Sunday, December 26, 2010

നീതിയുടെ നാള്‍ എത്രയകലെയാണ്?

തടങ്കലില്‍ കഴിയുന്ന മകനെക്കുറിച്ച് ഒരു അമ്മയുടെ കത്ത്


അനസൂയ സെന്‍

എണ്‍പതുവയസ് പിന്നിട്ട ഒരു വൃദ്ധയാണ് ഞാന്‍. ഞങ്ങള്‍ ചെറുപ്പമായിരുന്നപ്പോള്‍ ദേശ സ്‌നേഹികളായ, സേവനത്തിന്റെ ആദര്‍ശങ്ങളാല്‍ പ്രചോദിതരായ, ജ്ഞാനികളും ശ്രേഷ്ഠരുമായ കര്‍മയോഗികളെക്കുറിച്ച് കേട്ട് ആവേശഭരിതരായിരുന്നു. അവരുടെ നിസ്വാര്‍ത്ഥമായ ചെയ്തികള്‍ പിന്‍പറ്റാനായാല്‍ അനുഗ്രഹീതരായേനെ എന്ന് മോഹിച്ചിരുന്നു.
നമ്മുടെ സ്വതന്ത്ര ജനാധിപത്യത്തില്‍ നടമാടുന്ന, അനീതികളുടെയും അക്രമങ്ങളുടെയും നിശബ്ദകാഴ്ചക്കാരി മാത്രമായിരുന്നു ഞാന്‍. കാരണം എന്നെ അവ വ്യക്തിപരമായി ബാധിച്ചിരുന്നില്ല. നാട്ടില്‍ നടമാടുന്ന അനീതികള്‍ക്ക് മുന്നില്‍ പക്ഷേ, ഇന്ന്, അനീതികളുടെ പ്രഹരമേറ്റ പ്രായംചെന്ന അമ്മ എന്ന നിലയില്‍ ആ നിശബ്ദത ഭേദിക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായിരിക്കുന്നു. അത്യന്തം മനോവിഷമത്തോടെ ഞാന്‍ സ്വതന്ത്ര, ജനാധിപത്യ ഇന്ത്യയിലെ ജനങ്ങള്‍ക്കു മുമ്പില്‍ വിനയപൂര്‍വം ഈ അഭ്യര്‍ത്ഥന നടത്തുകയാണ്.
നിങ്ങളറിയും പോലെ, എന്റെ മകന്‍ ഡോ. ബിനായക് സെന്‍ കടുത്ത അനീതിയുടെ ഇരയായി ജയിലിലടയ്ക്കപ്പെട്ടിരിക്കുകയാണ്.
വെറും നാലുവയസുളള കുഞ്ഞായിരിക്കെ വീട്ടിലെ അനീതിയെ അവന്‍ ചോദ്യം ചെയ്തിരുന്നു: നമ്മുടെ വീട്ടില്‍ സഹായിക്കുന്ന പയ്യന് എന്തുകൊണ്ടാണ്് എല്ലാവര്‍ക്കുമൊപ്പം ഭക്ഷണം നല്‍കാത്തത്? അവന് മാത്രമെന്തുകൊണ്ട് അടുക്കളത്തിണ്ണയില്‍ ചോറുകൊടുക്കുന്നു? എന്തുകൊണ്ട് അവന് നമ്മുടെയൊപ്പം ഭക്ഷണം കഴിച്ചുകൂടാ?
വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍നിന്ന് ഇരുപത്തിമൂന്നാം വയസില്‍ വൈദ്യശാസ്ത്ര ബിരുദമെടുത്തയുടന്‍ ഇംഗ്ലണ്ടില്‍ എം.സി.ആര്‍. പിക്ക് പോകാന്‍ പറഞ്ഞ അച്ഛന്റെ വാക്കുകള്‍, നമ്മുടെ രാജ്യത്ത് വൈദ്യസേവനം ചെയ്യാനുളള വിജ്ഞാനം മുഴുവന്‍ നമ്മുടെ നാട്ടില്‍നിന്നു തന്നെ ആര്‍ജിക്കണം എന്ന നയം പറഞ്ഞ് അവന്‍ തട്ടിക്കളഞ്ഞു. ശിശുചികിത്സയില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം ജെ.എന്‍.യുവില്‍ അസിസ്റ്റന്റ് പ്രൊഫസറായി ചേര്‍ന്നത് പൊതുജനാരോഗ്യത്തില്‍ പി.എച്ച്ഡി എടുക്കണമെന്ന് മോഹിച്ചാണ്. അവനത് അധികകാലം തുടര്‍ന്നില്ല. ആ മോഹം മാറ്റിവച്ച് ജോലി രാജിവച്ച് അവന്‍ പോന്നു. ഹോഷംഗാദിലെ (മധ്യപ്രദേശ്) ക്ഷയരോഗാശുപത്രിയിലാണ് തന്റെ സേവനം കൂടുതല്‍ ആവശ്യമെന്ന് തോന്നിയതുകൊണ്ടായിരുന്നു അത്. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഛത്തീസ്ഗഢിലെ ഖനിത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ അവന് അവസരം ലഭിച്ചു. പ്രമുഖ സ്വതന്ത്ര തൊഴിലാളി യൂണിയന്‍ നേതാവായ ശങ്കര്‍ ഗുഹാ നിയോഗിയുമായി അക്കാലത്താണ് അവന്‍ ചേരുന്നത്. ഭിലായിലെ ഉരുക്കു ഫാക്ടറികളിലും ദല്ലി രജ്ഹാരയിലെയും നന്ദിനിയിലെയും ഖനികളിലും എല്ലുമുറിയെ പണിയെടുത്തിരുന്ന കൂലിപ്പണിക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ദുരിതങ്ങള്‍ ഇല്ലാതാക്കാന്‍ സ്വയം സമര്‍പ്പിച്ച വ്യക്തിയായിരുന്നു നിയോഗി. പാവങ്ങളുടെ ജീവിതപ്പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കാനും