Sunday, December 26, 2010

നീതി പരിഹസിക്കപ്പെടുന്നു

സന്ദീപ് പാണ്ഡെ

ഡോ.ബിനായക് സെന്നിനെയും ഭാര്യ ഇലിനയെയും പെണ്‍മക്കളായ അപരാജിതയെയും പ്രണീതയെയും ഞാന്‍ ആദ്യം കാണുന്നത് വരാണസിയിലെ കേന്ദ്ര തിബത്തന്‍ ഇന്ററ്റിറ്റിയൂട്ട് ഓഫ് ഹയര്‍ ലേണിംഗില്‍ വച്ച് 1999 ഓഗസ്റ്റ് ആറിന് പൊഖ്‌റാന്‍-സാരാനാഥ് സമാധാന മാര്‍ച്ചിന്റെ സമാപനവേളയിലാണ്. സാരാനാഥിലാണ്, ബോധഗയയില്‍ നിന്ന് ജ്ഞാനോദയം കിട്ടിയശേഷം ആദ്യമായി ബുദ്ധന്‍അഞ്ചുശിഷ്യര്‍ക്ക് ധര്‍മോപദേശം നല്‍കുന്നത്. ആ സമാധാന യാത്രയെന്നത് നശീകരണത്തിന്റെ സ്ഥലത്തുനിന്ന്-പൊഖ്‌റാന്‍- സമാധാനത്തിന്റെ സ്ഥലത്തേക്കുളള -സാരാനാഥ്- പ്രതീകാത്മക യാത്രയായിരുന്നു. 1998 ല്‍, ഇന്ത്യ ആണവ പരീക്ഷണം നടത്തിയതിന്റെ കൃത്യം ഒന്നാം വാര്‍ഷികത്തില്‍ ആരംഭിച്ച യാത്ര ഹിരോഷിമ ദിനത്തില്‍ സമാപിച്ചു. മാര്‍ച്ചിന്റെ ലക്ഷ്യം ആണവ നിരായുധീകരണത്തിനുവേണ്ടി ആഗോളതലത്തില്‍ സമ്മര്‍ദം ഉയര്‍ത്തുകയായിരുന്നു.
മാര്‍ച്ചിന്റെ മുന്നേറ്റത്തിനിടയില്‍, 1500 കി.മീറ്റര്‍ പിന്നിടുമ്പോള്‍, 88-ാം ദിനം സെന്നുമാര്‍ ഇന്ന് ഛത്തീസ്ഗഢിന്റെ ഭാഗമായ റായ്പൂരില്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ യാത്രയെ പിന്തുണച്ചുകൊണ്ടുളള തിരക്കിട്ട പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു. ഞങ്ങള്‍ പിന്നീട് ഒരു ദേശീയ പൊതുവേദിയായ ആണവനിരായുധീകരണത്തിനും സമാധാനത്തിനും വേണ്ടിയുളള കൂട്ടായ്മയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു.
ഡോ. സെന്‍ ഇപ്പോള്‍ റായ്പൂര് ജയിലിലാണ്. മാനവികതയുടെയും നീതിയുടെയും ശബ്ദങ്ങളെ നിശബ്ദമാക്കാനുളള ഭീകരനിയമങ്ങളായ ഛത്തീസ്ഗഢ് പ്രത്യേക സുരക്ഷാ നിയമം,2005 ഉം നിയമവിരുധ നടപടികള്‍ തടയല്‍ 2004 നിയമവും അനുസരിച്ച് കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്തുവെന്ന കാരണങ്ങളാണ് ആരോപിക്കുന്നത്. ഒരു വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം അദ്ദേഹത്തിന്റെ വിചാരണ അടുത്തു തുടങ്ങിയതേയുളളൂ. സുപ്രീംകോടതി പോലും ജാമ്യം നിഷേധിച്ചു. 89 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ കോടതിയില്‍ ഹാജരാക്കിയ ആറുപേര്‍ക്കും എതിര്‍വിസ്താരത്തില്‍ പിടിച്ചുനില്‍ക്കാനായില്ല. ബിനായകിനെതിരെ ഒരു തെളിവുമില്ല. അന്യായമായി അദ്ദേഹം തടവിലടയ്ക്കപ്പെടാന്‍ കാരണം ഛത്തീസ്ഗഢില്‍ ആദിവാസികളെ ആദിവാസികള്‍ക്കെതിരെ അക്രമത്തിനുപ്രേരിപ്പിക്കുന്ന ഭരണഘടനാ വിരുദ്ധ സല്‍വാജൂഢത്തെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെട്ടു എന്നതാണ്.
