയി മാത്യു/ബിജുരാജ്


ജോണ്‍ എബ്രഹാമിന്റെ 'അമ്മ അറിയാന്‍' എന്ന ജനകീയ സിനിമയ്ക്ക് ഇരുപത്തഞ്ച് വയസാകുന്നു. സിനിമയില്‍ നായകവേഷം അവതരിപ്പിച്ച ജോയി മാത്യു പഴയ സിനിമാനുഭവങ്ങളും ഇന്നലെകളും പങ്കിടുന്നു. ഒപ്പം സംവിധായകന്‍, നാടകകൃത്ത്, മാധ്യമപ്രവര്‍ത്തകന്‍, ആക്റ്റിവിസ്റ്റ് എന്ന നിലകളിലെ തന്റെ ജീവിതത്തെയും കാഴ്ചപ്പാടുകളെപ്പറ്റിയുംപറ്റിയും സംസാരിക്കുന്നു.




'ഞാന്‍ ജോണിന്റെ ആരാധകനല്ല;
ജോണ്‍ എന്റെ ഇഷ്ട സംവിധായകനുമല്ല'



അലസമായി മുടികള്‍ പാറിപ്പറച്ചിച്ച്, കണ്ണുകളില്‍ തീയുമായി നടക്കുന്ന യുവാവാണ് പുരുഷന്‍. പരുക്കന്‍ ശബ്ദത്തില്‍ അമര്‍ഷത്തോടെ സംസാരിക്കുന്ന, മനസില്‍ നന്മയും വിപ്ലവവുമുള്ളയാള്‍. ജോണ്‍ എബ്രഹാമിന്റെ 'അമ്മ അറിയാന്‍' എന്ന സിനിമയിലെ നായകനായ പുരുഷനിലേക്ക്, ജോയി മാത്യു എന്ന വ്യക്തിയുടെ പകര്‍ന്നാട്ടത്തിന് മേക്കപ്പിന്റെ ആവശ്യമേ ഉണ്ടായിരുന്നില്ല. അതിന്, 'ജോണിന്റെ വെള്ളംകണ്ടിട്ട് മൂന്നുമാസമെങ്കിലുമായ ഒരു കൊഡ്രോയ് ഷര്‍ട്ട് മാത്രം അണിഞ്ഞാല്‍ മതിയായിരുന്നു''.
'അമ്മ അറിയാന്‍' എന്ന സിനിമയ്ക്ക് ഇരുപത്തഞ്ച് വയസ് തികയുന്നു. ഈ കാലത്തിനിടയില്‍ മലയാളിയും മലയാളസിനിമയും പല കയറ്റിറങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതേ കാലം ജോയി മാത്യുവിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഒരു പക്ഷേ, പുരുഷന് സംഭവിക്കാവുന്ന അതേ മാറ്റങ്ങള്‍. താടിയിലും മുടിയിഴകളിലും നരയുടെ ലക്ഷണങ്ങള്‍. പക്ഷേ കണ്ണില്‍ പഴയ തിളക്കം നിലനില്‍ക്കുന്നു. അലസഭാവവും വിട്ടൊഴിയുന്നില്ല. ഈ ഇരുപത്തഞ്ച്‌വര്‍ഷങ്ങള്‍ ജോയിമാത്യുവിന്റെ നിലപാടുകളില്‍, കാഴ്ചപ്പാടുകളില്‍, സിനിമാ സങ്കല്‍പ്പങ്ങളില്‍ എന്തുമാറ്റമാണ് വരുത്തിയിട്ടുണ്ടാവുക? കാല്‍നൂറ്റാണ്ടിനുശേഷം അദ്ദേഹം എങ്ങനെയാവും 'അമ്മ അറിയാന്‍' കാണുക?
ഗള്‍ഫില്‍ മാധ്യമപ്രവര്‍ത്തകനാണ് ഇപ്പോള്‍ ജോയി മാത്യു. മുമ്പ്, ആക്റ്റിവിസ്റ്റായും, നടനായും, കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും അവാര്‍ഡ് ജേതാവായ നാടകൃത്തായും, സംവിധായകനായും പുസ്തകപ്രസാധകനായുമൊക്കെ പലവേഷങ്ങളിലൂടെ നിറഞ്ഞാടിയ ജോയി മാത്യു ആദ്യ ജനകീയ വെബ് ചാനലിന് തുടക്കം കുറിക്കുക എന്ന പുതിയ സംരംഭത്തിലാണ്. ഇതേ ശ്രമത്തിന്റെ ഭാഗമായി അടുത്തിടെ ജോയി മാത്യു നാട്ടിലും കൊച്ചയിലുമെത്തെിയിരുന്നു. ഈ സൗഹൃദസംഭാഷണത്തില്‍ തന്റെ ഇന്നലകളെക്കുറിച്ചും നാളകളെക്കുറിച്ചും സിനിമയെക്കുറിച്ചും സംസാരിക്കുകയാണ് ജോയി മാത്യു.


ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 'അമ്മ അറിയാന്‍' എന്ന സിനിമയെ ഒരു കാഴ്ചക്കാരനായി താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുക?

ഒരു കാഴ്ചക്കാരനായി മാറിനിന്ന് 'അമ്മ അറിയാന്‍' എന്ന സിനിമ കാണാന്‍ ഒരിക്കലും എനിക്കാവില്ല. അതിനെ സിനിമയെന്നു വിളിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. അതൊരു മൂവ്‌മെന്റായിരുന്നു. അതാണ് ശരിയായ വാക്ക്. ആ സിനിമ അക്കാലത്തെ ചെറുപ്പക്കാരുടെ സ്വപ്നവും ജീവിതവുമാണ്. അന്നുവരെയുള്ള സിനിമാ സങ്കല്‍പ്പത്തെ മുഴുവന്‍ 'അമ്മ അറിയാന്‍' ഭേദിച്ചുകളഞ്ഞു. നിലവിലുള്ള ഒരു സങ്കല്‍പവും ആ സിനിമയ്ക്ക് ചേരില്ല. പ്രൊഡ്യൂസര്‍ എന്ന ഒരാള്‍ ഇല്ല. ജനങ്ങളാണ് പ്രൊഡ്യൂസര്‍മാര്‍. വിതരണക്കാരനില്ല, മേക്കപ്പ് മാന്‍ ഇല്ല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഇല്ല. ക്ലാപ്പ് ഇല്ല. പ്രദര്‍ശിപ്പിച്ചതാകട്ടെ സാധാരണക്കാര്‍ക്കിടയില്‍. അതും അങ്ങോട്ട് കൊണ്ട് ചെന്ന് കാണിക്കുകയായിരുന്നു. പരസ്യഘോഷങ്ങളില്ല. ഉണ്ടായിരുന്നത് കൈകൊണ്ടെഴുതിയ പോസ്റ്ററുകള്‍. അത് സംവിധായകനും മറ്റ് സിനിമാപ്രവര്‍ത്തകരും കൂടി ഒട്ടിക്കുന്നു. ജനകീയ സാംസ്‌കാരികവേദി പിരിച്ചുവിട്ട ശേഷം ചെറുപ്പക്കാരുടെ ലാസ്സ്് ഹോപ്പും അഭയകേന്ദ്രവുമായിരുന്നു 'അമ്മ അറിയാന്‍' സിനിമയെടുക്കല്‍ ഒരു ആനക്കാര്യമല്ല എന്ന് ആ സിനിമ പറഞ്ഞു. ആ സിനിമ അക്കാലത്തെ ചരിത്രത്തെ അടയാളപ്പെടുത്തുന്നു. പുതിയൊരു സൗന്ദര്യശാസ്ത്രം കൊണ്ടുവന്നു. ഇങ്ങനെ പലതരത്തില്‍ നോക്കുമ്പോള്‍ അതൊരു മൂവ്‌മെന്റായിരുന്നു. ആ മൂവ്‌മെന്റിന്റെ ഭാഗമാണ് ഞാനും എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ഓരോ തവണയും ആ സിനിമ കാണുമ്പോള്‍ അത്തരം ബോധം എന്നില്‍ വീണ്ടും വീണ്ടും ഉറപ്പിക്കുകയാണ്.

'അമ്മ അറിയാന്‍' എന്ന സിനിമയ്ക്ക് എന്താണ് ഇന്നത്തെ കാലത്തുള്ള പ്രസക്തി?

പ്രസ്‌കതി വളരെയധികമുണ്ട്. മലയാളിക്ക് സ്വീകരിക്കാവുന്ന നല്ല സിനിമാ മാതൃകകളിലൊന്നാണ് അത്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ തന്നെ നിര്‍മിച്ച സിനിമ എല്ലാക്കാലവും പ്രസക്തമാണ്. പരമ്പരാഗത രീതികളില്‍നിന്ന് മലയാള സിനിമ പുറത്തുവരണമെന്നാഗ്രഹിക്കുന്ന എതൊരു സിനിമാ പ്രവര്‍ത്തകനും പിന്തുടരേണ്ട ഒരു പാതയാണിത്. പുതിയ കാലത്ത് ഇത് നടക്കുമോ എന്നത് വേറെ വിഷയം. ഈ സിനിമ മലയാളികള്‍ ഓര്‍ത്തിരിക്കുന്നു. നല്ല സിനിമയെ ഇഷ്ടപ്പെടുന്ന എല്ലാവരും ഈ സിനിമ ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് 25 വര്‍ഷത്തിനുശേഷവും നിങ്ങള്‍ എന്നെ ഓര്‍ത്തിരിക്കുന്നത്. ഇപ്പോഴുള്ള സിനിമാ പ്രതിസന്ധികളില്‍ നിന്ന് കരകയറണമെന്ന് ചിന്തിക്കുന്ന സിനിമാ പ്രവര്‍ത്തകര്‍ക്ക് 'അമ്മ അറിയാനില്‍' നിന്ന് ചില ഉത്തരങ്ങള്‍ കിട്ടും. അതുതന്നെയാണ് ആ സിനിമയുടെ ഇന്നത്തെ പ്രസക്തി.

'അമ്മ അറിയാനിലെ' അമ്മ കേവലം ഒരു സാന്നിദ്ധ്യം മാത്രമാണ്, സിനിമയില്‍ ക്രിയാത്മകമായി ഇടപെടുന്നില്ല എന്നൊരു വിമര്‍ശനം ഉന്നയിക്കപ്പെടുന്നുണ്ട്?