സാമൂഹിക വിപത്തുകള്‍ക്കെതിരെ സംഘടിക്കാനും അവര്‍ യത്‌നിച്ചു. നിയോഗിയുടെ ഛത്തീസ്ഗഢ് മൈന്‍സ് ശ്രമിക് സംഘവുമായി സഹകരിക്കവെ ബിനായക് അവിടെയൊരു ആരോഗ്യകേന്ദ്രം തുടങ്ങി. മേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടി തൊഴിലാളികളാല്‍ നടത്തപ്പെട്ട സ്ഥാപനമായിരുന്നു അത്. ആരോഗ്യകേന്ദ്രം കുറഞ്ഞ നാളിനുളളില്‍ 25 കിടക്കകളും കിടത്തിച്ചികിത്സാ സൗകര്യമുളള ആശുപത്രിയായി മാറി. അതിന്റെ നടത്തിപ്പ് പൂര്‍ണമായും തൊഴിലാളികളെ ഏല്‍പിച്ച് അവന്‍ പിന്‍മാറി. ആ സേവന മാതൃകയില്‍ പ്രചോദിതരായ ഒരു പറ്റം യുവഡോക്ടര്‍മാര്‍ അവിടെ ശുശ്രൂഷകരായി എത്തിയിരുന്നു. അതിനുശേഷമാണ് അവന്‍ റായ്പൂരില്‍ ഭാര്യ ഡോ. ഇലീന സെന്നിനൊപ്പം രൂപാന്തര്‍ എന്ന സന്നദ്ധ സംഘടന ആരംഭിക്കുന്നത്.
സാമൂഹിക ആരോഗ്യം, പരിസ്ഥിതിക്കിണങ്ങുന്ന കൃഷിരീതികള്‍, സ്ത്രീകളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കല്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഔപചാരിക-അനൗപചാരിക വിദ്യാഭ്യാസം നല്‍കല്‍ എന്നിവയെല്ലാമായിരുന്നു പരിപാടികള്‍. എല്ലാം വളരെ നല്ല രീതിയില്‍ മുന്നോട്ടുപോയി. ഭട്ട്ഗാവില്‍ പ്രവര്‍ത്തിച്ചിരുന്ന നെല്ലുഗവേഷണ കേന്ദ്രത്തിലെ ഒരു ശാസ്ത്രജ്ഞന്‍ തന്റെ പുസ്തകത്തില്‍ ബിനായകിനെ രേഖപ്പെടുത്തുന്നത് 'കര്‍ഷകനായ ഡോ. ബിനായക് സെന്‍' എന്നാണ്. ബിനായക് ധമാത്രിയിലും ബസ്തറിലും സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍ തുറന്നു. ഗ്രാമീണരെ ആരോഗ്യപ്രവര്‍ത്തകരാക്കി വളര്‍ത്തി. ആശുപത്രികളുടെ നടത്തിപ്പടക്കമുളള കാര്യങ്ങളില്‍ പരിശീലനം നല്‍കി. വിവിധ ഗ്രാമങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസകേന്ദ്രങ്ങളും തുറന്നു.
ഡോ.സെന്നിന്റെ ജീവിതം ഒട്ടനേകം പേര്‍ക്ക് പ്രചോദനമായി. അതുകൊണ്ടാണ് നല്ല വേതനവും പെരുമയും ലഭിക്കുമായിരുന്ന ജോലികള്‍ വേണ്ടെന്നു വെച്ച് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നടക്കം ഡോക്ടര്‍മാരെത്തി ബിലാസ്പൂരിലും മറ്റിടങ്ങളിലും ഗ്രാമീണ ആരോഗ്യകേന്ദ്രങ്ങള്‍ തുറന്നത്.
റായ്പൂരിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് എന്റെ മകന്‍ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പി.യു.സി.എല്‍)ല്‍ ചേരുന്നത്. ആ സംഘടനയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റും ഛത്തീസ്ഗഢ് ഘടകത്തിന്റെ സെക്രട്ടറിയുമായി.
അടിച്ചമര്‍ത്തപ്പെട്ടവരും ദരിദ്രരുമായ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭരണകൂടം പാവപ്പെട്ട ആദിവാസി സമൂഹങ്ങള്‍ക്കെതിരെ ചെയ്യുന്ന ക്രൂരമായ അനീതികളെപ്പറ്റി അവന് വിവരം കിട്ടിക്കൊണ്ടിരുന്നു. ബസ്തറിലെ ആദിവാസികളെ തമ്മിലടിപ്പിച്ചു കൊല്ലിക്കാന്‍ ഭരണകൂടം ആസൂത്രണം ചെയ്ത സല്‍വാജൂഢത്തിനെതിരെ അവന്‍ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പാവങ്ങള്‍ക്കുവേണ്ടിയുളള അവന്റെ പ്രതിഷേധങ്ങള്‍ ആരും ഗൗനിച്ചില്ല.
