Tuesday, December 21, 2010

തടവിലടയ്ക്കപ്പെട്ട സ്വാതന്ത്ര്യം

പ്രഭാഷണം/വിവര്‍ത്തനം


തടവിലടയ്ക്കപ്പെട്ട
സ്വാതന്ത്ര്യം


തോര്‍ബ്‌ജോണ്‍ ജഗ്‌ലാന്‍ഡ്


'' ചൈനയിലെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നീണ്ട കാലമായി അക്രമരഹിത പോരാട്ടം നടത്തുന്ന ലിയു സിയാബോയ്ക്ക് 2010-ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം സമ്മാനിക്കാന്‍ നോര്‍വേജിയന്‍ നോബല്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നു. മനുഷ്യാവകാശവും സമാധാനവും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്ന് നോബല്‍ കമ്മിറ്റി എന്നും വിശ്വസിക്കുന്നു. മനുഷ്യാവകാശം, സമാധാനം പോലുള്ള അവകാശങ്ങള്‍ ആല്‍ഫ്രഡ് നോബല്‍ തന്റെ ഭാഗ പത്രത്തില്‍ എഴുതിയതുപോലെ 'രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദത്തിനുള്ള' മുന്‍ ഉപാധിയാണ്''
ഈ വര്‍ഷത്തെ സമാധാന പുരസ്‌കാരം പ്രഖ്യാപിച്ച് കൊണ്ട് ഒക്‌ടോബര്‍ 8 ന് നോര്‍വെജിയന്‍ കമ്മിറ്റി നടത്തിയ പ്രസ്താവനയുടെ ആദ്യ ഖണ്ഡികയാണിത്.
സമ്മാനജേതാവ് ഇന്നിവിടെ സന്നിഹിതനല്ലെന്നതില്‍ ഞങ്ങള്‍ക്ക് ദു:ഖമുണ്ട്. അദ്ദേഹം വടക്ക്-കിഴക്കന്‍ ചൈനയിലെ തടവറയില്‍ ഒറ്റപ്പെട്ട് കഴിയുകയാണിപ്പോള്‍. സമ്മാനജേതാവിന്റെ ഭാര്യ ലിയു സിയയ്‌ക്കോ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളോ ഇപ്പോള്‍ ഇവിടെ നമ്മോടൊപ്പമില്ല. അതിനാല്‍ ഇന്ന് മെഡലോ പ്രശസ്തി പത്രമോ സമര്‍പ്പിക്കുന്നില്ല.
ഈ ഒരൊറ്റ വസ്തുത തന്നെ ഈ അവാര്‍ഡ് ഏറ്റവും അര്‍ഹവും ഉചിതവുമായ ആള്‍ക്കാണ് നല്‍കിയിരിക്കുന്നത് എന്ന് വ്യക്്തമാക്കുന്നു. ഞങ്ങള്‍ ഈ വര്‍ഷത്തെ സമാധാന സമ്മാനം നേടിയതിന് ലിയു സിയാബോയെ അഭിനന്ദിക്കുന്നു. മുമ്പും,
പുരസ്‌കാരജേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുന്നത് പല തവണ തടയപ്പെട്ടിട്ടുണ്ട്. ചരിത്രത്തിന്റെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ സമ്മാനിക്കപ്പെട്ട പല അവാര്‍ഡുകളും ഏറ്റവും ഉചിതമായ ആള്‍ക്കാര്‍ക്ക് തന്നെയാണ് നല്‍കപ്പെട്ടത് എന്ന് തെളിയിക്കുന്നു. ഇനി പുരസ്‌കാര ജേതാക്കള്‍ ചടങ്ങില്‍ വന്നാല്‍ തന്നെ, അവന്‍/അവളെ സ്വന്തം രാജ്യത്തിന്റെ അധികാരികള്‍ കടുത്ത രീതിയില്‍ പലതവണ അപലപിച്ചിട്ടുണ്ട്.
1935 ല്‍, കാള്‍ വോണ്‍ ഒസിയറ്റ്‌സ്‌കിക്ക് കമ്മിറ്റി അവാര്‍ഡ് നല്‍കിയപ്പോള്‍ വലിയ രീതിയില്‍ പ്രശ്‌നങ്ങളുണ്ടായി. ഹിറ്റ്‌ലര്‍ കോപിഷ്ഠനായി. നോബല്‍ സമ്മാനം സ്വീകരിക്കുന്നതില്‍ നിന്ന് എല്ലാ ജര്‍മന്‍കാരെയും അദ്ദേഹം വിലക്കി. ഹാക്കോണ്‍ രാജാവ് ചടങ്ങില്‍ പങ്കെടുത്തില്ല. ഒസിയറ്റ്‌സ്‌കി ഓസ്‌ലോയില്‍ വന്നില്ല. ആ വര്‍ഷം അല്‍പം കഴിഞ്ഞപ്പോള്‍ അദ്ദേഹം മരിച്ചു.
1975-ല്‍ ആന്ദ്രേ സഖാറോവിന് സമ്മാനം നല്‍കിയപ്പോള്‍ മോസ്‌കോയില്‍ വളരെയധികം ഒച്ചപ്പാടുണ്ടായി. നേരിട്ട് സമ്മാനം സ്വീകരിക്കുന്നതിന് അദ്ദേഹവും വിലക്കപ്പെട്ടു. സഖാറോവ് ഭാര്യയെ അയച്ചു. അതേ സംഭവം 1983-ല്‍ ലെക് വാലേസയ്ക്ക് സമ്മാനം നല്‍കിയപ്പോഴുമുണ്ടായി. 1991- ആങ് സാങ് സൂചി സമാധാന സമ്മാനം സ്വീകരിച്ചപ്പോള്‍ ബര്‍മീസ് അധികാരികള്‍ക്ക് കോപിഷ്ടരായി.
2003- ഷെറിന്‍ എബാദി നോബല്‍ സമാധാന സമ്മാനം സ്വീകരിച്ചു. അവര്‍ വന്നു. ഇറാന്‍ അധികാരികളുടെ പ്രതികരണത്തെപ്പറ്റി വളരെയധികം പറയാനാവും. എന്നാല്‍, ഇറാന്‍ അംബാസഡര്‍ ചടങ്ങില്‍ പങ്കെടുത്തു.
നോര്‍വെജിയന്‍ നോബല്‍ കമ്മിറ്റി ദക്ഷിണാഫ്രിക്കയ്ക്ക് നാല് പുരസ്‌കരാരങ്ങള്‍ നല്‍കി. എല്ലാ സമ്മാനിതരും ഓസ്‌ലോയില്‍ വന്നു. എന്നാല്‍, 1960-ല്‍ ആല്‍ബെര്‍ട്ട് ലുട്ടുലിക്കും 1984-ല്‍ ഡെസ്മണ്ട് ടുട്ടുവിനും പുരസ്‌കാരം നല്‍കിയപ്പോള്‍ ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചിത ഭരണകൂടത്തിന്റെ രോഷത്തെ അത് വലിയ രീതിയില്‍ പ്രകോപിപ്പിച്ചു. അത് വളരെ മുമ്പാണ്. പിന്നീട് 993 ല്‍ നെല്‍സണ്‍ മണ്ടേലയ്ക്കും എഫ്.ഡബ്ല്യു. ക്ലാര്‍ക്കിനും അവാര്‍ഡ് നല്‍കിയപ്പോള്‍ നന്ദി പ്രകടനത്തിന്റെ കയ്യടികള്‍ ഉയര്‍ന്നു.
ഈ അവാര്‍ഡുകളുടെ ഉദ്ദേശ്യം തീര്‍ച്ചയായും ആരുടെയും വികാരങ്ങള്‍ മുറിപ്പെടുത്തുകയായിരുന്നില്ല. നോബല്‍ കമ്മിറ്റിയുടെ ഉദ്ദേശം മനുഷ്യാവകാശം, ജനാധിപത്യം, സമാധാനം തമ്മിലുള്ള ബന്ധത്തെപ്പറ്റി ചില കാര്യങ്ങള്‍ പറയുക എന്നതാണ്. ഇന്ന് നമ്മള്‍ വിപുലമായി ആഘോഷിക്കുന്ന അവകാശങ്ങള്‍ വലിയ അപായസാധ്യതകള്‍ക്കുമുന്നില്‍ നിന്ന് മുമ്പുണ്ടായവര്‍ പോരാടി നേടിയെടുത്തതാണ് എന്ന് ലോകത്തെ ഓര്‍മിപ്പിക്കുകയും പ്രധാനമാണ്.
അവര്‍ മറ്റുള്ളവര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. അതിനാല്‍ ലിയു സിയാബോ നമ്മുടെ പിന്തുണ അര്‍ഹിക്കുന്നുണ്ട്.
കമ്മിറ്റി അംഗങ്ങളില്‍ ആരും ഒരിക്കലും ലിയുവിനെ കണ്ടിട്ടില്ല. എങ്കിലും ഞങ്ങള്‍ക്ക് അദ്ദേഹത്തെ അറിയാമെന്ന് തോന്നലാണുള്ളത്. വളരെക്കാലമായി ഞങ്ങള്‍ അദ്ദേഹത്തെ വളരെ സൂക്ഷ്മമായി പഠിച്ചിട്ടുണ്ട്.
ചെനയിലെ ജിലിന്‍ പ്രവശ്യയിലെ ചാങ്ചുനില്‍ 1955 ഡിസംബര്‍ 28 നാണ് ലിയു ജനിച്ചത്. അദ്ദേഹം ജിലിന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ബെയ്ജിംഗ് നോര്‍മല്‍ സര്‍വകലാശാലയില്‍ നിന്ന് മാസ്റ്റര്‍ ബിരുദവും പി.എച്ച്.ഡിയും നേടി. വിദേശത്ത് തങ്ങുകയും ഓസ്‌ലോ, ഹാവിലി, ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാല എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
1989-ല്‍ അദ്ദേഹം രാജ്യത്ത് ഉദിച്ചുകൊണ്ടിരുന്ന ജനാധിപത്യ പ്രസ്ഥാനത്തില്‍ പങ്കെടുക്കാനായി നാട്ടിലേക്ക് തിരിച്ചുചെന്നു. രാജ്യത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്താരവസ്ഥയില്‍ പ്രതിഷേധിച്ച് തിയാന്‍മെന്‍ സ്‌ക്വയറില്‍ അദ്ദേഹവും ചില സുഹൃത്തുക്കളും ജൂണ്‍ രണ്ടിന് നിരാഹാരം തുടങ്ങി. അവര്‍ ആറിന ജനാധിപത്യ മാനിഫെസ്‌റ്റോ പുറപ്പെടുവിച്ചു. ലിയു എഴുതിയ ആ രേഖ സേച്ഛാധിപത്യത്തെ എതിര്‍ക്കുന്നതും ജനാധിപത്യത്തിന് അനുകൂലവുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഏതെങ്കിലും തരത്തില്‍ അക്രമ രീതിയില്‍ പോരാട്ടം നടത്തുന്നതിനെ ലിയു എതിര്‍ത്തു. സര്‍ക്കാരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള മുറുകിയ അന്തരീക്ഷത്തിന് സമാധാനപരമായ പരിഹാരം കാണാന്‍ ലിയു ശ്രമിച്ചു. അദ്ദേഹത്തിന്റെ സന്ദേശത്തില്‍ നന്നായി നിഴലിച്ചിരുന്നത് അക്രമരാഹിത്യമായിരുന്നു. ജൂണ്‍ നാലിന് ലിയുവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സൈന്യവും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിനാക്കാനായി ശ്രമിച്ചു. അതില്‍ ഭാഗികമായിട്ടാണ് അവര്‍ വിജയിച്ചത്. വളരെയേറെ ജീവിന്‍ നഷ്ടപ്പെട്ടു. അതില്‍ നല്ല പങ്കും തിയാന്‍മെന്‍ സ്‌ക്വയറിന് പുറത്താണ് സംഭവിച്ചത്.
ലിയു തന്റെ ഭാര്യയോ ഈ വര്‍ഷത്തെ സമാധാന സമ്മാനം 'ജൂണ്‍ നാലുമൂതല്‍ നഷ്ടമായ ആത്മാക്കള്‍ക്ക്' സമര്‍പ്പിക്കാനായി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.
ലിയു പറഞ്ഞിട്ടുണ്ട്, ''ഒരു മനുഷ്യന്‍ ഏറ്റവും ശക്തമായ നിഷ്ഠുരഭരണത്തെ അക്രമരഹിതമായി എതിര്‍ക്കുമ്പോള്‍ പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരും. പക്ഷേ, അക്രമരഹിത്യ ചെറുത്തുനില്‍പ്പിന്റെ മഹത്വമെന്നത് ഇര വെറുപ്പിനെ സ്‌നേഹംകൊണ്ടും, മുന്‍വിധിയെ സഹനംകൊണ്ടും, ധാര്‍ഷ്ട്യത്തെ വിനയംകൊണ്ട്, അവമതിയെ അന്തസ്‌കൊണ്ടും, അക്രമത്തെ യുക്തിവിചാരംകൊണ്ടും പ്രതികരിക്കുമെന്നതാണ്''.
തിയാന്‍മെന്‍ ലിയു വിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി. 1996-ല്‍ 'കിംവദന്തികള്‍ പ്രചരിപ്പിച്ചതിനും ദുരാരോപണങ്ങള്‍ക്കും' ലിയു ലേബര്‍ ക്യാമ്പില്‍ മൂന്നുവര്‍ഷത്തെ തടവിന് വിധിക്കപ്പെട്ടു. അദ്ദേഹം 2003 മുതല്‍ 2007 വരെ സ്വതന്ത്ര ചൈനീസ് -പെന്‍ സെന്ററിന്റെ പ്രസിഡന്റായിരുന്നു. ലിയു ഏകദേശം 800 ഗദ്യങ്ങള്‍ എഴുതി. അതില്‍ 499 എണ്ണവും 2005 നു ശേഷമാണ്. അദ്ദേഹമാണ് ചാര്‍ട്ടര്‍ 8 ന്റെ മുഖ്യ സൃഷ്ടാക്കളില്‍ ഒരാള്‍. 2008 ഡിസംബര്‍ 10 നാണ് ചാര്‍ട്ടര്‍ പ്രഖ്യാപിക്കപ്പട്ടത്. ആ രേഖയുടെ ആമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ അനുസരിച്ച് ചാര്‍ട്ടര്‍ പ്രഖ്യാപിക്കപ്പെട്ടത് 'ചൈനയുടെ ആദ്യഭരണഘടനയുടെ നൂറാം വാര്‍ഷികദിനത്തില്‍, മനുഷ്യാവകാശത്തെപ്പറ്റിയുള്ള സാര്‍വലോക പ്രഖ്യാപന വിളംബരത്തിന്റെ 60-ാം വാര്‍ഷികത്തില്‍, ജനാധിപത്യ മതിലിന്റെ ജനനത്തിന്റെ മുപ്പതാം വാര്‍ഷികത്തില്‍, പൗര-രാഷ്ട്രീയ അവകശാങ്ങളെപ്പറ്റിയുള്ള അന്താരാഷ്ട്ര യോഗത്തില്‍ ചൈനീസ് സര്‍ക്കാര്‍ ഒപ്പിട്ടതിന്റെ പത്താം വാര്‍ഷികത്തില്‍' ആയിരുന്നു. ചാര്‍ട്ടര്‍ എട്ട് അടിസ്ഥാന മനുഷ്യാവകാശങ്ങളെ പ്രതിരോധിക്കുന്നു. വൈകാതെ ചൈനയിലും പുറത്തും കഴിയുന്ന നിരവധി ആയിരങ്ങള്‍ അതില്‍ ഒപ്പിട്ടു.
2009 ഡിസംബര്‍ 25 ന് ലിയു 11 വര്‍ഷത്തെ തടവിന് വിധിക്കപ്പെട്ടു. കൂടാതെ രണ്ടുവര്‍ഷം ഒരുതരത്തിലുള്ള രാഷ്ട്രീയാവകാശം ബാധകമല്ലാതാക്കുകയും ചെയ്തു. വിധി പ്രസ്താവനയിലെ വാക്കുകള്‍ ഇങ്ങനെ പറഞ്ഞു, ''ഭരണകൂട അധികാരത്തെയും സോഷ്യലിസ്റ്റ് സംവിധാനത്തെയും ജനകീയ ജനാധിപത്യ സര്‍വാധിപത്യത്തെയും മറിച്ചിടാനുള്ള പ്രേരണ ചെലുത്തിയതിന്''. ഈ വാചകം തന്നെ ചൈനയുടെ സ്വന്തം ഭരണഘടനയെയും അടിസ്ഥാന മനുഷ്യാവകശാങ്ങളെയും നിഷേധിക്കുന്നതാണെന്ന് ലിയു തുടര്‍ച്ചയായി വാദിച്ചു.
ചൈനയില്‍ നിരവധി വിമതരുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ പല കാര്യങ്ങളിലും വ്യത്യസ്തമാണ്. ലിയുവിനുമേല്‍ ചുമത്തിയ കടുത്ത ശിക്ഷ അദ്ദേഹത്തെ മനുഷ്യാവകാശത്തിന്റെ കേന്ദ്ര വക്താവാക്കിയിരിക്കുന്നു. പ്രായോഗികമായി ഒറ്റരാത്രികൊണ്ട്, അദ്ദേഹം ചൈനയിലും അന്താരാഷ്ട്രതലത്തിലും ആ രാജ്യത്തെ മനുഷാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പേരാട്ടങ്ങളുടെ പ്രതീകമാക്കിതീരുകയും ചെയ്തു.

ഭരണാധിപന്‍മാരെ, മഹതികളെ, മാന്യരെ,

ശീതയുദ്ധകാലത്ത് സമാധാനവും മനുഷ്യാവകാശവും തമ്മിലുള്ള ബന്ധം തര്‍ക്കവിഷമായിരുന്നു. ശീതയുദ്ധം അവസാനിച്ചശേഷം സമാധാന ഗവേഷകരും രാഷ്ട്രീയ ശാസ്ത്രജ്ഞരും ഒരു അപാദവവുമല്ലാതെ ഒരുമിച്ച് തന്നെ സമാധാനവും മനുഷ്യാവകശാവും തമ്മിലുള്ള ബന്ധം എത്ര അടുത്തതാണ് എന്നത് അടിവരയിട്ടിട്ടുണ്ട്. ഇതാണ് അവരെല്ലാം എത്തിച്ചേര്‍ത്ത ഏറ്റവും 'കരുത്തുറ്റ' കണ്ടെത്തല്‍. ജനാധിപത്യങ്ങള്‍ സര്‍വാധിപത്യത്തിന് എതിരെ യുദ്ധം ചെയ്തിട്ടുണ്ടാവാം, അവര്‍ നിശ്ചയമായും കൊളോണിയല്‍ യുദ്ധങ്ങള്‍ നടത്തിയിട്ടുണ്ടാവാം, പക്ഷേ, സുവ്യക്തമായി ജനാധിപത്യം മറ്റൊരു ജനാധിപത്യത്തിനെതിരെ യുദ്ധത്തിന് പോയതിന്റെ ഒരൊറ്റ ഉദാഹരണം പോലുമില്ല.
ആല്‍ഫ്രഡ് നോബല്‍ തന്റെ ഭാഗപത്രത്തില്‍ പറഞ്ഞതുപോലെ 'രാഷ്ട്രങ്ങള്‍ തമ്മിലുള്ള സാഹോദര്യത്തിന്', യഥാര്‍ത്ഥ സമാധാനത്തിനുള്ള മുന്‍ ഉപാധി, മനുഷ്യാവകാശവും ജനാധിപത്യവുമില്ലാതെ സൃഷ്ടിക്കാനാവില്ല.
ചൈനയെപ്പോലെ ഇത്ര നീണ്ട നാളുകളായി ത്വരിത വളര്‍ച്ച നേടിയ മറ്റൊരു വലിയ ശക്തിയെ ലോകചരിത്രത്തില്‍ ചൂണ്ടിക്കാട്ടാനാവില്ല. 1978 നുശേഷം ഓരേ വര്‍ഷവും, ദശാബ്ദങ്ങള്‍ക്ക് പിന്നാലെ ദശാബ്ദങ്ങളായി, രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 10 ശതമാനമോ അതിലാധികമോ ആണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്് രാജ്യത്തിന്റെ ഉല്‍പാദനം ജര്‍മനിയേക്കാള്‍ വലുതായിരുന്നു, ഈ വര്‍ഷം അത് ജപ്പാനെ മറികടന്നു. അങ്ങനെ ചൈന ദേശീയ ഉല്‍പാദനത്തില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമെന്ന നേട്ടം കരസ്ഥമാക്കി. അമേരിക്കയുടെ ദേശീയ ഉല്‍പാദനം ഇപ്പോഴൂം ചൈനയുടേതിനേക്കാള്‍ മൂന്ന് മടങ്ങ് അധികമാണ്. എന്നാല്‍ ചൈന ഇപ്പോഴത്തെ മുന്നേറ്റം തുടരുകയാണെങ്കില്‍ അമേരിക്ക കടുത്ത പ്രതിസന്ധിയിലാകും.
സാമ്പത്തിക വിജയം ലോകത്തിലെ നിരവധി കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചിട്ടുണ്ട. അതുവഴി ലോകത്തെ പാവപ്പെട്ടവരുടെ എണ്ണം കുറച്ചതിന് ചൈനയ്ക്കാണ് മുഖ്യമായ ബഹുമതി നല്‍കേണ്ടത്.
130 കോടി ജനങ്ങളുമായി മനുഷ്യകുലത്തിന്റെ ഭാഗധേയം ചൈന അതിന്റെ ചുമലില്‍ വഹിക്കുന്നുവെന്ന് നമുക്ക് നിശ്ചിതമായ തലത്തില്‍ തന്നെ പറയാനാവും. ആ രാജ്യത്തിന് സാമൂഹ്യ മാര്‍ക്കറ്റ് സാമ്പത്തിക വ്യവസ്ഥ (സോഷ്യല്‍ മാര്‍ക്കറ്റിംഗ് എക്കണോമി) പൂര്‍ണ പൗരാവാകാശത്തോടെ വികസിപ്പിക്കാനുള്ള കഴിവ് വ്യക്തമാക്കുകയാണെങ്കില്‍ അത് ലോകത്തില്‍ അത്യധികം അനുകൂലമായ ഫലങ്ങള്‍ ഉണ്ടാക്കും. അല്ലെങ്കില്‍, രാജ്യത്തുണ്ടാകുന്ന സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധി നമുക്കെല്ലാം നെഗറ്റീവായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.
