Thursday, December 16, 2010

എന്റെ ഉള്ളിലെ വീട്

അഭിമുഖം
സോണിയ കമാല്‍/ആര്‍.കെ. ബിജുരാജ്


പാകിസ്ഥാന്‍ നോവലിസ്റ്റും കഥാകൃത്തുമായ സോണിയ കമാല്‍ തന്റെ രാജ്യത്തെയും എഴുത്തിനെയും പറ്റി സംസാരിക്കുന്നു.

എന്റെ ഉള്ളിലെ വീട്

അതിരുകള്‍ ഭേദിക്കുക അത്ര എളുപ്പമല്ല. ചിലപ്പോഴൊക്കെ പ്രവാസികള്‍ക്ക് മാത്രം സാധ്യമായ സ്വര്‍ഗ്ഗീയ ആഘോഷമാകും അത്. അവര്‍ മതം, അധികാരം, ലിംഗം/ലൈംഗികത, ഭാഷ എന്നിവയെയെല്ലാം വല്ലാത്ത ആവേശത്തോടെ പിടിച്ചുലയ്ക്കും. പാകിസ്ഥാന്റെ സാഹിത്യം അത്തരത്തില്‍ അതിരുകള്‍ ഭേദിച്ച് മുന്നോട്ട് പോകുന്നത് നമ്മള്‍ കാണുക മിക്കപ്പോഴും പ്രവാസികളായ യുവ എഴുത്തുകാരിലാണ്. അവരില്‍ എഴുത്തിന്റെ മികവുകൊണ്ടും നിലപാടിലെ തുറന്നുപറച്ചിലുകള്‍കൊണ്ടും ശ്രദ്ധേയയാണ് സോണിയ കമാല്‍.
1972 ല്‍, കറാച്ചിയില്‍ ജനിച്ച സോണിയാ കമാലിന്റെ 'നാടോടി' ജീവിതം ആറു മാസമുള്ളപ്പോഴേ തുടങ്ങി. ഇംഗ്ലണ്ട്, സൗദി അറേബ്യ, എന്നിവിടങ്ങളില്‍ താമസിച്ചു. ഇംഗ്ലണ്ടിലും പാകിസ്ഥാനിലുമായി അമേരിക്കയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇപ്പോള്‍ അമേരിക്കയില്‍ ഭര്‍ത്താവിനും മൂന്നു മക്കള്‍ക്കുമൊപ്പം താമസിക്കുന്നു. ആദ്യ നോവലായ 'ഐസെലേറ്റഡ് ഇന്‍സിഡന്റ്' വിമര്‍ശകരുടെയും വായനക്കാരുടെയും ശ്രദ്ധ പിടിച്ചു പറ്റി. നിരവധി ചെറുകഥകള്‍ എഴുതിയിട്ടുള്ള സോണിയയൂടെ പുതിയ കഥാ സമാഹാരം വൈകാതെ പുറത്തിറങ്ങും. 'വിമണ്‍ വോയിസസ് ഫ്രം പാകിസ്ഥാന്‍'ഉള്‍പ്പടെയുള്ള വിവിധ കഥാ സമാഹരങ്ങളില്‍ സോണിയയുടെ കഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സോണിയ-കമാല്‍. ബ്ലോഗ്‌സ്‌പോട്ട് എന്ന ബ്ലോഗില്‍ പതിവായി എഴുതി എഴുതുന്നു. ഓണ്‍ലൈനിലൂടെ നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ഇത്.


എന്താണ് നിങ്ങള്‍ക്ക് എഴുത്ത്? എങ്ങനെയാണ് എഴുത്തിലേക്ക് തിരിഞ്ഞത്?

പതിനൊന്നു വയസുള്ളപ്പോള്‍ മുതല്‍ ഞാന്‍ ഒരു നേരമ്പോക്ക് അല്ലെങ്കില്‍ വിനോദം എന്ന നിലയില്‍ എഴുതിത്തുടങ്ങിയിരുന്നു. അത് ചിലപ്പോള്‍ കവിതയാകും, അല്ലെങ്കില്‍ ഡയറിക്കുറിപ്പാകും. എന്തായാലും ഞാന്‍ എഴുതിക്കൊണ്ടിരുന്നു. എന്നാല്‍ അമേരിക്കയില്‍ കോളജില്‍ ബിരുദ പഠനം കഴിഞ്ഞപ്പോഴാണ് ഫിക്ഷന്‍ രചനകള്‍ നടത്താമെന്നും അതില്‍ കേന്ദ്രീകരിക്കാമെന്നും തീരുമാനിക്കുന്നത്. വിഷയങ്ങളെ പലതരം കാഴ്ചപ്പാടുകളില്‍ കൂടി കാണാനും അറിയാനുമുള്ള സ്വാതന്ത്ര്യം ഫിക്ഷന്‍ നല്‍കുന്നുണ്ട്. ഈ സ്വാതന്ത്ര്യമാണ് എന്നെ സംബന്ധിച്ച് എഴുത്ത്. സ്വാതന്ത്ര്യമാണ് എഴുത്തിലൂടെ ഞാന്‍ ലക്ഷ്യമിടുന്നതും.

എഴുത്തിലൂടെ നിങ്ങള്‍ക്ക് എത്രമാത്രം തുറന്നു കാട്ടാനാവുന്നുണ്ട്? എങ്ങനെ നിങ്ങളുടെ കഥകളെ മറ്റുള്ളവരുടേതില്‍ നിന്ന് വേര്‍തിരിക്കും?

രചനയുടെ/ഫിക്ഷന്‍ എഴുത്തിന്റെ ഏറ്റവും രസകരമായ വശം എന്നത് നിങ്ങള്‍ക്ക് പലതരം വേഷങ്ങള്‍ അണിയാനുള്ള അവസരം നല്‍കുമെന്നുള്ളതാണ്. ഒരു കൊലപാതകിയുടെ പാദുകമണിഞ്ഞ് നിങ്ങള്‍ക്ക് നിലക്കാം. ഭാര്യയെ മര്‍ദിക്കുന്ന രാളുടെ, സുന്ദരിയായ പെണ്‍കുട്ടി/അമ്മയുടെ ചെരുപ്പണിഞ്ഞ് നില്‍ക്കാം. അവരുടെ ഒന്നും ധാര്‍മികതയെ ഒന്നും അംഗീകരിക്കാതെ തന്നെ. അത് ഒരുതരം അഭിനയമാണ്. പക്ഷേ താളുകളിലാണ് എന്നു മാത്രം. ആ അഭിനയം ഞാന്‍ ആസ്വദിക്കുന്നുണ്ട്. ഈ അഭിനയങ്ങളില്‍ ഞാന്‍ എന്റെ തന്നെ വിവിധ ഭാവങ്ങളെയും തോന്നലുകളെയുമാണ് അവതരിപ്പിക്കുന്നത്. മറ്റുള്ളവരുടേതില്‍ നിന്ന് എങ്ങനെ എന്റെ രചനകളെ വേര്‍തിരിക്കണമെന്ന് വ്യക്തയില്ല.