റായ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന വൃദ്ധനായ ഒരു തടവുപുളളിയെ ചികില്‍സിക്കണമെന്ന് അദ്ദേഹത്തിന്റെ അനിയന്‍ അഭ്യര്‍ത്ഥിച്ചതിന്‍ പ്രകാരമാണ് അവന്‍ കഴിഞ്ഞവര്‍ഷം അധികൃതരുടെ അനുമതിയോടെ ജയിലില്‍ പോയത്. പക്ഷേ, അതൊരു കാരണമാക്കി സര്‍ക്കാര്‍ അവനെ കുടുക്കി. അവന്‍ ചികിത്സിച്ച വൃദ്ധനായ തടവുപുളളി നക്‌സലൈറ്റ് ആയിരുന്നുവെന്നത് കാരണമാക്കി പൊതുസുരക്ഷാ നിയമങ്ങളുടെ പേരില്‍ 2007 മെയ് 14 ന് അറസ്റ്റുചെയ്തു. പഠിച്ച കലാലയത്തില്‍ നിന്ന് പോള്‍ ഹാരിസണ്‍ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 'ജീവിതം പൂര്‍ണമായും സാധുസേവനത്തിനായി സമര്‍പ്പിച്ച ദേശാഭിമാനി' എന്ന് വാഴ്ത്തപ്പെട്ട ഒരുവനെയാണ് രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന ഭീകരവാദി എന്ന മുദ്രചാര്‍ത്തി ജയിലിലിട്ടത്.
ഛത്തീസ്ഗഢ് ഹൈക്കോടതി ജാമ്യം നിഷേധിച്ചപ്പോള്‍ അവന്റെ ഭാര്യ ഡോ. ഇലീന സുപ്രീംകോടതിയില്‍ അപ്പീല്‍ കൊടുത്തു. ജാമ്യഹര്‍ജി 2007 ഡിസംബര്‍ 10 തിങ്കളാഴ്ച (മനുഷ്യാവകാശ ദിനത്തില്‍) പരിഗണിക്കാനായി നിശ്ചയിച്ചിരുന്നു.
ഒരു മുതിര്‍ന്ന ജഡ്ജിയും ഒരു ജൂനിയറുമുള്‍ക്കൊളളുന്ന ബെഞ്ചായിരുന്നു വാദം കേള്‍ക്കേണ്ടിയിരുന്നത്. ആദ്യം നിശ്ചയിച്ച ജൂനിയര്‍ ജഡ്ജിയെ മാറ്റി മറ്റൊരാള്‍ വന്നു.
ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കേണ്ടതിന് രണ്ടു ദിവസം മുന്‍പ് നേരത്തെ സൂചിപ്പിച്ച മുതിര്‍ന്ന ന്യായാധിപനെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ റായ്പൂരിലേക്ക്, ലീഗല്‍ എയ്ഡ്‌സ് സെല്‍ ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥിയായി കൊണ്ടുവന്നു. പിറ്റേദിവസം ന്യൂഡല്‍ഹിയിലേക്ക് മടങ്ങുംവരെ ആതിഥ്യമേകി.
ഭരണകൂടത്തിന്റെ ആതിഥ്യം സ്വീകരിച്ചു മടങ്ങിയതിന്റെ പിറ്റേനാള്‍ അപ്പീല്‍ വാദം കേള്‍ക്കാനെടുത്ത് 35 മിനിറ്റിനകം ജാമ്യം നിഷേധിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.
ഇനി ഒരാളുടെയും സത്യസന്ധതയെ സംശയിക്കാതെ ഈ സ്വതന്ത്ര്യ ജനാധിപത്യ ഭാരത നാട്ടിലെ ജനങ്ങളോടും നേതാക്കളോടും വിനയത്തോടെ ചോദിക്കട്ടെ:
കുഞ്ഞുനാള്‍ മുതല്‍ അനീതിയെ എതിര്‍ത്തുപോന്ന, ജീവിതം മുഴുവന്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച, നാടിനും നാട്ടാര്‍ക്കുമായി തന്നെതന്നെ സമര്‍പ്പിച്ച, സമ്പത്തും പദവികളും വേണ്ടെന്നു വച്ച് പരിപ്പുകറിയും പച്ചമുളകും കൂട്ടി പാവങ്ങള്‍ക്കൊപ്പം പാവങ്ങളെപ്പോലെ ജീവിക്കുന്ന ഒരുവനെ കലാപകാരിയെന്ന് മുദ്രകുത്തുന്നതും ജാമ്യം നിഷേധിക്കുന്നതും നീതിയാണെന്ന് ഞാന്‍ വിശ്വസിക്കണോ?
കര്‍മയോഗിയെപ്പോലെ ജീവിച്ച, സേവനം ജീവിതവ്രതമാക്കിയ എന്റെ മകന് തടവറയില്‍ കഴിയേണ്ടിവരുമായിരുന്നോ?
ഇതാണ് നീതിയെങ്കില്‍ അനീതിക്കെതിരെ എനിക്ക് എവിടെ നിന്ന് സമാധാനം ലഭിക്കും? ഈ പ്രായത്തിലും അനീതിയുടെ ഇരയായി ഞാന്‍ തുടരണോ?
ഈ കുറിപ്പ് വായിച്ച പ്രിയപ്പെട്ടവരേ, ഡോ.ബിനായക് സെന്നിന് നീതി ലഭിക്കുന്ന നാള്‍ വന്നണയാന്‍ എത്രകാലം കാത്തിരിക്കേണ്ടിവരും?
ഞാന്‍ ഈ ചോദ്യം ഉന്നയിക്കുന്നത് എനിക്കും എന്റെ മകനും വേണ്ടിയല്ല, മക്കള്‍ നേരിടേണ്ടി വരുന്ന നീതിനിഷേധത്തെക്കുറിച്ചോര്‍ത്ത് നീറുന്ന ഓരോ അമ്മയുടെയും പേരിലാണ്.
നമ്മുടെ ഈ സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന് നീതി ഇത്രയേറെ അപരിചിതമാണോ?