വളരെ വേധത്തിലുള്ള സാമ്പത്തിക വളര്‍ച്ചയുടെ സ്വതന്ത്ര ഗവേഷണത്തിനും ചിന്തയ്ക്കും സംവാദത്തിനും അവസരങ്ങള്‍ ഒരുക്കുമെന്ന് വിശ്വസിക്കാന്‍ ചരിത്രാനുഭവങ്ങള്‍ കാരണമാകുന്നുണ്ട്. അതിനേക്കാള്‍ ഉപരി ആവിഷകാര സ്വരന്ത്ര്യമില്ലെങ്കില്‍ അഴിമതി, അധികാര ദുര്‍വിനിയോഗം, മോശം ഭരണം എന്നിവ വികസിക്കപ്പെടും. ജനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട നിയന്ത്രണം, സ്വതന്ത്ര മാധ്യമങ്ങള്‍, വിശര്‍ശിക്കാനുള്ള ഒരോ പൗരന്‍മാരുടെയും അവകാശം എന്നിവയുമായി ഓരോ അധികാര സംവിധാനവും സന്തുലിതമാക്കപ്പെടണം.
കുറഞ്ഞോ കൂടിയോ അളവില്‍ ത്വരിതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയുടെ നീണ്ട കാലങ്ങള്‍ മിക്ക സേച്ഛാധിപത്യപരാഷ്ട്രങളും പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍, ലോകത്തിലെ എല്ലാ ധനിക രാജ്യങ്ങളും ജനാധിപത്യപരമാണെന്ന കാര്യം യാദൃശ്ചികമല്ല. ജനാധിപത്യം പുതിയ മുനഷ്യനെയും സാങ്കേതിക സ്രോസതസുകളെയും ചലിപ്പിക്കും.
ചൈനയുടെ പുതിയ പദവി അവര്‍ക്ക് വര്‍ധിച്ച ഉത്തരവാദിതത്തവും നല്‍കുന്നുണ്ട്. ചൈന വിമര്‍ശനത്തിന് തയ്യാറായിരിക്കണം. വിമര്‍ശനങ്ങളെ പോസ്റ്റീവായി പരിഗണിക്കുകയും വേണം- മെച്ചപ്പെടാനുള്ള ഒരു അവസരമായി കാണണം. ഇത് എവിടെയൊക്കെയോ വലിയ ശക്തികളുണ്ടോ അവിടെയൊക്കെ ബാധകമായ കാര്യമാണ്. വര്‍ഷങ്ങളായി അമേരിക്കയുടെ പങ്കിനെസംബന്ധിച്ച് നമ്മളെല്ലാം അഭിപ്രായങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സുഹൃത്തുക്കും ബന്ധുക്കളും വിയറ്റ്‌നാം യുദ്ധത്തിന്റെ പേരിലും രാജ്യത്തെ കറുത്തവര്‍ഗക്കാര്‍ക്കില്ലാതിരുന്ന പൗരാവകാശത്തിന്റെ പേരിലും അമേരിക്കയെ വിമര്‍ശിച്ചിട്ടുണ്ട്. 1964 മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന് നോബല്‍ സമ്മാനം നല്‍കിയപ്പോള്‍ വളരെയികം അമേരിക്കക്കാര്‍ അതിനെ എതിര്‍ത്തു. തിരിഞ്ഞുനോക്കുമ്പോള്‍ നമുക്ക് കാണാവുന്നത് ആഫ്രിക്കന്‍-അമേരിക്കന്‍ ജനങ്ങള്‍ക്ക് തങ്ങളുടെ അവകാശം ലഭിച്ചതോടെ അമേരിക്ക കൂടുതല്‍ കരുത്തറ്റതായി നമുക്ക് കാണാം.
പലരും ചോദിക്കാം, തന്റെ രാജ്യം എങ്ങനെ ഭരിക്കപ്പെടണമെന്നുളള അഭിപ്രായം പറഞ്ഞതിന് ഒരു മനുഷ്യനെ 11 വര്‍ഷം തടവിലാക്കുക വഴി ചൈനയുടെ ദുര്‍ബലതയ്യേല്ലേ-ഇപ്പോള്‍ രാജ്യം കാണിക്കുന്ന എല്ലാ കരുത്തിനും പുറത്ത്- കാണിക്കുന്നത്.
ഈ ദുര്‍ബലതയാണ് ലിയുവിന് തടവു നല്‍കുന്നതില്‍ വളരെ വ്യക്മായി പ്രകടമാകുന്നത്. അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ ഇന്റര്‍നെറ്റിലുടെയാണ് പ്രചരിപിച്ചത് എന്നതില്‍ ഇത് പ്രത്യേകിച്ചും പ്രധാനമുണ്ടെന് എന്ന് അടിവരയിടുന്നു. പക്ഷേ, സാങ്കേതിക വികാസത്തെ ഭയപ്പെടുന്നവര്‍ക്ക് ഭാവിയെപ്പറ്റി ഭയപ്പെടാന്‍ വളരെയധികം കാരണമുണ്ട്. വിവരസാങ്കേതിക വിദ്യ ഇല്ലാതാക്കാനാവില്ല. ഇത് സമൂഹത്തെ തുറക്കുന്നത് കൂടുതലായി തുടരും. റഷ്യന്‍ പ്രസിഡന്റ്് ദിമിത്രീവ് മെഡ്‌വിഡോവ് ദൂമയിലെ തന്റെ പ്രസംഗത്തില്‍ പറഞ്ഞതുപോലെ: 'പുതിയ വിവരസാങ്കേതിക വിദ്യ നമുക്ക് ലോകവുമായി ബന്ധപ്പെട്ടിരിക്കാനുള്ള അവസരം നല്‍കുന്നുണ്ട്. ഭരണവര്‍ഗങ്ങള്‍ ഇഷടപ്പെടില്ലെങ്കില്‍ പോലും ലോകവും സമൂഹവും കൂുടതല്‍ തുറക്കപ്പെടുകയാണ്''.