ആ വിമര്‍ശനത്തില്‍ ഒരു അടിസ്ഥാനമില്ല. അതിനുമുമ്പ് മലയാള സിനിമയില്‍ കണ്ടു പരിചയിച്ച അമ്മയല്ല 'അമ്മ അറിയാനി'ലുള്ളത്. മക്കള്‍ക്കുവേണ്ടി കരയുന്ന അമ്മയാണ് മുമ്പുള്ളത്. അവര്‍ക്ക് മക്കളുടെ രാഷ്ട്രീയം അറിയാനേ പാടില്ല. 'അമ്മ അറിയാനില്‍' ഒരമ്മയല്ല ഉളളത്. പുരുഷന്റെ, ഹരിയുടെ, യാത്രയില്‍ കണ്ടുമുട്ടുന്ന പലരുടെയും അമ്മമാരുണ്ട്്. അവര്‍ ദു:ഖിക്കുന്നവരല്ല. ഇതിലെ അമ്മ കേവലം വ്യക്തിയില്ല. രാഷ്ട്രീയം അറിയുന്ന അമ്മമാരാണ്. രാഷ്ട്രീയം കേള്‍ക്കുമ്പോള്‍ പകച്ചുപോകാത്ത, അത് താല്‍പര്യത്തോടെ വീക്ഷിക്കുന്നവരാണ്. അവസാനം ഹരിയുടെ അമ്മയും മകന്റെ മരണം അറിഞ്ഞ്് ആര്‍ത്ത് നിലവിളിക്കുന്നില്ല. അവര്‍ മകന്റെ മരണം നേരത്തെ അറിഞ്ഞിരിക്കുന്നു. തന്നോട് വിവരം പറയാന്‍ വന്ന ചെറുപ്പക്കാരുടെ രാഷ്ട്രീയവും അമ്മ തിരിച്ചറിയുന്നുണ്ട്. അമ്മമാരോട് ഇതിലെ രാഷ്ട്രീയം സംവദിക്കുകയും ചെയ്യുന്നു. രാഷ്ട്രീയം പുരുഷന്‍മാരുടെ മാത്രം വിഷയമല്ലെന്നുള്ള തുറന്നുപറച്ചില്‍ കൂടി 'അമ്മ അറിയാനി'ലുണ്ട്. ഇനി സിനിമ കണ്ടവരില്‍ നല്ല പങ്കും ഗ്രാമങ്ങളിലെ സ്ത്രീകളായിരുന്നു. അവര്‍ക്ക് ഇതിലെ രാഷ്ട്രീയം പിടികിട്ടാതെ പോയതുമില്ല. സിനിമ വളരെ ലളിതമായിരുന്നു. കല്ലുകടിയില്ല. ഒഡേസ ഈ പ്രദര്‍ശനം നടത്തിയ ഇടങ്ങളില്‍ ആദ്യം 'ദ കിഡ്' എന്ന ചാര്‍ളി ചാപ്ലിന്‍ പടമാണ് കാണിച്ചത്. അതിനുശേഷം 'അമ്മഅറിയാനും'. വളരെ ഗൗരവത്തോടെയാണ് സ്ത്രീകളും അമ്മമാരും ആ സിനിമ കണ്ടത്.


അമ്മ അറിയാനെതിരെ ഉയര്‍ന്ന മറ്റൊരു വിമര്‍ശനം അതിന് സാങ്കേതികമായ പെര്‍ഫെഷ്‌കന്‍ ഇല്ല എന്നതായിരുന്നു. അതിനെ എങ്ങനെ കാണും?


എന്താണീ പെര്‍ഫെക്ഷന്‍? പെര്‍ഫെക്ഷന്‍ എന്നു മറ്റുള്ളവര്‍ വിളിക്കുന്നത് ഇല്ലാതിരുന്നതാണ് ആ സിനിമയുടെ പെര്‍ഫെക്ഷന്‍. സിനിമയുടെ വില കുറച്ചു കാണിക്കാന്‍ സക്കറിയയെപ്പോലുള്ള ചിലര്‍ കണ്ടെത്തിയതാണ് പെര്‍ഫഷ്‌കന്‍ ഇല്ല, അച്ചടക്കമില്ല എന്നൊക്കെയുള്ള പ്രയോഗം. അവാര്‍ഡ് നിരസിക്കപ്പെട്ട സമയത്ത് ജോണിനോട് അച്ചടക്കമില്ല എന്ന ആരോപണത്തെപ്പറ്റി പറഞ്ഞിരുന്നു. ജോണ്‍ അതിന് മറുപടി പറഞ്ഞത് 'എവിടെ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നോ അവിടെ സര്‍ഗാത്മക ഉണ്ടാകുന്നു എന്നാണ്'. ആരോ പറഞ്ഞുവെന്നു പറഞ്ഞാണ് ജോണ്‍ അത് ഉദ്ധരിച്ചത്. അതായിക്കൊള്ളണമെന്നില്ല. ജോണിന്റെ തന്നെ സൃഷ്ടിയുമാകാം. അച്ചടക്കം എന്നത് ഭരണകൂടവും അധികാരവുമായി ബന്ധപ്പെട്ടതാണ്. അതിനെ ഭേദിക്കുന്നവര്‍ക്കേ നല്ല ആവിഷ്‌കാരം സാധ്യമാകൂ. ജോണിനോ, വ്യക്തിപരമായി എനിക്കോ ഒന്നും ഈ അച്ചടക്കത്തില്‍ വിശ്വാസമില്ലായിരുന്നു.



കുടുംബം, കല, കലാപം


ജോണ്‍ എബ്രഹാമിലേക്ക് വരുന്നതിന് മുമ്പ് നമുക്ക് അല്‍പം പിന്നിലോട്ട് പോകാം. എന്തായിരുന്നു നിങ്ങളുടെ കുടുംബ സാഹചര്യം? രാഷ്ട്രീയ കാഴ്ചപ്പാടുകളുടെ വികാസം എത്തരത്തിലുള്ളതായിരുന്നു?

കോഴിക്കോടെ ഒരു അപ്പര്‍മിഡില്‍ ക്ലാസ് കുടുംബമാണ് എന്റേത്. അച്ഛന് ബിസിനസ്സായിരുന്നു. അമ്മ ടീച്ചറും. ജന്മംകൊണ്ട് ക്രിസ്ത്യാനിയാണ്്. ചെറുപ്പത്തില്‍ സണ്‍ഡേ സ്‌കൂളില്‍ ഒക്കെ പോയിരുന്നു. പിന്നീട് വിശ്വാസത്തില്‍ നിന്ന് അകന്നു. വീട്ടില്‍ അമ്മയുടെ ഒരു സഹോദരന്‍ തികഞ്ഞ സന്യാസിക്ക് തുല്യമായ ജീവിതം നയിച്ച ഒരാളാണ്. ചെറുപ്പമായിരിക്കുമ്പോഴേ ഒരുതരം അസംതൃപ്തി സാമൂഹ്യാഅവസ്ഥയോട് ഉണ്ടായിരുന്നു. അക്കാലത്തെ പ്രസ്ഥാനങ്ങളൊന്നും എന്നെ തൃപ്തിപ്പെടുത്തിയിരുന്നില്ല. ഇടതുപക്ഷത്തോടാണ് താല്‍പര്യം. എന്നാല്‍ വ്യവസ്ഥാപിത പാര്‍ട്ടികളുടെ പ്രവര്‍ത്തന രീതികള്‍ കണ്ട് അതിനോടും അമര്‍ഷം തോന്നിയിരുന്നു. സ്വഭാവികമായും എന്റെ തലമുറയ്ക്ക് എത്താവുന്ന രാഷ്ട്രീയമാര്‍ഗമായിരുന്നു നക്‌സലൈറ്റ് പ്രസ്ഥാനം. അക്കാലത്തെ സാംസ്‌കാരിക വേദിയുടെ മുദ്രാവാക്യങ്ങളൊക്കെ യുവാക്കളെ ആകര്‍ഷിക്കുന്നവയാണ്. അനീതിക്കെതിരെ കലാപം ചെയ്യുക ചെയ്യുക മുദ്രാവാക്യങ്ങള്‍. സ്വാഭാവികമായും വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ അതിനോടടുത്തു.


എങ്ങനെയാണ് താങ്കള്‍ ജനകീയ സാംസ്‌കാരിക വേദിയില്‍ എത്തിച്ചേരുന്നത്?


കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് ഞാന്‍ പഠിച്ചത്. 1980-82 കാലത്ത്. ബിരുദ വിദ്യാര്‍ത്ഥികളായ ഞങ്ങളെ സ്വാധീനിച്ചത് സജീവ ഇടതു തീവ്ര വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളാണ്. ക്യാമ്പസില്‍ എല്ലാമുണ്ടായിരുന്നു. രാഷ്ര്ടീയത്തിന് കേരള വിപ്ലവ വിദ്യാര്‍ഥി സംഘടന, സാംസ്‌കാരിക പ്രവര്‍ത്തനത്തിന് പ്രതികരണവേദി, ക്യാമ്പസ് തിയറ്റര്‍ പ്രവര്‍ത്തനത്തിന് 'സര്‍ഗ' എന്നൊരു സംഘടന. അക്കാലത്ത് വിദ്യാര്‍ത്ഥി സമരങ്ങളിലും സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളിലും ആര്‍ട്‌സ് കോളേജ് ആയിരുന്നു മുന്‍പന്തിയില്‍. ചിത്രപ്രദര്‍ശനങ്ങള്‍, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, സമരങ്ങള്‍, നാടകങ്ങള്‍, ചൊല്‍ക്കാഴ്ചകള്‍ ഇങ്ങനെ സജീവമായിരുന്നു. കോഴിക്കോട് അന്ന് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. സാംസ്‌കാരിക/രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലെ താല്‍പര്യവും നാടകവും എല്ലാം ജനകീയ സാംസ്‌കാരിക വേദിയിലേക്ക് എത്തിക്കുകയായിരുന്നു. അതിന്റെ രൂപീകരണഘട്ടം മുതല്‍ ഒപ്പമുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറെ വിചാരണ ചെയ്യുന്ന സംഭവത്തോടെയാണ് സാംസ്‌കാരികവേദി കേരളം മുഴുവന്‍ ശ്രദ്ധിക്കപ്പെടുന്നത്. അന്നു നടന്ന വിചാരണയുടെ ഒരു ഭാഗമായിരുന്നു ഞാനും.

അക്കാലത്തെ വിദ്യാര്‍ത്ഥി ജീവിതം പൊതുവില്‍ പ്രക്ഷുബ്ധവുമായിരുന്നല്ലോ? എന്തായിരുന്നു അക്കാലത്തെ അനുഭവം?

വിദ്യാര്‍ത്ഥികളെന്ന നിലയില്‍ സമൂഹത്തിലെ എല്ലാ വിഷയങ്ങളിലും ഇടപെടുന്നവരായിരുന്നു അന്ന് ക്യാമ്പസിലുണ്ടായിരുന്നത്. ജനങ്ങളെ ബാധിക്കുന്ന ഏതൊരു വിഷയവും ക്യാമ്പസിന്റെയും വിഷയമായിരുന്നു. സമരം, പഠിപ്പുമുടക്ക്, എന്നിങ്ങനെ കോളജ് സംഘര്‍ഷഭരിതവുമായിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞുള്ള കാലമായതിനാല്‍ ഭരണകൂടഭീകരതയും ആവിഷ്‌കാര സ്വാതന്ത്ര്യവുമെല്ലാം വിഷയങ്ങളായി. അക്കാലത്ത് തിരിഞ്ഞുനോക്കുമ്പോള്‍ ഒരു കാര്യം പറയാം. അന്ന് എന്റെ പേരില്‍ ഒമ്പത് കേസുകള്‍ ഭരണകൂടം ചുമത്തിയിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞതിന്, റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന് പരമാധികാരം കിട്ടിയിട്ടെലില്ലന്ന് പറഞ്ഞതിന്, വൈസ് ചാന്‍സലറെ ഘൊരവോ ചെയ്തതിന്, നാടകം കളിച്ചതിന് ഒക്കെയായിരുന്നു കേസ്. ഇതൊക്കെ അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. അതില്‍ രസകമായ സംഭവവുമുണ്ട്്. ഇന്ദിരാഗാന്ധി കേരള സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി പലരെയും കരുതല്‍ തടങ്കലിലിട്ടു. അക്കൂട്ടത്തില്‍ എന്നെയും. വിശാലമായ സൗഹൃദം രാഷ്ട്രീയത്തിനപ്പുറം എനിക്കുണ്ടായിരുന്നു. പലരെയും എന്നെ പരിചയമുണ്ടെന്ന പേരില്‍ മാത്രമാണ് തടങ്കലിലിട്ടത്. അവരൊക്കെ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയിലായിട്ടുകൂടി. ഞങ്ങളെ ആര്‍.ഡി.ഒ.കെ. ജയകുമാറിന് (ഗാനരചയിതാവ്) മുന്നില്‍ രാവിലെ ഏഴുമണിക്ക് ഹാജരാക്കി. ഞങ്ങള്‍ തലേന്ന് രാത്രി ഗൂഢാലോചന നടത്തിയെന്നതായിരുന്നു ചാര്‍ജ് ഷീറ്റില്‍. എന്നാല്‍ അദ്ദേഹം തലേന്ന് രാത്രി കോളജ് ഡേ ആഘോഷത്തിന്റെ ഭാഗമായി എനിക്ക് സമ്മാനം നല്‍കിയിരുന്നു. ഇതെന്താണ് എഴുതി വച്ചിരിക്കുന്നതെന്ന് പോലീസുകാരോട് അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന് ഞങ്ങളെ വിട്ടയക്കാന്‍ കഴിഞ്ഞില്ല എന്നതുവേറെ കാര്യം. ഇതായിരുന്നു വിദ്യാര്‍ത്ഥി കാലത്തെ അന്തരീക്ഷം.


നാടകരംഗത്ത് സജീവമാകുന്നതിനെപ്പറ്റി?

കോളജില്‍ പഠിക്കുമ്പോള്‍ നാടത്തില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ഞാന്‍ രണ്ടുകൊല്ലം കോഴിക്കോട് ഗവ.ആര്‍ടസ് കോളജില്‍ ബെസ്റ്റ് ആക്ടറായിരുന്നു. പിന്നെ മൂന്നുകൊല്ലം സര്‍വകലാശാല ബെസ്റ്റ് ആക്ടറും. എന്നാല്‍ നാടകത്തിന്റെ സ്വഭാവം മാറുന്നത് 1978-79 കാലഘട്ടത്തിലാണ്. അക്കാലത്താണ് മധുമാസ്റ്റ്‌റുടെ നേതൃത്വത്തില്‍ മാര്‍ക്‌സിം ഗോര്‍ക്കിയുടെ വിഖ്യാത നോവല്‍ 'അമ്മ' നാടകമാവുന്നത്. അടിയന്തിരാവസഥ കഴിഞ്ഞ് നക്‌സലൈറ്റ് പ്രസഥാനം വീണ്ടും കേരളത്തില്‍ സജീവമാകുവാന്‍ നിമിത്തമായത് 'അമ്മ' നാടകമാണ്. ഞാന്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. പ്രേംചന്ദ് (ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍) ആണ് അക്കാലത്തെ ആത്മസുഹൃത്ത്. വയനാട്ടുകാരനായ പവിത്രനാണ് എന്നേയും പ്രേംചന്ദിനെയും മധുമാസ്റ്റ്‌റുമായി ബന്ധിപ്പിക്കുന്നത്. നക്‌സലൈറ്റ് ചിന്തയില്ലാതിരുന്ന പവിത്രന്‍ മധുമാസ്റ്റ്‌റുടെ വിദ്യാര്‍ത്ഥിയായിരുന്നു.
കോളജ് വിട്ടാല്‍ നേരെ മധുമാസ്റ്റ്‌റുടെ വീട്ടിലേക്കാണ് ഞങ്ങളുടെ യാത്ര. മുത്തപ്പന്‍ കാവിന്നരികിലെ മാസ്റ്റ്‌റുടെ തറവാട് വീടിന്‍ന്റെ തട്ടിന്‍പുറത്തായിരുന്നു മാഷിന്റെ വാസം. അതുതന്നെ ഞങളുടെ രാഷ്ര്ടീയ പാഠശാലയായി. ആയിടക്കാണ്, വയനാട് സാംസ്‌കാരികവേദിയുടെ ബാനറില്‍ മധുമാസ്റ്റര്‍ സംവിധാനം ചെയ്ത 'പടയണി' എന്ന നാടകം കാണുവാന്‍ ഞങ്ങള്‍ പോകുന്നത്.എന്നെ സംബന്ധിച്ചിടത്തോളം അതൊരു വഴിത്തിരിവായി. എന്നിലെ നാടകത്തെ സംബന്ധിച്ച അല്പജഞാനത്തിന് കിട്ടിയ നല്ലോരു പ്രഹരമായി 'പടയണി'. എല്ലാ അര്‍ഥത്തിലും എന്നിലെ അതുവരെയുണ്ടായിരുന്ന നാടക സങ്കല്‍പ്പത്തെമാറ്റിക്കളഞ്ഞു.
അടിയന്തിരാവസഥയിലെ ഇന്ത്യയും അധികാര മല്‍സരങളുടെ
അടിയൊഴുക്കുകളും പ്രതീകാത്മകമായി അവതരിപ്പിക്കുന്ന ഒന്നായിരുന്നു പടയണി.പടയണിക്ക് ശേഷം മധുമാസ്റ്റ്‌റുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകരായി ഞങ്ങള്‍ മാറി. ആയിടക്ക് ജയില്‍ മോചിതരും ഒളിവില്‍നിന്നും പുറത്ത് വന്നവരുമായ പാര്‍ട്ടിനേതാക്കള്‍ അവിടേക്ക് വരുമായിരുന്നു. സിവിക് ചന്ദ്രനെ ആദ്യമായി കാണുന്നതും അങ്ങനെയാണ്. അപ്പോള്‍ യൂണിവേഴ്‌സിറ്റി കലോല്‍സവത്തിന്റെ സമയമായി. സിവിക്ക് ചന്ദ്രന്‍ 'നാലാംയാമം' എന്ന ഒരു സ്‌ക്രിപ്റ്റുമായി വന്നു. മധുമാസ്റ്ററുടെ ചില മിനുക്കലുകളും പ്രേംചന്ദ്, പവിത്രന്‍ എന്നിവരുടെ ഇടപെടലുകളും കൂടിയായപ്പോള്‍ നാടകം യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്നാം സമ്മാനം നേടി. തുടര്‍ന്ന് പല നാടകങ്ങളില്‍ അഭിനയിച്ചു. മാക്‌സിം ഗോര്‍ക്കിയുടെ 'അമ്മ'യിലെ വിപ്ലവകാരിയായ മകന്‍ പ്ലാവെല്‍ വ്‌ളാസോവ്, സ്പാര്‍ട്ടക്കസിലെ സ്പാര്‍ടക്കസ്, കലിഗുലയിലെ കലിഗുല ചക്രവര്‍ത്തി, ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും എന്ന കൃതിയുടെ നാടകാവിഷ്‌കാരത്തില് പട്ടേലര്. പിന്നെ സ്വന്തമായി നാടകമെഴുതാന്‍ തുടങ്ങി. ചെറിയ വേഷങ്ങള്‍ എന്നെ തൃപ്തിപ്പെടുത്തിയിരുന്നില്ല. എനിക്ക് നിറഞ്ഞാടാനുള്ള വേഷങ്ങള്‍ വേണം. അതിനുവേണ്ടി കൂടിയാണ് ഞാന്‍ സ്വന്തമായി നാടകമെഴുതിയത്.


നിങ്ങള്‍ പാര്‍ട്ടി അംഗമായിരുന്നോ?

ഇല്ല. ഞാന്‍ ജനകീയ സാംസ്‌കാരിക വേദിയില്‍പോലും അംഗമായിരുന്നില്ല. എന്നാല്‍ ഞാന്‍ വേദിയുടെ മിക്ക പ്രവര്‍ത്തനം ഏറ്റെടുത്തു. വേദി പ്രവര്‍ത്തകനായിട്ടാണ് ജീവിച്ചതും. സാംസ്‌കാരിക വേദിയും പാര്‍ട്ടിയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. അല്‍പം അച്ചടക്കമില്ലാത്തവരായിരുന്നു വേദിയിലുണ്ടായിരുന്നത്. പക്ഷേ, പാര്‍ട്ടിക്കാരൊക്കെ വലിയ നിഗൂഢരാണ്, ചിരിക്കില്ല. കടുപ്പിച്ചേ സംസാരിക്കു, അവര്‍ക്ക് കലയും സാഹിത്യവുമെല്ലം രണ്ടാതരം പ്രവര്‍ത്തനമാണ്. എനിക്ക് ചിരിക്കുന്ന, അല്‍പം അച്ചടക്കമൊന്നുമില്ലാതെ നടക്കുന്നവരെയാണ് ഇഷ്ടം. ഒരു പാര്‍ടിക്കാരുടെ ജീവിത സംഘര്‍ഷമാവാം അങ്ങനെ കടുത്ത മനുഷ്യരാക്കി നിലനിര്‍ത്തിയത്. എന്നാല്‍ അന്നും കെ. വേണുവോ ടി.എന്‍.ജോയിയോ ഒന്നും നിഗൂഢരായ മനുഷ്യരായിരുന്നില്ല. നന്നായി ചിരിക്കുന്നവരാണ് അവര്‍. കടുത്ത പാര്‍ട്ടിക്കാര്‍ക്ക് ഞങ്ങളെ അത്ര ഇഷ്ടമല്ലായിരുന്നു. 'അമ്മ' നാടകത്തിന്റെയും സാംസ്‌കാരിക വേദിയുടെയും കാലത്തിന് ശേഷം ഞാന്‍ വാടാനപ്പള്ളിയില്‍ നാടകസംഘമുണ്ടാക്കി. 'ജോസഫ് എന്തുകൊണ്ട് ആത്മഹത്യ ചെയ്തു' എഴുതി അവതരിപ്പിച്ചു. ഇതറിഞ്ഞ് അതില്‍ വിപ്ലവസന്ദേശമുണ്ടാകൂമെന്ന് കരുതി കണിശക്കാരനായ കെ.എസ്. സദാശിവന്‍ (അന്തിക്കാട്) നാടകം ചാവക്കാട് കളിപ്പിക്കാന്‍ കൊണ്ടുപോയി. അത് ഒരു അസംബന്ധ (അബ്‌സേര്‍ഡ്) സങ്കേതവുമായി ചേര്‍ന്നു നില്‍ക്കുന്ന നാടകമാണ്. സദാശിവന്‍ വിചാരിച്ചതുപോലെ വിപ്ലവമൊന്നും അതിലില്ല. അദ്ദേഹത്തിന് നിരാശയായി. അല്‍പം അരിശവും. ഇനി മേലില്‍ ഇത്തരം നാടകമൊന്നും നമുക്ക് വേണ്ട എന്ന കടുത്ത നിലപാട് എടുത്തു. ഞാന്‍ പറഞ്ഞുവന്നത് അന്ന് പാര്‍ട്ടിയിലുള്ളവരും സാംസ്‌കാരികവേദിയിലുള്ളവരും തമ്മിലെ വ്യത്യാസമാണ്.

ഈ വ്യത്യാസം തന്നെയാണോ ജനകീയ സാംസ്‌കാരിക വേദി പിരിച്ചുവിടപ്പെടുന്നതിലേക്ക് നയിച്ചത്?

അതെ. സാംസ്‌കാരിക വേദിക്ക് സ്വതന്ത്ര അസ്ഥിത്വമാണുണ്ടായിരുന്നത്. അത് സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ ചെയ്ത് ജനങ്ങളെ ആകര്‍ഷിച്ച് മുന്നേറി. കോഴിക്കോട് ഡോക്ടറെ വിചാരണ ചെയ്തതുപോലുള്ള ഇടപെടലുകളുമായി ഞങ്ങള്‍ മുന്നോട്ടുപോയി. പക്ഷേ, പാര്‍ട്ടി അതിന്റെ നിയന്ത്രണം വേണമായിരുന്നു. സാംസ്‌കാരിക വേദി നക്‌സലൈറ്റുകളെക്കുറിച്ച് ജനങ്ങള്‍ക്കുണ്ടായിരുന്ന ഭീകരധാരണകള്‍ ഇല്ലാതാക്കുകയും ഒട്ടൊക്കെ ജനകീയ പിന്തുണ ആര്‍ജിക്കുകയും ചെയ്തിരുന്നു. ഇതു മുതലെടുത്തുകൊണ്ടാണ് പാര്‍ടിക്കാര് വയനാട്ടിലെ കേണിച്ചറയില്‍ മഠത്തില്‍ മത്തായി വധിക്കുന്നത്. അതോടെ എതിര്‍പ്പ് രൂക്ഷമായി. പാര്‍ട്ടിയോട് പ്രതിഷേധിച്ച് വേദി വിട്ട കവിയൂര്‍ബാലന്‍, സച്ചിദാനന്ദന്‍, ബി.രാജീവന്‍, എന്നിവര്‍ക്കൊപ്പമായിരുന്നു ഞാനും.


ജോണ്‍, സിനിമ, ജീവിതം


ജോണുമായി സൗഹൃദം രൂപപ്പെടുന്നത് എങ്ങനെയാണ്?

ജോണിനെ ആദ്യം പരിചയപ്പെടുന്നത് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്. ക്യാമ്പസില്‍ ഞങ്ങള്‍ ക്ഷണിച്ചതനുസരിച്ച് ജോണ്‍ വന്നിരുന്നു. അവിടെ മുതലാണ് ബന്ധം തുടങ്ങുന്നത്. പിന്നെ ജനകീയ സാംസ്‌കാരിക വേദിയില്‍ സജീവമായപ്പോള്‍ ജോണുമായും അടുപ്പം പുലര്‍ത്തിയിരുന്നു. ജോണിന്റെ 'ചെന്നായ്ക്കള്‍ അഥവാ പട്ടിണി മരണം നാടകം ഞങ്ങള്‍ ചെയ്തിട്ടുണ്ട്. ജോണ്‍ കോഴിക്കോട് വന്നാല്‍ കാണും. നാടകത്തിലെ എന്റെ അഭിനയവും അടുപ്പിച്ചതിന് കാരണമായിട്ടുണ്ട്.
ജനകീയ സാംസ്‌കാരിക വേദി പിരിച്ചുവിട്ടപ്പോള്‍ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥ എല്ലാവര്‍ക്കുമുണ്ടായി. കവിയുര്‍ബാലന്‍, ബി.രാജീവന്‍, സച്ചിദാനന്ദന്‍, ടി.കെ. രാമചന്ദ്രന്‍, ടി.എന്‍.ജോയി, പി.സി. രവീന്ദ്രന്‍, സേതു തുടങ്ങിയവരെല്ലാം ചേര്‍ന്ന് 'ഉത്തരം' മാസിക തുടങ്ങാന്‍ തീരുമാനിച്ചു. ഈ ഘട്ടത്തില്‍ ജോണിനെകൊണ്ട് ഒരു സിനിമ ചെയ്യിക്കാമെന്ന് തീരുമാനമായി. അങ്ങനെയാണ് 'കയ്യൂര്‍' എന്ന സിനിമ ജോണ്‍ ചെയ്യാന്‍ ഒരുങ്ങുന്നത്. കാസര്‍ഗോഡ് ഫിലിസൊസൈറ്റി പ്രവര്‍ത്തകന്‍ മുരളി, കെ.എ. ശശിധരന്‍ എന്നിവരായിരുന്നു ജോണിനും ഞങ്ങള്‍ക്കും വേണ്ടി സൗകര്യങ്ങള്‍ ഒരുക്കിത്തന്നിരുന്നത്. 'ഖസാക്ക്' എന്ന മുരളിയുടെ വീടായിരുന്നു താവളം. അവിടെയിരുന്നാണ് ജോണ്‍ സിനിമയൂടെ വര്‍ക്ക് തുടങ്ങിയത്. ഞാനും രാമചന്ദ്രന്‍ മൊകേരിയും കൂടി ഒരിക്കല്‍ അവിടെ ചെന്നു. ജോണ്‍ കുളിച്ച് വൃത്തിയായിരുന്ന് ഒരു ചാരുകസേരയില്‍ കിടന്ന് വായിക്കുകയാണ്. മുടിയും താടിയുമൊക്കെ വെട്ടിയൊതുക്കിയിരിക്കുന്നു. ഞാന്‍ സീരിയസാണ് സിനിമ പൂര്‍ത്തിയാക്കണം. കുറച്ചു ചരിത്രം പഠിക്കാനുണ്ട്' എന്നാണ് പറഞ്ഞത്. ഒരു പൂരക്കളിയുടെ രൂപത്തിലാണ് സിനിമ പ്ലാന്‍ ചെയ്തിരുന്നത്. പൂരക്കളിയിലൂടെ പ്രോട്ടഗോണിസ്റ്റുകള്‍ കഥ പറയും. ഞാനും നാടുഗദ്ദിക ബേബിയുമായിരുന്നു പ്രോട്ടഗോണിസ്റ്റുകള്‍. വടക്കന്‍ കേരളത്തിലെ തനത് കലാരൂപമായ പൂരക്കളിയുടെ രൂപഘടനയിലാണ് കയ്യൂരിന്റെ സമരകഥ ജോണ്‍ പറയാനാഗ്രഹിച്ചത്. അതിനായി ഞാനും ബേബിയും കുറേ ദിവസം 'വാസുദേവ വാസുദേവ, ആദിത്യ ഭഗവനേ വാസുദേവ എന്നൊക്കെ ചൊല്ലി പൂരക്കളി പഠിച്ചു. തിരക്കഥ പൂര്‍ത്തിയായി. നിലമ്പൂര്‍ ബാലേട്ടനും മറ്റും പങ്കെടുത്തുകൊണ്ടുള്ള ചില സീനുകള്‍ ഷൂട്ട് ചെയ്യുകയും ചെയ്തു. എന്നാല്‍ നിര്‍മാതാവായി വന്ന മോഹന്‍ പിന്‍വലിഞ്ഞതു കാരണം സിനിമ മുടങ്ങുകയാണുണ്ടായത്. എല്ലാവരും പിരിഞ്ഞു. ജോണ്‍ വീണ്ടും മദ്യപാനത്തിലേക്ക് തിരിഞ്ഞു.

ഈ സമയത്താണോ പൂനെയില്‍ സിനിമ പഠിക്കാനായി പോയത്?