'പപ്പാസ് ഗേള്‍' എന്ന കഥയില്‍ ആദ്യ വരി മുതല്‍ പുരുഷാധിപത്യ മനോഭാവക്കാരുടെയും യാഥാസ്ഥിതിക വായനക്കാരുടെയും ബോധതലത്തെ നിങ്ങള്‍ ആക്രമിക്കുന്നുണ്ട്. അത് ഒരു ബോധപൂര്‍വമായ ചുവടായിരുന്നോ?

'യോനി' എന്ന വാക്കുകൊണ്ട് തുടങ്ങുന്ന ഒരു കഥ വായിക്കാന്‍ ഞാനിഷ്ടപ്പെട്ടിരുന്നു. സ്ത്രീ ശരീരത്തിലെ ഒരു അവയവത്തെപ്പറ്റി പറയുന്നത് മുമ്പ് എനിക്കും ഒരു പ്രത്യേക തരത്തിലുള്ള അസ്വസ്ഥതകള്‍ നല്‍കിയിരുന്നു. എനിക്ക് ഈ സുഖകരമല്ലാത്ത അവസ്ഥയെ/അസ്വസ്ഥതയെ മറികടക്കണമായിരുന്നു. അതിനാല്‍ ആദ്യ വാചകത്തില്‍ 'യോനി' എന്ന വാക്കുള്ള ഒരു കഥ എഴുതാന്‍ തീരുമാനിച്ചു. ആ പ്രത്യേക കഥയില്‍ പ്രത്യേക രീതിയില്‍ ആദ്യ വാചകം എഴുതിക്കഴിഞ്ഞപ്പോള്‍ എനിക്കറിയുമായിരുന്നില്ല പിന്നെ എങ്ങനെ മുന്നോട്ട് പോവുമെന്ന്. അവസാന വാചകം പൂര്‍ത്തിയാക്കുന്നതുവരെ ഞാനെങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നും അറിഞ്ഞില്ല. അങ്ങനെയൊരു കഥ വായിക്കുമ്പോള്‍ ചിലര്‍ക്ക് അസ്വസ്ഥകള്‍ വരുമെന്ന് അറിയാമായിരുന്നു. ആ അസ്വസ്ഥത വേണം അല്ലെങ്കില്‍ ഉണ്ടായിക്കോട്ടെ എന്നു തന്നെ ഞാന്‍ കരുതി. എഴുതുന്നവര്‍ക്ക് മാത്രമല്ലല്ലോ വായിക്കുന്നവര്‍ക്കും ഉണ്ടാവും അസ്വസ്ഥത. രണ്ടുകൂട്ടര്‍ക്കും തങ്ങള്‍ നേരിടുന്ന സുഖകരമല്ലാത്ത ആ തലം മറികടക്കാനാവണം എന്നു രീതിയിലാണ് ഞാന്‍ ചിന്തിച്ചത്.


നിങ്ങളുടെ എഴുത്ത് എത്രത്തോളം ആക്റ്റിവിസത്തിന്റെ ഭാഗമാണ്?

ഞാന്‍ എനിക്ക് താല്‍പര്യം തോന്നിയ കഥാപാത്രങ്ങളെയും സാഹചര്യങ്ങളെപ്പറ്റിയുമാണ് കഥകള്‍ എഴുതുന്നത്. അതില്‍ ചിലത് വിനോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എഴുതിയതാണോ എന്നത് വിഷയമല്ല. എല്ലാ കല രൂപങ്ങളും വായനക്കാരന്‍/പ്രേക്ഷകന് വ്യഖ്യാനിക്കാന്‍വേണ്ടി തുറന്നിടപ്പെട്ടിരിക്കുന്നു. എഴുത്തില്‍ രചയിതാവിന്റെ രാഷ്ട്രീയം ഏതെങ്കിലും തരത്തില്‍ അടങ്ങിയിട്ടുണ്ടാവും. വായനക്കാര്‍ക്ക് അവരുടേതായ രീതിയില്‍ വ്യാഖ്യാനിക്കാം. അങ്ങനെ എന്റെ എഴുത്തുകള്‍ ആരെങ്കിലും ആക്റ്റിവസിത്തിന്റെ ഭാഗമായി കാണുന്നുണ്ടെങ്കില്‍ അത് അങ്ങനെ തന്നെയാണ്. അങ്ങനെ വായിക്കുന്നതില്‍ സന്തോഷമേയുള്ളൂ.


പ്രവാസം, പാകിസ്ഥാന്‍, അമേരിക്ക


സ്വന്തം പ്രവാസി ജീവിതത്തെ എങ്ങനെയാണ് കാണുന്നത്?

ഞാന്‍ 'എക്‌സൈല്‍' എന്നല്ല സ്വയം വിളിക്കുക. കാരണം ഈ രാജ്യത്തിനു പുറത്തുള്ള താമസം ഞാന്‍ സ്വയം അടിച്ചേല്‍പ്പിച്ചതാണ്. മറ്റൊരു രാജ്യത്തില്‍ നിന്ന് വിട്ട്, ഒരു കപ്പലില്‍ കയറി, മാസങ്ങള്‍ യാത്ര ചെയ്യുന്നത് വളരെ ചെറുതായിരുന്നപ്പോള്‍ മുതലേ ഞാന്‍ ആരംഭിച്ചു. മുമ്പ് ഇങ്ങനെ ഒരു രാജ്യം വിട്ടുപോകുമ്പോള്‍ കത്തുകള്‍ എഴുതുന്നതും അത് കിട്ടാന്‍ വേണ്ടി കുറേ ദിവസങ്ങള്‍ കാത്തിരുന്നതുമെല്ലാം ഇന്ന് പഴയൊരു കാര്യമായിട്ടുണ്ട്. ഇ-മെയിലിന്റെയൂം ഐപി ഫോണിന്റെയും കാലത്ത് ലോകം ശരിക്കും ചുരുങ്ങിയിട്ടുണ്ട്. ഞാന്‍ വളര്‍ന്നത് ഇംഗ്ലണ്ടിലും സൗദി അറേബ്യയിലുമാണ്. പല വീടുകളില്‍ താമസിച്ചിട്ടുണ്ട്. അമേരിക്ക അതുപോലെ മറ്റൊരു വീടാണ് എനിക്ക്. നിശ്ചിതമായ ഒരു വിലാസത്തിലും നിശ്ചിതമായ തെരുവുകളിലും താമസിക്കുന്നതിനേക്കാള്‍ എനിക്കുള്ളില്‍ തന്നെ 'വീട്' വഹിച്ചുകൊണ്ടാണ് ഞാന്‍ ജീവിക്കുന്നത്. അങ്ങനെ ജീവിക്കാന്‍ ഞാന്‍ അഭ്യസിച്ചിരിക്കുന്നു.


