Sunday, December 26, 2010

ഛത്തീസ്ഗഢിലെ 'നക്‌സലൈറ്റ്' ഡോക്ടര്‍

ആനന്ദ് പട്‌വര്‍ധന്‍

പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്(പി.യു.സി.എല്‍) ജനറല്‍ സെക്രട്ടറി ഡോ. ബിനായക് സെന്നിനെ മേയില്‍ ഛത്തീസ്ഗഢ് പൊലീസ് അറസ്റ്റു ചെയ്തു. ജയിലിലടയ്ക്കപ്പെട്ട ഒരു 'നക്‌സലൈറ്റു'മായി 'ബന്ധ'മുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്, ആംനെസ്റ്റി ഇന്റര്‍നാഷണല്‍ മുതല്‍ അമര്‍ത്യസെന്‍ വരെ ഈ അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി. രാജ്യത്തെമ്പാടും നിന്ന് പിന്തുണ ചൊരിയപ്പെട്ടു. ജനങ്ങള്‍ ഈ നല്ല ഡോക്ടറുടെ മോചനത്തിനായി അണിനിരന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെയും വിദേശത്തെയും വൈദ്യസഹോദര വൃത്തങ്ങള്‍ ഡോ. ബിനായക് സെന്നിനു വേണ്ടി പ്രതികരിച്ചു- ബിനായക് അസാധാരണരില്‍ അസാധാരണനായ ഡോക്ടറാണ്. എറ്റവും ദരിദ്രരും പട്ടിണിക്കാരുമായ വിഭാഗത്തിനൊപ്പം ചലിച്ച ഒരാള്‍. പക്ഷെ നമ്മളുടെ മുറവിളികളെല്ലാം ബധിര കര്‍ണങ്ങളിലാണ് പതിച്ചിരിക്കുന്നത്.
1986 ലാണ് ഡോ. ബിനായക് സെന്നിനെ ഞാനാദ്യം കാണുന്നത്. ഛത്തീസ്ഗഢ് മുക്തിമോര്‍ച്ചയുടെ(സി.എം.എം) ഐതിഹാസിക നേതാവ് ശങ്കര്‍ ഗുഹാ നിയോഗി 'ബോംബെ നമ്മുടെ നഗരം' എന്ന എന്റെ ഡോക്യുമെന്ററി ഛത്തീസ്ഗഢിലെ ഖനിത്തൊഴിലാളികള്‍ക്ക് കാണിക്കാനായി എന്നെ ക്ഷണിച്ചു. നിയോഗി സാധാരണക്കാരനായ യൂണിയന്‍ നേതാവായിരുന്നില്ല. വാസ്തവത്തില്‍ ഭിലായി ഉരുക്കു കമ്പനിയിലെ തൊഴിലാളിയായിരുന്ന അദ്ദേഹത്തിന്റെ ചിന്തകള്‍ ഇന്നത്തെ മിക്ക തൊഴിലാളി യൂണിയനുകളുടെയും വേതന വര്‍ധന രാഷ്ട്രീയത്തിനു വളരെയപ്പുറം പോയിരുന്നു. ജീവന് അത്യന്തം ആപല്‍ക്കരമായ തൊഴിലില്‍ നിത്യേന ഏര്‍പ്പെട്ടിരുന്ന, കുറഞ്ഞവേതനം മാത്രം കിട്ടിയിരുന്ന അന്യവല്‍ക്കരിക്കപ്പെട്ടവര്‍ക്കിടയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ഛത്തീസ്ഗഢ് മുക്തിമോര്‍ച്ചയിലെ ശുഭാപ്തിവിശ്വാസവും ഉത്സാഹവും എല്ലാവര്‍ക്കും കാണാവുന്ന വിധത്തില്‍ വ്യക്തമായിരുന്നു. എല്ലാ വൈകുന്നേരവും വലിയ വൃത്തങ്ങളായി ഇരുന്ന് ആ ദിവസത്തെ സിദ്ധാന്തപരവും പ്രായോഗികവുമായ പ്രശ്‌നങ്ങളെപ്പറ്റി അവര്‍ ചര്‍ച്ചചെയ്യുന്നതില്‍ ജനാധിപത്യം പ്രാവര്‍ത്തികമാകുന്നിനു മാത്രമല്ല ഞാന്‍ സാക്ഷിയായിട്ടുളളത്; അവരുടെ പുതുമയാര്‍ന്ന ചിന്തകള്‍ക്കും കൂടിയാണ്. ആദിവാസികള്‍ മുഖ്യമായിട്ടുളള പ്രവര്‍ത്തക ശക്തിക്ക് തങ്ങളുടേതായ പോരാട്ട ചിഹ്‌നങ്ങള്‍ വേണമെന്ന് അറിയാമായിരുന്ന ഛത്തീസ്ഗഢ് മുക്തിമോര്‍ച്ച തങ്ങളുടെ, വിസ്മൃതിയിലാഴ്ത്തപ്പെട്ട നായകന്‍ രക്തസാക്ഷി വീര്‍ നാരായന്‍ സിംഗിന്റെ ഓര്‍മകളെ പുനര്‍ജീവിപ്പിച്ചു. 19-ാം നൂറ്റാണ്ടില്‍, സമ്പന്നരുടെ ധ്യാനപ്പുരകളില്‍ നിന്ന് ബലമായി തന്റെ ജനങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്തതിന് 1857 ല്‍ ബ്രിട്ടീഷുകാരാല്‍ തുക്കിലേറ്റപ്പെട്ട ആദിവാസിയായിരുന്നു വീര്‍നാരായന്‍.