അതെ. സിനിമ ഉപേക്ഷിക്കപ്പെട്ടതിനാല്‍ എല്ലാവരും പലവഴിക്ക് പിരിഞ്ഞു. ഇക്കാലത്ത് സിനിമ പഠിക്കാം എന്ന് തോന്നി. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേരാന്‍ തീരുമാനിച്ചു. അവിടെ എനിക്ക് ചില പരിചയങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിരുന്നു. അവിടെ പഠിക്കുന്നവര്‍ തങ്ങളുടെ പഠനത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന അഞ്ചും പത്തും മിനിറ്റുള്ള ഹ്രസ്വ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ എന്നെ ക്ഷണിക്കും ഞാന്‍ അഭിനയിക്കും. ചിലതിന് തിരക്കഥയെഴുതിക്കൊടുക്കും. അതിനൊക്കെ ചില സാമ്പത്തികവും കിട്ടും. മോഹന്‍, സാജന്‍, ഹരിനായര്‍ തുടങ്ങിയവര്‍ അവിടെയുണ്ട്. ഇക്കാലത്ത് ഞാന്‍ ധാരാളം സിനിമ കണ്ടിരുന്നു 1000 ലധികം സിനിമകള്‍. പെട്ടന്ന് തോന്നി സിനിമ പഠിക്കുന്നതില്‍ കാര്യമില്ല. പത്രപ്രവര്‍ത്തനമായിരിക്കും നല്ലതെന്ന് തോന്നി. ഞാന്‍ ബോംബെയില്‍ കെ.സി. കോളജില്‍ ജേര്‍ണലിസം കോഴ്‌സിനു ചേര്‍ന്നു.


എങ്ങനെയാണ് അമ്മ അറിയാനിലേക്ക് എത്തുന്നത്?

ജേര്‍ണലിസം കോഴ്‌സ് പഠിച്ചശേഷം നാട്ടില്‍ വരുമ്പോള്‍ ഞാന്‍ ജോണിന്റെ 'അമ്മ അറിയാന്‍' സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന പ്രകാശ്‌മേനോനെ യാദൃശ്ചികമായി കണ്ടു. പരിചയക്കാരനാണ്. അന്തിക്കാട്ടുകാരനാണ് പ്രകാശ്. ജോണ്‍ പുതിയ സിനിമ ചെയ്യാന്‍ പോകുന്ന കാര്യം പ്രകാശ് പറഞ്ഞു. ഞാന്‍ വിവരം ചോദിച്ചെങ്കിലും താല്‍പര്യം കാട്ടിയില്ല. അടുത്തദിവസം രാവിലെ ജോണിന്റെ ഫോണ്‍. വളരെ പരുക്കനായ മുരളുന്ന ശബ്ദത്തില്‍ 'നീ ഫിലിം ഇന്‍സറ്റിറ്റിയുട്ട് വിട്ട്‌പോന്നല്ലേ നന്നായി' എന്നു പറഞ്ഞാണ് സംസാരം. നിന്നെയൊന്നു കാണണം. ഞാന്‍ സിനിമ ചെയ്യാന്‍ പോകുന്നു. നിനക്ക് അതില്‍ വേഷമുണ്ട്. എനിക്ക് വലിയ താല്‍പര്യം തോന്നിയില്ല. കാരണം പഴയ രീതിയിലളള അരാജക ജീവിതം എനിക്ക് മടുത്തിരുന്നു. ഞാനത് ശരിക്കും ആഘോഷിച്ചു കഴിഞ്ഞു. ഇനി അങ്ങോട്ട് പോകാനിഷ്ടമില്ല. എനിക്ക് സ്‌ക്രിപ്പറ്റ് കാണണം, എന്നിട്ട് നോക്കാം എന്നൊരു ഒഴിവു കഴിവു പറഞ്ഞു. അതിന്റെയൊന്നും ആവശ്യമില്ല, നാളെ വൈകിട്ട് കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണിറിലെ 'മധുശാല'യില്‍ വരണമെന്ന് പറഞ്ഞു കട്ടുചെയ്തു. ജോണ്‍ വിളിച്ചതല്ലേ പോയി കാണമെന്ന് കരുതി. അവിടെ ചെന്നപ്പോള്‍ ജോണ്‍ റെഡിയായിരിക്കുന്നു. 'അമ്മ അറിയാനെ'ക്കുറിച്ച് പറഞ്ഞു. ഒടുവില്‍ നീയാണ് അമ്മ അറിയാനിലെ പ്രോട്ടഗോണിസ്റ്റ് എന്നും ജോണ്‍ പറഞ്ഞു. പിറ്റേന്ന് അയോധ്യ ടൂറിസ്റ്റ്‌ഹോമില്‍ ഒഡേസയുടെ ഓഫീസില്‍ ചെല്ലുമ്പോള്‍ ജോണിനൊപ്പം അമ്മദുണ്ട്. അദ്ദേഹമാണ് ശരിക്കും ഒഡേസയുടെയും അമ്മ അറിയാന്റെയും പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍. അമ്മദ് 200/300 പേജുള്ള തടിയന്‍ സ്‌ക്രിപ്്റ്റ് എടുത്തു കാണിച്ചു തന്നു. ഞാന്‍ വീട്ടിലേക്ക് പോയി. കുറേ ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ഫോണ്‍. ഒരു ഒന്നാം തീയതി ഷോര്‍ട്ടുകൊച്ചിയില്‍ എത്തണം.
അമ്മ അറിയാന്റെ ഷൂട്ടിംഗിന് ഞാന്‍ തലേന്ന് രാത്രിയിലാണ് ഫോര്‍ട്ട് കൊച്ചിയില്‍ എത്തുന്നത്. എല്ലാവരും ആഘോഷത്തിനുശേഷമുള്ള ഉറക്കത്തിലാണ്. ഞാന്‍ ചെന്ന് ജോണിനെ വിളിച്ചുണര്‍ത്തി. ''നാളെ രാവിലെയാണ് ഷൂട്ടിംഗ്. വല്ലതും എടുത്ത് കുടിച്ചിട്ട് കിടന്നുറങ്ങൂ''. അപ്പോഴുമെനിക്കറിയില്ല. ഞാനാണ് പ്രോട്ടഗോണിസ്റ്റ് എന്ന്. രാവിലെ ഷൂട്ടിംഗ് സ്ഥലത്ത് എത്തുമ്പോഴുമുറപ്പില്ല. കാരണം ജോണിന് അങ്ങനെ ഒരു രീതിയുണ്ട്. കാണുന്ന എല്ലാവരോടും നീയാണ് എന്റെ പ്രോട്ടഗോണിസ്റ്റ് എന്നു പറയും. ഫോര്‍ട്ട് കൊച്ചിയില്‍ പ്രോട്ടഗോണിസ്റ്റാക്കാമെന്ന മോഹവുമായി പലരും എത്തിയിട്ടുണ്ട്. രാവിലെ ഷൂട്ടിംഗ് സൈറ്റില്‍ എത്തിയപ്പോള്‍ എന്നോട് അഭിനയിക്കാന്‍ പറഞ്ഞു. ഞാന്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ ഈ വേഷം പോരാ എന്റെ ഷര്‍ട്ട് അവിടെ അഴിച്ചിട്ടിട്ടുണ്ട്. അത് എടുത്തിട്ടുവരാന്‍ പറഞ്ഞു. ജോണിന്റെ അഴയില്‍ തൂക്കിയിട്ട കടും നീല കോഡ്രോയ് ഷര്‍ട്ട് എന്നു പറഞ്ഞാല്‍ മൂന്നുമാസമായിട്ട് വെള്ളം കാണാത്ത ഒന്നാണ്. അതിട്ട് വരാന്‍ പറഞ്ഞ നിമിഷം ഞാനുറപ്പിച്ചു ഞാനാണ് പ്രോട്ടഗോണിസ്റ്റ്. അമ്മ അറിയാനിലെ അവസാന രംഗമാണ് അവിടെ ഷൂട്ട് ചെയ്തത്. ഹരിയുടെ അമ്മയെ ഞങ്ങള്‍ കാണുന്നതാണ് രംഗം.


പക്ഷേ, അത് അവസാന രംഗമല്ലേ?

അതെ. അത് അമ്മ അറിയാനിലെ അവസാന രംഗമാണ്. അമ്മ അറിയാന്‍ ഒരു തല തിരിഞ്ഞ സിനിമായാണ്. അവസാനത്തില്‍ നിന്ന് ആദ്യത്തിലേക്കാണ് അതിന്റെ ഷൂട്ടിംഗ് പോയത്.


അമ്മ അറിയാന്റെ ഷൂട്ടിംഗ് അനുഭവത്തെപ്പറ്റി?


'അമ്മ അറിയാന്റെ' ഷൂട്ടിംഗ് വല്ലാത്ത ഒരു അനുഭവമാണ്. എല്ലാവരും കൂടി ഒന്നിച്ച് ക്യാമ്പടിച്ചാണ് താമസം. വലിയവനും ചെറിയവനും ഇല്ല. ശരിക്കും പറഞ്ഞാല്‍ പല ദിവസവും പട്ടിണിയായിരുന്നു. ജനങ്ങളില്‍ നിന്ന് പിരിവെടുക്കും. എന്നിട്ട് പൊതുവായി ഭക്ഷണം ഉണ്ടാക്കി എല്ലാവരും കൂടി കഴിക്കും. രാത്രി വൈകുമ്പോള്‍ എവിടെയെങ്കിലും കിടന്നുറങ്ങും. പക്ഷേ വന്നവരെല്ലാം വളരെ ആത്മാര്‍ത്ഥതയോടെയാണ് നിന്നത്. 'അമ്മ അറിയാന്‍' വിപ്ലവമാണെന്ന് കരുതിയവരുണ്ട്. ഇതാണ് അവസാന അഭയകേന്ദ്രം എന്നൊക്കെ കരുതി വന്നവരുണ്ട്. അന്ന് അവിടെയുണ്ടായിരുന്ന ഒന്നുരണ്ടുപേരുടെ മാനസിക നില വരെ തെറ്റിയിട്ടുണ്ട്. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ അയ്യപ്പന്‍, കൊച്ചിക്കാരനായ റസാക്ക് എന്നിങ്ങനെ ചിലര്‍. അതില്‍ റസാഖ് സിനിമയുടെ അവസാന ദിവസമായപ്പോഴേക്കും നഗ്നനായി കൊച്ചിയിലൂടെ നടന്ന അവസ്ഥ വരെയുണ്ടായിട്ടുണ്ട്.

അരാജകവാദിയായ ജോണ്‍ തന്നെപ്പോലെ തന്നെ അച്ചടക്കമില്ലാത്ത ഒരു സംഘത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തത്?


ജോണ്‍ സിനിമ വളരെ ഗൗരവത്തോടെയാണ് സമീപിച്ചിരുന്നത്. അതില്‍ വിട്ടുവീഴ്ചയൊന്നുമില്ല. ഒരു കാര്യത്തില്‍ ജോണ്‍ പ്രത്യേകിച്ച് ശ്രദ്ധിച്ചിരുന്നു,
വലിയ മദ്യപാനികളെ ചിത്രീകരണത്തിന്റെ ഏഴയലത്ത് പോലും അടുപ്പിച്ചിക്കാതിരിക്കാന്‍. അതുപോലെ വന്‍ ബുദ്ധിജീവികളേയും. ഇരു കൂട്ടരേയും പറ്റി ജോണിന്റെ കമന്റ് ഇതായിരുന്നു. 'അവന്മാര്‍ ചുമ്മാ മനുഷ്യനെ സിനിയുണ്ടാകാന്‍ സമ്മതിക്കത്തില്ല'. സുരാസുവിനെ, ഗായകനുമായ ഹമീദ് മന്നിശ്ശേരിയെ, കവി എ. അയ്യപ്പനെ ഒന്നും സിനിമയുടെ പരിസരത്ത് വരാന്‍ ജോണ്‍ അനുവദിച്ചതേയില്ല.ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിങ് സ്ഥലത്ത് ഒരു അര്‍ധരാത്രിയില്‍ ഓടോറിക്ഷയില്‍ വന്ന അയ്യപ്പനെ ഒന്നെത്തിനോക്കാന്‍പോലും ജോണിനെകിട്ടിയില്ല. കോട്ടപ്പുറത്തുകാരനായ സെബാസ്റ്റിയനേയും അമ്മ അറിയാനിന്റെ മുഖ്യസംഘാടക നായ അമ്മദിനേയും ജോണ്‍ മദ്യപാനികളും വലിയ ബുദ്ധിജീവികളും കടന്നുവരാതിരിക്കാനായി ഏര്‍പ്പാടാക്കിയിരുന്നു.


എന്നിട്ടും, അമ്മ അറിയാന്റെ ഷൂട്ടിംഗ് ഇടയ്ക്കു വച്ചു മുടങ്ങിയിരുന്നില്ലോ?

പണമില്ലാത്ത അവസ്ഥ ചിത്രീകരണത്തെ ബാധിച്ചു. ഫിലിം വാങ്ങാന്‍ പോലും പൈസയില്ലാതെ വന്നു. ഒരുഘട്ടത്തില്‍ ജോണിന്റെ പിടിവിട്ടു. ചിത്രീകരണം നിലച്ചു. ജോണ്‍ കുടിനിര്‍ത്തിയാലേ ഇനി ഷൂട്ടിംഗ് വേണ്ടതുള്ളൂ എന്ന തീരുമാനം വന്നു. എല്ലവരും പിരിഞ്ഞു.ജോണ്‍ പന്തളത്തുള്ള ചേച്ചിയുടെ വീട്ടിലേക്കും യാത്രയായി. ജോണ്‍ മദ്യപാനം നിര്‍ത്തിയെന്ന വാര്‍ത്ത പ്രചരിച്ചു. ജോണ്‍ അടുത്ത ഷെഡ്യൂളിന്റെ ആലോചനയിലാണെന്നാണ് ഞങ്ങള്‍ അറിഞ്ഞത്. ഒരു ദിവസം അമ്മദിന്റെ ഫോണ്‍ വന്നു. ജോണിന് നല്ല സുഖമില്ല നിങള്‍ ഉടനെ പന്തളെത്തത്തണം.ഞങ്ങള്‍ പന്തളത്ത് വീട്ടിലെത്തുമ്പോള്‍ കുളിച്ച് അലക്കിയ ശുഭ്രവസ്ത്രം ധരിച്ച് വായിക്കാനുള്ള കണ്ണടയുമായി ജോണ്‍ ഇരിക്കുന്നു. പ്രാതല്‍ കഴിച്ചപ്പോഴും ജോണിന് എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നിയില്ല.എന്നാല്‍ ഭക്ഷണം കഴിഞ്ഞ് എന്നെയും കൂട്ടി ജോണ്‍ മുറ്റത്തേക്കിറങി കിണറ്റിന്‍കരയില്‍ ചെന്നുനിന്നു കൈവിരലുകള്‍കോണ്ട് ഫ്രെയിം വെച്ച് എന്നോട് പറഞ്ഞു. കിണറ്റില്‍ വേണു ക്യാമറായുമായി ഇറങണം.180 ഡിഗ്രിയിലൊരു പാനിംഗ്, അതവസനിക്കുന്നതിന് മുബ് പുരുഷന്റെ(അമ്മ അറിയാനിലെ എന്റെ കഥാപാത്രത്തിന്റെ പേര്)മോണോലോഗ് തുടങ്ങും. ജോണ്‍ എന്നെയുംകൊണ്ട് മുറ്റത്തിന്റെ മറ്റൊരു മൂലയിലേക്ക് പോയി. തുമ്പച്ചെടികള്‍ നിറഞ്ഞുനില്‍ക്കുന്ന പറമ്പില്‍ ജോണ്‍ കുനിഞ്ഞിരുന്നുകൊണ്ട് പറഞ്ഞു, ഇതിലെയാണ് നീ പാറുവിനെയും കൊണ്ട് വയനാട്ടിലേക്ക് പോകേണ്ടത്,അപ്പോള്‍ എനിക്ക് കാര്യങ്ങളുടെ അവസ്ഥ മനസിലായി. തനിച്ചായപ്പോള്‍ ചേച്ചി പറഞ്ഞു..രാത്രിയില്‍ രാജന്(ജോണിനെ വീട്ടില്‍വിളിക്കുന്ന പേര് )തീരെ ഉറക്കമില്ല,നിങ്ങളുടെയൊക്കെ പേരു വിളിച്ച് ഷൂട്ടിംഗാണ്.ഡോക്ടറൂടെ അടുത്തേക്ക് വരാന്‍ കൂട്ടാക്കുന്നില്ല.എങിനെയെങ്കിലും സമ്മതിപ്പിച്ച് ഡോക്ടറെ കാണിക്കണം. 'നമുക്ക് ഡോക്ടറെ കാണാം' എന്ന് ഇങ്ങോട്ട് പറഞ്ഞ് ഒരത്ഭുതം പോലെ ജോണ്‍ ഇറങ്ങിവന്നു. പന്തളം ജനറല്‍ ആശുപത്രിയിലെ മാനസികരോഗികളുടെ വാര്‍ഡില്‍ ജോണിനെ കിടത്തി. മദ്യപാനം പെട്ടെന്ന് നിര്‍ത്തിയതിന്റെ പ്രശ്‌നങ്ങളായിരുന്നു ജോണിന്. ദിവസങ്ങള്‍ കഴിഞപ്പോള്‍ ജോണ്‍ പഴയ ജോണായി. ഫ്രെയിമുകള്‍ കൃത്യമായി. 'അമ്മ അറിയാനിലെ സീനുകള്‍ റെഡിയായി. അമ്മദ് ഉടന്‍ അടുത്ത ഷെഡ്യൂള്‍ ഏര്‍പ്പാടാക്കി. അങ്ങനെ വീണ്ടും സിനിമ തുടങ്ങി.


'അമ്മ അറിയാനു' ശേഷം എന്തുകൊണ്ട് നിങ്ങള്‍ വേറെ സിനിമകളില്‍ അഭിനയിച്ചില്ല?

ജോണ്‍ എബ്രഹാമിന്റെ സിനിമയിലെ അഭിനയിച്ചുവെന്നത് എനിക്കൊരു അഹങ്കാരമാണ്. അതൊരു സുഖകരമായ അഹങ്കാരമാണ്. അതങ്ങനെ തന്നെ നില്‍ക്കട്ടെ എന്നു ഞാന്‍ കരുതി. ജോണിന്റെ സിനിമയില്‍ അഭിനയിച്ച ഞാന്‍ ഇനി മറ്റാരുടെ സിനിമയിലാണ് അഭിനയിക്കേണ്ടത്. അവസരം തേടി ഏത് സംവിധായകനോടാണ് ചോദിക്കേണ്ടത്? കൊമേഴ്‌സ്യലുകാരനായ ആരുടെ മുമ്പില്‍? പല സംവിധായകരും എന്റെ സുഹൃത്തുക്കളാണ്. പറഞ്ഞാല്‍ വേഷം തരും. അതെനിക്ക് വേണ്ട എന്നു തീരുമാനിച്ചു. ആരുടെയും മുമ്പില്‍ നടനായി നില്‍ക്കാന്‍ ഈ അഹങ്കാരം എന്നെ സമ്മതിച്ചില്ല. ശ്യാമപ്രസാദ്, വി.ജി. തമ്പി, കള്ളിക്കാട് രാമചന്ദ്രന്‍ അങ്ങനെ വ്യക്തിരപരമായ അടുപ്പമുള്ളവര്‍ പറഞ്ഞതിനാല്‍ ചില വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട് എന്നു മാത്രം. ഇതില്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത, നാല് സംസ്ഥാന അവാര്‍ഡുകള്‍ വാങ്ങിയ 'ഉയര്‍ത്തിയെഴുന്നേല്‍പ്പ്' എന്ന ടെലിഫിലിം ദൂരദര്‍ശനുവേണ്ടി നിര്‍മിച്ചതും ഞാനാണ്. പിന്നെ നാടകം, അത് തരുന്ന ലഹരിക്ക് മുമ്പില്‍ സിനിമാഭിനയം ഒന്നുമല്ലെന്നെനിക്ക് തോന്നി.

അപ്പോള്‍ നിങ്ങള്‍ക്കാരായിരുന്നു ജോണ്‍?

എനിക്ക് ജോണ്‍ ഒരു സൃഹൃത്തുമാത്രമാണ്. ഞാന്‍ ജോണിന്റെ ആരാധകനല്ല, ജോണ്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട സംവിധകയനല്ല. അയാളെന്റെ ഗുരുവോ വഴികാട്ടിയോ ഒന്നുമല്ല. ജോണിന്റെ സിനിമാ സങ്കല്‍പ്പമല്ല എന്റെ സിനിമാ സങ്കല്‍പ്പം.
ജോണിനോട് പണ്ടേ ആരാധനയുള്ളവരുണ്ടായിരുന്നു. എനിക്ക് ആരോടും ഒരു ആരാധനയുമുണ്ടായിട്ടില്ല. ജോണിനെ സിനിമയുടെ ഗോഡ് ഫാദറായി കാണുന്നുവരുണ്ട്. എനിക്ക് ജോണ്‍ ഗോഡ്ഫാദറല്ല. ജോണ്‍ നല്ല മനുഷ്യനാണ്. ഒരു നല്ല സൃഹൃത്ത്. ജോണിന് ഒരു ഗുണമുണ്ടായിരുന്നു. ആരെയും സാറെന്നു വിളിക്കുകയോ മറ്റാരെക്കൊണ്ടും സാറെന്നു വിളിപ്പിക്കുകയോചെയ്യില്ലായിരുന്നു. ജോണ്‍ വളരെ ബുദ്ധിമാനായതിനാല്‍ ഞങ്ങള്‍ക്കൊക്കെ തുല്യമായ ആദരവ് നല്‍കി.


എന്താണ് നിങ്ങളുടെ സിനിമാ സങ്കല്‍പം?

അത് കൃത്യമായി വ്യാഖ്യാനിക്കാനെനിക്കാവില്ല. സിനിമ വളരെ ലളിതമാവണം. കാഴ്ചപ്പക്കാരെ മടുപ്പിക്കരുത്. കണ്ടിരിക്കാനാവണം. എന്നാല്‍ അതില്‍ ജീവിതമുണ്ടാവണം. അതിലെ അനുഭവങ്ങള്‍ കാണുന്നവന്റേതാതയി അനുഭവപ്പെടണം. സാമൂഹ്യമായി പ്രസക്തിയുണ്ടാവണം. സമൂഹത്തിന് നല്ല സന്ദേശം പകരുന്നതാവണം.


ഇന്ന് 'അമ്മ അറിയാന്‍' പോലുള്ള സിനിമ സാധ്യമാകുമെന്ന് കരുതുന്നുണ്ടോ?


ഇല്ല. എന്നാല്‍ അസാധ്യമാണെന്നും കരുതുന്നില്ല. കാലം ഒത്തിരിമാറി. ഇരുപത്തഞ്ച് വര്‍ഷം മുമ്പുള്ള അവസഥയല്ലിപ്പോള്‍ കേരളത്തിലുള്ളത്. രാഷ്ട്രീയ അവസ്ഥ മാറി. എണ്‍പതിന്റെ മദ്ധ്യം വരെയുണ്ടായിരുന്നു സാംസ്‌കാരിക- കലാ-കലാപ അന്തരീക്ഷമില്ലപ്പോള്‍ ഉള്ളത്. എല്ലാവരും സ്വകാര്യതകളിലേക്ക് ഒതുങ്ങി. സ്വാര്‍ത്ഥത മുമ്പെന്നത്തേക്കാളും ശക്തമായി. സമൂഹമല്ല വിഷയം ഇന്‍ഡിവിഡ്യുല്‍സാണ്. അവരുടെ ഭൗതിക നേട്ടമാണ് വിഷയം. അത്തരമൊരു അന്തരീക്ഷത്തില്‍ ഒരു ജനകീയ സിനിമ കെട്ടിപ്പടുക്കുക അത്ര എളുപ്പമായ കാര്യമല്ല.


മേക്കപ്പില്ലായെയാണ് നിങ്ങള്‍ പുരുഷനായി വേഷമിട്ടത്. ഇപ്പോള്‍ നിങ്ങളുടെ അതേ പ്രായമുണ്ടാവും പുരുഷന്. സിനിമയിലെ ആ പുരുഷനെപ്പറ്റി എന്തുപറയും?

അത് ചിന്തിക്കാന്‍ രസമുള്ള കാര്യമാണ്. പുരുഷന്‍ എന്നെപ്പോലെ തന്നെ ഉണ്ടാവും. ഒരു പക്ഷേ എന്നെപ്പോലുള്ള പെരുമാറ്റവും ചിന്തയും ജീവിതവുമൊക്കെയായി. എനിക്ക് ഒത്തിരി മാറ്റം സംഭവിച്ചിട്ടുണ്ട്. പ്രിയനന്ദന്‍ അടുത്തിടെ പറഞ്ഞു. 'ഇപ്പോള്‍ നിങ്ങളെ കണ്ടാല്‍ നല്ല ഒരു വില്ലന്‍ ലുക്കാണ്. കണ്ണൊക്കെ ശരിക്കും ഒരു വില്ലന്റേതിനുപറ്റിയാണ്. എന്റെ സിനിമയില്‍ അഭിനയിക്കുന്നോയെന്നാ എന്ന് കൂടി ചോദിച്ചു. അപ്പോള്‍ എന്തുപറയാനാണ്? നായകനും വില്ലനും ഒരാള്‍ തന്നെ. കാലത്തിന്റെ മാറ്റം ഇങ്ങനെ ചിന്തിക്കുമ്പോള്‍ രസകരമാണ്.


നല്ല വേഷം ലഭിക്കുന്നുവെന്ന് കരുതുക. അഭിനയിക്കുമോ?

അഭിനയിക്കും. എനിക്ക് താല്‍പര്യമുള്ള വേഷം കിട്ടിയാല്‍ മാത്രം. അവസരത്തിനുവേണ്ടി ആരുടെയും മുമ്പില്‍ ചെല്ലില്ല. നേരത്തെ പറഞ്ഞ സുഖകരമായ അഹങ്കാരം എന്റെയുള്ളില്‍ തന്നെ ഇരിക്കട്ടെ ഇപ്പോള്‍ പ്രിയനന്ദനെപ്പോലുള്ള ഒരു സുഹൃത്ത്, അല്ലെങ്കില്‍ എനിക്ക് കൂടി താല്‍പര്യമുള്ള, മനസിനിഷ്ടപ്പെട്ട സംവിധായകന്‍ പറഞ്ഞാല്‍ അഭിനയിച്ചേക്കും. പ്രിയനന്ദനുമായി വളരെക്കാലത്തെ അടുപ്പം എനിക്കുണ്ട്. കേരള സംഗീതനാടക അക്കാമദി അവാര്‍ഡ് ലഭിച്ച, എന്റെ 'സങ്കടല്‍' സംവിധാനം ചെയ്യുന്നത് പ്രിയനന്ദനാണ്. അതുകൊണ്ടുള്ള അടുപ്പം വച്ചാണ് പ്രിയനന്ദന്‍ അങ്ങനെ പറഞ്ഞത്.



ഗള്‍ഫിലെ പ്രവാസി



ഗള്‍ഫില്‍ എത്തിയതെങ്ങനെയാണ്?

നാട്ടില്‍ നില്‍ക്കുക അല്‍പം പ്രയാസമായപ്പോള്‍ ഇങ്ങോട്ടു പോന്നതാണെന്നു പറയാം. ശരിക്കും വരുന്നത് അമ്മ മലയാളം പ്രോഗ്രാമിന്റെ ഭാഗമായി ഒരു നാടകക്യാമ്പിന്റെ ഡയറക്ടറായാണ്. പിന്നെ ഗള്‍ഫില്‍ തുടരാമെന്ന് തീരുമാനിച്ചു. കോഴിക്കോട് ഞാന്‍ ഒരു പുസ്തക പ്രസാധക സംരംഭം നടത്തിയിരുന്നു. നൂറ്റി ഇരുപതിലേറെ പുസ്തകങ്ങള്‍ പുറത്തിറക്കി. ചില പ്രത്യേക അവസ്ഥയില്‍ പിന്നെ വലിയ സാമ്പത്തിക ബാധ്യത വരുത്തിവച്ചു. ഗള്‍ഫ് കേരളത്തിന്റെ ഫൈനാന്‍ഷ്യല്‍ ക്യാപിറ്റലാണ്. നാട്ടില്‍ എന്തെങ്കിലുമൊക്കെ ചെയ്ത് നിലം പരിശായവന് ഗള്‍ഫ് കൂടിയില്ലായിരുന്നെങ്കിലുള്ള അവസ്ഥ എന്തായിരിക്കും? ഒരര്‍ത്ഥത്തില്‍ നാടുകടത്തപ്പെട്ടവന്റെ ജീവിതമാണ് ഗള്‍ഫില്‍ എനിക്ക് കിട്ടിയത്.


പക്ഷേ ഗള്‍ഫ് ജീവിതം നിങ്ങളുടെ എഴുത്തിനെ ഇല്ലാതാക്കിയോ?

അങ്ങനെ പറയാന്‍ പറ്റില്ല. എഴുതാന്‍ വേണ്ടി എനിക്കെന്തെങ്കിലും എഴുതാന്‍ പറ്റില്ല.ചെറിയ ബ്രേക്ക് വന്നു. പക്ഷേ അവിടെ ജീവിച്ചതിന് മറ്റൊരു ഗുണമുണ്ടായി. നമ്മുടെ തന്നെ ജീവിതങ്ങളെയും കേരളത്തെയും മറ്റൊരു വീക്ഷണകോണിലൂടെ നോക്കാനായി. മലയാളിയുടെ ജീവിതവും ഗള്‍ഫും തമ്മിലുള്ള വ്യത്യാസം, ഗള്‍ഫില്‍ വരുമ്പോഴുള്ള മലയാളിയുടെ ജീവിതം, ഗള്‍ഫില്‍ വരുന്ന രാഷ്ട്രീയക്കാരുടെ ഭാവവിനിയങ്ങള്‍ ഇതെല്ലാം തിരിച്ചറിയാനായി. ഗള്‍ഫ് നല്‍കിയത് വ്യത്യസ്തമായ തിരിച്ചറിവാണ്, അനുഭവമാണ്. അത് ഇനിയുള്ള രചനയില്‍ പ്രതിഫലിച്ചേക്കാം.


ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തനത്തെപ്പറ്റി എന്തുപറയും?

ഗള്‍ഫില്‍ ശരിക്കും വലിയ രീതിയിലുള്ള മാധ്യമപ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല. പറഞ്ഞതിനര്‍ത്ഥം പത്രപ്രവര്‍ത്തനമേ നടക്കുന്നില്ല എന്നല്ല. പലരും ലെയ്‌സണ്‍ വര്‍ക്കാണ് നടത്തുന്നത്. പക്ഷേ അവിടെയുളള പത്രപ്രവര്‍ത്തകര്‍ക്ക് മറ്റു പലരെയുംകാള്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്താനാവും. ഞാന്‍ യു.എ.ഇയിലെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ഇന്ത്യാ മീഡിയാ ഫോറത്തിന്റെ സ്ഥാപകാംഗവും ഇപ്പോള്‍ രണ്ടാം തവണയും ജനറല്‍ സെക്രട്ടറിയുമാണ്. ഞങ്ങളുടെ സംഘടന നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. വിസയില്ലാതെയും മറ്റും കുടങ്ങുന്നവര്‍, അറബ് നാടുകളിലെ ജയിലില്‍ കഴിയുന്ന മലയാളികള്‍ എന്നിവരെ മോചിപ്പിക്കുകയും നാട്ടിലെത്തിക്കുകയും ചെയ്യുക, ഗള്‍ഫ് നാടില്‍ കാണാതായവരെ കണ്ടെത്തുക, പൊതുമാപ്പ് കിട്ടിയവരെ നാട്ടില്‍ എത്തിക്കുക നാട്ടിലെ രോഗികള്‍ക്ക് ചികിത്സാസഹായം എത്തിച്ചുകൊടുക്കുക തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തനം ചെയ്യാനാവും. അത് വലിയ കാര്യമാണ്.

ഗള്‍ഫിലെ ജീവിതം പഴയ രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തിയോ? എന്താണ് താങ്കളുടെ രാഷ്ട്രീയ കാഴ്ചപ്പാട്?

ഇല്ല. പഴയ രാഷ്ട്രീയബോധം എന്നില്‍ എപ്പോഴുമുണ്ട്. നക്‌സലൈറ്റ് പ്രസ്ഥാനത്തോട് കടുത്ത എതിര്‍പ്പില്ല.ഞാന്‍ ഇടതുപക്ഷക്കാരനാണ്. വിശാലമായ ഇടതുപക്ഷത്ത്. എന്നാല്‍ സി.പി.എം., സി.പി.ഐപോലുള്ള രാഷ്ട്രീയത്തോട് ഒരു യോജിപ്പുമില്ല. ശരിക്കും ഒരു ഇടതു സഹായത്രികന്‍ എന്നു വിളിക്കാം. ജനാധിപത്യം സ്വാതന്ത്ര്യം എന്നിവയൊക്കെ വലിയ വിലപിടുപ്പുള്ളതാണ് എന്ന് ബോധം എന്നിലുണ്ട്. കേരളത്തിനെ സംബന്ധിച്ചാണെങ്കില്‍ ഇനിയും ഇവിടെ പുതിയ മൂവ്‌മെന്റ് ഉണ്ടാവും എന്ന് ഉറച്ച വിശ്വാസമുണ്ട്. അത് അനിവാര്യമാണ്. അതിന്റെ കൃത്യമായ രൂപമൊന്നും ഇപ്പോള്‍ പറയാനാവില്ല. ശരിയായ മൂവ്‌മെന്റുവരുമ്പോള്‍ അതിന്റെയൊപ്പം ഞാനുമുണ്ടാകും.അത്തരം മുന്നേറ്റങ്ങളില്‍ നിന്നോ, ആ ശ്രമങ്ങളില്‍ നിന്നോ മാറി നില്‍ക്കാന്‍ എനിക്കാവില്ല.

നാടകവും മാധ്യമപ്രവര്‍ത്തനവും മുന്‍കാല സിനിമാനുഭവവും നല്‍കിയ അറിവിന്റെ അടിസ്ഥാനത്തില്‍ എന്തുകൊണ്ട് ഒരു സിനിമ ചെയ്യുന്നില്ല?

ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഇപ്പോള്‍ സിനിമ ചെയ്യാനുള്ള പ്രായമൊക്കെ എനിക്കായി എന്നു തോന്നുന്നു (ചിരി). ഇപ്പോള്‍ പ്രായം അമ്പതിനോടടുക്കുന്നു. 'അമ്മ അറിയാന്‍' കഴിഞ്ഞിട്ട്് ഇരുപത്തഞ്ച് വര്‍ഷമാകുന്നു. സിനിമ ചെയ്യാനുള്ള അവസാന ഒരുക്കത്തിലാണ് ഞാന്‍.


എങ്ങനെയുള്ളതാവും ആ സിനിമ?

സിനിമ എന്റെ മനസില്‍ ഉണ്ട്. ഏതാണ്ട്് പൂര്‍ണമായി തന്നെ. പക്ഷേ, അതിപ്പോള്‍ പറയാനാവില്ല. എന്നാല്‍ സിനിമ വളരെ ലളിതമായിരിക്കും. അനാവശ്യം ധൂര്‍ത്തും ആഡംബരങ്ങളും ദുര്‍ഗ്രാഹ്യതകളുമുണ്ടാവില്ല. പക്ഷേ അതില്‍ ജീവിതമുണ്ടാകും. ഒരു ഗള്‍ഫ്കാരന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ് കഥ. ഞാനറിയുന്നതും അനുഭവിക്കുന്നതുമായ ഗള്‍ഫുകാരന്റെ ജീവിതവും പുതിയ സിനിമയെ സ്വാധീനിക്കും.

പുതിയ വെബ് ചാനല്‍ സംരംഭത്തെപ്പറ്റി?

മലയാളത്തിലെ ആദ്യത്തെ ജനകീയ വെബ് ചാനല്‍ തുടങ്ങാനാണ് ശ്രമം. ന്യുസ് പ്ലസ് എന്നാവും പേര്. ഇന്ന് വിദേശങ്ങളില്‍ താമസിക്കുന്നവരില്‍ നല്ല പങ്കിനും ഇന്റര്‍നെറ്റ് ബന്ധമുണ്ട്. അവര്‍ക്ക് നാട്ടിലെ കാര്യങ്ങള്‍ അറിയണം. വാര്‍ത്ത അറിയുന്നതിനൊപ്പം ദൃശ്യങ്ങളും കാണണം. കേരളത്തില്‍ നിന്നുള്ള ഹൈപ്പര്‍ ലോക്കല്‍ വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു ചാനലായിരിക്കും ന്യുസ് പ്ലസ്. ഒപ്പം ഗള്‍ഫിലെ വിശേഷങ്ങളും. ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഇത് സാധ്യമാകുക.
മലായളത്തിലെ ആദ്യത്തെ ജനകീയ സിനിമയില്‍ പങ്കാളിയാവാന്‍ എനിക്കായി. അതുപോലെ തന്നെ ആദ്യത്തെ ജനകീയ സ്ട്രീമ് ചാനലിലും പങ്കാളിയാവുകയാണ്. പ്രാദേശിക വാര്‍ത്തകള്‍ക്കു പുറമേ വാര്‍ത്താധിഷ്ഠിത പരിപാടികളും ന്യൂസ്പ്ലസിലുണ്ടാവും. എന്നാല്‍, ജനങ്ങള്‍ക്ക്, ലോകത്തെവിടെയുമുള്ള മലയാളിക്ക് അവര്‍ക്ക് പറയാനുള്ള വാര്‍ത്തകളും വിശേഷങ്ങളും ക്യാമറ, അത് മൊബൈല്‍ ക്യാമറയില്‍ എടുത്തതായാല്‍ പോലൂം സ്വയം നേരിട്ട് ഈ ചാനലിലേക്ക് അപ്‌ലോഡ് ചെയ്യാം. അത്തരത്തിലുള്ള ഒരു ഡെമോക്രാറ്റിക് ചുവരാണ് ലക്ഷ്യം വയ്ക്കുന്നത്. സാറ്റ്‌ലൈറ്റ് കേന്ദ്രീകൃതമായ ചാനലല്ലത്. സ്ട്രീമിംഗ് ടെക്‌നോളജി ഉപയോഗിച്ചുള്ള ആദ്യത്തെ ഇന്റര്‍നെറ്റ് ചാനലായിരിക്കും ഇത്. അതുകൊണ്ട് സാറ്റ്‌ലൈറ്റ് ഫുട് പ്രിന്റില്ലാത്ത സ്ഥലങ്ങളിലും ഇതിന് കടന്നു ചെല്ലാനാവും. മാത്രമല്ല സൗജന്യമായിരിക്കും ഇതിന്റെ വിതരണം. അമേരിക്കന്‍ മലയാളികളായ ഒരു കൂട്ടം സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരാണ് സാങ്കേതികമായി ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്നത്. എന്‍.ആര്‍.ഐ. നിക്ഷേപകരാണ് ഇതിനെ സാമ്പത്തിക സ്രോതസ്സ്.

കുടുംബം?

ഭാര്യ എനിക്കൊപ്പം ദുബായില്‍ ജോലി ചെയ്യുന്നു. മൂന്നുമക്കള്‍. മൂത്തമകന്‍ മംഗലാപുരത്ത് പഠിക്കുന്നു. മകള്‍ കോഴിക്കോട് ഒമ്പതാം തരത്തില്‍ പഠിക്കുന്നു. ഇളയമകള്‍ ഞങ്ങള്‍ക്കൊപ്പം ദുബായിലുണ്ട്. അവിടെ പഠിക്കുകയാണ് അവള്‍.


ഒന്നുകൂടി ചോദിക്കട്ടെ, നിങ്ങള്‍ നടന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, പ്രസാധകന്‍, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയ പല വേഷങ്ങള്‍ ജീവിതത്തില്‍ ചെയ്തിരിക്കുന്നു. എന്താണ് ഏറ്റവും പ്രിയപ്പെട്ട വേഷം?

നല്ല ചോദ്യമാണ്. എനിക്കറിഞ്ഞുകൂടാ എതാണ് ഇഷ്ടവേഷം എന്ന്. ശരിക്കും ഇതൊന്നും എന്നെ തൃപ്തിപ്പെടുത്തുന്നുമില്ല. ഇതെല്ലാം ആസ്വദിച്ചാണ് ഞാന്‍ ചെയ്തത്. പക്ഷേ, പക്ഷേ ഞാനൊന്നിലും സംതൃപ്തനല്ല. ഇനിയെന്തൊക്കെയോ ചെയ്യാനുണ്ട് എന്ന തോന്നല്‍ മനസില്‍ കിടന്നു പെരുക്കുന്നുണ്ട്. എന്റെ വേഷങ്ങള്‍ വേറെ എന്തൊക്കെയോയാണ്. ഞാനിനിയും അത് കണ്ടെത്തിയിട്ടില്ല.

1 comment:

  1. ahahahahahahahahahahah editing is a game !
    game editors play !
    memory play , ormakkali !
    hahahahahhaahhahaaa

    ReplyDelete