അമേരിക്കയില്‍ എന്താണ് നിങ്ങളുടെ ജീവിതാവസ്ഥ? സെപ്റ്റംബര്‍ 11 ആക്രമണത്തിനുശേഷം പാകിസ്ഥാനില്‍നിന്നും ഏഷ്യയില്‍ നിന്നുമുള്ളവര്‍ പൊതുവില്‍ സംശയിക്കപ്പെടുന്നതായി പറയപ്പെടുന്നു...?

ഞാന്‍ ഇക്കാര്യത്തില്‍ ഭാഗ്യവതിയാണ്. അനുഗ്രഹിക്കപ്പെട്ടവള്‍ എന്നു വിളിക്കാം. സെപ്റ്റംബര്‍ 11 ആക്രമണത്തിനുശേഷം നടന്ന തിരിച്ചടികളും മറ്റുമൊന്നും എന്റെ ജീവിത രീതിയെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. എന്നാല്‍ അമേരിക്ക ഏഷ്യക്കാരെയും പാകിസ്ഥാന്‍കാരെയും സംശയിക്കുന്നുണ്ട് എന്നത് വാസ്തവമാണ്. പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിക്കുന്ന, ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുന്ന, ഒരേ മനസ്‌കരായ ആളുകള്‍ക്കൊപ്പം പൊതുവേദികളില്‍ ഇടപെടാന്‍ ഇഷ്ടപ്പെടുന്ന സ്ത്രീയാണ് ഞാന്‍. അതില്‍ ഇതുവരെ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. എന്നിരുന്നാലും ചില അസുഖകരമായ വര്‍ണവെറിയന്‍ സാഹചര്യങ്ങള്‍ക്ക് ഞാന്‍ വിധേയായിട്ടുണ്ട്. പക്ഷേ എനിക്ക് തോന്നുന്നത് ശരിക്കും പുരുഷന്‍മാരാണ് ദുരിതം അനുഭവിക്കുന്നവര്‍ എന്നാണ്. പ്രത്യേകിച്ച് നീല കോളര്‍ ജോലിക്കാരും, നിയമവിരുദ്ധരായ കുടിയേറ്റക്കാരും. അവര്‍ അമേരിക്കയില്‍ സംശയദൃഷ്ടിയോടെ നോക്കപ്പെടുകയും ദുരിതങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നുണ്ട്.


നമുക്ക് പാകിസ്ഥാനെപ്പറ്റി സംസാരിക്കാം. എന്താണ് പാകിസ്ഥാനിലെ സാഹചര്യം? നിങ്ങളുടെ രാജ്യം താലിബാന്‍ മാതൃകയിലുള്ള ഒരു ഭരണസംവിധാനത്തിലേക്ക് നീങ്ങുമെന്ന് കരുതുന്നുണ്ടോ? അവിടെ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അത്തരം ചില പ്രചരണങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്....

പാകിസ്ഥാന്‍ ഒരിക്കലും നേര്‍രേഖയിലല്ല ചലിച്ചിട്ടുള്ളത്. എപ്പോഴും ഉയര്‍ച്ചയും താഴ്ചയുമുണ്ടായിട്ടുണ്ട്. ഭൂരിപക്ഷം പാകിസ്ഥാന്‍ ജനങ്ങളും താലിബാനെയും അവരുടെ വിചിത്ര രീതികളെയും വെറുക്കുന്നവരാണ്്. സ്‌വാത് താഴ്‌വരയില്‍ താലിബാന്‍ മാതൃകകള്‍ നിയന്ത്രണം നേടിയിരുന്നു. പക്ഷേ ഈ സാഹചര്യം പെട്ടന്ന് പരിഹരിക്കപ്പെടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

ലാല്‍മസ്ജിദില്‍ കുറച്ചു നാള്‍ മുമ്പ് നടന്നതുപോലുള്ള ആക്രമണങ്ങളെ ഏത് രീതിലാണ് താങ്കള്‍ കാണുന്നത്? മുമ്പ് 'താലിബാന്‍ മാതൃക' എന്നാണ് ലാല്‍ മസ്ജിദ് സംഭവത്തെ പാശ്ചാത്യ മാധ്യമങ്ങളും കണ്ടിരുന്നത്?

ലാല്‍മസ്ജിദിലെ മുസ്ലിം മത പുരോഹിതര്‍ ഇസ്ലാമിക നിയമങ്ങളെ സൗദി അറേബ്യയിലെ വഹാബി സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കുന്നവരാണ്. അതെന്ന് പറയുന്നത് ഖുറാനിന്റെ കര്‍ശനവും അക്ഷരാര്‍ത്ഥത്തിലുമുള്ള വ്യാഖ്യാനമാണ്. ഭൂരിപക്ഷം പാകിസ്ഥാന്‍കാരും ബുര്‍ഖ ധരിക്കാന്‍ ഇഷ്ടപ്പെടാത്തവരാണ്. അതുപോലെ തന്നെ നിര്‍ബന്ധിതമായ താടി വയ്ക്കുന്ന രീതി പുരുഷന്‍മാര്‍ ഇഷ്ടപ്പെടുന്നില്ല. പാകിസ്ഥാനില്‍ താലിബാന്‍വല്‍ക്കരണം ഉണ്ടാവില്ല.സാധ്യവുമല്ല. തീര്‍ച്ചയായും പാകിസ്ഥാന്‍കാര്‍ മുസ്ലീങ്ങളാണ്. പക്ഷേ അവര്‍ക്ക് സ്വതന്ത്ര ബോധമുള്ളവരാണ്. മതേതരവീക്ഷണവുമുള്ളവരാണ്. അവര്‍ സമാധാനമായ ജീവിതം ഇഷ്ടപ്പെടുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ മുഖ്യധാര മുസ്ലീങ്ങള്‍ അള്ളാഹുവിനെ സ്‌നേഹിക്കുന്നു. പക്ഷേ ഭയത്തില്‍ ജീവിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. താലിബാന്‍ മാതൃകയിലുള്ള സംവിധാനം അഫ്ഗാനിസ്ഥാനില്‍ സാധ്യമാകും. കാരണം ആ രാജ്യം പത്തുവര്‍ഷത്തിലധികം കാലം റഷ്യയുടെയും അമേരിക്കയുടെ കീഴിലായിരുന്നു. അവരുടെ മണ്ണില്‍ റഷ്യയും അമേരിക്കയും കപടയുദ്ധം ചെയ്യുകയായിരുന്നു. അതല്ല പാകിസ്ഥാനിലെ സാഹചര്യം.


പാകിസ്ഥാനില്‍ നടന്ന രാഷ്ട്രീയ പാര്‍ടികളെപ്പറ്റിയും ഭരണരീതികളെയും പറ്റി എന്തുപറയും?

ബേനനീസര്‍ ഭൂട്ടോയുടെ വധത്തിന്റെ പശ്ചാത്തലത്തില്‍, അവരുടെ വില്‍പത്ര പ്രകാരം ഭര്‍ത്താവ് അസിഫ് സര്‍ദാരി പി.പി.പിയുടെ പുതിയ ചെയര്‍മാനായി. ജനപ്രീതി വളരെ അധികമില്ലാത്ത നേതാണ് അദ്ദേഹം. ഓക്‌സ്‌ഫോര്‍ഡിലെ മകന്റെ പഠനം പൂര്‍ത്തിയാകുന്നതുവരെ പി.പി.പി.യുടെ ചെയര്‍മാനായി സര്‍ദാരി തുടരുമെന്നാണ് പറയുന്നത്. അതിനുശേഷം ജീവിതകാലം മുഴുവന്‍ മകനാവും പാര്‍ട്ടി നേതാവ്. പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ ഭൂട്ടോ പൈതൃകത്തെയാണ് സര്‍ദാരിയും പിന്തുടരുന്നത്. ജനാധിപത്യമാണ് പി.പി.പിയുടെ ആദര്‍ശമെങ്കില്‍ അതെന്തുകൊണ്ട് പാര്‍ട്ടിക്ക് ബാധകമാകുന്നില്ല. എന്തുകൊണ്ട് ബിലാവല്‍? പാര്‍ട്ടിക്ക് 'ജനാധിപത്യപരമായി'തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനായി കൂടേ? പാര്‍ട്ടികള്‍ക്ക് കുടുംബഭരണമാണ് എങ്കില്‍ പാകിസ്ഥാനിലെ ജനാധിപത്യത്തിന് വലിയ രക്ഷയില്ല. ദു:ഖകരമെന്നു പറയാം, പാകിസ്ഥാനിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തികള്‍/കുടുംബ വാഴ്ചയെ ആശ്രയിച്ചു നില്‍ക്കുന്നവയാണ്. ആദര്‍ശങ്ങള്‍/നയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല.

ബേനസീര്‍ ഭൂട്ടോയുടെ മരണത്തിനുശേഷമുള്ള അവസ്ഥയാണിത്. ബേനസീര്‍ വധിക്കപ്പെട്ടിരിന്നില്ലെങ്കില്‍ എന്താവുമായിരുന്നു അവസ്ഥ? ഒരു സ്ത്രീയെന്ന നിലയിലും പാകിസ്ഥാന്‍കാരിയെന്ന നിലയിലും ബേനസീര്‍ ഭൂട്ടോയേ നിങ്ങള്‍ എങ്ങനെയാണ് കണ്ടിരുന്നത്?

ബേനസീര്‍ ഭൂട്ടോ എന്റെ ജന്മാജ്യത്തെപ്പറ്റി എനിക്ക് അഭിമാനിക്കാനുള്ള അവസരവും വ്യക്തിയുമായിരുന്നു. അവര്‍ ഒരു സ്ത്രീയായിരുന്നു. നേതാവായിരുന്നു. അതും ഒരു മുസ്ലിം രാജ്യത്തില്‍. അവര്‍ അധികാരത്തിലിരുന്ന കാലത്തെ ഭരണം നല്ലാണെന്ന് എനിക്കഭിപ്രായമില്ല. അക്കാര്യം മാറ്റി നിര്‍ത്തിയാല്‍ തന്നെ, അമേരിക്കയേക്കാള്‍ മുന്നിലാണ് പാകിസ്ഥാന്‍. തങ്ങളെ നയിക്കാനായി ഒരു വനിതാ നേതാവിനെ തെരഞ്ഞെടുക്കാന്‍ അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല. പാകിസ്ഥാന്‍ ഇത് വളരെ മുമ്പേ ചെയ്ത് കഴിഞ്ഞു. ഭൂട്ടോ എന്ന പേര് ബനസീറിന്് ഗുണകരമായിട്ടുണ്ടാവാം. പക്ഷേ, അവര്‍ തനിച്ച് നില്‍ക്കാനുള്ള ധൈര്യം കാട്ടി. ആണുങ്ങള്‍ മാത്രം നിറഞ്ഞ മുറിയില്‍, ആണുങ്ങളുടെ ആള്‍ക്കുട്ടത്തിനു മുന്നില്‍ അല്ലെങ്കില്‍ ആണുങ്ങള്‍ മാത്രം നിറഞ്ഞ സദസിനു മുന്നില്‍ നിന്ന് അവര്‍ തനിച്ച് സംസാരിച്ചു. അവര്‍ പറഞ്ഞതോ ഒരു തരത്തില്‍ പുരുഷന്‍മാരുമായി കൂടുതല്‍ ബന്ധപ്പെടുന്ന കാര്യങ്ങളാണ്. കാരണം രാഷ്ട്രീയം പുരുഷന്‍മാരുടെ വിഷയമായി പുരുഷന്‍മാര്‍ കാണുന്നത് കൊണ്ട്് തന്നെ. 'സ്തീക്ക് എന്തുചെയ്യാനാവും' എന്ന സ്ഥിരം ധാരണകളെ അവര്‍ വെല്ലുവിളിച്ചു. മാത്രമല്ല ഒരു മുസ്ലീം സ്ത്രീക്ക് എന്തുചെയ്യാനാവുന്നെും കാണിച്ചു തന്നു. അവരുടെ സാന്നിദ്ധ്യം ചില അടഞ്ഞ മുസ്ലീം സമൂഹത്തെയും വെല്ലുവിളിക്കുന്നതായിരുന്നു. കാരണം സ്വഭാവികമായും ഈ സമൂഹങ്ങള്‍ സ്ത്രീവിരോധികളുടേതായിരുന്നു. നേരത്തെ പറഞ്ഞതുപോലെ ആര്‍ക്കും അവരെ തെരുവിലെ കണ്ടുമുട്ടുന്ന ഒരു സാധാരണ സ്ത്രീയായി കാണാന്‍ പാകിസ്ഥാന്‍കാര്‍ കഴിയില്ലായിരുന്നു എന്നതാണ് സത്യം. കാരണം അവര്‍ ഭൂട്ടോയുടെ മകളാണ് എന്ന ബോധം ആളുകള്‍ക്കുണ്ടായിരുന്നു. അവരുടെ പിതാവ് പാകിസ്ഥാന്റെ പരമോന്നത പദവിയിലെത്തിയയാളണ്.
പക്ഷേ രാഷ്ട്രീയമായി നോക്കുമ്പോള്‍ എന്നിലെ രാഷ്ട്രീയത്തെയും ബേനസീര്‍ 'വളര്‍ത്തി'യിട്ടുണ്ട്്. അവര്‍ ആദ്യം തെരഞ്ഞെടുപ്പില്‍ നില്‍ക്കുമ്പോള്‍ ഒരു പക്ഷേ ഞാനും അവര്‍ക്കുവോട്ടു ചെയ്യുമായിരുന്നു. കാരണം അവര്‍ സ്ത്രീയായിരുന്നതുകൊണ്ട്. പക്ഷേ അക്കാലത്ത് എനിക്ക് വോട്ടുചെയ്യാനുള്ള പ്രായമുണ്ടായിരുന്നില്ല. അവരുടെ ഭരണം എന്നെ പഠിപ്പിച്ചത് ലിംഗത്തിന്/ജെന്‍ഡറിന് അല്ല വോട്ട് ചെയ്യേണ്ടത് എന്നാണ്. പകരം നല്ല സ്ഥാനാര്‍ത്ഥിക്കായിരിക്കണം വോട്ട് എന്ന് എന്നെ ബേനസീര്‍ പഠിപ്പിച്ചൂ. ബേനസീറിന്റെ ഓര്‍മക്കുറിപ്പുകള്‍ 'കിഴക്കിന്റെ പുത്രി' ഞാന്‍ കൗമാരക്കാരിയായിരുന്നപ്പോള്‍ മുതല്‍ പലവട്ടം വായിച്ചു. ഒരാള്‍ ബേനസീറിനെ ഇഷ്ടപ്പെടുന്നോ, ഇല്ലയോ എന്നതു വിഷയമല്ല, അവര്‍ പാകിസ്ഥാനെ പറ്റി ശരിക്കും ഉത്കണ്ഠയും താല്‍പര്യവും ഉണ്ടയിരുന്നോ ഇല്ലയോ എന്നതും വിഷയമല്ല, അവര്‍ അധികാരത്തിനോട് താല്‍പര്യമുള്ള മറ്റൊരു രാഷ്ട്രീയ നേതവായിരന്നോ അല്ലെയോ എന്ന കാര്യങ്ങളൊന്നും എന്നല്ല വിഷയം. അവരുടെ മരണം പാകിസ്ഥാനിലെമ്പാടും ഒരു സര്‍റിയല്‍ അവസ്ഥ കൊണ്ടുവന്നു. അവരുടെ മരണം മറ്റൊരു തരത്തിലുള്ള വിടവ് പാകിസ്ഥാന്‍ രാഷ്ട്രീയത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്.