1981 ല്‍ നിയോഗിയാല്‍ പ്രചോദിതരായി ഡോ. ബിനായകും മറ്റ് രണ്ടു ഡോക്ടര്‍മാരും ഛത്തീസ്ഗഢിലെ ഖനിത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ എത്തി. അവിടെ 15 കിടക്കകളുളള ഷഹീദ് ആശുപത്രിയെപ്പറ്റി ചിന്തിക്കുന്നതിനും അത് യാഥാര്‍ത്ഥ്യമാക്കുന്നതിനും അവര്‍ കാരണക്കാരായി. ഖനിത്തൊഴിലാളികളുടെ സന്നദ്ധ പ്രവര്‍ത്തനത്തില്‍ നിര്‍മിക്കുകയും നിലനിര്‍ത്തുകയും ചെയ്ത ചെറുതും എന്നാല്‍ എറെ ഹൃദയഹാരിയുമായ ആശുപത്രിയായിരുന്നു അത്. എണ്‍പതുകളുടെ മധ്യമായപ്പോഴേക്കും 50 കിടക്കകളുളള, സ്വയംശേഷിയാര്‍ജിച്ച ശസ്ത്രക്രിയാമുറികളുളള നിലയിലേക്ക് അത് വളര്‍ന്നു. എന്‍.ജി.ഒ. പണമോ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായമോ അവര്‍ മേടിച്ചില്ല. സ്‌നേഹം, കരുതല്‍, അഭിമാനം എന്നിവ ആശുപത്രിയിലെ പ്രതിദിന പ്രവര്‍ത്തനങ്ങളുടെ മുന്നില്‍ നില്‍ക്കുകയും, രൂപത്തില്‍ വളരെ അപൂവമായ സ്ഥാപനമായി മാറുകയും ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ ചികിത്സകനും തൊഴിലാളിയും സ്വയം സുഖപ്പെടുത്തുകയായിരുന്നു.
നിയോഗിയും അദ്ദേഹത്തിന്റെ സഖാക്കളും ചലിപ്പിച്ച വിപ്ലവം മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും പുസ്തകങ്ങളില്‍ നിന്ന് കടംകൊണ്ടതാവാം. പക്ഷെ അവര്‍ ഗാന്ധിയുടെ അക്രമരാഹിത്യ ബഹുജന മുന്നേറ്റത്തില്‍ നിന്നും ആശയങ്ങള്‍ കടമെടുത്തിരുന്നു. ഇടതുപക്ഷത്തിന്റെ പരാജയങ്ങളെയും ലോകമെമ്പാടും പ്രയോഗിച്ചുകൊണ്ടിരിക്കുന്ന വികസന മാതൃകകള്‍ സൃഷ്ടിച്ച പരിസ്ഥിതി അപചയത്തെപ്പറ്റിയും അവര്‍ക്ക് ധാരണയുണ്ടായിരുന്നു. എണ്‍പതുകളുടെ ആദ്യം പരമ്പരാഗത ഇടതുകളോടുണ്ടായ നിരാശയും നക്‌സലൈറ്റ് ഗ്രൂപ്പുകള്‍ക്കിടയിലെ പോരും ബദല്‍ കാഴ്പ്പാടിനുവേണ്ടിയുളള അന്വേഷണം ആവശ്യമാക്കി. ഛത്തീസ്ഗഢില്‍ നിയോഗിയും ഛത്തീസ്ഗഢ് മുക്തിമോര്‍ച്ചയും, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മേധാപട്കറും നര്‍മദാ ബച്ചാവോ ആന്തോളനും പുതിയ പച്ച ഇടതു മുന്നേറ്റത്തിന്റെ മുന്‍സൂചകരായി കാണപ്പെട്ടു. സായുധപോരാട്ടമല്ല, ജനങ്ങളില്‍ ആഴത്തില്‍ വേരുളള സംഘടനകളും ബഹുജനമുന്നേറ്റവുമാണ് അവര്‍ പ്രാഥമിക ആയുധങ്ങളാക്കിയത്. ഈ ഹരിതശോണ (ലാല്‍ ഹാര/ റെഡ്ഗ്രീന്‍) മുന്നേറ്റമായിരിക്കും ഭാവിയില്‍ തങ്ങളെ നയിക്കുന്ന കരുത്തുറ്റ ശക്തിയെന്ന് എല്ലാവരും കരുതി.