മെഡവിഡോവിന്റെ മനസില്‍ സോവിയറ്റ്‌യൂണിയന്റെ ഭാവിയാണ് ഉള്ളത് എന്ന കാര്യത്തില്‍ സംശയമില്ല. 1970 ലും 80 കളുലുമുള്ള സാങ്കേതിക വിപ്ലവത്തില്‍ പങ്കെടുക്കുന്നതിന് നിര്‍ബന്ധിത ഐക്യരൂപവും ചിന്തികളിലുള്ള നിയന്ത്രണവും റഷ്യയെ തടസപ്പെടുത്തി. ആ സംവിധാനം തകര്‍ന്നു വീണു. ആ രാജ്യം ആന്ദ്രേ സഖാറോവ് പോലുള്ള വ്യക്തികളുമായി സംഭാഷണം നടത്തുന്ന ആദ്യപടിയേലക്ക് പ്രവേശിക്കുക വഴി വലിയ നേട്ടങ്ങള്‍ക്കായി നിലകൊണ്ടിരിക്കുന്നു.

ഭരണാധിപന്‍മാരേ, മഹതികളേ, മാന്യരേ,

ഇന്ന് ദേശീയ രാഷ്ട്രീയത്തിനോ, ഒരു ദേശീയഭരണകൂടത്തിലെ ഭൂരിപക്ഷത്തിനോ അനിയന്ത്രിതായ അധികാരമില്ല. മനുഷ്യാവകാശം ഒരു ദേശീയ ഭരണകൂടത്തിനും ദേശീയ ഭരണകൂടത്തിലെ ഭൂരിപക്ഷത്തിനും ചെയ്യാവുന്ന കാര്യങ്ങളെ പരിമിതപ്പെടുത്തുന്നുണ്ട്. ഇത് ഐക്യരാഷ്ട്ര സംഘടനയില്‍ അംഗമായ എല്ലാ ഭരണകൂടങ്ങള്‍ക്കും, മനുഷ്യാവകാശത്തെപ്പറ്റിയുള്ള സാര്‍വലോക പ്രഖ്യാപനം അംഗീകരിച്ചവര്‍ക്കും ബാധകമാണ്. ചൈന ഇതില്‍ ഒപ്പിട്ടിട്ടുണ്ട്. ഒപ്പം യു.എന്നിന്റെയും ഐ.എല്‍.ഒയുടെയും മനുഷ്യാവകാശത്തെപ്പറ്റിയുള്ള പ്രമുഖ അന്താരാഷ്ട്ര കണ്‍വെന്‍ഷനുകളെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. രസകരമെന്തെന്നാല്‍ ചൈന ലോക വ്യാപാര സംഘനടയുടെ (ഡബ്ല്യു.ടി.ഒ) രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷ പരിഹാര മേല്‍സംവിധാനത്തെ അംഗീകരിച്ചിട്ടുണ്ടെന്നതാണ്.
ചൈനയുടെ സ്വന്തം ഭരണഘടനയും അടിസ്ഥാന മനുഷ്യാവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. രാജ്യത്തിന്റെ ഭരണഘടനയുടെ 35-ാം കുപ്പ് ഇങ്ങനെ പറയുന്നുണ്ട്, ''ജനകീയ പരമാധികാര ചൈനയിലെ പൗരന്‍മാര്‍ക്ക് അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം, മാധ്യമങ്ങള്‍, ജനപ്രതിനിധിസഭ, അസോസിയേഷന്‍, പ്രകടനത്തിനും പ്രതിഷേധത്തനുമുള്ള അവകാശംമുണ്ട്'' 41-ാം കുപ്പ് ആരംഭിക്കുന്നത് പൗരന്‍മാര്‍ക്ക് ''..ഏതൊരു ഭരണകൂട സംവിധാനത്തെപ്പറ്റിയും അല്ലെങ്കില്‍ പ്രവര്‍ത്തനത്തെപ്പറ്റി വിമര്‍ശനം നടത്താനും, നിര്‍ദേശങ്ങള്‍ നല്‍കാനുമുള്ള അവകാശം' ഉണ്ടെന്നാണ്.
ലിയു തന്റെ പൗരാവകാശമാണ് വിനിയോഗിച്ചത്. അദ്ദേഹം തെറ്റായി ഒന്നും ചെയ്തിട്ടില്ല. അതിനാല്‍ അദ്ദേഹം മോചിപ്പിക്കപ്പെടേണ്ടതുണ്ട്.