പാകിസ്ഥാനിലെ തീവ്രവാദ പ്രശ്‌നങ്ങളെ നേരിടാന്‍ അമേരിക്ക അങ്ങോട്ട് കടന്നുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അഫ്ഗാന്‍ അതിര്‍ത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഇപ്പോള്‍ തന്നെ അമേരിക്ക നേരിടുന്നുണ്ട്. അമേരിക്കയില്‍ ജീവിക്കുന്ന പാകിസ്ഥാനി എന്ന നിലയില്‍ ഈ വിഷയത്തെ എങ്ങനെ കാണും?

ഓരോ രാജ്യത്തിന്റെയും ആഭ്യന്തര രാഷ്ട്രീയം അതേ രാജ്യത്തിന് കൈകാര്യം ചെയ്യാനാവുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അല്ലെങ്കില്‍ അവര്‍ക്ക് മറ്റൊരു രാജ്യത്തിന്റെ സഹായം അഭ്യര്‍ത്ഥിക്കാം. ഇതല്ല പാകിസ്ഥാനിലുള്ള അവസ്ഥ. ആ രാജ്യത്തിന് അതിന്റെ ആഭ്യന്തര രാഷ്ട്രീയം കൈകാര്യം ചെയ്യാനുള്ള ശക്തിയുണ്ട്. ഒരു ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ അമേരിക്കയില്‍ കഴിയുന്ന എന്നെപ്പോലുള്ള പാകിസ്ഥാന്‍ കാരുടെ അവസ്ഥ എന്താവുംപറയാന്‍ പറ്റില്ല. അതെന്തായാലും സുഖകരമായിരിക്കില്ല. ഒരു രാജ്യത്തെ ആക്രമിക്കുമ്പോള്‍ വെറുതെ കാഴ്ചക്കാരായി ഇരിക്കാന്‍ ആവില്ല. അങ്ങനെ ഇരിക്കേണ്ടി വരിക എന്നത് ഗതികേടായി മാറും.


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഒരു മാര്‍ഗം നിദേശിക്കാനാവശ്യപ്പെട്ടാല്‍ നിങ്ങള്‍ എന്താവും പറയുക?

കാശ്മീരികള്‍ ആഗ്രഹിക്കുന്നത് എന്താണ് എന്നതിനെ അടിസ്ഥാനമാക്കി കാശ്മീര്‍ പ്രശ്‌നം സംബോധന ചെയ്യണം. ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങള്‍ക്ക് പൊതുവില്‍ രണ്ടു രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധം സൂക്ഷിക്കണമെന്നുള്ള പക്ഷക്കാരാണ്. അവരതിന് തയ്യാറാണ്. പക്ഷേ സര്‍ക്കാരുകള്‍ക്കാണ് അതിന് എതിര്‍പ്പ്. അവരാണ് അതിനു തയ്യാറാവേണ്ടതും.


മുംബൈയില്‍ നടന്നതുള്‍പ്പെടെ, ഇന്ത്യയിലെ ഭീകരാക്രമണങ്ങളില്‍ പാകിസ്ഥാന്റെ പങ്ക് ഇന്ത്യ ആരോപിച്ചിരുന്നു. നിങ്ങളതിനെ എങ്ങനെ കാണും?

പാകിസ്ഥാന്‍ എന്തിന് ഭീകാരക്രമണത്തില്‍ പങ്കാളിയാകണം എന്ന് എനിക്കറിയില്ല അത്. മേഖലയില്‍ സ്ഥിരതയാണ് പാകിസ്ഥാനുവേണ്ടത്. മേഖലയിലെ മറ്റേതു രാജ്യവും ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ പാകിസ്ഥാന്‍ അതാഗ്രഹിക്കുന്നുണ്്.


സ്ത്രീ, മോചനം, മതം


സ്ത്രീ വിഷയങ്ങള്‍ എഴുതൂമ്പോള്‍ നിങ്ങള്‍ അക്രമോത്സുകമായ രചനയാണ് നടത്തുന്നത്. വായിക്കുന്നവര്‍ക്ക് അതില്‍ അസ്വസ്ഥകള്‍ അനുഭവപ്പെടുകയും ചെയ്യും. ഇതില്‍ മനസിന്റെ എത്രത്തോളം പ്രതിഫലനമുണ്ട്?

സ്ത്രീ വിഷയങ്ങളെപ്പറ്റി എഴുതുമ്പോള്‍ അങ്ങനെയൊരു തലം വരാന്‍ കാരണമെന്തെന്ന് എനിക്ക് അറിഞ്ഞുകൂടാ. എഴുത്തിലൂടെ മനസിന്റെ ആഴങ്ങളും, ഇരുളുകളും അന്വേഷിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. മിക്ക ആളുകളും ചിന്തിക്കുക തങ്ങള്‍ എന്നും നല്ലവരാണെന്നും മറ്റുള്ളവരും എന്നെ നല്ലതായി കരുതുന്നു എന്നുമാണ്. പക്ഷേ അതിന് അവര്‍ 'നല്ല, ദയയുള്ളത്, കരുണയുള്ളത്' എന്നല്ല അര്‍ത്ഥം. ഈ പാദങ്ങള്‍ ഒരോ സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യാഖ്യാനിക്കേണ്ടതാണ്. എന്റെ ചില കഥകള്‍ സ്ത്രീ കാഴ്ചപ്പാടിലൂടെയുള്ളതാണ്. 'ഫാമിലി ഡിന്നര്‍' പോലുള്ളത്. എന്നാല്‍ ചിലതൊക്കെ പുരുഷന്റെ കണ്ണിലൂടെയുള്ളതാണ്. 'പപ്പാസ് ഗേള്‍' അതുപോലുള്ളതാണ്. അക്രമോത്സുകമായ ഭാവം വിഷയത്തിന്റെ പ്രത്യേകതകൊണ്ടുമാവാം. കാരണം ജീവിതം എത്ര ഏകാന്തമാണെന്ന് ഒരു സ്ത്രീ തിരിച്ചറിയുന്നു. ഒരു സ്ത്രീയുടെ പാദുകമണിഞ്ഞ് നിന്ന് ഒരു കഥ എഴുതുമ്പോള്‍ സ്വാഭാവികമായും അതില്‍ അവള്‍ അനുഭവിക്കുന്ന ദുരിതവും, വേദനയും, ഒറ്റപ്പെടലും, അമര്‍ഷവുമെല്ലാം വരും. നേരത്തെ പറഞ്ഞതുപോലെ അത് താളുകളിലെ അഭിനയമാണ്. അക്രമോത്സുകമായ ഭാവമാണ് കഥകളിലെ സ്ത്രീക്കുള്ളതെങ്കില്‍ ഞാന്‍ സ്വീകരിച്ചിരിക്കുന്ന താദ്മീയഭാവത്തിന്റെ (എംപതിയുടെ) തലമാവും അത്.


പാകിസ്ഥാനിലെ സ്ത്രീ അവസ്ഥകളെപ്പറ്റി എന്തുപറയും? സ്ത്രീവിമോചനത്തിന് എന്താണ് വഴി?


സ്ത്രീവിമോചനത്തിന്റെ കാര്യത്തില്‍ പാകിസ്ഥാന്‍ കുറേയേറെ മുന്നോട്ട് പോയിട്ടുണ്ട്. എന്നാല്‍ ലോകത്തിന്റെ ഭൂരിപക്ഷം ഇടങ്ങളിലുമുള്ളതുപോലെ ഇക്കാര്യത്തില്‍ പാകിസ്ഥാന് ഇനിയും കുറേയേറെ ദൂരം പോകാനുണ്ട്. അടുത്ത കാലത്ത് നടന്ന സംഭവവികാസങ്ങളില്‍ അത്യധികം പ്രചോദിപ്പിക്കുന്ന ഒന്ന് ബലാല്‍സംഗത്തിന് ഇരയായ മുക്താണ്‍ മയിയൂടെതാണ്. ഒരു ഗ്രാമ കോടതി, അവരുടെ സഹോദരന്‍ ചെയ്ത കുറ്റത്തിന് മുക്താണ്‍മയിക്ക്് ബലാല്‍സംഗം ചെയ്യപ്പെടേണ്ടതാണ് എന്ന ശിക്ഷ വിധിച്ചു. എന്നാല്‍, സംഭവം നടന്നശേഷം മുക്താണ്‍മയി മിണ്ടാതിരുന്നില്ല. അവര്‍ കോടതിയില്‍ നീതി തേടി പോയി. ആധുനിക കാലത്തിന്റെ നായികയാണ് അവര്‍. തുറന്നു പറയാനുള്ള ചങ്കൂറ്റത്തിന്റെ പേരില്‍ ശരിക്കും ആദരിക്കപ്പെടേണ്ടതുമായ സ്ത്രീയാണ്. ഈ തുറന്നു പറച്ചിലാണ് എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. അത് ചെയ്യേണ്ടതുണ്ട്. സ്ത്രീകള്‍ക്ക് ഇത്തരം തുറന്നു പറച്ചിലുകളിലൂടെയോ മുന്നോട്ട് പോകാനാവൂ.

പാകിസ്ഥാനില്‍ പല ഘട്ടത്തിലായി പല രീതിയില്‍ സ്ത്രീക്കുമേല്‍ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചിരുന്നു. അതിനെ എങ്ങനെയാണ് കാണുന്നത്?


1979- ല്‍ ജനറല്‍ സിയാ ഉള്‍ ഹക്ക് പാകിസ്ഥാന്റെ ഭരണമേറ്റപ്പെടുത്തപ്പോള്‍ ഇസ്ലാമിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാന്‍ ഭരിക്കപ്പടണമെന്ന് തീരുമാനിച്ചു. അങ്ങനെ ശിരായത്ത് നിയമവും ഹുദുദ് ഓര്‍ഡിനന്‍സും നിലവില്‍ വന്നു. ഹുദൂദ് ഓര്‍ഡിനനന്‍സ് സ്ത്രീ വിഷയങ്ങളെപ്പറ്റിയാണ് പറയുന്നുത്. ഷിന നിയമങ്ങള്‍ സ്ത്രീകളുടെ തട്ടിക്കൊണ്ടുപോകല്‍, വേശ്യവൃത്തി, പരപുരുഷ സംഗമം, ബലാല്‍സംഗം എന്നിവയെപ്പറ്റിയാണ് പറയുന്നത്. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ബാല്‍സംഗത്തിനിരയായ സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെട്ടു എന്നതിന് തെളിവായി നാലു പുരുഷ സാക്ഷികളെ ഹാജരാക്കണം.അല്ലെങ്കില്‍ ബലാല്‍സംഗ കേസ് പരപുരുഷ സംഗമത്തിനുള്ള കേസായി സ്ത്രീക്ക് എതിരെ തിരിയും. ഈ രീതി അനീതി നിറഞ്ഞതായിരുന്നു. അത് ഒരു അനീതിയില്‍ നിന്ന് കൂടുതല്‍ അനീതിയിലേക്ക് നയിക്കൂ. ഒരു സ്ത്രീക്കെതിരെ വ്യഭിചാര ആരോപണം ഉന്നയിക്കപ്പെട്ടാല്‍ നാല് പുരുഷ സാക്ഷികളെ അതിന് തെളിവായി ഹാജരാക്കണമെന്നാണ് ഇസ്ലാമിക നിയമം പറയുന്നത്. ഈ നാലു പുരുഷന്‍മാര്‍ സ്ത്രീ തന്റെ ഭര്‍ത്താവിനെ വഞ്ചിച്ചുവെന്നതിന് വ്യക്തമാ തെളിവു നല്‍കണം. നാല് പുരുഷന്‍മാരെ കണ്ടെത്തയില്ലെങ്കില്‍ സ്ത്രീക്കെതിരെ വ്യഭിചാരം ഉന്നയിച്ചയാളുടെ നില അപടകത്തിലാവും. എന്നാല്‍ ജനറല്‍ സിയയും അദ്ദേഹത്തിന്റെ താടിക്കാരായ സഹോദരന്‍മാരുടെ സംഘവും (അതില്‍ ചിലര്‍ക്ക് താടിയുണ്ടായിരുന്നില്ല) ചേര്‍ന്ന് ഇസ്ലാമിക നിയമത്തെ വളച്ചൊടിക്കുകയും അത് ബലാല്‍സംഗത്തിന് ഇരയായ സ്ത്രീക്കെതിരെ പ്രയോഗിക്കുകയും ചെയ്തു. എന്റെ ഒരു അഭിഭാഷക സുഹൃത്ത് ഒരിക്കല്‍ എന്നോട് പറഞ്ഞു അടിസ്ഥാനപരമായി ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് ലൈംഗിതയില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. കാരണം ഏത് സ്ത്രീക്കാണ് നാല് പുരുഷ സാക്ഷികളെ ഹാജരാക്കാന്‍ ആവുക? അവര്‍ നുണ പറയുകല്ലെന്ന് എങ്ങനെ നിശംസയം ഉറപ്പാക്കാനാവും.
2006 ല്‍ മുഷാറഫ് സര്‍ക്കാര്‍ സ്ത്രീ സംരക്ഷണ ബില്‍ നിര്‍ദേശിച്ചു. ബലാല്‍സംഗത്തിന് ഇരയായ സ്ത്രീകള്‍ നാല് പുരുഷ സാക്ഷികളെ ഹാജരാക്കേണ്ടതില്ലെന്നായിരുന്നു അതിലെ വ്യവസ്ഥ. അത് പിന്നീട് പാസാക്കി. ഇങ്ങനെ സ്ത്രീ നിയമങ്ങള്‍ പലതും സ്ത്രീകള്‍ക്കെതിരാണ്. ചിലതൊക്കെ മാറ്റത്തിനു വിധേയമാകുന്നു. ചിലതെല്ലാം അങ്ങനെ തന്നെ നില്‍ക്കുന്നു.


എന്താണ് നിങ്ങളുടെ മത, രാഷ്ട്രീയ കാഴ്ചപ്പാട്?

വളരെ ലിബറല്‍ ആയിട്ടുള്ള രാഷ്ട്രീയ കാഴ്ചപ്പാടാണ് എനിക്കുള്ളത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. മറ്റേതൊരു രീതിയിലുള്ള ഭരണത്തിലും ഭരണസംവിധാനത്തിലും എനിക്ക് വിശ്വസിക്കാനാവില്ല. മതങ്ങളുടെ പേരിലുള്ള ഏതൊരു തരത്തിലുള്ള അടിച്ചമര്‍ത്തലുകളും, സ്വാതന്ത്ര്യ നിഷേധങ്ങളും അംഗീകരിക്കുന്നില്ല.


പാകിസ്ഥാന്റെ സാഹിത്യത്തെപ്പറ്റി?

മുമ്പ് ഒരു പാകിസ്താന്‍ സാഹിത്യകാരന്‍/സാഹിത്യകാരി ഇംഗ്ലീഷിലെഴുതിയ പുസ്തകത്തിനുവേണ്ടി കാത്തിരിക്കുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു. അല്ലെങ്കില്‍ ഇംഗ്ലീഷിലേക്ക് അപൂര്‍വമായി വിവര്‍ത്തനം ചെയ്യപ്പെടുന്ന പുസ്തകങ്ങളായിരുന്നു സാധ്യത. ഇന്നതല്ല സ്ഥിതി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇംഗ്ലീഷിലുള്ള പാകിസ്ഥാന്‍ സാഹിത്യം കയറ്റങ്ങളും ഇറക്കങ്ങളിലൂടെയാണ് കടന്നുപോയത്. രണ്ടുവര്‍ഷം മുമ്പ് 'വിമണ്‍ അണ്‍ലിമിറ്റഡ്' ഒരു സ്ത്രീ കഥാ സമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ 24 പാകിസ്താനി സ്ത്രീ എഴുത്തുകാരുടെ കഥകള്‍ ഉള്‍പ്പെടുത്തി.അതായത് അത്രയും പേര്‍ ഇംഗ്ലീഷിലെഴുതുന്നു എന്നതാണ് അര്‍ത്ഥം. ഇപ്പോള്‍ നിരവധി പാകിസ്ഥാന്‍ എഴുത്തുകാര്‍ അത്യൂജ്ജലമായ നോവലുകള്‍ എഴുതുന്നുണ്ട്. അവര്‍ പല അവാര്‍ഡുകള്‍ നേടുകയും അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. പാകിസ്ഥാന്‍ സാഹിത്യത്തിന്റെ ഭാവി വളരെ ശോഭനമായിട്ടാണ് കാണുന്നത്.

ലോകമെങ്ങും മതമൗലികവാദവും വര്‍ഗീതയും ശക്തമാവുകയാണ്..

ശരിയാണ്. അതെപ്പറ്റി മൂന്നു വാക്കുകളില്‍ മാത്രം മറുപടി പറാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക.

നിങ്ങളുടെ എഴുത്തിനെ സ്ത്രീപക്ഷ എഴുത്ത് എന്ന ഗണത്തില്‍ പെടുത്തുന്നതിനോട് യോജിപ്പുണ്ടോ? അല്ലെങ്കില്‍ ഇത്തരം തരംതിരിവുകളെപ്പറ്റിയുള്ള അഭിപ്രായമെന്താണ്?

ഇല്ല. അങ്ങനെ ഒരു ഗണത്തില്‍ പെടുത്തുന്നതിനോട് യോജിപ്പില്ല. പ്രത്യേകിച്ച് ലിംഗം, പ്രായം എന്നിവയുടെ അടിസ്ഥാനത്തില്‍. ഇത് വളരെ പരിമിതപ്പെടുത്തുന്ന രീതിയാണ്. എഴുത്തിനെ മാത്രമല്ല വായനയെയും ക്കുടി ഇത് പരിമിതപ്പെടുത്തും.

എന്തുകൊണ്ട് പാകിസ്ഥാന്റെ ഭാഷയില്‍ നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷ് തെരഞ്ഞെടുത്തു?

ജീവിതത്തിന്റെ ആദ്യ ഒമ്പതുവര്‍ഷങ്ങള്‍ ഞാന്‍ ചിലവിട്ടത് ഇംഗ്ലണ്ടിലാണ്. അങ്ങനെ ഇംഗ്ലീഷ് എന്റെ ആദ്യ ഭാഷയായി. പാകിസ്ഥാനില്‍ ഞാന്‍ സ്‌കൂളില്‍ പഠിച്ചത് ഇംഗ്ലീഷാണ്. അതെന്നെ കൂടിയോ കുറഞ്ഞോ അളവില്‍ പാകിസ്ഥാന്‍കാരി ആക്കുന്നില്ല. ആക്കാതിരിക്കുന്നുമില്ല. അത് ശരിക്കും എന്നെ ഞാനാക്കുന്നു. ഇംഗ്ലീഷ് എന്നെ സംബന്ധിച്ച് പാകിസ്ഥാനിലെ മറ്റൊരു ഭാഷപോലെ തന്നെയാണ്. ഉര്‍ദു, പഞ്ചാബി, സിന്ധി, ബലൂച്ചി, പുഷ്‌തോ, അല്ലെങ്കില്‍ നാല് സംസ്ഥാനങ്ങളില്‍, ആസാദ് കാശ്മീര്‍, വടക്കന്‍മേഖലകള്‍ എന്നിവിടങ്ങില്‍ സംസാരിക്കുന്ന മറ്റേതൊരു ഭാഷയും പോലെ തന്നെ.

എഴുത്തില്‍ ആരുടെയെങ്കിലും സ്വാധീനം? വിക്രം സേത്തിന്റെ ഒരു കത്ത് കുറേക്കാലം ഒപ്പംകൊണ്ടു നടന്നതായി കേട്ടിട്ടുണ്ട്?

അമേരിക്കയിലെ മേരിലാന്‍ഡിലെ അന്നപോളിസ് സെന്റ് ജോണ്‍സ് കോളജിലാണ് ഞാന്‍ പഠിച്ചത്. ബി.എ. ബിരുദത്തിന്റെ ഭാഗമായുള്ള തീസിസ് 'ഓണ്‍ പ്രിന്‍സ് ചാമിംഗ്‌സ്, ഫ്രോഗ്‌സ്, ലെവ് മാരിജസ് ആന്‍ഡ് അറേന്‍ജ്ഡ് വണ്‍സ്' എന്നതായിരുന്നു. വിക്രം സേത്തിന്റെ 'എ സ്യൂട്ടബിള്‍ ബോയി' എന്ന നോവിലിനെ ആസ്പദമാക്കിയാണ് ഞാനത് എഴുതിയത്. ജീവിതത്തില്‍ പല നിര്‍ണായക തീരുമാനങ്ങളുമെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ഈ നോവലാണ്. തീസിന്റെ ഒരു പകര്‍പ്പ് ഞാന്‍ വിക്രം സേത്തിന് അയച്ചു. അതിനു മറുപടിയായി വിക്രം സേത്ത് നീല മഷിയില്‍ ഒരു കത്ത് അയച്ചു. അത് ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. പക്ഷേ എഴുത്തില്‍ ആരുടെയും സ്വാധീനമില്ല. ഉണ്ടെങ്കില്‍ തന്നെ അത് തോമസ് ഹാര്‍ഡിയുടേതു മാത്രമാവും. ഹാര്‍ഡിയുടെ രചനയിലെ ജീവിതത്തെപ്പറ്റിയുള്ള വീക്ഷണം, വ്യക്തികള്‍ വിധിയോട് എതിരിടുന്ന രീതി എന്നിവയൊക്കെ വളരെ മുന്നേ എന്നില്‍ തറച്ചിട്ടുണ്ട്.


നിങ്ങള്‍ ഇന്ത്യയില്‍ വന്നിട്ടുണ്ടോ?

കുട്ടിയായിരിക്കുമ്പോള്‍ ഞാന്‍ ഇന്ത്യ പലവട്ടം സന്ദര്‍ശിച്ചിട്ടുണ്ട്. എന്റെ അച്ഛന്‍ ശരിക്കും അലിഗഡ് സ്വദേശിയാണ്. അമ്മ ശ്രീനഗറുകാരിയും. എനിക്ക് ഇവിടെ രണ്ടിടണങ്ങളിലും ബന്ധുക്കളുണ്ട്. ഭാവിയില്‍ ഒരിക്കല്‍ കൂടി അവിടം സന്ദര്‍ശിക്കാമെന്ന് കരുതുന്നു. കേരളം സുന്ദരമായ നാടാണ് എന്ന് സുഹൃത്തുക്കള്‍ പറയുന്നു. നിങ്ങളുടെ അവിടെയും വരാമെന്ന് കരുതുന്നു. വന്നാല്‍ നിങ്ങളുടെ വീട്ടിലും വരും.


ഇന്ത്യന്‍ സാഹിതത്തെപററ്റിയൂം സംസ്‌കാരത്തെപ്പറ്റിയും എന്തുപറയും?

എന്റെ പ്രിയപ്പെട്ട എഴുത്തകാര്‍ പലരും ഇന്ത്യന്‍വംശജരാണ്. വിക്രംസേത്ത്, മിസട്രി, എം.ജി.വാസന്‍ജി എന്നിവരാണ് അത്. ഞാന്‍ അരുന്ധതി റോയിയടെ 'ഗോഡ് ഓഫ് സ്‌മോള്‍ തിങ്ങ്‌സ'് വായിച്ച് അത്ഭുതം കൊണ്ടിട്ടുണ്ട്. എഴുത്തിന്റെ രീതിയും മറ്റും കണ്ടിട്ടുണ്ട്. പതിവായി തന്നെ ഇന്ത്യയില്‍ നിന്നുള്ള പുതു എഴുത്തുകാരുടെ രചനകളും വായിക്കുന്നു. വളരെയേറെ അല്‍ഭുതപ്പെടുത്തുന്നതാണ് ഇന്ത്യയില്‍ നിന്നുള്ള രചചനകള്‍.


പുതിയ പുസ്തകം?

ഞാന്‍ ഒരു കഥാ സമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. അതിന്റെ അവസാന വട്ട പണികളിലാണ്. പല മാസഗിനുകളിലും ഓണ്‍ലൈനിലും കഥകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ചില മിനുക്കുപണികള്‍ ശേഷിക്കുന്നുണ്ട്. ഒരു നോവലും മനസിലുണ്ട്.


കുടുംബം?

ഭര്‍ത്താവും മൂന്നു കുട്ടികളുമുണ്ട്. ഇളയ കുട്ടിക്ക് ഒരു വയസ് തികഞ്ഞു. ഞങ്ങള്‍ അമേരിക്കയില്‍ താമസിക്കുന്നു. ഇടയ്്ക്ക് പാകിസ്താനില്‍ പോകാറുണ്ട്.


ഒരു എഴുത്തുകാരിയായില്ല എന്നു കരുതുക. പകരം ആരാകുമായിരുന്നു നിങ്ങള്‍?

മിക്കവാറും ഒരു നടി (അഭിനേത്രി)










Interview with Soniah Kamal
Pakistani writer
Pachakuthira, 2010 November

1 comment:

  1. ബിജുരാജേ,
    ഈ അഭിമുഖം പച്ചക്കുതിരയില്‍ വായിച്ചിരുന്നു. എന്തേ ബ്ലോഗിലിടാന്‍ വൈകി?
    എന്റെ ലേഖനം ദയവായി കാണുക
    എസ് സി നിയമനത്തിലെ ഭീകര തട്ടിപ്പ് വേറെയാണ്

    ReplyDelete