ബോംബെയിലെ ചേരിവാസികളുടെ അതിജീവനത്തിന്റെ നിത്യ പോരാട്ടം വിവരിച്ച, 'ബോംബെ നമ്മുടെ നഗര'ത്തിന്റെ പ്രദര്‍ശനം പെട്ടന്ന് അവര്‍ക്കുള്‍ക്കൊളളാനായി. തങ്ങളുടെ ദരിദ്രമായ അവസ്ഥയിലും 10,000 രൂപ ചെലവിട്ട് യൂണിയന്‍ 16 എം.എം. പ്രോജക്ടര്‍ പ്രദര്‍ശനത്തിനായി വാങ്ങി- തൊഴിലാളികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്ന യഥാര്‍ത്ഥ ശക്തി അറിഞ്ഞുകൊണ്ടുളള ഉന്നതമായ ചിന്തയ്ക്ക് ഒരു ഉദാഹരണം കൂടിയായിരുന്നു അത്.
അന്ന് ആ സായാഹ്‌നത്തില്‍ ആയിരത്തിലേറെ തൊഴിലാളികള്‍ തുറന്ന വേദിയിലെ പ്രദര്‍ശനം കാണാനെത്തിയിരുന്നു. ചര്‍ച്ചകള്‍ രാത്രി വൈകിയും സജീവമായി നീണ്ടു. ഞാന്‍ പോയതിനു ശേഷവും പ്രദര്‍ശിപ്പിക്കാനായി ഡോക്യുമെന്ററിയുടെ ഒരു പകര്‍പ്പ് സ്വന്തമാക്കണമെന്ന് യൂണിയന്‍ തീരുമാനിച്ചു. മടങ്ങിവരാമെന്ന് ഉറപ്പുനല്‍കിയെങ്കിലും എന്റെ വിട്ടൊഴിയാത്ത ദു:ഖമായി അതുമാറി; ആ വാഗ്ദാനം എനിക്കൊരിക്കലും പാലിക്കാനായില്ല.
ചരിത്രം നമ്മളെ പിന്നിലാക്കി. മുമ്പ് തൊഴിലാളി പ്രശ്‌നങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന എന്നെപോലുളള പലര്‍ക്കും ശക്തിയാര്‍ജിച്ചുകൊണ്ടിരുന്ന മതമൗലിക വാദത്തിനെതിരെയുളള പോരാട്ടത്തില്‍ വ്യാപൃതരാകേണ്ടി വന്നു. ഈ മൗലിക വാദം ഒടുവില്‍ ബാബറി പളളി തകര്‍ക്കുന്നതിലേക്കും അവിടെ നിന്ന് ഉപഭൂഖണ്ഡത്തെയാകെ അക്രമത്തിലും വെറുപ്പിലും വിഴുങ്ങുന്നതിലേക്കും നീങ്ങി. നിയോഗി ഒരര്‍ത്ഥത്തില്‍ ഈ അടിച്ചുയര്‍ന്ന അലയുടെ ഇരയാണ്. ഛത്തീസ്ഗഢ് ഭൂഭാഗത്ത് അധികാരത്തിനായി ബി.ജെ.പി നടത്തിയ ശ്രമങ്ങള്‍, എല്ലാ മത ഭിന്നതകള്‍ക്കെതിരെയും വിജയകരമായി ഒരുക്കിയ വര്‍ഗഐക്യമെന്ന ലോകകാഴ്ചപ്പാടിന് പൂര്‍ണമായും എതിരായി വന്നു.