കഴിഞ്ഞ നൂറ് നൂറ്റമ്പത് വര്‍ഷങ്ങളായി ലോകത്ത് മനുഷ്യവകാശവും ജനാധിപത്യവും കൂടുതല്‍ കരുത്തുറ്റ സ്ഥാനം നേടിയിട്ടുണ്ട്. അതിനൊപ്പം സമാധാനാവും. ഇത് യൂറോപ്പില്‍ വ്യക്തമായി കാണാം. യൂറോപ്പില്‍ നിരവധി യുദ്ധങ്ങള്‍ നടന്നിട്ടുണ്ട്. അവരിലെ കൊളോണിയല്‍ ശക്തികള്‍ ലോകമെമ്പാടും വളരെയധികം യുദ്ധങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, യുറോപ്പ് ഇന്ന് 'സമാധാനത്തി'ന്റെ പൂര്‍ണമായ ഭൂഖണ്ഡമാണ്. രണ്ടാംലോയുദ്ധത്തിനുശേഷം നടന്ന നിര്‍കോളനിവല്‍ക്കരണം ആദ്യം ഏഷ്യയിലും പിന്നെ ആഫ്രിക്കയിലുമായി വിവിധ രാജ്യങ്ങള്‍ ഉദയം ചെയ്യാന്‍ കാരണമായി. അത് ഈ രാജ്യങ്ങള്‍ക്ക് അടിസ്ഥാന മനുഷ്യാവകശങ്ങളോട് ആദരവ് പുലര്‍ത്തി സ്വയം ഭരിക്കാനുമുള്ള അവസരം നല്‍കി. പലരാജ്യങ്ങളും ഈ അവസരം നേടി. ഇന്ത്യയായിരുന്നു അതിന്റെ നേതൃത്വം. അവസാന ദശകത്തില്‍ ലാറ്റിന്‍ അമേരിക്കയിലും മധ്യ, കിഴക്കന്‍ യൂറോപ്പിലും എങ്ങനെയാണ് ജനാധിപത്യപത്യം ആധിപത്യസ്ഥാനം നേടിയതെന്ന് നമ്മള്‍ കണ്ടു. ലോകത്തിന്റെ മുസ്ലീ മേഖലയിലെ പല രാജ്യങ്ങളും സമാധാനത്തിന്റെ പാതയിലൂടെ മുന്നോട്ട് പോവുകയാണ്: തുര്‍ക്കി, ഇന്തോനേഷ്യ, മലേഷ്യ. മറ്റ് പല രാജ്യങ്ങളും തങ്ങളുടെ രാഷ്ട്രീയ സംവിധാനം തുറക്കുന്ന പ്രക്രിയയിലാണ്.
ചൈനയിലെ മനുഷ്യാവകശ പ്രവര്‍ത്തകര്‍ എന്നത് അന്തരാഷ്ട്ര ക്രമത്തിനെ പ്രതിരോധിക്കുന്നവരും ആഗോള സമൂഹത്തലെ മുഖ്യപ്രവണതയുമാണ്. ഈ വെളിച്ചത്തില്‍ നോക്കുകയാണണെങ്കില്‍ അവര്‍ വിമതരല്ല, പകരം ഇന്നത്തെ ലോകത്തിന്റെ വികാസത്തിന്റെ മുഖ്യ അണിയിലുള്ള പ്രതിനിധികളാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വിമര്‍ശിക്കുക് എന്നത് ചൈനയെയൂം ചൈനീസ് ജനതയെയും എിര്‍ക്കുന്നതിന് തുല്യമാണ് എന്ന വാദത്തെ ലിയു നിഷേധിക്കുന്നു. അദ്ദേഹം വാദിക്കുന്നത്,''കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണപരാര്‍ട്ടിയാണെങ്കില്‍ പോലും അതനെ രാജ്യവുമായി തുലനപ്പെടുത്താനാവില്ല, അതിനെ രാഷ്ട്രത്തിനും അതിന്റെ സംസ്‌കാരത്തിനുമൊപ്പം വെറുതെ വിടുക''. ചൈനയിലെ മാറ്റങ്ങള്‍ക്ക് സമയമെടുക്കും. വളരെ നീണ്ട കാലം. രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ ലിയു പറഞ്ഞതുപോലെ 'ക്രമേണയുള്ളതും, സാമധാനപരമായും, ക്രമമുള്ളതും നിയന്ത്രണത്തോടുമുള്ളതാവണം'. വിപ്ലവകരമായ മാറ്റങ്ങള്‍ക്കുളള വളരെയധികം ശ്രമങ്ങള്‍ ചൈനയിലുണ്ടായിട്ടുണ്ട്. അവ ദുരിതങ്ങളിലേക്കാണ് നയിച്ചത്. പക്ഷേ ലിയു എഴുതിയതുപോലെ'' ബഹുസ്വരതയ്ക്കു വേണ്ടിയുള്ള വളരെയധികം പരിവര്‍ത്തനം നടന്ന സമൂഹത്തില്‍, മുഴുവന്‍ സമൂഹത്തിനെയും പൂര്‍ണമായി നിയന്ത്രിക്കാന്‍ ഔദ്യോഗിക അധികാരികള്‍ക്ക് ഇനി കഴിയില്ല''. എന്നിരുന്നാലും ഭരണവ്യവസ്ഥ എത്ര ശക്തമായി കാണപ്പെട്ടാലും, നന്നായി ജീവിക്കാനായി ഓരോ വ്യക്തിയും തന്നെ കൊണ്ടാവുന്നത് നന്നായി ചെയ്യണം. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ' അന്തസോടുയുള്ള ഒരു സത്യസന്ധമായ ജീവിതം' സാധ്യമാക്കാനായി.
ചൈനീസ് അധികാരികളില്‍ നിന്ന് ലഭിച്ച ഉത്തരം ഈ വര്‍ഷത്തെ സമധാനപുരസ്‌കാരം ചൈനയെ അവമതിക്കുന്നതാണ് എന്നായിരുന്നു, കുടാതെ ലിയുവിനെപ്പറ്റി അധിക്ഷേപാര്‍ഹമായി പരാമര്‍ശങ്ങളും അവര്‍ നടത്തി.
രാഷ്ട്രീയ നേതാക്കള്‍ വ്യത്യസ്ത അഭിപ്രായം പുലര്‍ത്തുന്നവരെ അതിനിഷ്ഠൂരരാണെന്ന് ചിത്രീകരിക്കാന്‍ ദേശീയ വികാരം എടുത്തു പ്രയോഗിക്കുന്നതിന് ചരിത്രം നിരവധി ഉദാഹരണങ്ങള്‍ കാട്ടുന്നുണ്ട്. ഈ വ്യത്യസ്ത അഭിപ്രായമുള്ളവര്‍ പെട്ടന്ന് വിദേശ ഏജന്റുമാരായി തീരും!. ഇത് ചിലപ്പോള്‍ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പേരില്‍ സംഭവിക്കും. പക്ഷേ ഏതാണ്ട് എല്ലായ്‌പ്പോഴും ദുരന്താ്താത്മായ ഫലമാണ് ഉണ്ടാക്കാറ്.
ഞങ്ങള്‍ ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ വാചാടോപതയിലും ഇത് തിരിച്ചറിയുന്നു- 'ഒന്നുകില്‍ നിങ്ങള്‍ എനിക്കൊപ്പം അല്ലെങ്കില്‍ എനിക്കെതിര്''. പീഡനത്തിന്റെയും വിചാരണയില്ലാത്ത തടവിന്റെയും അത്തരം ജനാധിപത്യവിരുദ്ധമായ രീതികള്‍ ജനാധിപത്യത്തിന്റെ പേരില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത് ലോകത്തെ കൂടുതല്‍ ധ്രുവീകരിക്കുന്നതിലേക്കേ നയിച്ചിട്ടുള്ളൂ. ഇത് ഭീകരതയ്‌ക്കെതിരെയുളള പോരാട്ടത്തിന് ദോഷകരമാവുകയും ചെയ്യുന്നു.
ലിയു സിയാബോ ഒര ശുഭാപ്തി വിശ്വാസിയാണ്. തടവറയില്‍ വിവിധ വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും. 2009 ഡിസംബര്‍ 23 ന് കോടതിയില്‍ അപ്പീല്‍ അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു ''ശുഭാപ്തിവിശ്വാസം നിറഞ്ഞ മനസസോടെ ഭാവിയിലെ സ്വതന്ത്ര ചൈനയുടെ ഉദയം ഞാന്‍ കാത്തിരിക്കുന്നു. അവിടെ ഒരു ശക്തിക്കും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മനുഷ്യന്റെ ത്വരയെ തടസപ്പെടുത്താനാവില്ല, അന്ന് ചൈന നിയമത്താല്‍ ഭരിക്കപ്പെടുന്ന രാഷ്ട്രമാവും, അവിടെ മനുഷ്യാവകാശം എല്ലാത്തിനും മേല്‍ സുപ്രധാനപദവി നേടും''.
ഐസക് ന്യുട്ടന്‍ ഒരിക്കല്‍ പറഞ്ഞു, ''എനിക്ക് കൂടുതലായി കാര്യങ്ങള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് അതികായരുടെ ചുമലില്‍ നിന്നത് കൊണ്ടാണ്''. ഇന്ന് നമുക്ക് മുന്നിലേക്ക് നോക്കാനാവുന്നതുണ്ടെങ്കില്‍ അത് നമ്മള്‍ മറ്റുള്ളവരുടെ ചുമലില്‍ നില്‍ക്കുന്നതുകൊണ്ടാണ്. ആ മറ്റുള്ളവര്‍ അവര്‍ വിശ്വസിച്ചകാര്യത്തിനായി നിലയുറപ്പിക്കുകയും, അങ്ങനെ-വളരെയേറെ അപായ സാധ്യതകളോടെ- നമ്മുടെ സ്വാന്ത്ര്യംസാധ്യമാക്കുകയും ചെയ്തു..
അതിനാല്‍, മറ്റുള്ളവര്‍ ഈ സമയം തങ്ങളുടെ പണം എണ്ണുമ്പോള്‍, തങ്ങളുടെ ഹൃസ്വകാല ദേശീയ താല്‍പര്യങ്ങളില്‍ മാത്രം ശ്രദ്ധയൂന്നുമ്പോള്‍, അല്ലെങ്കില്‍ അലംഭാവത്തോടെ നില്‍ക്കുമ്പോള്‍, നോര്‍വെജിയന്‍ നോബല്‍ കമ്മിറ്റി ഒരിക്കല്‍ കൂടി നമുക്കെല്ലാവര്‍ക്കും വേണ്ടി പേരാടുന്നവര്‍ക്ക് പിന്തുണ നല്‍കാന്‍ തിരുമാനിച്ചിരിക്കുന്നു.
ഞങ്ങള്‍ 2010 ലെ നോബല്‍ സമാധാനം സമ്മാനം നേടിയതിന് ലിയു സിയാബോയെ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ കാഴ്പ്പാടുകള്‍ കാലാന്തരത്തില്‍ ചൈനയെ ശക്തമാക്കും. ഞങ്ങള്‍ അദ്ദേഹത്തിനും ചൈനയ്ക്കും വരാന്‍പോകുന്ന വര്‍ഷങ്ങളിലേക്കായി എല്ലാ ആശംസകളും നേരുന്നു.


---------
നോര്‍വിയന്‍ നോബല്‍ കമ്മിറ്റി ചെയര്‍മാനാണ് തോര്‍ബ്‌ജോണ്‍ ജാഗ്‌ലാന്‍ഡ്. 2010 ഡിസംബര്‍ 10 ന് ഓസ്‌ലോയില്‍, സമാധാനത്തിനുള്ള നോബല്‍ സമ്മാന വിതരണത്തിന്റെ ഭാഗമായി അദ്ദേഹം നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണ രൂപമാണിത്.
കടപ്പാട്: നോബല്‍ ഫൗണ്ടേഷന്‍ നോബല്‍ ഫൗണ്ടേഷന്‍
Samakalika Malyalam Vaarika
2010 December 24

മൊഴിമാറ്റം: ബിജുരാജ്




No comments:

Post a Comment