2004 നംവബര്‍ 4 ന് ഛത്തീസ്ഗഢിലെ ദാണ്ഡെവാഡ ജില്ലയിലെ ഗൊപ്പാല്ലിയില്‍ 'ഏറ്റുമുട്ടലില്‍' മൂന്ന് അധ്യാപകരെയും ഒരു വിദ്യാര്‍ത്ഥിയെയും പൊലീസ് കൊലപ്പെടുത്തിയത് പി.യു.സി.എല്‍. ഛത്തീസ്ഗഢ് ജനറല്‍ സെക്രട്ടറിയായ ഡോ.സെന്‍ തുറന്നുകാട്ടി. തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ബലാല്‍സംഗം, കൊളളയടിക്കല്‍, സാധാരണ ആദിവാസികള്‍ക്കെതിരെ പൊലീസും സല്‍വാജൂഢം സംഘടിപ്പിച്ച പ്രത്യേക പൊലീസ് ഓഫീസര്‍മാരും നടത്തുന്ന കൊളളിവയ്പ്പ് എന്നിവ മനസിലാക്കാനും ദാണ്ഡെവാഡെ ജില്ല സന്ദര്‍ശിക്കാനും, 2005 നവംബറില്‍ അദ്ദേഹം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അഖിലേന്ത്യാ സംഘത്തെ സംഘടിപ്പിച്ചു. ടാറ്റാ-എസ്സാര്‍ യൂണിറ്റിനുവേണ്ടി തങ്ങളെ ഭൂമിയില്‍ നിന്നു കുടിയിറക്കുന്നതിനെതിരെ ബസ്തറില്‍ ആദിവാസികള്‍ നടത്തിയ സമരത്തിനുനേരെ പൊലീസ് നടത്തിയ അടിച്ചമര്‍ത്തലുകളെ എതിര്‍ത്തു. സല്‍വാജൂഢം എന്ന പേരില്‍, നക്‌സലുകള്‍ക്കെതിരെ 'സ്വയം പ്രചോദിത ജനകീയ മുന്നേറ്റം' വിജയകരമാണ് എന്നവകാശപ്പെടുന്ന തങ്ങളുടെഅവകാശവാദത്തെ തുറന്നുകാട്ടുന്ന ബിനായകിനെ ഛത്തീസ്ഗഢ് സര്‍ക്കാരിനെങ്ങനെ സഹിക്കാനാവും? എം.ബി.ബി.എസ്. പഠനപൂര്‍ത്തീകരണത്തിനുശേഷം ഡോ.സെന്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ശിശുചികിത്സയില്‍ എം.ഡി. പഠനം പൂര്‍ത്തിയാക്കി. പോഷകാഹാരക്കുറവ് എന്നത് മാസ്റ്റര്‍ പഠന വിഷയമായി എടുത്ത് അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബന്ധത വ്യക്തമാക്കുന്നുണ്ട്. 1976 മുതല്‍ 1978 വരെ ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ സോഷ്യല്‍ മെഡിസിന്‍ ആന്‍ഡ് കമ്യൂണിറ്റിയില്‍ അധ്യാപകനായിരുന്നു ബിനായക്. മധ്യപ്രദേശിലെ ഹോഷംഗബാദില്‍ സാമൂഹ്യ ഗ്രാമീണ ആരോഗ്യകേന്ദ്രത്തില്‍ ചേരാനായി ആ ജോലി വിട്ടു. 1983 മുതല്‍ 1987 വരെ അദ്ദേഹം പ്രമുഖ തൊഴിലാളി യൂണിയന്‍ നേതാവ് ശങ്കര്‍ ഗുഹാ നിയോഗിയെ, ഖനിത്തൊഴിലാളികള്‍ക്കുവേണ്ടി ദുര്‍ഗ് ജില്ലയിലെ ദല്ലി-രജ്ഹാരയില്‍ ഷഹീദ് ആശുപത്രി പണിതുയര്‍ത്താന്‍ സഹായിച്ചു. തൊഴിലാളികള്‍ മേല്‍നോട്ടം വഹിക്കുന്ന 100 കിടക്കകളുളള ആശുപത്രി, ഇന്നും നൂറുകണക്കിന് തൊഴിലാളികള്‍ക്ക് താങ്ങാവുന്ന,മെച്ചപ്പെട്ട ചികിത്സാസഹായം നല്‍കുന്നുണ്ട്. ഒരു ജനവിഭാഗം തങ്ങളുടെ സ്വന്തം ആശുപത്രി നടത്തുന്നത് അപൂര്‍വമായ അനുഭവമാണ്. മികച്ചതും സമര്‍പ്പിതരുമായ ഡോക്ടര്‍മാര്‍ തങ്ങളുടെ സേവനം അവിടെ നല്‍കുന്നുണ്ട്. ഡോ. സെന്‍ അവരിലൊരാളായിരുന്നു.
അതേ സമയംതന്നെ ഡോ.സെന്‍ ഈ മേഖലയില്‍ ആവശ്യമുളളിടത്തെല്ലാം തന്റെ സേവനം ലഭ്യമാക്കി. രസകരമെന്തെന്നാല്‍, ഛത്തീസ്ഗഢില്‍ ഇന്ന് മിറ്റാനിന്‍ എന്നറിയപ്പെടുന്ന സാമൂഹ്യ-അടിസ്ഥാനത്തിലുളള ആരോഗ്യ പ്രവര്‍ത്തക പദ്ധതിക്ക് രൂപംകൊടുക്കാന്‍ ഭരണകൂടം അദ്ദേഹത്തിന്റെ സഹായം സ്വീകരിച്ചുവെന്നതാണ്.
ആരോഗ്യസംരക്ഷണം എന്നത് മനുഷ്യാവകാശ പ്രശ്‌നവുമായി അടുത്ത ബന്ധമുളളതാണെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം പി.യു.സി.എല്ലില്‍ ചേര്‍ന്നു. ഇപ്പോള്‍ അദ്ദേഹം അതിന്റെ ദേശീയ വൈസ് പ്രസിഡന്റുമാണ്. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ മുതല്‍ പട്ടിണിമരണങ്ങള്‍, പോഷകാഹാരക്കുറവ്, സാംക്രമിക പകര്‍ച്ചവ്യധികള്‍ തുടങ്ങിയ വിവിധ പ്രശനങ്ങള്‍ തുടര്‍ച്ചയായി ബിനായക് ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു. വെല്ലൂര്‍ സി.എം.സി.യുടെ പ്രശംസനീയനായ പൂര്‍വവിദ്യാര്‍ത്ഥിക്കുളള പോള്‍ ഹാരിസണ്‍ അവാര്‍ഡിന് അദ്ദേഹം അര്‍ഹനായിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും മാതൃകയാണെന്നുളള പ്രശംസാപത്രവും ലഭിച്ചു. തടവിലായതിനുശേഷം, 2007 ഡിസംബര്‍ 31 ന് ഇന്ത്യന്‍ സോഷ്യല്‍ സയന്‍സ് കോണ്‍ഗ്രസില്‍ വച്ച് ആസൂത്രണ സമിതി അധ്യക്ഷനും ഇന്ത്യന്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സ് ചെയര്‍ പേഴ്‌സണുമായ ബി.എല്‍. മുംഗേക്കര്‍, സമൂഹത്തിന് നല്‍കിയ സേവനത്തിന് ബിനായക് സെന്നിന് ആര്‍.ആര്‍. ഖേത്താന്‍ സ്വര്‍ണമെഡല്‍ സമ്മാനിച്ചു.