നിയോഗിക്കും ഛത്തീസ്ഗഢ് മുക്തിമോര്‍ച്ചയ്ക്കും ശക്തരായ എതിരാളികള്‍ വേറെയുമുണ്ടായിരുന്നു. തൊഴിലാളികള്‍ക്കിടയില്‍ വളര്‍ന്നുകൊണ്ടിരുന്ന ആത്മവിശ്വാസം മദ്യപാനം പോലുളള സാമൂഹ്യ തിന്മകളെ കൈകാര്യം ചെയ്യാന്‍ യൂണിയനെ അനുവദിച്ചു. കുടിയന്‍മാര്‍ക്ക് ചെറിയ പിഴ ചുമത്തി. അവശ്വനീയമാവാമെങ്കിലും, അവര്‍ ആ പിഴപ്പണം മദ്യപന്‍മാരായ തൊഴിലാളിയുടെ ഭാര്യമാരെ രഹസ്യമായി തിരിച്ചേല്‍പ്പിച്ചു. ഈ മേഖലയിലെ മദ്യപാനത്തിന്റെ കുറഞ്ഞുവന്ന ഉപയോഗം മദ്യമാഫിയയ്ക്ക് ശക്തമായ പ്രഹരമായി. മറ്റ് കരുത്തരായ ശത്രുക്കളില്‍, എല്ലാത്തിലും അതീതരായ ജനവിഭാഗത്തെ നിയന്ത്രിക്കാനാവാതെ ജീവിതോപാധി നഷ്ടപ്പെട്ട തൊഴിലാളി കരാറുകാര്‍ ഉള്‍പ്പെട്ടിരുന്നു. വ്യവസായി/രാഷ്ട്രീയക്കാരുടെ കൂട്ടുകെട്ടിന്് തൊഴിലാളികളുടെ ശക്തമായ മുന്നേറ്റത്തെ സഹിക്കാനാവുമായിരുന്നില്ല.
1991 സെപ്റ്റംബര്‍ 27 ന് രാത്രി തന്റെ കുടിലില്‍ ഉറങ്ങുമ്പോള്‍ ശങ്കര്‍ ഗുഹാ നിയോഗി വെടിയേറ്റു കൊല്ലപ്പെട്ടു. കൊലപാതകം ആസൂത്രണം ചെയ്തവര്‍ ആരെന്ന് ആ മേഖലയിലുളള എല്ലാവര്‍ക്കും അറിയാമായിരുന്നെങ്കിലും ആരും ശിക്ഷിക്കപ്പെട്ടില്ല. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ആറുപേരെ കുറ്റക്കാരായി കണ്ടെത്തുകയും വെടിയുതിര്‍ത്തയാള്‍ക്ക് വധശിക്ഷയും മറ്റ് അഞ്ചുപേര്‍ക്ക് ജീവപര്യന്തവും വിധിച്ചിരുന്നു. കൊലപാതകം ആസൂത്രണം ചെയ്യുകയും പണം നല്‍കുകയും ചെയ്തതിന് ജീവപര്യന്തം കിട്ടിയ രണ്ടുപേര്‍ ബി.ജെ.പി.യുമായി അടുപ്പമുളള പ്രമുഖ വ്യവസായികളാണ്. ബി.ജെ.പി. അധികാരത്തില്‍ ഇരിക്കുമ്പോള്‍ മധ്യപ്രദേശ് ഹൈക്കോടതി തെളിവുകളുടെ അഭാവം എന്നു പറഞ്ഞ് എല്ലാവരെയും വെറുതെ വിട്ടു.
അനാഥമാക്കപ്പെട്ട ഛത്തീസ്ഗഢ് മുക്തി മോര്‍ച്ച ജനക് ലാല്‍ താക്കൂറിന്റെയും നിയോഗിയുടെ മറ്റ് സഹപ്രവര്‍ത്തകരുടെയും നേതൃത്വപാടവത്തിന്‍ കീഴില്‍ ധീരമായി പോരാട്ടം തുടര്‍ന്നു. ഡോ.ബിനായകും അദ്ദേഹത്തിന്റെ ഭാര്യ ഇലിനയും സി.എം.എമ്മിലും ആരോഗ്യമേഖലയിലും പ്രവര്‍ത്തിച്ചുകൊണ്ട് ഈ മേഖലയില്‍ തങ്ങി. പിന്നീട് പൗരസ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഡോ. ബിനായക് പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസിന്റെ ഛത്തീസ്ഗഢ് ഘടത്തിന്റെ ജനറല്‍ സെക്രട്ടറിയായി.