പരിഭാഷ: ബിജുരാജ്

2 comments:

  1. ഇന്നത്തെ ഇന്ത്യ നാമാരും സ്വപ്നം കണ്ട ഇന്ത്യ യല്ല .. ദേശത്തിന് വേണ്ടി ദേഹ ത്യാഗം ചെയ്തവരും പീഡനങ്ങള്‍ ഏറ്റു വാങ്ങിയവരും സ്വപ്നം കണ്ട ഇന്ത്യ യുമല്ല .. കൂട്ടിക്കൊടുപ്പുകാരുടെയും ദള്ലാലന്മാരുടെയും ഇന്ത്യ യാണ്.. ഇവരില്‍ നിന്ന് നാടിനെ മോചിപ്പിക്കാന്‍ മറ്റൊരു സ്വാതന്ത്ര്യ സമരം നടത്തേണ്ട അതി സങ്കീര്‍ണമായ ഒരു ഘട്ടത്തിലൂടെയാണ് നാമെല്ലാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത് .. ഡോ. ബിനായക് സെന്‍ നേരിടുന്ന ഭരണ കൂട ഭീകരതക്കെതിരെ എല്ലാവരും കൈകോര്‍ക്കണം..

    ReplyDelete
  2. ബ്ലോഗിലെ വിപ്ലവ വായാടികള്‍ ഒന്നും മിണ്ടി കണ്ടില്ല ..

    ReplyDelete