വളരെ അടുത്ത്, ഗ്ലോബല്‍ ഹെല്‍ത്ത് കൗണ്‍സില്‍ ആരോഗ്യരംഗത്തെയും മനുഷ്യാവകാശപ്രവര്‍ത്തനങ്ങളെയും പരിഗണിച്ച് അദ്ദേഹത്തിന് പുകഴ്‌പെറ്റ ജൊനാതന്‍ മന്‍ അവാര്‍ഡ് സമ്മാനിച്ചു. ദക്ഷിണേഷ്യയില്‍ ആ അവാര്‍ഡ് സ്വീകരിക്കുന്ന ആദ്യയാളാണ് ബിനായക്. തുടര്‍ന്ന്, 22 നോബല്‍ സമ്മാന ജേതാക്കള്‍ ഇന്ത്യാ ഗവണ്‍മെന്റിനോട് ഡോ. സെന്നിനെ മോചിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഒരു തടവുകാരന്‍ ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും അത്യധികമായി ആദരിക്കപ്പെടുന്നത് അപൂര്‍വമാണ്. സര്‍ക്കാര്‍ അബധങ്ങള്‍ക്കും പുറത്താണ് വ്യക്തിയുടെ മഹാത്മ്യം എന്ന് ഇത് നന്നായി വ്യക്തമാക്കുന്നുണ്ട്.
ഡോ.സെന്നും അദ്ദേഹത്തിന്റെ കുടുംബവും സമാധാനത്തോട് പ്രതിജ്ഞാബധരാണ് എന്ന് നിസംശയം പറയാം. മനുഷ്യജീവിതത്തോട് ആഴത്തില്‍ ആദരവുളളവരാണ് അവര്‍. 2008 ജനുവരിയില്‍ ഡോ.സെന്നിനെ ജയിലില്‍ ഞങ്ങള്‍ ഒരു സംഘം കണ്ടപ്പോള്‍, എട്ടുമാസത്തെ ജയില്‍ ജീവതത്തിനപ്പുറവും പൗരാവകാശത്തെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും അദ്ദേഹം ആകുലപ്പെടുന്നില്ല എന്നുകണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി. തന്നെ തടവിലാക്കുകയും ഭീകരതയുടെ അന്തരീക്ഷം ഒരുക്കുകയും ചെയ്യുന്നതുവഴി അധികാരികള്‍ അപരിഹാര്യമായ വിധത്തില്‍ നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയുളള പോരാട്ടങ്ങളെ മുറിപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹവും കുടുംബവും കാണിക്കുന്ന വീര്യം, ലോകം കൂടുതല്‍ മാനുഷികമൂല്യങ്ങളുളളതാക്കാന്‍ ശ്രമിക്കുന്ന ഏവരെയും പ്രചോദിപ്പിക്കും.
മാഗ്‌സസെ അവാര്‍ഡ് ജേതാവും ജനകീയമുന്നേറ്റങ്ങളുടെ ദേശീയ സഖ്യത്തിന്റെ (എന്‍.എ.പി.എം) നേതാവുമാണ് ലേഖകന്‍


മൊഴിമാറ്റം: ആര്‍.കെ.ബിജുരാജ്
സ്‌റ്റേറ്റ്‌സ്മാന്‍, 2008 ജൂലൈ 8

No comments:

Post a Comment