നിയോഗിയുടെ കൊലപാതകവും 'ഉദാരവല്‍ക്കരണത്തിന്റെ' യുക്തിയും ഈ മേഖലയിലെ ആദിവാസികള്‍ക്കും തൊഴിലാളികള്‍ക്കും മേലുളള മര്‍ദനത്തെ വേഗത്തില്‍ കൂടുതല്‍ വഷളാക്കി. ഈ ശൂന്യതയില്‍ സായുധ ചെറുത്ത്‌നില്‍പ്പ് എന്ന രൂപത്തില്‍ നക്‌സലൈറ്റ് പ്രസ്ഥാനം വളരാന്‍ തുടങ്ങി. ഇതിനു പ്രതികരണമായി ഭരണകൂടം, സാധാരണക്കാര്‍ക്ക് ആയുധവും പരിശീലനവും നല്‍കി, നക്‌സലിസത്തോട് പോരാടാനുളള അര്‍ദ്ധ സൈനിക ജാഗ്രതാ സംഘങ്ങളെ രൂപപ്പെടുത്തുന്ന ഏറ്റവും കുപ്രസിദ്ധമായ 'സല്‍വാജൂഢം' എന്ന പേരിട്ട നക്‌സല്‍ വിരുദ്ധ സൈനിക നീക്കം ആരംഭിച്ചു. പി.യു.സി.എല്‍. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഡോ. ബിനായക് ഛത്തീസ്ഗഢില്‍ ഭരണകൂടവും-അര്‍ദ്ധസൈനിക സംഘ കൂട്ട്‌കെട്ട് അഴിച്ചുവിട്ട ഭീകരതയുടെ ഭരണത്തെ ചിത്രീകരിക്കുകയും റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഭരണകൂടം അതിനു പ്രതികാരം വീട്ടി. റായിപ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവിനെ കണ്ടെന്നും ജയിലില്‍ നിന്ന് കത്തുകള്‍ കൈമാറാന്‍ സൗകര്യം ചെയ്തുവെന്നും ആരോപിച്ച് ഡോ.ബിനായകിനെതിരെ അവര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ജയിലിലെ ഈ കൂടിക്കാഴ്ചകള്‍ പി.യു.സി.എല്ലിന് ജയിലധികാരികളില്‍ നിന്ന് ഔദ്യോഗിക അനുമതി ലഭിച്ചതുകൊണ്ടാണ് നടന്നത് എന്ന വസ്തുതയെ അവഗണിച്ചുകൊണ്ടായിരുന്നു ഇത്. 2007 മെയ് 14ന് ഡോ. ബിനായക് സ്വയം ഹാജരായതിനെ തുടര്‍ന്ന് അദ്ദേഹത്തെ രണ്ട് മാസമായി നക്‌സലൈറ്റാക്കി തടവിലടച്ചിരിക്കുകയാണ്.
ഞാന്‍ കണ്ടിട്ടുണ്ടെന്ന് അഭിമാനത്തോടെ പറയാന്‍ ഇഷ്‌പ്പെടുന്ന, സൗമ്യനും സഹാനുഭൂതിയുമുളള മനുഷ്യനാണ് ഡോ. ബിനായക് എന്ന് രേഖപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഭരണകൂട അതിക്രമങ്ങള്‍ ചിത്രീകരിച്ചിട്ടുളതുകൊണ്ട് ഡോ. ബിനായക് നക്‌സലൈറ്റാണ് എന്ന് കരുതുന്നുവെങ്കില്‍ എന്നെയും അതിലൊരാളായി കണക്കാക്കുക. അദ്ദേഹത്തിന്റെ മോചനത്തിനായി ഹര്‍ജിയില്‍ ഒപ്പിട്ട ആയിരങ്ങളെയും, ഈ മണ്ണില്‍ എവിടെയൊക്കെ അനീതി ഉണ്ടാകുന്നുവോ അപ്പോഴൊക്കെ അതിനെതിരെ അക്രമരാഹിത്യത്തോടെ, പക്ഷെ ഭയരഹിതരായി പോരാട്ടം തുടരുന്ന എല്ലാവരെയും അങ്ങനെ തന്നെ കണക്കാക്കുക.


പരിഭാഷ: ബിജുരാജ്
(മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2007 ജൂലൈ 29)


'രാം കെ നാം ' തുടങ്ങിയ പ്രശസ്തങ്ങളായ നിരവധി രാഷ്ട്രീയ-സാമൂഹ്യ ഡോക്യുമെന്ററികളുടെ സംവിധായകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ് ആനന്ദ് പട്‌വര്‍ധന്‍.

1 comment: